Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- Romans - 046 (God’s Plan of Salvation)
This page in: -- Afrikaans -- Arabic -- Armenian -- Azeri -- Bengali -- Bulgarian -- Cebuano -- Chinese -- English -- French -- Georgian -- Greek -- Hausa -- Hebrew -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- MALAYALAM -- Polish -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Turkish -- Urdu? -- Yiddish -- Yoruba

Previous Lesson -- Next Lesson

റോമര്‍ - കര്‍ത്താവ് നമ്മുടെ നീതി
റോമര്‍ക്ക് എഴുതിയ ലേഖനം ഒരു പഠനം
ഭാഗം ഒന്ന് - ദൈവത്തിന്റെ നീതി പാപികളെ ശിക്ഷിക്കുന്നു; ക്രിസ്തുവില്‍ വിശ്വസിക്കുന്നവരെ നീതീകരിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന് (റോമര്‍ 1:18 - 8:39)
ഋ - നമ്മുടെ വിശ്വാസം എന്നേക്കും നിലനില്ക്കുന് (റോമര്‍ 8:28-39)

1. ദൈവത്തിന്റെ രക്ഷാപദ്ധതി വരുവാനുള്ള നമ്മുടെ മഹത്വത്തെ പ്രകീര്‍ത്തിക്കുന് (റോമര്‍ 8:28-30)


റോമര്‍ 8:28-29
28 എന്നാല്‍ ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക്, നിര്‍ണ്ണയപ്രകാരം വിളിക്കപ്പെട്ടവര്‍ക്കുതന്നെ, സകലവും നന്മയ്ക്കായി കൂടി വ്യാപരിക്കുന്നു എന്ന് നാം അറിയുന്നു. 29 അവന്‍ മുന്നറിഞ്ഞവരെ തന്റെ പുത്രന്‍ അനേകം സഹോദരന്മാരില്‍ ആദ്യജാതനാകേണ്ടതിന് അവന്റെ സ്വരൂപത്തോട് അനുരൂപരാകുവാന്‍ മുന്‍നിയമിച്ചുമിരിക്കുന്നു.

ദൈവത്തെ അറിയുന്നവര്‍ക്കെല്ലാം അവന്‍ സര്‍വ്വശക്തനാണെന്നറിയാം. അവന്റെ അറിവും സമ്മതവും കൂടാതെ യാതൊന്നും ഈ ലോകത്തില്‍ സംഭവിക്കുന്നില്ല. അവന്‍ സര്‍വ്വശക്തനാണ്. ചില മതങ്ങള്‍ വിശ്വസിച്ചുവരുന്നതുപോലെ മുന്‍നിര്‍ണ്ണയത്തില്‍ നാം വിശ്വസിക്കുന്നില്ല. വലിയവനായ ദൈവം കരുണാസമ്പന്നനാണ്; അവന്‍ നിരന്തരമായി നമ്മെ കരുതുന്നു; അവന്‍ ഒരിക്കലും നമ്മെ ഉപദ്രവിക്കയോ, ഉപേക്ഷിക്കയോ, കൈവിടുകയോ ചെയ്യില്ല. യാതൊരുവിധ പ്രയാസങ്ങളിലും ഉപദ്രവങ്ങളിലും നമ്മുടെ വിശ്വാസത്തില്‍നിന്നും വീണുപോകാതെ അവന്റെ സ്നേഹത്തില്‍ ശക്തി പ്രാപിക്കുവാന്‍ നാം അവനോടപേക്ഷിക്കണം. നമ്മോടുള്ള ദൈവസ്നേഹത്തെ നമുക്ക് ഉറപ്പിച്ചുതരേണ്ടതിന് നമ്മുടെ രക്ഷയോടുള്ള ബന്ധത്തില്‍ നിരവധി സ്ഥിരീകരണങ്ങളെ പൌലോസ് നമ്മുടെ മുമ്പാകെ അണിനിരത്തുന്നു. നാം ഒരുനാളും സംശയിക്കയോ, കുലുങ്ങിപ്പോകയോ ചെയ്യാതിരിക്കേണ്ടതിനാണവന്‍ അത് നല്കുന്നത്.

നിങ്ങള്‍ ജനിക്കുംമുമ്പെ ദൈവം നിങ്ങളെ തെരഞ്ഞെടുത്തിരുന്നു. ദൈവഹൃദയത്തിലെ ഒരു ചിന്താവിഷയമായിരുന്നു നിങ്ങള്‍. ലോകസ്ഥാപനത്തിനുമുമ്പെ അവന്‍ നിങ്ങളെ അറിഞ്ഞു. അങ്ങനെ നിങ്ങളുടെ ഹൃദയരഹസ്യങ്ങളും, സ്വഭാവങ്ങളും, താല്‍പര്യങ്ങളും എല്ലാം ദൈവം മുന്നറിഞ്ഞിരുന്നു. ദൈവത്തോടുള്ള നിങ്ങളുടെ ബന്ധം നിങ്ങള്‍ മനസ്സിലാക്കുന്നതിനെക്കാള്‍ ആഴമുള്ളതാണ്. നിങ്ങള്‍ അവന് അന്യനല്ല, സമീപസ്ഥനാണ്. നഷ്ടപ്പെട്ട മകന്റെ മടങ്ങിവരവിനുവേണ്ടി പിതാവ് കാത്തിരുന്നതുപോലെ അവന്‍ നിങ്ങള്‍ക്കായി കാത്തിരിക്കയാണ്. അവനുവേണ്ടി നിങ്ങള്‍ക്കുള്ള വാഞ്ഛയെക്കാള്‍ അധികമാണ് അവന് നിങ്ങളോടുള്ള വാഞ്ഛ.

നിത്യനായ ദൈവം സര്‍വ്വയുഗങ്ങള്‍ക്കുംമുമ്പെ നിങ്ങളെ അറിഞ്ഞിരുന്നു. നിങ്ങളുടെ ഭാവി സംബന്ധിച്ച് മനോഹരമായ ഒരു ഉദ്ദേശ്യം അവനുണ്ടായിരുന്നു. തന്റെ ഹിതത്തിന്റെപൂര്‍ണ്ണതയ്ക്കൊത്തവണ്ണം യേശുക്രിസ്തു മുഖാന്തരം നിങ്ങള്‍ ദൈവപൈതലാകേണ്ടതിന് അവന്‍ നിങ്ങളെ മുന്‍നിയമിച്ചു. അവന്‍ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ട് ക്രൂശിന്മേല്‍ കയറി നമ്മുടെ പാപങ്ങള്‍ക്ക് പരിഹാരം വരുത്തി. ക്രിസ്തുവില്‍ നിങ്ങളുടെ തെരഞ്ഞെടുപ്പ് സ്ഥിരീകരിക്കപ്പെട്ടു. ദൈവപുത്രനോടു നിരപ്പിന്റെ അനുഭവമുള്ള യാതൊരുവനും ഒരുനാളും കുലുങ്ങിപ്പോകയില്ല; കാരണം ദൈവം വിശ്വസ്തനാണ്. അതുകൊണ്ട് ദൈവത്തിനു നിങ്ങളുടെ ജീവിതത്തെക്കുറിച്ച് ഒരു ലക്ഷ്യമുണ്ടെന്ന് മനസ്സിലാക്കണം. പിതാവിന്റെ വലത്തുഭാഗത്ത് ആരൂഢനായിരിക്കുന്ന ദൈവപുത്രന്റെ സ്വരൂപത്തോടു നമ്മെ അനുരൂപരാക്കുവാന്‍വേണ്ടിയാണ് അവന്‍ നമ്മെ മുന്‍നിയമിച്ചത്. വിവിധ പദവികളില്‍പ്പെട്ട പുത്രന്മാരെ ദൈവം ആഗ്രഹിക്കുന്നില്ല. നാം നമ്മെത്തന്നെ ത്യജിച്ച് ക്രിസ്തുവിന്റെ ഐഹികജീവിതത്തിനൊത്തവണ്ണം ജീവിക്കേണ്ടതിന് താഴ്മയിലും സൌമ്യതയിലും കൂടി അവന്‍ പൂര്‍ണ്ണതയിലേക്ക് നമ്മെ വഴിനട ത്തുന്നു.

റോമര്‍ 8:30
30 മുന്‍നിയമിച്ചവരെ വിളിച്ചും, വിളിച്ചവരെ നീതീകരിച്ചും, നീതീകരിച്ചവരെ തേജസ്കരിച്ചുമിരിക്കുന്നു.

ദൈവം തന്റെ സ്നേഹത്തെക്കുറിച്ച് വ്യക്തിപരമായി നിങ്ങളോടു സംസാരിക്കയാകുന്നു. അവന്റെ ശബ്ദം ഹൃദയത്തിന്റെ ആഴത്തില്‍ താങ്കള്‍ ശ്രവിച്ചിട്ടുണ്ടോ? അവന്റെ വിളി നിങ്ങളുടെ ഹൃദയത്തിന്റെ ഉള്ളറയിലേക്ക് കടന്നുവന്നിട്ടുണ്ടോ? നിങ്ങള്‍ പാപികളായിരിക്കുമ്പോളത്രെ ദൈവം നിങ്ങളെ തെരഞ്ഞെടുത്തത്, മുന്‍നിയമിച്ചത്. അഹന്തയിലും നാനാ മോഹങ്ങളിലും മരിച്ചവരായിരുന്ന നിങ്ങളെ അവന്‍ പുനര്‍ജീവിപ്പിച്ചതിന്റെ ഉദ്ദേശ്യം വിശുദ്ധിയിലും, സത്യത്തിലും വിശ്വസ്തതയിലും, നേരിലും നിങ്ങള്‍ പ്രകാശിക്കേണ്ടതിനാണ്. ദൈവത്തിന്റെ വചനം നിങ്ങളില്‍ ക്രിയ ചെയ്തല്ലാതെ വിശുദ്ധ ജീവിതം നയിപ്പാനുള്ള ശക്തി നിങ്ങള്‍ക്കില്ല. അതുകൊണ്ട് വിശുദ്ധ ബൈബിള്‍ നിരന്തരമായി വായിക്കുക. അതിലെ കറുത്ത അക്ഷരങ്ങളിലൂടെയത്രെ ദൈവം നിങ്ങളോടു സംസാരിക്കുന്നത്.

സാത്താന്റെ ആവലാതികള്‍ക്ക് യാതൊന്നും ചെയ്യുവാന്‍ കഴിയാത്തവിധം നിങ്ങളുടെ രക്ഷയുടെ സത്യം എന്ന അടിസ്ഥാനം ദൈവം തന്റെ ആലോചനാസഭയുടെ മുമ്പില്‍ വച്ചതാണ്. ദൈവപുത്രനായ യേശുക്രിസ്തുവിന്റെ പ്രായശ്ചിത്തമരണത്താല്‍ ഒരിക്കല്‍ എന്നേക്കുമായി അവന്‍ നമ്മുടെ പാപത്തെ തുടച്ചുനീക്കുകയും നമ്മെ നീതീകരിക്കുകയും ചെയ്തു. ക്രിസ്തുവിന്റെ നീതീകരണത്താല്‍ നിങ്ങള്‍ ഇപ്പോള്‍ നീതിമാന്മാരായിത്തീര്‍ന്നിരിക്കുന്നു. അവന്റെ വീണ്ടെടുപ്പിനാല്‍ നിങ്ങള്‍ ശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു. നിങ്ങളുടെ മേല്‍ ചുമത്തപ്പെട്ട അവന്റെ ദിവ്യസ്നേഹത്തിന് എപ്പോഴാണ് നിങ്ങള്‍ അവന് നന്ദി കരേറ്റുക? അവന്റെ നടത്തിപ്പില്‍ വിശ്വസിച്ചുകൊണ്ട് അവന്റെ വിശ്വസ്ത കൃപയ്ക്ക് എപ്പോള്‍ നിങ്ങള്‍ അവനെ സ്തുതിക്കും?

ദൈവം തന്റെ ശക്തിയാല്‍ ഇതിലധികവും നമുക്കുവേണ്ടി ചെയ്തിട്ടുണ്ട്. നമ്മിലധിവസിക്കുന്ന അവന്റെ മഹത്വകരമായ ജീവന്റെ ഉറപ്പിലേക്ക് അവന്‍ തന്റെ പരിശുദ്ധാത്മാവിനെ നമുക്ക് നല്കയുണ്ടായി. അതുകൊണ്ട് ദൈവസാരാംശത്തിന്റെ മഹത്വം ഇന്ന് നമ്മില്‍ മറഞ്ഞിരിപ്പുണ്ട്. ക്രിസ്തു തന്നില്‍ വിശ്വസിക്കുന്നവരുടെ കണ്‍മുമ്പാകെ മാത്രം വെളിപ്പെടുന്നതുപോലെ, അവന്റെ സ്നേഹം, സത്യം, സഹിഷ്ണുത എന്നിവ തമ്മില്‍ പ്രാവര്‍ത്തികമായിക്കൊണ്ടിരിക്കയാണ്. രക്ഷിതാവില്‍ അധിവസിക്കുന്നപക്ഷം പരിശുദ്ധാത്മാവിന്റെ എല്ലാ സദ്ഫലങ്ങളും അവന്‍ നമ്മില്‍ ഉളവാക്കും. ദൈവം ഭാവിയില്‍ നമ്മെ തേജസ്കരിക്കുന്നവനല്ല; ഗതകാലത്തില്‍ തന്നെ ദൈവം നമ്മെ തേജസ്കരിച്ചുകഴിഞ്ഞു എന്നാണ് പൌലോസ് പ്രസ്താവിക്കുന്നത്. വിശ്വാസത്തിന്റെ നായകനും പൂര്‍ത്തിവരുത്തുന്നവനും യേശുവാണെന്നുള്ള നിശ്ചയം തനിക്കുണ്ടായിരുന്നു. നിങ്ങളില്‍ രക്ഷയെ ആരംഭിച്ചവന്‍ വിശ്വസ്തനാണ്. തന്റെ സ്വന്തമഹത്വത്തിന്റെ പുകഴ്ച്ചയ്ക്കായി അവന്‍ നമ്മെ അഭ്യസിപ്പിക്കുകയും, ശക്തീകരിക്കുകയും, പൂര്‍ണ്ണതയിലേക്ക് നടത്തുകയും ചെയ്യുന്നു.

ജീവിതത്തില്‍ പ്രശ്നങ്ങള്‍ നിങ്ങള്‍ക്കുണ്ടോ? നിങ്ങള്‍ വിശക്കുന്നവരോ? രോഗികളോ നിങ്ങള്‍? നിങ്ങള്‍ ഒരു ജോലി അന്വേഷിക്കുന്നവനോ? നിങ്ങള്‍ സ്കൂള്‍ പഠനത്തില്‍ തോറ്റിട്ടുണ്ടോ? ഇതൊന്നും പ്രധാനപ്പെട്ട വിഷയങ്ങളല്ല; കാരണം ദൈവം നിങ്ങളോടുകൂടെയുണ്ട്. അവന്‍ നിങ്ങളെ സ്നേഹിക്കുന്നു; കരുതുന്നു; കണ്ണിന്റെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുന്നു. അവന്‍ നിങ്ങളെ മറക്കാതെ അവസാനത്തോളമുള്ള തന്റെ പദ്ധതി നിവര്‍ത്തിക്കുന്നു. പരിശുദ്ധനായ ദൈവം നിങ്ങളെ തെരഞ്ഞെടുത്തു ദത്തുപുത്രരാക്കിയിരിക്കയാണ്. ആകയാല്‍ നിങ്ങളെത്തന്നെ ത്യജിച്ച്, സ്വയം ക്രൂശെടുത്തുകൊണ്ട് മരണത്തോളം അവനെ അനുഗമിക്കുക; പിന്നീട് മഹത്വത്തില്‍ പ്രവേശിക്കുക. ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക് സകലതും നന്മയ്ക്കായി കൂടി വ്യാപരിക്കപ്പെടുന്നു. നിങ്ങളെ ആദ്യം സ്നേഹിച്ചവനെ നിങ്ങള്‍ സ്നേഹിക്കുമോ?

പ്രാര്‍ത്ഥന: ത്രിയേക ദൈവമേ, യേശുക്രിസ്തുവിന്റെ മഹത്വത്തെ ധരിപ്പാന്‍ നിത്യതയിലേ നീ ഞങ്ങളെ തെരഞ്ഞെടുക്കുകയും, മുന്നറിവിനാല്‍ മുന്‍നിര്‍ണ്ണയിക്കുകയും ചെയ്തതുകൊണ്ട് ഞങ്ങള്‍ നിന്നെ വാഴ്ത്തുന്നു. ഞങ്ങളെ തെരഞ്ഞെടുക്കുവാന്‍ ഞങ്ങള്‍ക്ക് യാതൊരു യോഗ്യതയുമില്ല. ഞങ്ങളുടെ പാപങ്ങളെ ഞങ്ങളോട് ക്ഷമിക്കണമേ. വിശുദ്ധ ബൈബിളിലൂടെ അങ്ങ് ഞങ്ങളെ ആഹ്വാനം ചെയ്യുന്നത് കേള്‍പ്പാന്‍ ഞങ്ങളുടെ കാതുകളെ തുറക്കണമേ. അവിടുത്തെ പുത്രന്റെ രക്തത്താല്‍ ഞങ്ങളെ നീതീകരിച്ചല്ലോ. അവിടുത്തെ വിശ്വസ്ത സ്നേഹത്തിനായി സ്തോത്രം. അവിടുത്തെ നടത്തിപ്പില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. ദുര്‍ദ്ദിവസങ്ങളില്‍ ഞങ്ങള്‍ വഴുതിപ്പോകയില്ല എന്നുള്ള ഉറപ്പ് ഞങ്ങള്‍ക്കു നല്കണമേ. ഞങ്ങളില്‍ വെളിപ്പെടുവാനുള്ള തേജസ്സിന്റെ ഉറപ്പായി പരിശുദ്ധാത്മാവിനെ അനുഭവിച്ചറിയുവാന്‍ ഞങ്ങളെ സഹായിക്കണമേ.

ചോദ്യം:

  1. ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക് സകലവും നന്മയ്ക്കായി കൂടി വ്യാപരിക്കുന്നതിന്റെ കാരണമെന്ത്?

ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക്, നിര്‍ണ്ണയപ്രകാരം
വിളിക്കപ്പെട്ടവര്‍ക്കുതന്നെ, സകലവും
നന്മയ്ക്കായി കൂടി വ്യാപരിക്കുന്നു.

(റോമര്‍ 8:28)

www.Waters-of-Life.net

Page last modified on January 21, 2013, at 10:15 AM | powered by PmWiki (pmwiki-2.3.3)