Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 033 (Healing of the paralytic)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

രണ്ടാം ഭാഗം - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു (യോഹന്നാന്‍ 5:1 - 11:54)
A - യെരൂശലേമിലേക്കുള്ള രണ്ടാമത്തെ യാത്ര (യോഹന്നാന്‍ 5:1-47) - യേശുവും യഹൂദന്മാരും തമ്മിലുള്ള ശത്രുത്വം പൊട്ടിപ്പുറപ്പെടുന്നു

1. ബേഥെസ്ദാ കുളക്കരയിലെ രോഗിയുടെ സൌഖ്യം (യോഹന്നാന്‍ 5:1-16)


യോഹന്നാന്‍ 5:1-9
1അതിന്റെശേഷം യഹൂദന്മാരുടെ ഒരു ഉത്സവം ഉണ്ടായിട്ടു യേശു യെരൂശലേമിലേക്കു പോയി. 2യെരൂശലേമില്‍ ആട്ടുവാതില്ക്കല്‍ ബേഥെസ്ദായെന്ന് എബ്രായപേരുള്ള ഒരു കുളം ഉണ്ട്; അതിന് അഞ്ചു മണ്ഡപങ്ങളും ഉണ്ട്. 3അവയില്‍ വ്യാധിക്കാര്‍, കുരുടര്‍, മുടന്തര്‍, ക്ഷയരോഗികള്‍ ഇങ്ങനെ വലിയൊരു കൂട്ടം വെള്ളത്തിന്റെ ഇളക്കം കാത്തുകൊണ്ടു കിടന്നിരുന്നു. 4അതതു സമയത്ത് ഒരു ദൂതന്‍ കുളത്തിലിറങ്ങി വെള്ളം കലക്കും; വെള്ളം കലങ്ങിയശേഷം ആദ്യം ഇറങ്ങുന്നവന്‍ ഏതു വ്യാധി പിടിച്ചവനായിരുന്നാലും അവനു സൌഖ്യം വരും. 5എന്നാല്‍ മുപ്പത്തെട്ട് ആണ്ടു രോഗം പിടിച്ചു കിടന്നോരു മനുഷ്യന്‍ അവിടെയുണ്ടായിരുന്നു. 6അവന്‍ കിടക്കുന്നതു യേശു കണ്ടു, ഇങ്ങനെ ഏറിയ കാലമായിരിക്കുന്നു എന്നറിഞ്ഞ്: നിനക്കു സൌഖ്യമാകുവാന്‍ മനസ്സുണ്ടോ എന്ന് അവനോടു ചോദിച്ചു. 7രോഗി അവനോട്: യജമാനനേ, വെള്ളം കലങ്ങുമ്പോള്‍ എന്നെ കുളത്തിലാക്കുവാന്‍ എനിക്ക് ആരുമില്ല; ഞാന്‍ തന്നെ ചെല്ലുമ്പോള്‍ മറ്റൊരുത്തന്‍ എനിക്കു മുമ്പായി ഇറങ്ങുന്നു എന്നുത്തരം പറഞ്ഞു. 8യേശു അവനോട്: എഴുന്നേറ്റു നിന്റെ കിടക്കയെടുത്തു നടക്കുക എന്നു പറഞ്ഞു. 9ഉടനെ ആ മനുഷ്യന്‍ സൌഖ്യമായി കിടക്ക എടുത്തു നടന്നു.

ഒമ്പതു മാസമെന്ന ദീര്‍ഘമായ കാലയളവ് യേശു ചെലവിട്ടതു ഗലീലയിലാണെന്നു കരുതപ്പെടുന്നു. പിന്നെയവന്‍ കൂടാരപ്പെരുന്നാളിനു യെരൂശലേമിലേക്കു പോയി. തലസ്ഥാനത്തു വിശ്വാസപോരാട്ടം നിര്‍ണ്ണായകമാണെന്ന് അവനറിഞ്ഞു. നിയമജ്ഞരോടും ഭക്തന്മാരോടും അവന്‍ ഏറ്റുമുട്ടിയിരുന്നെങ്കിലും, അവന്‍ വിശ്വസ്തതയോടെ ന്യായപ്രമാണം പാലിച്ചുപോന്നു. സാദ്ധ്യമായിരുന്നപ്പോഴൊക്കെ, വര്‍ഷത്തില്‍ മൂന്നു പ്രാവശ്യം വീതം അവന്‍ യെരൂശലേമിലേക്കു വരുമായിരുന്നു (ആവര്‍ത്തനം 16:16).

പട്ടണമദ്ധ്യത്തില്‍ ഒരു കുളമുണ്ടായിരുന്നു. ചില ഗ്രീക്കു ഭാഷാന്തരങ്ങളില്‍ കാണുന്നതനുസരിച്ച്, അതതു സമയത്ത് ഒരു ദൂതന്‍ ആ കുളം കലക്കുമായിരുന്നു. ഈ കുളത്തിനു ചുറ്റും തൂണുകളോടുകൂടിയ മണ്ഡപ ങ്ങള്‍ ഹെരോദാരാജാവു നിര്‍മ്മിച്ചു. ഈ മണ്ഡപത്തിന്റെ അവശിഷ്ട ങ്ങള്‍ അടുത്തിടെ കണ്ടെടുത്തിട്ടുണ്ട്. ഇതിന്റെ പേരു 'കാരുണ്യത്തിന്റെ വീടെ'ന്നാണ് - അനേക രോഗികള്‍ സൌഖ്യത്തിനായി ഇവിടെ വന്നിരുന്നതുകൊണ്ടാണ് അങ്ങനെയുള്ള പേരു കിട്ടിയത് - വെള്ളത്തിന്റെ ഇളക്കം കാത്തുകൊണ്ട് അവരവിടെ കിടന്നു. വെള്ളം ഇളകിയാലുടന്‍ ആദ്യം ഇറങ്ങുന്നയാള്‍ക്കു സൌഖ്യമുണ്ടാകുമെന്ന് അവര്‍ കരുതി.

രോഗികള്‍ തിങ്ങിക്കിടന്ന ഈ കുളക്കര യേശു സന്ദര്‍ശിച്ചു. മുപ്പത്തെട്ടു വര്‍ഷം രോഗിയായിക്കിടന്ന, വേദനയും കയ്പും അനുഭവിച്ച ഈ മനുഷ്യനെ യേശു ശ്രദ്ധിച്ചു. മാത്രമല്ല, മറ്റുള്ളവരെ ഈ മനുഷ്യന്‍ വെറുക്കുകയും ചെയ്തിരുന്നു. ഈ 'കരുണാഭവന'ത്തില്‍ എല്ലാവര്‍ക്കും തങ്ങളോടുതന്നെ കരുണയുണ്ടായിരുന്നു. പക്ഷേ, ഈ മനുഷ്യനോട് ആര്‍ക്കും കരുണയില്ലായിരുന്നു. എന്നാലും അവനു പ്രത്യാശ നഷ്ടമാകാതെ, ദൈവികകരുണയുടെ അപൂര്‍വ്വാവസരത്തിനായി കാത്തിരുന്നു. പെട്ടെന്ന് ഇതാ, കരുണ ആളത്വമായി അവനു മുമ്പില്‍ നില്ക്കുന്നു! കുളത്തിലേക്കുള്ള ആ മനുഷ്യന്റെ ഉറ്റുനോട്ടം തന്നിലേക്കു മാറ്റിയിട്ട് യേശു തന്റെ സൌഖ്യദായകപ്രവൃത്തി ആരംഭിക്കുകയാണ്. പിന്നെ, സൌഖ്യമാകാനുള്ള ഇച്ഛ യേശു ആ മനുഷ്യനില്‍ വര്‍ദ്ധിപ്പിച്ചു. "എന്നെ ആരും കരുതുന്നില്ല" എന്നു വിലപിച്ച അവന്റെ ദുഃഖം പ്രകടമാക്കാനുള്ള അവസരവും യേശു അവനു നല്‍കി. "പലപ്പോഴും ഞാന്‍ സൌഖ്യം ആഗ്രഹിച്ചിട്ടുണ്ട്, എന്നാല്‍ എന്റെ വിശ്വാസം ക്ഷീണിച്ചുപോയി: ആരും എന്നെ കരുതുന്നില്ല. വെള്ളം ഇളകാന്‍ നിങ്ങള്‍ കാത്തിരിക്കുകയാകാം, അങ്ങനെ നിങ്ങളെന്നെ തള്ളിയിടുമോ?"

ആരും എനിക്കായി കരുതുന്നില്ല! നിങ്ങളുടെ സ്ഥിതി ഇതാണോ സഹോദരാ, സഹോദരീ? മറ്റുള്ളവര്‍ നിങ്ങളെ തിരസ്ക്കരിക്കുന്നുണ്ടോ? യേശു നിങ്ങളുടെ മുമ്പില്‍ നില്‍ക്കുന്നു. നിങ്ങളെ അവന്‍ അന്വേഷിച്ചു കണ്ടെത്തിയിരിക്കുന്നു. അവനു നിങ്ങളെ സഹായിക്കാനും രക്ഷിക്കാനും കഴിയും. ആ രോഗിയുടെ വികാരവിചാരങ്ങള്‍ ഇവയൊക്കെയായിരുന്നു. ചോദ്യഭാവത്തില്‍ അവന്‍ ക്രിസ്തുവിനെ നോക്കി, ക്രിസ്തുവിന്റെ അനുകമ്പ ആ മനുഷ്യനില്‍ വിശ്വാസമുളവാക്കി.

സൌഖ്യം പ്രാപിക്കുന്നതിനായി ഈ നിര്‍ഭാഗ്യവാനായ മനുഷ്യനുണ്ടായിരുന്ന വാഞ്ഛയും, യേശുവിന് അതു ചെയ്യാന്‍ കഴിയുമെന്ന അവന്റെ വിശ്വാസവും യേശു കണ്ടപ്പോള്‍, "എഴുന്നേല്ക്കുക, നിന്റെ കിടക്കയെടുത്തു നടക്കുക"യെന്ന് അവന്‍ ആജ്ഞാപിച്ചു. ഇതു ദൈവികമായ ഒരു ഉത്തരവായിരുന്നു, അസാദ്ധ്യമായതിനെ സാദ്ധ്യമാക്കുന്നഒരുത്തരവ്. ആ മനുഷ്യന്‍ ക്രിസ്തുവിന്റെ വചനത്തില്‍ വിശ്വസിക്കുകയും അവനില്‍നിന്നൊഴുകിയ ശക്തിയില്‍ ആശ്രയിക്കുകയും ചെയ്തു. അവന്റെ അസ്ഥികളിലൂടെ ഒഴുകിയ ശക്തി അവന്റെ ശരീരത്തെ ഉണര്‍ത്തിയത് അവനറിഞ്ഞു - അവന്‍ ബലം പ്രാപിച്ചു സൌഖ്യമായി.

തല്‍ക്ഷണം അവന്‍ സന്തോഷത്താല്‍ തുള്ളിച്ചാടി, എഴുന്നേറ്റു കിടക്കയെടുത്തു തലയില്‍ ചുമന്നുകൊണ്ടു സന്തോഷത്തോടെ പോയി. ക്രിസ്തുവിന്റെ വചനത്തിന്റെ ശക്തിയെ അവന്റെ വിശ്വാസം പ്രകീര്‍ത്തിച്ചു, അങ്ങനെ അവനു തല്‍ക്ഷണം സൌഖ്യമുണ്ടായി.

പ്രാര്‍ത്ഥന: യേശുവേ, നിനക്കു നന്ദി. ഈ രോഗിയെ നീ കടന്നുപോയില്ല, അനുകമ്പയോടെ അവനെ നീ നോക്കി, കരുണാസമ്പന്നനായ നീയല്ലാതെ മറ്റാരും അവനില്ലായിരുന്നു. മനുഷ്യസഹായത്തില്‍ ആശ്രയിക്കാതെ നിന്നില്‍ ചാരുന്നതിനു ഞങ്ങളെ സഹായിച്ചാലും. നിന്റെ സ്വരൂപത്തിലേക്കു ഞങ്ങളെ മാറ്റി, മറ്റുള്ളവരെ കരുതാനും നിന്റെ അനുഗ്രഹങ്ങള്‍ പങ്കുവെക്കാനും ഇടയാക്കണമേ.

ചോദ്യം:

  1. ബേഥെസ്ദാ കുളക്കരയിലെ രോഗിയെ യേശു സൌഖ്യമാക്കിയത് എങ്ങനെയാണ്?

www.Waters-of-Life.net

Page last modified on May 10, 2012, at 10:07 AM | powered by PmWiki (pmwiki-2.3.3)