Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- Romans - 014 (The Wrath of God against the Nations)
This page in: -- Afrikaans -- Arabic -- Armenian -- Azeri -- Bengali -- Bulgarian -- Cebuano -- Chinese -- English -- French -- Georgian -- Greek -- Hausa -- Hebrew -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- MALAYALAM -- Polish -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Turkish -- Urdu? -- Yiddish -- Yoruba

Previous Lesson -- Next Lesson

റോമര്‍ - കര്‍ത്താവ് നമ്മുടെ നീതി
റോമര്‍ക്ക് എഴുതിയ ലേഖനം ഒരു പഠനം
ഭാഗം ഒന്ന് - ദൈവത്തിന്റെ നീതി പാപികളെ ശിക്ഷിക്കുന്നു; ക്രിസ്തുവില്‍ വിശ്വസിക്കുന്നവരെ നീതീകരിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന് (റോമര്‍ 1:18 - 8:39)
മ - സര്‍വ്വലോകവും ദുഷ്ടന്റെ അധീനതയില്‍ കിടക്കുന്നു; ദൈവം സകലരെയും തന്റെ നീതിയില്‍ വിധിക്കും (റോമര്‍ 1:18 - 3:20)

1. ജാതികള്‍ക്കെതിരെ ദൈവക്രോധം വെളിപ്പെടുന്നു (റോമര്‍ 1:18-32)


റോമര്‍ 1:29-32
29 അവര്‍ സകല അനീതിയും ദുഷ്ടതയും അത്യാഗ്രഹവും ദുര്‍ബുദ്ധിയും നിറഞ്ഞവര്‍; അസൂയ, കൊല, പിണക്കം, കപടം, ദുശ്ശീലം എന്നിവ തിങ്ങിയവര്‍; 30 കുരളക്കാര്‍, ഏഷണിക്കാര്‍, ദൈവദ്വേഷികള്‍, നിഷ്ഠുരന്മാര്‍, ഗര്‍വ്വിഷ്ഠന്മാര്‍, ആത്മപ്രശംസക്കാര്‍, പുതുദോഷം സങ്കല്പിക്കുന്നവര്‍, മാതാപിതാക്കന്മാരെ അനുസരിക്കാത്തവര്‍, ബുദ്ധിഹീനര്‍, 31 നിയമലംഘികള്‍, വാത്സല്യമില്ലാത്തവര്‍, കനിവറ്റവര്‍. 32 ഈ വക പ്രവര്‍ത്തിക്കുന്നവര്‍ മരണയോഗ്യര്‍ എന്നുള്ള ദൈവന്യായം അവര്‍ അറിഞ്ഞിട്ടും അവയെ പ്രവര്‍ത്തിക്ക മാത്രമല്ല, പ്രവര്‍ത്തിക്കുന്നവരില്‍ പ്രസാദിക്കയും കൂടെ ചെയ്യുന്നു.

പത്തു കല്പനകളുടെ വിശദീകരണം എന്ന നിലയില്‍ പാപത്തിന്റെ പട്ടിക പൌലോസ് നമ്മുടെ കണ്‍മുമ്പില്‍ നിരത്തിവെയ്ക്കയാണ്. ഈ പദപ്രയോഗങ്ങളെ ക്രിയാത്മകമായ നിലയില്‍ വിലയിരുത്തി തത്വജ്ഞാനികള്‍ ചെയ്തുവരുന്നതുപോലെ മറ്റുള്ളവരെ അളക്കുവാനും, ഈ അളവുകൊണ്ട് അവരെ ശിക്ഷ വിധിക്കാനുമല്ല, മറിച്ച് നമ്മെത്തന്നെ ഭയത്തോടെ തിരിച്ചറിയുവാനും, നമ്മില്‍ കാണുവാന്‍ സാധ്യതയുള്ള പാപങ്ങളെ കണ്ടെത്തുവാനുമത്രെ. സ്രഷ്ടാവിനെ കൂടാതെ ജീവിക്കുന്നവര്‍, അനീതിയും ദുഷ്പ്രവൃത്തികളും നിറഞ്ഞവരാണ്; പരിശുദ്ധാത്മാവില്ലാത്തവരില്‍ ദുഷ്ടന്റെ ആത്മാവ് വിവിധങ്ങളായ ദൂഷ്യഫലങ്ങള്‍ പുറപ്പെടുവിക്കുന്നു. ഒന്നുകില്‍ മനുഷ്യന്‍ ക്രിസ്തുവില്‍ ജീവിക്കുന്നു. അല്ലെങ്കില്‍ ദുഷ്ടനായ പിശാചിന് ഒത്തവണ്ണം ജീവിക്കുന്നു. ഇതിനു രണ്ടിനും മദ്ധ്യേയുള്ള ഒരു സ്ഥിതി ഇല്ല.

വ്യഭിചാരത്തെ ഒന്നാമത്തെ പാപമായി കര്‍ത്താവായ യേശുവും പൌലോസും ചൂണ്ടിക്കാണിക്കുന്നു. വ്യഭിചാരം വിശുദ്ധ സ്നേഹബന്ധത്തെ അഴിച്ചുകളയുന്നതും, ജീവിതപങ്കാളിയോടുള്ള വിശ്വസ്തതയെ തുടച്ചുനീക്കുന്നതും, നിരീശ്വരത്വത്തിലേക്കും അവിശ്വാസത്തിലേക്കുമുള്ള വാതില്‍ വിശാലമായി തുറക്കുന്നതുമായ ഒരു പ്രവൃത്തിയാണ്. ദൈവശക്തിയാല്‍ സ്വയത്തെ പരിത്യജിക്കാത്ത ഏവനേയും ഭരിക്കുന്നതു പാപരാഗങ്ങളാണ്. സിംഹഭാഗം ആളുകളും ചിന്തയിലോ, വാക്കിലോ, പ്രവൃത്തിയിലോ വ്യഭിചാരം ചെയ്യുന്നവരാണ്. അവര്‍ അശുദ്ധരും മലിനരുമാണ്. താങ്കള്‍ താങ്കളെത്തന്നെ അറിയുന്നുണ്ടോ? താങ്കളുടെ മനസ്സാക്ഷി താങ്കളോടു വ്യക്തമായി സംസാരിക്കുന്നില്ലേ? അതുകൊണ്ട് നിങ്ങളുടെ ഗതകാലത്തെ തള്ളിപ്പറയാതെ നിങ്ങളുടെ പ്രവൃത്തികളെ ഏറ്റുപറയുക.

ദൈവത്തെ കൂടാതെയുള്ള മനുഷ്യന്‍ നീതിമാനല്ല, ദുഷ്ടനാണെന്ന കാര്യം നിങ്ങള്‍ക്കറിയില്ലേ? മനുഷ്യസമൂഹം മുഴുവനും ദുഷ്ടതയിലും മലിനതയിലും കിടക്കെ വിദ്യാസമ്പന്നരായ ആളുകള്‍ എന്തുകൊണ്ട് മനുഷ്യത്വം, വിദ്യാഭ്യാസം, സാമൂഹ്യപ്രവര്‍ത്തനം ഇത്യാദികളെപ്പറ്റി സംസാരിക്കണം? നമുക്കാവശ്യമായിരിക്കുന്നത് നവീകരണമോ, സാംസ്കാരികതയോ അല്ല, പിന്നെയോ മനസ്സിന്റെയും ഹൃദയത്തിന്റെയും പുതുക്കത്തോടുകൂടിയ പുതുസൃഷ്ടിയാകുക എന്നുള്ളതാണ് നമ്മുടെ ആവശ്യകത.

ദൈവത്തെ അറിയാത്തവന്‍ പണത്തെ സ്നേഹിച്ച് മര്‍ത്യമായ മാമോനില്‍ തന്റെ ജീവിതം കെട്ടിപ്പണിയുന്നു. ധനം വര്‍ദ്ധിക്കുന്നതിനനുസരിച്ച് അവന്റെ ധനമോഹവും വര്‍ദ്ധിക്കുന്നു. ക്രൈസ്തവപ്രത്യാശയില്‍നിന്നും അതവനെ അഹന്ത, പ്രഹസനം, തിന്മയുടെ ആധിപത്യം, ലജ്ജാകരമായ അതിരാഗങ്ങള്‍ എന്നിവയിലേക്ക് നടത്തുന്നു.

അധഃപതിച്ച മനസ്സിന് അടിമയായിത്തീര്‍ന്ന ഏവനും ദുശ്ശീലം, ദുര്‍ബുദ്ധി, പ്രതികാരേച്ഛ, കപടഭക്തി, ഭോഷ്ക്, ചതിവ്, വഷളത്തം, വക്രബുദ്ധി ഇവ നിറഞ്ഞവരായിത്തീരുന്നു. വഷളനായ മനുഷ്യന്‍ തന്റെ ശത്രുക്കള്‍ക്കും അയല്‍ക്കാര്‍ക്കും നേരെ ദുഷ്ടത നിരൂപിക്കുന്നു; അവന്‍ അവരോട് സ്നേഹം ഭാവിക്കുന്നുവെങ്കിലും, അവന്റെ ഹൃദയം അണലിയുടെ കൂടാണ്.

മറ്റുള്ളവരോടുള്ള കണ്ണുകടി, അസൂയ ഇതാണ് പൊതുവെ വഷളന്റെ താല്‍പര്യം. മറ്റുള്ളവരുടെ നന്മകളില്‍ സന്തോഷിക്കുവാന്‍ അവനാവില്ല; അവരെക്കാള്‍ അധികം സമ്പന്നനും ജയാളിയുമാകാനാണ് അവന്‍ താല്‍പര്യപ്പെടുക. മാത്രമല്ല, ധനവാനും സൌന്ദര്യവാനും പ്രതാപവാനും മറ്റുള്ളവരെക്കാള്‍ അധികം ബഹുമാനിക്കപ്പെടുവാനും അവന്‍ ആഗ്രഹിക്കുന്നു. മിക്ക ദുഷ്പ്രവൃത്തികളുടെയും ആരംഭം അസൂയ, പിശുക്ക് എന്നിവയില്‍നിന്നത്രെ ആകുന്നു. പുതിയ നിര്‍മ്മാണവസ്തുക്കള്‍ എന്തു വില കൊടുത്തും പരസ്യപ്പെടുത്തുന്നതിലൂടെ അസൂയ, അത്യാഗ്രഹം എന്നിവയുടെ മുന്നേറ്റം നമുക്ക് കാണാവുന്നതാണ്.

നശീകരണശക്തിയുള്ള ഇത്തരം രാഗതാല്പര്യങ്ങള്‍ നന്മയായതില്‍നിന്ന് മനസ്സിനെ മാറ്റുക മാത്രമല്ല, കൊലപാതകം, പക, അപവാദം, അപമാനം എന്നിവയിലേക്ക് വഴിതുറക്കുക കൂടി ചെയ്യുന്നു. തുച്ഛീകരിക്കുക, നിരാകരിക്കുക, വെറുക്കുക ഇത്യാദി ചിന്തകള്‍പോലും കൊലപാതകത്തിനു സമാനമാണെന്നാണ് നമ്മുടെ വാഴ്ത്തപ്പെട്ട കര്‍ത്താവ് പഠിപ്പിച്ചത്; കാരണം ഇവയാലുള്ള നമ്മുടെ ഉദ്ദേശ്യം മറ്റുള്ളവരെ സംഹരിക്കുക എന്നുള്ളതാണ്. ദൈവദൃഷ്ടിയില്‍ നാമെല്ലാവരും കൊലപാതകികളും കൊലപാതകരുടെ മക്കളുമാണ്.

സമൂഹത്തിലും കുടുംബത്തിലും ഭിന്നതകള്‍ ഉണ്ടാക്കുവാന്‍ ശ്രമിക്കവെ നാശകരമായ ഈ ആത്മാവാണ് നമ്മുടെ വാക്കുകളിലും പ്രവൃത്തികളിലും കൂടി വെളിപ്പെട്ടുവരുന്നത്. എന്നാല്‍ അഭിപ്രായഭിന്നതയുള്ളവരുമായി മദ്ധ്യസ്ഥത ചെയ്ത് സമാധാനമുണ്ടാക്കുവാന്‍ സമാധാനവാഹകരായിരിപ്പാനാണ് പരിശുദ്ധാത്മാവ് നമ്മെ പ്രോത്സാഹിപ്പിക്കുന്നത്. അനുസരണം കെട്ടവരുടെ ഇടയിലെ ഭിന്നതയ്ക്കും പ്രശ്നങ്ങള്‍ക്കും ഒരു കാരണം നിങ്ങളാണോ? തീയില്‍ എണ്ണ ഒഴിക്കുന്ന രീതി നിങ്ങള്‍ക്കുണ്ടോ? അതോ ജീവിതം യാഗമാക്കിയായാലും ക്ഷമയിലും നിരപ്പിന്റെ ശുശ്രൂഷയിലും കൂടി ശത്രുതയ്ക്ക് അന്ത്യം വരുത്തുവാനാണോ താങ്കള്‍ പരിശ്രമിക്കുക?

ചതിവ് പിശാചിന്റെ സ്വഭാവങ്ങളില്‍ ഒന്നാണ്; നമ്മുടെ കര്‍ത്താവില്‍ അതൊട്ടുംതന്നെ കാണപ്പെടുകയില്ല. നിസ്സാരരായ ആളുകളെ ദയയുള്ള വാക്കുകളിലൂടെ തന്ത്രത്തിലും കുടുക്കിലും പെടുത്തുന്നവന്‍ ദുഷ്ടനില്‍നിന്നുള്ളവനാണ്. സത്യം, ആത്മാര്‍ത്ഥത, സത്യസന്ധത ഇത്യാദികളത്രെ ആത്മാവിന്റെ ഫലങ്ങള്‍. എന്നാല്‍ കളവും അതോടു ബന്ധപ്പെട്ടതെല്ലാം തിന്മയാണ്.

ഏഷണി, കൂട്ടുകാരനെ അപമാനിക്കുക, സ്വയം ഉയര്‍ത്തുക ഇതെല്ലാം നരകത്തിന്റെ ഫലങ്ങളാണ്. നമ്മുടെ അധരങ്ങളില്‍ വിഷം നിറഞ്ഞിരിക്കുന്നു; കാലുകള്‍ മറ്റുള്ളവരെ വഴിതെറ്റിക്കുവാന്‍ ഓടുന്നു. നമ്മെത്തന്നെ രക്ഷിച്ച് മുഖ്യസ്ഥാനത്തേക്ക് കൊണ്ടുവരുവാന്‍ നമ്മുടെ ഏറ്റവും അടുത്ത ബന്ധുക്കളെപ്പോലും നാം തല്പിപ്പറയുന്നു.

മനഃപൂര്‍വ്വമായോ അല്ലാതെയോ ഇത്തരം പാപങ്ങള്‍ ചെയ്യുന്ന ഏവനും, ദൈവത്തെ പകയ്ക്കുന്നു; എന്തെന്നാല്‍ ദൈവത്തെ സ്നേഹിക്കുന്നവന്‍ മറ്റുള്ളവരെയും സ്നേഹിക്കുന്നു. മറ്റുള്ളവരോട് മെരുക്കമില്ലാത്ത നിലയില്‍ സംസാരിച്ച് അവരെ അപമാനിച്ച് ദുഷിക്കുമ്പോള്‍, ഈ അനീതിയെ നിങ്ങളില്‍നിന്നും ഉരുവിടുന്ന ആത്മാവ് ഏതോ അതാകുന്നു നിങ്ങള്‍. നിങ്ങള്‍ മറ്റൊരാളെ വെറുക്കുമ്പോള്‍ ദൈവത്തെയത്രെ വെറുക്കുന്നത്, കാരണം ദൈവം സ്നേഹമാണ്; സ്നേഹത്തില്‍ വസിക്കുന്നവന്‍ ദൈവത്തില്‍ വസിക്കുന്നു; അവന്‍ യാതൊരുവനില്‍നിന്നു സ്നേഹിക്കപ്പെടുന്നുവോ അതുപോലെ ക്ഷമിക്കുകയും അനുഗ്രഹിക്കുകയും അപ്രിയരെപ്പോലും സ്നേഹിക്കുകയും ചെയ്യുന്നു.

പിശാച് അവന്റെ ഹൃദയാന്തര്‍ഭാഗത്ത് അഹന്തയുള്ളവനായിരിക്കുന്നതുപോലെ, സകല ദുഷ്ടന്മാരും അവനെപ്പോലെയാണ്. അവരുടെ ഹൃദയത്തിലെ എല്ലാ പാപങ്ങളെയും, ദുഷ്ടതകളെയും, പരാജയങ്ങളെയും അവര്‍ക്കറിയാം. ഈ അറിവ് നിമിത്തം അവരുടെ മലിനതയെ മറച്ചുവെക്കുവാന്‍ അവര്‍ ശ്രമിക്കുന്നു. അരിഷ്ടന്മാരും അതിശയോക്തി പറയുന്നവരുമായിത്തീരുന്ന ഇവര്‍ മയിലുകള്‍ക്ക് സമാനരാണ്; തങ്ങള്‍ത്തന്നെ പരിഹാസികളായിരിക്കെ, തങ്ങള്‍ക്കുതന്നെ മനോഹാരികള്‍ എന്നവര്‍ ചിന്തിക്കുന്നു. ഇങ്ങനെയുള്ളവര്‍ ദരിദ്രന്മാരോടു ക്രൂരതയോടും കരുണ കാണിക്കേണ്ടിയവരോട് നിര്‍ദ്ദയമായും പെരുമാറുന്നു. സ്വന്തമോഹങ്ങള്‍ക്ക് ശുശ്രൂഷക്കാരായ ഇവര്‍ ദുഷ്ടതയും വക്രബുദ്ധിയും നിറഞ്ഞവരാണ്. നല്ലവരും, താലന്തുകള്‍ പ്രാപിച്ചവരും, പ്രധാനപ്പെട്ടവരുമായി അവര്‍ പ്രത്യക്ഷപ്പെടുന്നു എങ്കിലും തങ്ങളുടെ ഏകാന്തതയില്‍ "ശപിക്കപ്പെട്ടവരേ'' എന്നുള്ള ശിക്ഷാവിധിയുടെ വാക്കുകളാണവര്‍ കേള്‍ക്കുന്നത്.

മറ്റുള്ളവരുടെ ബലഹീനതകളെ തുറന്നുകാണിക്കുവാനും സ്വന്തവിശാലതയെ പുകഴ്ത്തുവാനും ശ്രമിക്കുമ്പോള്‍ അവരുടെ കുറ്റം ഏറ്റവും അധികം ഉയര്‍ത്തപ്പെടുകയാണ്. അനുസരണക്കേടിന്റെ രൂപത്തില്‍ അവരുടെ ദുഷ്ടാത്മപ്രകൃതി അവരുടെ ഭവനങ്ങളില്‍ വെളിപ്പെടുന്നു. അവരുടെ മാതാപിതാക്കളെ ന്യായപ്രമാണപ്രകാരമുള്ള അവരുടെ രക്ഷാകര്‍ത്താക്കള്‍ എന്നു കരുതാതെ, ധാര്‍ഷ്ട്യത്തോടെ പണവും, സ്വാതന്ത്യ്രവും, അവകാശങ്ങളും അവര്‍ അവകാശപ്പെടുന്നു. എന്നാല്‍ ശുശ്രൂഷയ്ക്കും, ആത്മത്യാഗത്തിനും, സ്നേഹത്തിനും, കഠിനപ്രയത്നത്തിനും അവര്‍ തയ്യാറാകുന്നില്ലതാനും. ഈ രീതിയിലുള്ള ജീവിതത്താല്‍ നല്കപ്പെട്ട സ്നേഹത്തെ അവര്‍ ചവുട്ടിമെതിക്കുകയും അനഭ്യസ്തരായ തങ്ങളുടെ മാതാപിതാക്കളുടെ അജ്ഞതയെ അവര്‍ തുച്ഛീകരിക്കുകയും ചെയ്യുന്നു. ദൈവത്തെ ഭയപ്പെടുന്നതാണ് ഉല്‍ക്കൃഷ്ടജ്ഞാനമെന്നതും പാപമാണ് ഏറ്റവും വലിയ ഭോഷത്വമെന്നുള്ളതും അവര്‍ അറിയുന്നില്ല. ദൈവത്തിന്റെ ആത്മാവിനു ജീവിതത്തെ സമര്‍പ്പിക്കാത്തവര്‍ യാതൊന്നും അറിയേണ്ടതുപോലെ അറിയുന്നില്ല എന്നു മാത്രമല്ല, എല്ലാ കാര്യങ്ങളെയും തെറ്റായി അറിയുകയും ചെയ്യുന്നു. തങ്ങള്‍ക്കുതന്നെയും സമൂഹത്തിലും നിലവാരം നഷ്പ്പെട്ടവരാണിവര്‍.

ഈ സ്ഥിതിയില്‍, അവര്‍ തങ്ങളില്‍ത്തന്നെ അവിശ്വസ്തരാണ്; തന്നിമിത്തം അവരെ വിശ്വസിക്കാനുമാവില്ല. ദൈവത്തിനു സമര്‍പ്പിക്കാത്ത കൂട്ടര്‍ മനുഷ്യരോട് സഹകരണമുള്ളവരല്ല. ദൈവത്തിന്റെ വിശ്വസ്തത മനുഷ്യനെ വിശ്വസ്തതയുള്ളവനാക്കുന്നു; എന്നാല്‍ ദൈവത്തെ കൂടാതെ ജീവിക്കുന്നവന്‍ നഷ്ടപ്പെട്ടവനും, അന്യപ്പെട്ടവനും, ദരിദ്രനുമത്രെ.

നമ്മുടെ ദൈവം സ്നേഹവും, കരുണയും, മനസ്സലിവുമുള്ള ദൈവമാണ്. സര്‍വ്വ നന്മകളുടെയും ഉറവിടത്തെ ഉപേക്ഷിക്കുന്നവന് അയ്യോ കഷ്ടം; അവരുടെ ഹൃദയം കല്ലുപോലെ കഠിനപ്പെട്ടിരിക്കുന്നു. അവര്‍ തങ്ങളെത്തന്നെ സ്നേഹിക്കുന്നു; മറ്റുള്ളവരെ വെറുക്കുന്നു. നിങ്ങളെത്തന്നെ നോക്കുക! നിങ്ങള്‍ നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുന്നുവോ? ദരിദ്രരോടു നിങ്ങള്‍ക്ക് മനസ്സലിവുണ്ടോ? ചിന്നിയും ചിതറിയും പോയ ജനത്തെ കണ്ട് യേശു മനസ്സലിഞ്ഞു; അവരുടെ പാപാവസ്ഥ ഓര്‍ത്ത് അവന്‍ വേദനിച്ചു. നിങ്ങള്‍ മറ്റുള്ളവരെ അപലപിക്കുന്നവരോ അതോ സ്നേഹിക്കുന്നവരോ? നിങ്ങള്‍ക്ക് കരുണയും അനുകമ്പയും ഇല്ലേ? ഒരു പാപിയുടെ പ്രാതിനിധ്യപുരുഷനായി അവന്റെ മുമ്പാകെ നില്ക്കത്തക്കവിധം ദൈവാത്മാവില്‍ നിങ്ങള്‍ പുതുക്കം പ്രാപിച്ചിട്ടുണ്ടോ?

നമ്മുടെ പാപങ്ങള്‍ കടല്‍പ്പുറത്തെ മണല്‍ത്തരിയെക്കാള്‍ അധികമാണ്. ദൈവത്തെ അറിയുക അപ്പോള്‍ നിങ്ങളെത്തന്നെ അറിയുവാന്‍ കഴിയും. ദൈവത്തില്‍നിന്ന് അകന്നുപോകുന്ന ഏവര്‍ക്കുമുള്ള പ്രതീക്ഷ ശിക്ഷാവിധിയും മരണവുമത്രെ. ഏതു മനുഷ്യനും ബാല്യം മുതലേ പാപിയാണ്. നിങ്ങളുടെ ലംഘനങ്ങള്‍ക്കും പാപങ്ങള്‍ക്കും ഇന്നുതന്നെ നിങ്ങള്‍ മരിക്കണം. ദൈവത്തിന്റെ പരിശുദ്ധി നിങ്ങളുടെ നാശത്തെ ആവശ്യപ്പെടുന്നു. ജീവിച്ചിരിപ്പാന്‍ നിങ്ങള്‍ക്ക് യാതൊരു അവകാശവുമില്ല. മനുഷ്യന്റെ അവകാശങ്ങളെല്ലാം വ്യാജമാണ്. നമ്മുടെ പാപങ്ങള്‍ക്ക് മരിക്കുക അതു മാത്രമാണ് നമ്മുടെ അവകാശം. മനുഷ്യരാലല്ല, ദൈവത്താല്‍ മരണശിക്ഷയ്ക്ക് വിധിക്കപ്പെട്ടവനെപ്പോലെ നിങ്ങള്‍ നിങ്ങളുടെ പട്ടണത്തില്‍ അലഞ്ഞുനടക്കുന്നു. അതുകൊണ്ട് എപ്പോഴാണ് നിങ്ങളുടെ മനസ്സ് സമ്പൂര്‍ണ്ണമായും ആത്മാര്‍ത്ഥമായും പരിവര്‍ത്തനപ്പെടുക?

നിങ്ങള്‍ മുഴുവനായും മാനസാന്തരപ്പെടാത്തപക്ഷം, മറ്റുള്ളവരുടെ പാപങ്ങളില്‍നിന്നും പ്രതിപകരമായ ഒരു സംതൃപ്തി നിങ്ങള്‍ക്കുണ്ടാകും. നിങ്ങള്‍ സന്തോഷത്തോടെ പാപം ചെയ്യുന്നു എന്നു മാത്രമല്ല, പാപം ചെയ്യുന്നവരില്‍ ആനന്ദിക്കുക കൂടി ചെയ്യുന്നു. അങ്ങനെ ചെയ്യുക മുഖാന്തരം അവയെ നിങ്ങളുടെ ജീവിതത്തിലേക്ക് സ്വാഗതം ചെയ്യുകയാണ്. അങ്ങനെ പാപാസക്തരായിത്തീര്‍ന്ന നിങ്ങള്‍ നിങ്ങളുടെ പാപങ്ങളെ അവയോടു കൂട്ടിച്ചേര്‍ക്കുന്നു. പാപത്തിന്റെ ഗുരുതരമായ വ്യാപനം ഇതാണ്. നിങ്ങള്‍ നിങ്ങളില്‍ത്തന്നെ ദോഷമുള്ളവരായിത്തീരുന്നത് പോരേ? എന്തിനു നിങ്ങളുടെ സമൂഹത്തെ കൂടി അശുദ്ധമാക്കണം? നിങ്ങളെത്തന്നെ ശ്രദ്ധിക്കുക! നിങ്ങളുടെ പാപപ്രവൃത്തികളില്‍ നിങ്ങള്‍ സന്തുഷ്ടരോ? മറ്റുള്ളവരുടെ ഹൃദയകാഠിന്യത്തില്‍ നിങ്ങള്‍ സംതൃപ്തരോ? നിങ്ങള്‍ക്കുവേണ്ടിയും നിങ്ങളുടെ ആളുകള്‍ക്കുവേണ്ടിയും ആത്മാര്‍ത്ഥമായി മാനസാന്തരപ്പെട്ട് നിങ്ങള്‍ കരയുകയില്ലേ? ദൈവാത്മാവ് നിങ്ങളെ മാനസാന്തരത്തിലേക്ക് നടത്തിയോ? അതോ ഇന്നും നിങ്ങള്‍ ധിക്കാരികളോ?

പ്രാര്‍ത്ഥന: കര്‍ത്താവേ, പാപിയായ എന്നോടു കരുണ തോന്നണമേ. എന്റെ ഓരോ തുള്ളി രക്തവും പാപമുള്ളതെന്നും എന്റെ ഓരോ ജീവകോശങ്ങളിലും പാപചിന്തകള്‍ ഉണ്ടെന്നും ഞാന്‍ മനസ്സിലാക്കുന്നു. നിന്റെ ക്രോധത്തില്‍ ഞാന്‍ നശിച്ചുപോകേണ്ടവനാണ്. നിന്റെ ന്യായവിധികള്‍ നീതിയുള്ളവ. എന്നോടു കരുണയുണ്ടാകണമേ. നിന്റെ നീതിയാല്‍ എന്നെ സംഹരിച്ചുകളയരുതേ. എന്റെ എല്ലാ സ്നേഹിതരോടും അയല്‍ക്കാരോടുമൊത്ത് എന്നെ രൂപാന്തരപ്പെടുത്തണമേ. ഞങ്ങള്‍ ഒന്നിച്ച് നരകത്തില്‍ നിപതിക്കുവാന്‍ ഇടയാകരുതേ. എനിക്കും എന്റെ ജനത്തിനും പാപത്തെക്കുറിച്ചുള്ള ബോധം നല്കണമേ; ഹൃദയത്തെ രൂപാന്തരപ്പെടുത്തണമേ. അവിടുത്തെ പുതിയ സൃഷ്ടികര്‍മ്മം ഞങ്ങളില്‍ ആരംഭിക്കട്ടെ. യഹോവേ, നിന്റെ ദയയ്ക്കു തക്കവണ്ണം എന്നോടു കൃപയുണ്ടാകണമേ; നിന്റെ പരിശുദ്ധാത്മാവിനെ എന്നില്‍നിന്ന് എുക്കുകയുമരുതേ.

ചോദ്യം:

  1. പാപത്തിന്റെ പട്ടികയില്‍ ഉള്‍പ്പെട്ടതും ഇന്ന് ലോകത്തില്‍ സാധാരണയായി കാണപ്പെടുന്നതുമായ അഞ്ച് പാപങ്ങള്‍ ഏതൊക്കെയാണ്?

അനീതികൊണ്ട് സത്യത്തെ തടയുന്ന മനുഷ്യരുടെ സകല അഭക്തിക്കും അനീതിക്കും നേരെ ദൈവത്തിന്റെ കോപം സ്വര്‍ഗ്ഗത്തില്‍നിന്ന് വെളിപ്പെടുന്നു.
(ഠറാമര്‍ 1:18)

www.Waters-of-Life.net

Page last modified on January 21, 2013, at 09:10 AM | powered by PmWiki (pmwiki-2.3.3)