Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- Romans - 058 (The Holy Remnant Exists)
This page in: -- Afrikaans -- Arabic -- Armenian -- Azeri -- Bengali -- Bulgarian -- Cebuano -- Chinese -- English -- French -- Georgian -- Greek -- Hausa -- Hebrew -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- MALAYALAM -- Polish -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Turkish -- Urdu? -- Yiddish -- Yoruba

Previous Lesson -- Next Lesson

റോമര്‍ - കര്‍ത്താവ് നമ്മുടെ നീതി
റോമര്‍ക്ക് എഴുതിയ ലേഖനം ഒരു പഠനം
ഭാഗം രണ്ട് - ദൈവജനമായ യിസ്രായേലിന്റെ കാഠിന്യത്തിനു ശേഷവും ദൈവത്തിന്റെ നീതിക്ക് മാറ്റംവരുന്നില്ല (റോമര്‍ 9:1 - 11:36)
ഋ - നമ്മുടെ വിശ്വാസം എന്നേക്കും നിലനില്ക്കുന് (റോമര്‍ 8:28-39)
5. യിസ്രായേല്‍ജനതയുടെ പ്രത്യാശ (റോമര്‍ 11:1-36)

മ) ഒരു വിശുദ്ധ ശേഷിപ്പ് നിലനില്ക്കുന് (റോമര്‍ 11:1-10)


റോമര്‍ 11:1-10
1 എന്നാല്‍ ദൈവം സ്വജനത്തെ തള്ളിക്കളഞ്ഞുവോ എന്നു ഞാന്‍ ചോദിക്കുന്നു. ഒരുനാളും ഇല്ല; ഞാനും യിസ്രായേല്യനല്ലോ; അബ്രഹാമിന്റെ സന്തതിയില്‍ ബന്യാമീന്‍ ഗോത്രത്തില്‍ ജനിച്ചവന്‍ തന്നെ. 2 ദൈവം മുന്നറിഞ്ഞിട്ടുള്ള തന്റെ ജനത്തെ തള്ളിക്കളഞ്ഞിട്ടില്ല. ഏലിയാവിന്റെ ചരിത്രത്തില്‍ തിരുവെഴുത്തു പറയുന്നത് അറിയുന്നില്ലയോ? 3 അവന്‍ യിസ്രായേലിനു വിരോധമായി: "കര്‍ത്താവേ, അവര്‍ നിന്റെ പ്രവാചകന്മാരെ കൊന്നു നിന്റെ യാഗപീഠങ്ങളെ ഇടിച്ചുകളഞ്ഞു; ഞാന്‍ ഒരുത്തന്‍ മാത്രം ശേഷിച്ചിരിക്കുന്നു; അവര്‍ എനിക്കും ജീവഹാനി വരുത്തുവാന്‍ നോക്കുന്നു" എന്ന് ദൈവത്തോടു വാദിക്കുമ്പോള്‍ 4 അവന് അരുളപ്പാട് ഉണ്ടായത് എന്ത്? "ബാലിനു മുട്ടുകുത്താത്ത ഏഴായിരം പേരെ ഞാന്‍ എനിക്കായി ശേഷിപ്പിച്ചിരിക്കുന്നു" എന്നു തന്നെ. 5 അങ്ങനെ ഈ കാലത്തിലും കൃപയാലുള്ള തെരഞ്ഞെടുപ്പിന്‍ പ്രകാരം ഒരു ശേഷിപ്പുണ്ട്. 6 കൃപയാല്‍ എങ്കില്‍ പ്രവൃത്തിയാലല്ല; അല്ലെങ്കില്‍ കൃപ കൃപയല്ല. 7 ആകയാല്‍ എന്ത്? യിസ്രായേല്‍ താന്‍ തിരഞ്ഞത് പ്രാപിച്ചില്ല; തെരഞ്ഞെടുക്കപ്പെട്ടവര്‍ അതു പ്രാപിച്ചു; ശേഷമുള്ളവരോ കഠിനപ്പെട്ടിരിക്കുന്നു. 8 "ദൈവം അവര്‍ക്ക് ഇന്നുവരെ ഗാഢനിദ്രയും കാണാത്ത കണ്ണും കേള്‍ക്കാത്ത ചെവിയും കൊടുത്തു" എന്ന് എഴുതിയിരിക്കുന്നുവല്ലോ. 9 "അവരുടെ മേശ അവര്‍ക്ക് കെണിയും കുടുക്കും ഇടര്‍ച്ചയും പ്രതികാരവും ആയിത്തീരട്ടെ; 10 അവരുടെ കണ്ണു കാണാതവണ്ണം ഇരുണ്ടുപോകട്ടെ; അവരുടെ മുതുക് എല്ലായ്പ്പോഴും കുനിയിക്കണമേ" എന്നു ദാവീദും പറയുന്നു.

അബ്രഹാമിന്റെ സന്തതികളുടെ രക്ഷയെയും നാശത്തെയും കുറിച്ചുള്ള സംവാദത്തിന് അപ്പോസ്തലനായ പൌലോസ് തയ്യാറാവുകയാണ്. ഭയാനകമായ ഒരു ചോദ്യത്തോടെ അതാരംഭിക്കുന്നു: "ദൈവം തന്റെ ജനത്തെ തള്ളിക്കളഞ്ഞുവെന്നോ?" (സങ്കീ. 94:14).

'ഇല്ല' എന്നാണ് പൌലോസിന്റെ മറുപടി. 'അതു തികച്ചും അസാദ്ധ്യം; രക്ഷയിലേക്കു നയിക്കുന്ന ദൈവകൃപയുടെ ഉത്തമ ഉദാഹരണമാണ് ഞാന്‍. പാപിയായ, കുറ്റക്കാരനായ എന്നെ അവന്‍ രക്ഷിച്ചു. ജഡം സംബന്ധിച്ച് ഞാന്‍ അബ്രഹാമിന്റെ സന്തതിയും ബന്യാമീന്‍ ഗോത്രത്തില്‍ ജനിച്ചവനുമാണ്. ദൈവം എന്നെ വിളിച്ചു; പാപമോചനം നല്കി,ജീവനെ തന്നു. യിസ്രായേല്‍ജനത്തിന്റെ രക്ഷയ്ക്ക് ഉത്തമ ഉദാഹരണമായിട്ടാണ് ഞാന്‍ നില്ക്കുന്നത്.'

ഞാന്‍ ക്രിസ്തുവിലായിരിക്കുന്നതുപോലെ, കാലാകാലങ്ങളായി യിസ്രായേല്‍ ഗോത്രങ്ങളില്‍നിന്നുമായി വ്യക്തികളെ വിളിച്ചുകൊണ്ടിരിക്കുന്നു. അവന്‍ അവര്‍ക്കു രക്ഷ നല്കി, അനുഗ്രഹിച്ച് അവരെ പറഞ്ഞയക്കുന്നു. അവരില്‍നിന്നത്രെ യഥാര്‍ത്ഥ ക്രൈസ്തവികത ദൈവം രൂപപ്പെടുത്തിയത്. യഹൂദന്മാരില്‍നിന്നു വീണ്ടുംജനനം പ്രാപിച്ച ക്രിസ്തീയ വിശ്വാസികളില്ലായിരുന്നെങ്കില്‍ ക്രിസ്തുവിന്റെ സുവിശേഷം സംബന്ധിച്ച രേഖകളൊന്നുംതന്നെ നമുക്കു ലഭ്യമാകുമായിരുന്നില്ല. ദൈവരാജ്യത്തിന്റെ കാതല്‍ അവരായിരുന്നു; ജാതികളുടെ ഇടയില്‍ ദൈവത്തിന്റെ വിത്ത് വിതച്ചത് അവരായിരുന്നു. കൊയ്ത്ത് ക്രമേണ വര്‍ദ്ധിച്ചു; അങ്ങനെ ദൈവരാജ്യം ലഹള കൂടാതെ നിരന്തരമായി വളര്‍ന്നുകൊണ്ടിരിക്കുന്നു.

ദൈവം തെരഞ്ഞെടുത്ത ഒരു പ്രത്യേക ജനം തനിക്കുണ്ട്; തന്റെ ആത്മിക രാജ്യത്തിനു തന്റേതായ വഴികളുമുണ്ട്. അന്യദേവന്മാരെ പിന്തുടര്‍ന്നു യാക്കോബിന്റെ മക്കള്‍ ഇന്നു ക്രിസ്തുവിനെയും അവന്റെ ജനത്തെയും ഉപേക്ഷിക്കുകയും പകയ്ക്കുകയും ചെയ്യുന്നുവെങ്കിലും തന്റെ പ്രിയ ജനത്തെ ദൈവം ഇന്നും തള്ളിക്കളഞ്ഞിട്ടില്ല. ഏലിയാവിന്റെ കാലത്തെ സ്ഥിതി എങ്ങനെയായിരുന്നു? വടക്കേ രാജ്യത്തു വിശ്വാസികള്‍ക്കുണ്ടായ ഭയങ്കരമായ പീഡയും ഇസബെല്‍ മുന്നറിയിച്ച തന്റെ മരണവും നിമിത്തം ധൈര്യശാലിയായ ഈ പ്രവാചകന്‍ നെടുവീര്‍പ്പിടുകയായിരുന്നു (1 രാജാ. 19:10-14).

അപ്പോള്‍ താഴെപ്പറയുന്ന ആശ്വാസവാക്കുകളാല്‍ ദൈവം അവനുത്തരമരുളി: "എന്നാല്‍ ബാലിനു മടങ്ങാത്ത മുഴങ്കാലും, അവനെ ചുംബനം ചെയ്യാത്ത വായുമുള്ളവരായി ആകെ ഏഴായിരം പേരെ ഞാന്‍ യിസ്രായേലില്‍ ശേഷിപ്പിച്ചിരിക്കുന്നു" (1 രാജാ. 19:18). ആ ഉറച്ച വിശ്വാസികള്‍ ആരെല്ലാമായിരുന്നുവെന്ന് ആര്‍ക്കും നിശ്ചയമില്ല. ഒരുപക്ഷേ ശമര്യയുടെ നാശത്തിങ്കല്‍ ചിതറിപ്പോയി അടിമകളായി ഭവിച്ച വിശുദ്ധ ശേഷിപ്പായിരുന്നിരിക്കാം അവര്‍. അവര്‍ അവിടെയെല്ലാം തങ്ങളുടെ വിശ്വാസം പ്രഖ്യാപനം ചെയ്തു. ദൈവം തന്റെ ജനത്തെ പരിപാലിക്കുന്നു; അവന്റെ കയ്യില്‍നിന്നും പിടിച്ചുപറിക്കുവാന്‍ ആര്‍ക്കും സാധിക്കുകയില്ല. ആഡംബരജീവിതം അവന്‍ അവര്‍ക്കു വാഗ്ദത്തം ചെയ്യുന്നില്ല; എങ്കിലും നിത്യമായ ആത്മിക ഉറപ്പ് അവന്‍ അവര്‍ക്കു നല്കിയിട്ടുണ്ട്. (യോഹ. 10:29-30). "അങ്ങനെ ഈ കാലത്തിലും കൃപയാലുള്ള തെരഞ്ഞെടുപ്പിന്‍പ്രകാരം ഒരു ശേഷിപ്പുണ്ട്" (റോമര്‍ 11:5).

ക്രിസ്തുവിന്റെ ജനനം മുതല്‍ ഈ പ്രസ്താവന അര്‍ത്ഥവത്തായി. വിശ്വസ്ത വിശ്വാസികളുടെ അടയാളം ശക്തിയോ, ധനമോ, ബഹുമാനമോ ഒന്നുമല്ല, മറിച്ചു കഷ്ടതയിലും യേശുവിനെ അനുഗമിക്കുക എന്നുള്ളതാണ്. ഇങ്ങനെയുള്ള ഒരു ചെറുകൂട്ടത്തെ നോക്കി നമ്മുടെ കര്‍ത്താവ് പറഞ്ഞു: "ചെറിയ കൂട്ടമേ, ഭയപ്പെടരുത്. നിങ്ങളുടെ പിതാവ് രാജ്യം നിങ്ങള്‍ക്ക് നല്കുവാന്‍ പ്രസാദിച്ചിരിക്കുന്നു" (ലൂക്കോ. 12:32; 22:28-29).

പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും അധികാരം എക്കാലവും ഒരു കൂട്ടം വിശുദ്ധന്മാരെ തനിക്കായി വേര്‍തിരിക്കുന്നു. ഒന്നാമത്തെ പ്രേഷിതപ്രയാണത്തില്‍ ജാതികളില്‍നിന്നു രക്ഷിക്കപ്പെട്ടു വന്നവരെ കണ്ടിട്ടു പൌലോസും ബര്‍ന്നബാസും അവരോടായി പറഞ്ഞു: "അനേക കഷ്ടങ്ങളില്‍ക്കൂടി നാം ദൈവരാജ്യത്തില്‍ കടക്കേണ്ടതാകുന്നു" (അ. പ്ര. 14:22).

യിസ്രായേലില്‍ ഒരു ശേഷിപ്പ് ഇപ്പോഴുമുണ്ടെന്നും, അവര്‍ നശിക്കയില്ലെന്നും, അതു കൃപയാല്‍മാത്രമാണെന്നുമുള്ള അറിവിന്റെ ആഴത്തിലേക്ക് അപ്പോസ്തലന്‍ നമ്മെ നയിക്കുകയാണ് (റോമര്‍ 11:6). അന്ത്യനാളുകളിലെ സാത്താന്യപരിശോധനകളില്‍നിന്നു ദൈവം അവരെ സൂക്ഷിക്കുകയും, നല്ല ഇടയനായി അവരെ വഴിനടത്തുകയും ചെയ്യുന്നു. സ്വന്തപ്രവൃത്തികളുടെ ഫലമായി തെരഞ്ഞെടുക്കപ്പെട്ട വിശുദ്ധരും ഭക്തരുമല്ല അവര്‍; കൃപയാല്‍ മാത്രം നന്മ ലഭിച്ചവര്‍! ഇക്കാരണംകൊണ്ടുതന്നെ യിസ്രായേല്‍ജനതയുടെ വിശുദ്ധ ശേഷിപ്പിനെ ദൈവം കാത്തുപരിപാലിക്കുന്നതില്‍ തനിക്കുള്ള സാര്‍വ ത്രികവും അസാധാരണവുമായ ദൈവകൃപ നാം മനസ്സിലാക്കേണ്ടതുണ്ട്. നമ്മുടെ ക്രിസ്തീയ അസ്തിത്വത്തിന്റെ രഹസ്യം തന്നെ ആ ശേഷിപ്പ് തുടര്‍ന്നുപോകുന്നുവെന്നുള്ളതാണ്. അതോര്‍ത്തു നാമം ദൈവത്തിനു സ്തോത്രം ചെയ്യേണ്ടിയിരിക്കുന്നു.

റോമര്‍ 11:7 ല്‍ പൌലോസ് ചോദിക്കുന്നു: യിസ്രായേല്‍ ജാതിയുടെ ആത്മികാവസ്ഥ എന്തായിരുന്നു? ഇപ്പോള്‍ എന്താണ്? ന്യായപ്രമാണ ആചരണംകൊണ്ട് അവരെന്താണ് അര്‍ത്ഥമാക്കിയത്? അവര്‍ക്ക് എത്തിച്ചേരാന്‍ കഴിയാതിരുന്ന ഭക്തിയുടെ ഉദ്ദേശ്യം എന്തായിരുന്നു? അവര്‍ ആത്മിക ലക്ഷ്യം നഷ്ടപ്പെട്ടവരായി തങ്ങളുടെ രാജാവിനെ ക്രൂശിച്ചു; പരിശുദ്ധാത്മ അധിവാസത്തിനെതിരെ കഠിനപ്പെട്ടു; പരിശുദ്ധ ത്രിത്വ ഐക്യതയില്‍നിന്ന് അവര്‍ അന്യപ്പെട്ടു; തങ്ങളെ ചൂഷണം ചെയ്യുന്ന അന്യരാജാക്കന്മാരെ അന്യരാജ്യങ്ങളില്‍ സേവിച്ചു; മറ്റു ജാതികളുടെമേല്‍ അന്തിക്രിസ്തുവിനോടൊത്തു വാഴുവാന്‍ അവനുവേണ്ടി കാത്തിരുന്നു. ഇത് എല്ലാ യിസ്രായേല്യരുടെയും കഥയല്ല; അബ്രഹാമ്യ സന്തതികളില്‍ ചെറിയ ഒരു വിഭാഗം പരിശുദ്ധാത്മാവിനാല്‍ വീണ്ടും ജനനത്തിനര്‍ഹരായി. അവര്‍ തങ്ങളുടെ പാപങ്ങളെ തിരിച്ചറിഞ്ഞ് അവയെ ഏറ്റുപറഞ്ഞു. ദൈവകുഞ്ഞാടില്‍ വിശ്വസിച്ചു; അവനില്‍ നിന്നും സമ്പൂര്‍ണ്ണമായ പാപകൃപ പ്രാപിച്ചു; വാഗ്ദത്തം ചെയ്യപ്പെട്ട പരിശുദ്ധാത്മാവിനാല്‍ അഭിഷേകം പ്രാപിച്ചു. യേശുക്രിസ്തുവിന്റെ ജീവിതത്തിനു സമര്‍പ്പിച്ച അവര്‍ അവന്റെ ശരീരത്തിലെ പ്രവര്‍ത്തനനിരതരായ അംഗങ്ങളായി മാറി.

എങ്കിലും ആ ജനതയില്‍ ഭൂരിഭാഗവും ഇന്നു കഠിനപ്പെട്ടിരിക്കുന്നു (ആവ. 29:4; യെശ: 29:10). നന്മതിന്മകളെ തിരിച്ചറിയുവാന്‍ കഴിയാത്ത ആത്മാവിനെ അവര്‍ പ്രാപിച്ചു. തന്നിമിത്തം നന്മയും തിന്മയും തമ്മില്‍ തിരിച്ചറിയുവാനുള്ള കഴിവ് അവര്‍ക്കില്ലാതെയായി; തങ്ങള്‍ക്കിഷ്ടമുള്ളതു പ്രവര്‍ത്തിച്ചു. ദൈവത്തെക്കുറിച്ചും അന്ത്യന്യായവിധിയെക്കുറിച്ചും യാതൊരു ചിന്തയും അവര്‍ക്കില്ലായിരുന്നു. സ്വന്ത കണ്ണുകള്‍കൊണ്ടു കാണുമ്പോഴും കാഴ്ചയില്ലാത്തവരെപ്പോലെ, കേള്‍ക്കുമ്പോള്‍തന്നെ, കേള്‍വിയില്ലാത്തവരെപ്പോലെ അവര്‍ ആയിത്തീര്‍ന്നു. അവരില്‍ അധികംപേരെയും ശിക്ഷിക്കുവാനും, അവരുടെ വഴി അവര്‍ക്ക് ഒരു കെണിയായിത്തീരുവാനും ദാവീദ് പ്രാര്‍ത്ഥിക്കുകയുണ്ടായി (സങ്കീ. 69:23-24).

എന്നാല്‍ ദാവീദിന്റെ ഭയങ്കരമായ വാക്കുകളെ യേശു തിരുത്തി. യേശു പറയുന്നു: "നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിന്‍; നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിപ്പിന്‍; നിങ്ങളെ പകയ്ക്കുന്നവര്‍ക്കു നന്മ ചെയ്യുവിന്‍. സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന് പുത്രന്മാരായിരിക്കേണ്ടതിനു നിങ്ങളെ പഴിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിപ്പിന്‍" (മത്താ. 5:44-45).

തെരഞ്ഞെടുക്കപ്പെട്ട ഈ ജാതിയിലെ വിശുദ്ധ ശേഷിപ്പും അതുപോലെ ലോകം മുഴുവനുള്ള ക്രൈസ്തവരും ഉപദ്രവങ്ങളുടെയും, സമ്മര്‍ദ്ദത്തിന്റെയും, കുറ്റാരോപണങ്ങളുടെയും മദ്ധ്യത്തില്‍ കര്‍ത്താവിന്റെ കല്പനയെ നിറവേറ്റിക്കൊണ്ടു തങ്ങളുടെ സാന്നിദ്ധ്യത്തിന്റെ പ്രാധാന്യത തെളിയിച്ചുകൊണ്ടിരിക്കുന്നു.

പ്രാര്‍ത്ഥന: കര്‍ത്താവേ, അബ്രഹാമിന്റെ സന്തതികളില്‍ അനേകം പേര്‍ ഇന്നും തങ്ങളുടെ ഹൃദയങ്ങളെ പരിശുദ്ധാത്മാവിനു തുറന്നു യേശുക്രിസ്തുവിന്റെ രക്തത്താല്‍ ശുദ്ധീകരിക്കപ്പെട്ടു നിത്യജീവനവ കാശികളായിത്തീരുന്നതുകൊണ്ട് ഞങ്ങള്‍ നിന്നെ വാഴ്ത്തുന്നു. ഈ പുതു വിശ്വാസികളെ ശക്തീകരിക്കണമേ; ഉപദ്രവങ്ങളുടെ മദ്ധ്യേ ഭിന്നിച്ചുപോകാതെ അവിടുത്തെ സാന്നിദ്ധ്യത്തിന്റെ മറവില്‍ അവരെ കാത്തുകൊള്ളുകയും സഹവിശ്വാസികളില്‍നിന്നും സഹായഹസ്തങ്ങള്‍ ലഭിപ്പാന്‍ അവരെ പ്രാപ്തിപ്പെടുത്തുകയും ചെയ്യണമേ.

ചോദ്യങ്ങള്‍:

  1. ബാലിനു മുട്ടുമടക്കാത്ത ഏഴായിരം പേരെ ഞാന്‍ യിസ്രായേലില്‍ ശേഷിപ്പിച്ചിരിക്കുന്നുവെന്നു ദൈവം ഏലിയാവിനോടു പറയുന്നതിന്റെ സാരമെന്താണ്?
  2. പൌലോസും യഹൂദന്മാരില്‍നിന്നും വിശ്വസിച്ചുവന്നവരായ എല്ലാവരും ദൈവത്തിന്റെ തെരഞ്ഞെടുപ്പിലെ വിശുദ്ധ ശേഷിപ്പാണ് എന്നു പൌലോസ് പറയുന്നതിന്റെ അര്‍ത്ഥമെന്താണ്?

www.Waters-of-Life.net

Page last modified on January 21, 2013, at 10:46 AM | powered by PmWiki (pmwiki-2.3.3)