Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- Romans - 069 (Summary of the Commandments Concerning Men)
This page in: -- Afrikaans -- Arabic -- Armenian -- Azeri -- Bengali -- Bulgarian -- Cebuano -- Chinese -- English -- French -- Georgian -- Greek? -- Hausa -- Hebrew -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- MALAYALAM -- Polish -- Portuguese -- Russian -- Serbian -- Somali -- Spanish? -- Tamil -- Telugu -- Turkish -- Urdu? -- Yiddish -- Yoruba

Previous Lesson -- Next Lesson

റോമര്‍ - കര്‍ത്താവ് നമ്മുടെ നീതി
റോമര്‍ക്ക് എഴുതിയ ലേഖനം ഒരു പഠനം
ഭാഗം മൂന്ന് - ക്രിസ്തുവിനെ പിന്‍പറ്റുന്നവരുടെ ജീവിതത്തിലൂടെ ദൈവനീതി വെളിപ്പെടുന്നു (റോമര്‍ 12:1 - 15:13)

6. മനുഷ്യരെ സംബന്ധിച്ച കല്പനകളുടെ സംഗ്രഹം (റോമര്‍ 13:7-10)


റോമര്‍ 13:7-10
7 എല്ലാവര്‍ക്കും കടപ്പെട്ടിരിക്കുന്നതു കൊടുപ്പിന്‍; നികുതി കൊടുക്കേണ്ടവനു നികുതി, ചുങ്കം കൊടുക്കേണ്ടവനു ചുങ്കം; ഭയം കാണിക്കേണ്ടവനു ഭയം; മാനം കാണിക്കേണ്ടവനു മാനം. 8 അന്യോന്യം സ്നേഹിക്കുന്നത് അല്ലാതെ ആരോടും ഒന്നും കടപ്പെട്ടിരിക്കരുത്; അന്യനെ സ്നേഹിക്കുന്നവന്‍ ന്യായപ്രമാണം നിവര്‍ത്തിച്ചിരിക്കുന്നുവല്ലോ. 9 വ്യഭിചാരം ചെയ്യരുത്, കൊലചെയ്യരുത്, മോഷ്ടിക്കരുത്, മോഹിക്കരുത് എന്നുള്ളതും മറ്റ് ഏതു കല്പനയും കൂട്ടുകാരനെ നിന്നെപ്പോലെ സ്നേഹിക്ക എന്നീ വചനത്തില്‍ സംക്ഷേപിച്ചിരിക്കുന്നു. 10 സ്നേഹം കൂട്ടുകാരനു ദോഷം പ്രവര്‍ത്തിക്കുന്നില്ല; ആകയാല്‍ സ്നേഹം ന്യായപ്രമാണത്തിന്റെ നിവര്‍ത്തി തന്നെ.

അപ്പോസ്തലനായ പൌലോസിന്റെ കാലത്തു റോമാസാമ്രാജ്യത്തിന്റെ ഭരണക്രമം, സാമ്പത്തിക സ്ഥിതി ഇതൊന്നും വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഒരു പ്രശ്നമായിരുന്നില്ല; കാരണം ക്രിസ്ത്യാനികള്‍ അവിടെ നാമമാത്രമായ ഒരു കൂട്ടമായിരുന്നു. ഭരണവ്യവസ്ഥിതിയില്‍ അവര്‍ക്കു വലിയ സ്വാധീനത ഒന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ടു വിശ്വാസികളോടു തങ്ങളുടെ കടമകള്‍ നിവര്‍ത്തിപ്പാനും, ചുങ്കം കൊടുക്കുവാനും, നിയമങ്ങളും ആജ്ഞകളും അനുസരിപ്പാനും, ഗവണ്മെന്റിന്റെ എല്ലാ വിഭാഗങ്ങളെയും ബഹുമാനിപ്പാനും അപ്പോസ്തലന്‍ പ്രബോധിപ്പിക്കുന്നു; എന്തെന്നാല്‍ ഭരണാധിപന്മാര്‍ വിവേകത്തോടെ നന്നായി പ്രവര്‍ത്തിക്കേണ്ടതിന് അധികാരസ്ഥന്മാര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കേണ്ടതു വിശ്വാസികളുടെ കടമയാണ്. എന്നാല്‍ റോമിലെ സാധാരണ സ്ഥിതിഗതികള്‍ക്കു വേഗത്തില്‍ മാറ്റം സംഭവിച്ചു. അവര്‍ ക്രിസ്തുവിനു വിരോധികളായി കൈസറെ ആരാധിക്കാത്ത ഏവനെയും കൊന്നുകളവാന്‍ കല്പന കൊടുത്തു. പരസ്യസ്ഥലത്തുവെച്ചു വിശ്വാസികളെ ദുഷ്ടമൃഗങ്ങളുടെ ഇരയായി ഏല്പിച്ചുകൊടുത്തു.

പൌലോസ് താനും റോമാ പൌരനായി ജനിച്ചവനാണ്. എന്നാല്‍ തന്റെ ദേശത്തോടു താന്‍ അത്യന്തം ഉത്തരവാദിത്വമുള്ളവനായതു കൊണ്ടു "കൈസര്‍ക്കുള്ളതു കൈസര്‍ക്കും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുപ്പിന്‍" എന്ന ക്രിസ്തുവിന്റെ കല്പന താന്‍ പ്രായോഗികമാക്കി. സഭയോടുള്ള ബന്ധത്തില്‍പ്പറഞ്ഞാല്‍, ലോകത്തിന്റെ ഏതു ഭരണഘടനയ്ക്കും മുകളിലാണു ക്രിസ്തുവിന്റെ നിയമം. "നിങ്ങള്‍ അന്യോന്യം സ്നേഹിപ്പിന്‍ എന്നു പുതിയൊരു കല്പന ഞാന്‍ നിങ്ങള്‍ക്കു തരുന്നു; ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും അന്യോന്യം സ്നേഹിപ്പിന്‍" എന്നു യേശു പറഞ്ഞു. "നിങ്ങള്‍ അന്യോന്യം സ്നേഹിക്കുന്നതിനാല്‍ എന്റെ ശിഷ്യന്മാര്‍ എന്നു സകലരും അറിയും" (യോഹ. 13:34-35).

യേശു സ്നേഹിച്ചതുപോലെ സ്നേഹിക്കുന്നവന്‍, ശുശ്രൂഷിക്കുന്നവന്‍, യേശുവിന്റെ കല്പനകളെ നിവര്‍ത്തിക്കുന്നവനാണ്. ഈ ദൈവിക സ്നേഹമാണു സഭയുടെ ഭരണഘടന, അഥവാ നിയമാവലി. അതു നിവര്‍ത്തിക്കുവാനുള്ള അനിവാര്യമായ ശക്തി നല്കുന്നതു പരിശുദ്ധാത്മാവാണ്. അപ്പോള്‍ത്തന്നെ "നിന്നെപ്പോലെ നിന്റെ അയല്ക്കാരനെ സ്നേഹിക്കണം" എന്ന മോശൈക കല്പനയെ യേശുനിര്‍ത്തലാക്കിയതുമില്ല (ലേവ്യ. 19:18).

പത്തു കല്പനയുടെ രണ്ടാംഭാഗത്തെ പകയ്ക്കരുത്, കൊലചെയ്യരുത് എന്ന കല്പനയിലൂടെ പൌലോസ് മേല്പറഞ്ഞ കല്പന വിശദീകരിച്ചിരിക്കുന്നു. വ്യഭിചാരം ചെയ്യരുത്, അശുദ്ധമായി ജീവിക്കരുത്, മോഷ്ടിക്കാതെ കഠിനമായി വേല ചെയ്യുക. ആരുടെയും സമ്പന്നത കണ്ട് അസൂയപ്പെടരുത്. നിങ്ങള്‍ക്കുള്ള ദൈവദാനത്തില്‍ തൃപ്തിപ്പെടുക. മേല്പറഞ്ഞ പ്രമാണങ്ങളെ അനുസരിക്കുന്നതില്‍ അയല്‍ക്കാരനെ നിന്നെപ്പോലെ സ്നേഹിക്ക എന്ന കല്പന പൂര്‍ത്തിപഥത്തില്‍ എത്തുന്നു.

വൈകാരികമായോ, വാഗ്വൈഭവമായോ അല്ല പറയുന്നതെങ്കിലും, യഥാര്‍ത്ഥ സ്നേഹം പ്രായോഗികമാക്കുന്നതിന്റെ പ്രഥമ പടി വ്യഭിചാരത്തില്‍നിന്ന് ഒഴിഞ്ഞിരിക്ക എന്നതാണെന്നു താന്‍ പ്രത്യേകം എടുത്തുപറയുന്നു. ദൈവസ്നേഹമായ 'അഗാപ്പെ' ലൈംഗികസ്നേഹമായ 'ഇറോസിനെ' മറികടക്കണമെന്നാണു താന്‍ പറയുന്നത്.

യഥാര്‍ത്ഥ സ്നേഹം സ്വാര്‍ത്ഥതയിലല്ല, ആവശ്യത്തിലുള്ളവരെ കണ്ടെത്തി അവരെ ശുശ്രൂഷിക്കുന്നതിലാണ് അടിസ്ഥാനപ്പെട്ടിരിക്കുന്നത്. മറ്റുള്ളവരുടെ സങ്കടങ്ങളും, ഉപദ്രവങ്ങളും, കഷ്ടതകളും നാം പങ്കുവെക്കുമ്പോള്‍ത്തന്നെ മറ്റുള്ളവരുടെ സങ്കടങ്ങള്‍ക്കും, ഉപദ്രവങ്ങള്‍ക്കും, കഷ്ടതകള്‍ക്കും നാം കാരണക്കാരാകയുമരുത്. മറിച്ച് അവരുടെ പ്രയാസങ്ങളില്‍ അവരെ സഹായിക്കുകയും, സങ്കടങ്ങളില്‍ ആശ്വസിപ്പിക്കുകയും, ആവശ്യങ്ങളില്‍ കൈത്താങ്ങല്‍ നല്കുകയുമത്രെ വേണ്ടത്.

നിങ്ങളുടെ അയല്ക്കാരന്‍ ആര്‍ എന്ന ചോദ്യത്തിനു യേശു ഇതിനോടകംതന്നെ മറുപടി തന്നുകഴിഞ്ഞു. നിങ്ങളുടെ രക്തബന്ധത്തില്‍ ഉള്ളവരല്ല, മറിച്ചു നിങ്ങളുടെ സമീപെ നിങ്ങള്‍ കാണുന്ന, നിങ്ങളില്‍നിന്ന് ഒരു നല്ല വാക്കു പ്രതീക്ഷിക്കുന്ന ഏവരുമത്രെ നിങ്ങളുടെ അയല്ക്കാര്‍. മറ്റുള്ളവരോടു സുവിശേഷം അറിയിക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു. "മറ്റൊരുത്തനിലും രക്ഷയില്ല; നാം രക്ഷിക്കപ്പെടേണ്ടതിന് ആകാശത്തിന്‍കീഴില്‍, മനുഷ്യരുടെ ഇടയില്‍ നല്കപ്പെട്ട വേറൊരു നാമവുമില്ല'' (അ. പ്ര. 4:12).

പ്രാര്‍ത്ഥന: കര്‍ത്താവേ, അവിടുത്തെ സഭയ്ക്ക് അവിടുന്ന് ഒരു പുതിയ കല്പന നല്കി; അതു പ്രമാണിപ്പാന്‍ അവിടുത്തെ പരിശുദ്ധാത്മാവിന്റെ ശക്തിയെയും പകര്‍ന്നുതന്നതുകൊണ്ട് ഞങ്ങള്‍ നിന്നെ വാഴ്ത്തുന്നു. കഠിനഹൃദയത്തോടും, തിടുക്കത്തോടും ഞങ്ങള്‍ പെരുമാറിയിട്ടുള്ളത് ഞങ്ങളോടു ക്ഷമിക്കണമേ. ഞങ്ങളുടെ സ്നേഹിതരെ മനസ്സിലാക്കുവാന്‍ ഞങ്ങളെ സഹായിക്കണമേ. അവര്‍ക്കായി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു; അവരുടെ ഉപജീവനത്തിന് അവര്‍ക്കൊരു ജോലി നല്കണമേ. ഞങ്ങള്‍ എവിടെ ആയിരുന്നാലും മറ്റുള്ളവരെ ശുശ്രൂഷിപ്പാന്‍ ഞങ്ങളെ പഠിപ്പിക്കണമേ.

ചോദ്യം:

  1. "നിന്റെ അയല്‍ക്കാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കണം" എന്നുള്ള കല്പനയെ പൌലോസ് ഏതു നിലയിലാണു പ്രായോഗികമായി വിശദീകരിച്ചിരിക്കുന്നത്?

www.Waters-of-Life.net

Page last modified on January 22, 2013, at 07:21 AM | powered by PmWiki (pmwiki-2.3.3)