Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- Romans - 070 (Practical Result of the Knowledge that Christ is coming again)
This page in: -- Afrikaans -- Arabic -- Armenian -- Azeri -- Bengali -- Bulgarian -- Cebuano -- Chinese -- English -- French -- Georgian -- Greek? -- Hausa -- Hebrew -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- MALAYALAM -- Polish -- Portuguese -- Russian -- Serbian -- Somali -- Spanish? -- Tamil -- Telugu -- Turkish -- Urdu? -- Yiddish -- Yoruba

Previous Lesson -- Next Lesson

റോമര്‍ - കര്‍ത്താവ് നമ്മുടെ നീതി
റോമര്‍ക്ക് എഴുതിയ ലേഖനം ഒരു പഠനം
ഭാഗം മൂന്ന് - ക്രിസ്തുവിനെ പിന്‍പറ്റുന്നവരുടെ ജീവിതത്തിലൂടെ ദൈവനീതി വെളിപ്പെടുന്നു (റോമര്‍ 12:1 - 15:13)

7. ക്രിസ്തുവിന്റെ മടങ്ങിവരവിനെപ്പറ്റിയുള്ള അറിവിന്റെ പ്രായോഗിക പ്രയോജനം (റോമര്‍ 13:11-14)


റോമര്‍ 13:11-14
11 ഇതു ചെയ്യേണ്ടത് ഉറക്കത്തില്‍നിന്ന് ഉണരുവാന്‍ നാഴിക വന്നിരിക്കുന്നു എന്നിങ്ങനെ നിങ്ങള്‍ സമയത്തെ അറികയാല്‍ തന്നെ; നാം വിശ്വസിച്ച സമയത്തെക്കാള്‍ രക്ഷ ഇപ്പോള്‍ നമുക്ക് അധികം അടുത്തിരിക്കുന്നു. 12 രാത്രി കഴിവാറായി, പകല്‍ അടുത്തിരിക്കുന്നു; അതുകൊണ്ടു നാം ഇരുട്ടിന്റെ പ്രവൃത്തികളെ വെച്ചുകളഞ്ഞു വെളിച്ചത്തിന്റെ ആയുധവര്‍ഗ്ഗം ധരിച്ചുകൊള്‍ക. 13 പകല്‍സമയത്ത് എന്നപോലെ നാം മര്യാദയായി നടക്ക; വെറിക്കൂത്തുകളിലും മദ്യപാനങ്ങളിലുമല്ല, ശയനമോഹങ്ങളിലും ദുഷ്കാമങ്ങളിലുമല്ല, പിണക്കത്തിലും അസൂയ യിലുമല്ല. 14 കര്‍ത്താവായ യേശുക്രിസ്തുവിനെത്തന്നെ ധരിച്ചുകൊള്‍വിന്‍. മോഹങ്ങള്‍ ജനിക്കുമാറ് ജഡത്തിനായി ചിന്തിക്കരുത്.

റോമിലെ സഭ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പെട്ടെന്നുള്ള മടങ്ങിവരവിനായി കാത്തിരുന്നു എന്നു പൌലോസ് പറയുന്നു. അന്ത്യകാലലക്ഷണങ്ങളും അതുപോലെ റോമാ കൈസറില്‍ അന്തിക്രിസ്തുവിന്റെ ആത്മാവിന്റെ ബഹിര്‍ഗമനവും വിശ്വാസികള്‍ മനസ്സിലാക്കിയിരുന്നു. ദൈവപുത്രന്റെ മഹത്വകരമായ പ്രത്യക്ഷതയും അവന്റെയടുക്കലേക്കുള്ള അവരുടെ ഉല്‍പ്രാപണവും അവര്‍ പ്രത്യാശിച്ചിരുന്നു.

ക്രിസ്തുവിശ്വാസികള്‍ തങ്ങളുടെ ആത്മിക അശ്രദ്ധയില്‍ തുടരാതെ, തങ്ങളുടെ ആത്മിക പോരാട്ടത്തിന്റെ അവസ്ഥയെ തിരിച്ചറിഞ്ഞു നമ്മുടെ സമ്പൂര്‍ണ്ണമായ വീണ്ടെടുപ്പിന്റെ ഉറപ്പായി നമ്മില്‍ സ്ഥിതിചെയ്യുന്ന പരിശുദ്ധാത്മാവിനാല്‍ നമ്മുടെ സമ്പൂര്‍ണ്ണ രക്ഷയെ തിരിച്ചറിയണമെന്ന് അപ്പോസ്തലന്‍ പ്രബോധിപ്പിക്കുന്നു. നമ്മുടെ കര്‍ത്താവായ യേശു വേഗത്തില്‍ പ്രത്യക്ഷനായി തന്റെ ശക്തിയും, അധികാരവും, മഹത്വവും, ദയയും നമ്മെ അണിയിക്കുമെന്നുള്ള കാര്യം നാം അറിയണമെന്നു പൌലോസ് ആഗ്രഹിച്ചു. ഈ ലോകത്തിന്റെ അധികാരം അവസാനിക്കാറായി; പ്രഭാതമിതാ അവന്റെ വെളിച്ചം പ്രകാശിക്കുന്ന ഒരു പുതുദിവസത്തെ നമുക്കു പ്രദാനം ചെയ്യുവാന്‍ പോകുന്നു. നമ്മുടെ ജീവിതത്തെ ത്രിയേകദൈവത്തോടുകൂടെ നിത്യതയില്‍ വസിക്കുവാനുള്ള ഒരു ഒരുക്കമായിട്ടാണു പൌലോസ് മനസ്സിലാക്കുന്നത്.

തുടര്‍ന്ന് ഈ പരിജ്ഞാനത്തിന്റെ ഫലമായി അപ്പോസ്തലന്‍ പറയുന്നത്, "ഇരുട്ടിന്റെ പ്രവൃത്തികളെ വിട്ടുകളഞ്ഞു വെളിച്ചത്തിന്റെ ആയുധവര്‍ഗ്ഗം ധരിച്ചുകൊള്‍ക'' എന്നാകുന്നു. പാപത്തെ നിങ്ങളില്‍നിന്നു നീക്കിക്കളക. അവന്റെ ആത്മാവിന്റെ ശക്തിയാല്‍ ആത്മസ്വഭാവത്താല്‍ നിങ്ങളെ അലങ്കരിക്കുക. നമ്മുടെ ജീവിതത്തിലെ, സഭയിലെ ഇരുട്ടിനോടെതിര്‍ത്തുനില്ക്കുക എന്നാണ് ഈ ഉണര്‍വ്വു കൊണ്ടര്‍ത്ഥമാക്കുന്നത്. യേശുവിന്റെ സുവിശേഷവും ആത്മാവിന്റെ ഫലങ്ങളും നമ്മുടെ ജീവിതത്തിലെ കഷ്ടതകളിലൂടെ വെളിപ്പെട്ടുവരണം.

ദൈവത്തെ അറിയാത്ത ആളുകള്‍ തങ്ങളുടെ സ്വാഭാവിക താല്പര്യങ്ങള്‍ക്കൊത്തവണ്ണം മൃഗതുല്യരായി ജീവിക്കുന്നവരാണെന്നുള്ള സത്യം പൌലോസ് മനസ്സിലാക്കിയിരുന്നു. തിന്നുക, കുടിക്കുക, ജനിപ്പിക്കുക ഇതവരുടെ പ്രവണതയായിരിക്കെത്തന്നെ, പകയിലും അസൂയയിലും പിശുക്കിലും മുങ്ങിജീവിക്കുന്നവരായിരുന്നു അവര്‍. ദൈവത്തെ കൂടാതെയുള്ള സ്നേഹം ദുഷ്ടതയും, മാലിന്യവും, അശുദ്ധിയും, പകയും നിറഞ്ഞതാണ്. ഈ സാഹചര്യത്തില്‍ ഏതു വ്യക്തിയും സ്വാര്‍ത്ഥതാല്‍പര്യത്തോടെ മറ്റുള്ളവരുടെ ബലഹീനതകളെ സ്വന്ത മോഹങ്ങള്‍ക്കായി ലജ്ജകൂടാതെ ഉപയോഗപ്പെടുത്തുന്നവരാണ്.

ഇരുട്ടിലുള്ള ആളുകളുടെ ഇടപെടലുകള്‍ സ്വജീവിതത്തില്‍ അപ്പോസ്തലന്‍ അനുഭവിച്ചറിഞ്ഞിരുന്നു. അതേസമയം ക്രിസ്തുവിലുള്ള പുതിയ ജീവിതവും തനിക്കനുഭവമായിരുന്നു. അതുകൊണ്ടു ക്രിസ്തുവിലുള്ള വിശ്വാസത്തില്‍ മാത്രം സംതൃപ്തിപ്പെടാതെ അവനെ ആത്മികമായി ധരിപ്പാന്‍ പൌലോസ് റോമിലുള്ള വിശുദ്ധന്മാരെ പ്രബോധിപ്പിക്കുന്നു. യേശുവിനെ ധരിക്കുക എന്നാല്‍, യേശുവിന്റെ സ്വഭാവങ്ങളെ പ്രായോഗികമാക്കുക; അവന്റെ കല്പനകളെ അനുസരിക്കുക; അവന്റെ ആത്മാവിന്റെ നിയോഗത്തെയും നടത്തിപ്പിനെയും അനുവദിക്കുക; ആത്മഫലം ജീവിതത്തില്‍ തിരിച്ചറിയുവാനിടയാകുക എന്നൊക്കെയാണര്‍ത്ഥം.

പ്രിയ സഹോദരാ, ഞങ്ങള്‍ ഒരു ചോദ്യം ചോദിക്കട്ടെ: നിങ്ങള്‍ ക്രിസ്തുവിലോ, അതോ ഇന്നും സ്വാര്‍ത്ഥതയില്‍ കര്‍ത്താവിനായിട്ടല്ല നിങ്ങള്‍ക്കായിട്ടു ജീവിക്കുന്നുവോ? നിങ്ങളുടെ നിഗളം, സ്വയാശ്രയം, ധനത്തിന്മേലുള്ള ആശ്രയം, മോഹതാല്‍പര്യങ്ങള്‍ എന്നിവകളില്‍നിന്നു യേശു നിങ്ങളെ സ്വതന്ത്രരാക്കിയിരിക്കയാണ്. ദൈവത്തിന്റെ പരിശുദ്ധാത്മാവും, നമ്മുടെ ശരീരവും, പാപചിന്തകളും തമ്മിലുള്ള പോരാട്ടമാണു കര്‍ത്താവായ യേശുക്രിസ്തുവിന്റെ വരവിനായുള്ള നമ്മുടെ ഒരുക്കത്തിന്റെ പൊരുള്‍ എന്നു പറയുന്നത്.

അതുകൊണ്ടു വിശ്വാസികള്‍, ശത്രുവിനോടു പൊരുതുവാനല്ല, പ്രത്യുത പരീക്ഷകളെയും ജഡമോഹങ്ങളെയും അതിജീവിച്ചു ക്രിസ്തുവിന്റെ സ്നേഹത്താലും വിശുദ്ധിയാലും നിറയപ്പെടുവാന്‍ ദൈവത്തിന്റെ ആത്മിക ആയുധങ്ങള്‍ ധരിച്ചുകൊള്‍വാന്‍ അപ്പോസ്തലന്‍ പ്രബോധിപ്പിക്കുകയാണ്.

പ്രാര്‍ത്ഥന: സ്വര്‍ഗ്ഗീയപിതാവേ, അവിടുത്തെ പുത്രനായ യേശു മാതൃകയുള്ള ഒരു ജീവിതം ഞങ്ങളുടെ മുമ്പാകെ കാഴ്ചവെച്ചിരിക്കയാല്‍ ഞങ്ങള്‍ നിന്നെ മഹത്വപ്പെടുത്തുന്നു. അവിടുത്തെ ആത്മാവിനാല്‍ ക്രിസ്തുവിനെ ധരിച്ചു വിശ്വസ്ത വിശ്വാസികളായി, കര്‍ത്താധികര്‍ത്താവും ഞങ്ങളുടെ രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ വരവിനായി ഞങ്ങളെത്തന്നെ ഒരുക്കുവാനും ഞങ്ങളെ പ്രാപ്തരാക്കണമേ.

ചോദ്യം:

  1. യേശുക്രിസ്തുവിന്റെ വേഗത്തിലുള്ള പ്രത്യക്ഷതയെക്കുറിച്ചുള്ള പരിജ്ഞാനം നമ്മെ ആനയിക്കുന്നത് എന്തെല്ലാം സദ്ഗുണങ്ങളിലേക്കാണ്?

www.Waters-of-Life.net

Page last modified on January 22, 2013, at 07:23 AM | powered by PmWiki (pmwiki-2.3.3)