Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- Romans - 045 (The Three Unique Groanings)
This page in: -- Afrikaans -- Arabic -- Armenian -- Azeri -- Bengali -- Bulgarian -- Cebuano -- Chinese -- English -- French -- Georgian -- Greek -- Hausa -- Hebrew -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- MALAYALAM -- Polish -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Turkish -- Urdu? -- Yiddish -- Yoruba

Previous Lesson -- Next Lesson

റോമര്‍ - കര്‍ത്താവ് നമ്മുടെ നീതി
റോമര്‍ക്ക് എഴുതിയ ലേഖനം ഒരു പഠനം
ഭാഗം ഒന്ന് - ദൈവത്തിന്റെ നീതി പാപികളെ ശിക്ഷിക്കുന്നു; ക്രിസ്തുവില്‍ വിശ്വസിക്കുന്നവരെ നീതീകരിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന് (റോമര്‍ 1:18 - 8:39)
ഉ - ദൈവത്തിന്റെ ശക്തി പാപത്തിന്റെ ശക്തിയില്‍നിന്നും നമ്മെ വിടുവിക്കുന്നു (റോമര്‍ 6:1 - 8:27)

8. മൂന്ന് നിസ്തുല്യ ഞരക്കങ്ങള് (റോമര്‍ 8:18-27)


റോമര്‍ 8:18-22
18 നമ്മില്‍ വെളിപ്പെടുവാനുള്ള തേജസ്സ് വിചാരിച്ചാല്‍ ഈ കാലത്തിലെ കഷ്ടങ്ങള്‍ സാരമില്ല എന്നു ഞാന്‍ എണ്ണുന്നു. 19 സൃഷ്ടി ദൈവപുത്രന്മാരുടെ വെളിപ്പാടിനെ ആകാംക്ഷയോടെ കാത്തിരിക്കുന്നു. 20 സൃഷ്ടി ദ്രവത്വത്തിന്റെ ദാസ്യത്തില്‍നിന്ന് വിടുതലും ദൈവമക്കളുടെ തേജസ്സാകുന്ന സ്വാതന്ത്യ്രവും പ്രാപിക്കും എന്നുള്ള ആശയോടെ മായയ്ക്ക് കീഴ്പ്പെട്ടിരിക്കുന്നു. 21 മനഃപൂര്‍വ്വമായിട്ടല്ല, അതിനെ കീഴ്പ്പെടുത്തിയവന്റെ കല്പന നിമിത്തമത്രെ. 22 സര്‍വ്വസൃഷ്ടിയും ഇന്നുവരെ ഒരുപോലെ ഞരങ്ങി ഈറ്റുനോവോടിരിക്കുന്നു എന്നു നാം അറിയുന്നുവല്ലോ.

ദൈവത്തിലുള്ള വിശ്വാസവും അവനോടുള്ള സ്നേഹത്തിലും മാത്രം തൃപ്തിപ്പെടാതെ ദൈവത്തിലുള്ള നമ്മുടെ പ്രത്യാശയുടെ ധനമഹത്വത്തിലേക്ക് പ്രവേശിക്കയാണ് പൌലോസിവിടെ. ദൈവമഹത്വത്തിന്റെ വെളിപ്പാടിനെ നിങ്ങള്‍ പ്രതീക്ഷിക്കുന്നുവോ? നിങ്ങളുടെ ജീവിതത്തിന്റെ ലക്ഷ്യം അതാണോ? നിങ്ങളുടെ ചെറിയ പ്രശ്നങ്ങളുടെ പരിഹാരത്തില്‍ മാത്രം സംതൃപ്തിയടയരുത്. ദൈവത്തിന്റെ ഉദ്ദേശ്യം സര്‍വ്വലോകത്തിന്റെയും വീണ്ടെടുപ്പാണ്. സര്‍വ്വസൃഷ്ടിയുടെയും വീണ്ടെടുപ്പ്, അതാണ് ദൈവത്തില്‍നിന്ന് നമുക്ക് ലഭിക്കുന്ന ഏറ്റവും വലിയ സമ്മാനം.

പുല്ല് ഉണങ്ങിപ്പോകുന്നു; മൃഗങ്ങള്‍ യാതനപ്പെടുന്നു. മൃഗങ്ങളെ കഷ്ടപ്പെടുത്തുന്ന മനുഷ്യന് ഹാ കഷ്ടം! കഷ്ടതകൊണ്ട് മൃഗങ്ങളുടെ കണ്ണുകള്‍ അടഞ്ഞുപോകുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ? അവ മര്‍ത്യജീവികളായതുകൊണ്ടാണത് സംഭവിക്കുന്നത്. സന്തോഷം അവയ്ക്ക് അന്യംവന്നിട്ട് അവ ഏകാന്തതയിലും പ്രയാസത്തിലുമാണ്. സര്‍വ്വസൃഷ്ടിയും ദൈവപുത്രന്മാരുടെ വെളിപ്പാടിനായി കാത്തിരിക്കയാണ്. നമ്മുടെ കര്‍ത്താവിന്റെ ആഗമനത്തോടെ ദൈവാത്മാവിനാല്‍ വീണ്ടും ജനിച്ച തന്റെ മക്കളുടെ ശരീരങ്ങളെ കഷ്ടതയില്‍നിന്ന് വീണ്ടെടുക്കും; അതോടെ അവന്റെ മഹത്വം അവരില്‍ പ്രത്യക്ഷമാകും. അതോടെ സര്‍വ്വസൃഷ്ടിയും രക്ഷിക്കപ്പെടും. അക്കാലത്ത് യാതൊരു കഴുതയും കോപത്താല്‍ അടികൊള്ളുകയില്ല. ഉറങ്ങുന്നവരെ കൊതുക് കടിക്കയില്ല. കര്‍ത്താവ് തന്റെ സകല വിശുദ്ധന്മാരും ദൂതന്മാരുമായി പ്രത്യക്ഷനാകുമ്പോള്‍ ഭൂമിയില്‍ സമ്പൂര്‍ണ്ണമായ സമാധാനമുണ്ടാകുമെന്നുള്ള വാഗ്ദത്തം ദൈവം നമുക്ക് നല്‍കിയിട്ടുണ്ട്. നിങ്ങള്‍ അവന്റെ പ്രത്യക്ഷതയെ കാത്തിരിക്കുന്നുവോ?

മനുഷ്യന്റെ വീഴ്ചമുതല്‍ സകല സൃഷ്ടിയും ഈറ്റുനോവോടെ ഇരിക്കയാണ്. മനുഷ്യന്റെ പാപം നിമിത്തം അവന്റെ പദവിയും അവന്റെ അധികാരത്തിന്‍ കീഴുള്ള സകലവും മലിനമായിത്തീര്‍ന്നിരിക്കുന്നു. സൃഷ്ടിയുടെ കഷ്ടപ്പാടുകളെ ഈറ്റുനോവിനോടാണ് പൌലോസ് താരതമ്യപ്പെടുത്തിയിരിക്കുന്നത്; അത് ദൈവപുത്രനെ നമ്മോടടുപ്പിക്കുന്നു. അവന്‍ നമ്മോടും സകല ജീവജാലങ്ങളോടുമൊത്ത് യാതനപ്പെടുകയാണ്. സകലത്തിന്റെയും രക്ഷയ്ക്കായി എത്രയും വേഗം നമ്മോടടുത്തുവരുവാന്‍ അവന്‍ ആഗ്രഹിക്കുകയാണ്.

റോമര്‍ 8:23-25
23ആത്മാവെന്ന ആദ്യദാനം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരത്തിന്റെ വീണ്ടെടുപ്പായ പുത്രത്വത്തിനു കാത്തുകൊണ്ട് ഉള്ളില്‍ ഞരങ്ങുന്നു. 24പ്രത്യാശയാലല്ലോ നാം രക്ഷിക്കപ്പെട്ടിരിക്കുന്നത്. കാണുന്ന പ്രത്യാശയോ പ്രത്യാശയല്ല; ഒരുത്തന്‍ കാണുന്നതിനായി ഇനി പ്രത്യാശിക്കുന്നത് എന്തിന്? 25നാം കാണാത്തതിനായി പ്രത്യാശിക്കുന്നു എങ്കിലോ അതിനായി ക്ഷമയോടെ കാത്തിരിക്കുന്നു.

ദൈവപുത്രന്മാര്‍ തങ്ങളുടെ ദത്തെടുപ്പിന്റെ പൂര്‍ണ്ണതയ്ക്കായി കാത്തുകൊണ്ട് ഉപബോധമനസ്സിലെ ഞരക്കത്തോടെ ഈ ലോകത്തില്‍ കഴിയുകയാണ്. വിശ്വാസത്താലത്രെ നാം വീണ്ടെടുക്കപ്പെട്ടത്; നാം പൂര്‍ണ്ണമായി വീണ്ടെടുക്കപ്പെടും. ഇന്ന് ആത്മാവില്‍ ഭാഗികമായ പൂര്‍ണ്ണത നമുക്കുണ്ട്. എന്നാല്‍ സമ്പൂര്‍ണ്ണമായ പൂര്‍ണ്ണത വെളിപ്പെടുവാനിരിക്കുന്നതേയുള്ളു. പൊന്നോ മോഹമോ അല്ല നാം കാംക്ഷിക്കുന്നത്; പിതൃപുത്രപരിശുദ്ധാത്മാവാം ത്രിയേക ദൈവത്തെയത്രെ നാം നോക്കിപ്പാര്‍ക്കുന്നത്.

നിങ്ങളുടെ പിതാവിനെ കാണുവാനുള്ള ആഗ്രഹം നിങ്ങള്‍ക്കുണ്ടോ? നിങ്ങളുടെ വീണ്ടെടുപ്പുകാരനായ ക്രിസ്തുവിനോടുള്ള കൂട്ടായ്മ നിങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടോ? നമ്മുടെ കര്‍ത്താവിന്റെ തേജസ്സിന്റെ പ്രത്യക്ഷതയില്‍ നിങ്ങളുടെ മര്‍ത്യശരീരങ്ങള്‍ എരിഞ്ഞമരുകയും നിങ്ങള്‍ അവനില്‍ നിത്യപ്രകാശമായി രൂപാന്തരപ്പെടുകയും ചെയ്യും. വിശുദ്ധന്മാരുടെ വാഞ്ഛ ഇതാകുന്നു; അതായത് ദൈവത്തില്‍ മറഞ്ഞിരിക്കുന്ന തങ്ങളുടെ ജീവന്‍ കാലതാമസംവിനാ പ്രത്യക്ഷപ്പെടുമെന്നുള്ള പ്രത്യാശ. പീഡിപ്പിക്കപ്പെട്ടതും രോഗാതുരമായതുമായ മര്‍ത്യശരീരം മാറി മഹത്വശരീരമായിത്തീരുമെന്നു പ്രത്യാശയാണത്. ഈ ഭൂമിയിലെ കാത്തിരിപ്പില്‍ നമുക്ക് ഒരുപാട് സഹിഷ്ണുത വേണ്ടിയിരിക്കുന്നു. ശാസ്ത്രസാങ്കേതികത നൈമിഷിക പറുദീസാ നിര്‍മ്മാണത്തിലൂടെ നമ്മുടെ പ്രത്യാശയെ തകര്‍ക്കുവാന്‍ ശ്രമിക്കയാണിവിടെ. വരുവാനുള്ള പ്രത്യാശയുടെ ഉറപ്പ് നമുക്ക് നല്കുന്നത് ദൈവത്തിന്റെ പരിശുദ്ധാത്മാവത്രെ.

റോമര്‍ 8:26-27
26അവ്വണ്ണംതന്നെ ആത്മാവ് നമ്മുടെ ബലഹീനതയ്ക്ക് തുണനില്ക്കുന്നു. വേണ്ടുംപോലെ പ്രാര്‍ത്ഥിക്കേണ്ടത് എന്തെന്ന് നാം അറിയുന്നില്ലല്ലോ. ആത്മാവുതന്നെ ഉച്ചരിച്ചുകൂടാത്ത ഞരക്കങ്ങളാല്‍ നമുക്കുവേണ്ടി പക്ഷവാദം ചെയ്യുന്നു. 27എന്നാല്‍ ആത്മാവ് വിശുദ്ധര്‍ക്കുവേണ്ടി ദൈവഹിതപ്രകാരം പക്ഷവാദം ചെയ്യുന്നതുകൊണ്ട് ആത്മാവിന്റെ ചിന്ത ഇന്നത് എന്ന് ഹൃദയങ്ങളെ പരിശോധിക്കുന്നവന്‍ അറിയുന്നു.

നമ്മുടെ ബലഹീനമായ ശരീരങ്ങളില്‍ പരിശുദ്ധാത്മാവു താന്‍ തന്നെ യാതനപ്പെടുകയും, നമ്മുടെ ബലഹീനതകളില്‍ സഹതപിക്കുകയും, നമ്മുടെ പരിമിതവും അശക്തവുമായ പ്രാര്‍ത്ഥനകളില്‍ വേദനപ്പെടുകയും, നമ്മുടെ അപൂര്‍ണ്ണമായ അറിവില്‍ ഞരങ്ങുകയും, ബലഹീനമായ സ്നേഹത്തില്‍ പരിതപിക്കുകയും, നമ്മുടെ അശക്തിയില്‍ അത്ഭുതപ്പെടുകയും ചെയ്യുന്നു. ദൈവത്തിന്റെ പരിശുദ്ധാത്മാവ് വിശ്വാസികള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയു പക്ഷവാദം ചെയ്യുകയും ചെയ്യുന്നു; ആത്മിക ഞരക്കം അവരില്‍ ഉളവാക്കുന്നു; സ്വാര്‍ത്ഥതയില്‍നിന്ന് മുക്തിപ്രാപിച്ച് ദൈവസ്നേഹത്തിന്റെ വഴിയില്‍ നന്ദിയുള്ളവരായി, ജ്ഞാനത്തോടും സന്തോഷത്തോടും ശക്തിയോടുംകൂടെ പ്രാര്‍ത്ഥിപ്പാന്‍ കഴിയേണ്ടതിന് പ്രാര്‍ത്ഥനയുടെ പാഠശാലയില്‍ നിങ്ങളെത്തന്നെ സമര്‍പ്പിക്കുക. സര്‍വ്വലോകവും രക്ഷപ്രാപിക്കേണ്ടതിന് ദൈവത്തിന്റെ ആത്മാവ് രാപ്പകല്‍ നിങ്ങളില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കയാകുന്നു. ഹൃദയപൂര്‍വ്വമുള്ള പ്രാര്‍ത്ഥനയാലും നന്ദിയാലും എപ്പോഴാണ് സ്വര്‍ഗ്ഗീയപിതാവിനോടുള്ള അവന്റെ പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ പങ്കാളികളായിത്തീരുക?

പ്രാര്‍ത്ഥന: പരിശുദ്ധ പിതാവേ, ഞങ്ങളുടെ മന്ദതയും സ്വാര്‍ത്ഥതയുമുള്ള പ്രാര്‍ത്ഥന ഞങ്ങളോടു ക്ഷമിക്കണമേ. അങ്ങയുടെ നാമത്തെ വിശുദ്ധീകരിപ്പാന്‍ ഞങ്ങള്‍ക്ക് ഇടയാക്കണമേ. അവിടുത്തെ വീണ്ടെടുപ്പിനെ ഞങ്ങളുടെ ഉള്ളംകൊണ്ട് മഹത്വപ്പെടുത്തുവാനും, അവിടുത്തെ ആത്മാവിനാല്‍ വിനയത്തോടെ പ്രവര്‍ത്തിപ്പാനും ഞങ്ങളെ സഹായിക്കണമേ. പരിശുദ്ധാത്മ താല്‍പര്യങ്ങളെ മനസ്സിലാക്കുവാനും, അവനു പ്രസാദം വരുമാറ് പ്രാര്‍ത്ഥിപ്പാനും, അവിടുത്തെ സാന്നിദ്ധ്യത്തെ കാംക്ഷിച്ചുകൊണ്ട് അവിടുത്തെ പുത്രന്റെ മഹത്വകരമായ പ്രത്യക്ഷതയിങ്കല്‍ സര്‍വ്വലോകവും രക്ഷിക്കപ്പെടുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.

ചോദ്യം:

  1. ക്രിസ്തുവിന്റെ പ്രത്യക്ഷതയ്ക്കായി കഷ്ടം സഹിക്കുന്നവര്‍ ആരാണ്? എന്തുകൊണ്ട്?

www.Waters-of-Life.net

Page last modified on January 21, 2013, at 10:13 AM | powered by PmWiki (pmwiki-2.3.3)