Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 120 (Jesus appears to the disciples)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula? -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

നാലാം ഭാഗം - ഇരുട്ടിനെ ജയിക്കുന്ന വെളിച്ചം (യോഹന്നാന്‍ 18:1 – 21:25)
B - ക്രിസ്തുവിന്റെ പുനരുത്ഥാനവും പ്രത്യക്ഷതയും (യോഹന്നാന്‍ 20:1 - 21:25)

2. മാളികമുറിയില്‍ ശിഷ്യന്മാര്‍ക്കു യേശു പ്രത്യക്ഷനാകുന്നു (യോഹന്നാന്‍ 20:19-23)


യോഹന്നാന്‍ 20:20
20ഇതു പറഞ്ഞിട്ട് അവന്‍ കൈയും വിലാപ്പുറവും (പാര്‍ശ്വം) അവരെ കാണിച്ചു; കര്‍ത്താവിനെ കണ്ടിട്ടു ശിഷ്യന്മാര്‍ സന്തോഷിച്ചു.

ദൈവവുമായുള്ള അനുരഞ്ജനം നേടിക്കഴിഞ്ഞു എന്നതിനുള്ള തെളിവാണു ക്രിസ്തുവിന്റെ പുനരുത്ഥാനം. ദൈവം തന്റെ പുത്രനെ കല്ലറയില്‍ ഉപേക്ഷിക്കുകയോ, നമ്മുടെ പാപം അവന്‍ വഹിച്ചതു നിമിത്തം അവനെ പുറത്താക്കുകയോ ചെയ്തില്ല. ഊനമില്ലാത്ത (കറയില്ലാത്ത) യാഗം അവന്‍ അംഗീകരിച്ചു, അവന്‍ ശവക്കുഴിയെ ജയിച്ചു, പിതാവുമായി തികഞ്ഞ ഐക്യതയില്‍ ജീവിച്ചു. ഉപരിയായി, അവന്‍ ക്രൂശു സ്വീകരിച്ചതു പിതാവിന്റെ ഹിതം ചെയ്യുക എന്ന നിലയിലായിരുന്നു. അവന്റെ വരവിന്റെ ഉദ്ദേശ്യവും, ലോകത്തിനു മറുവില കൊടുക്കുന്നതിനുള്ള മാദ്ധ്യമവും ക്രൂശായിരുന്നു. അങ്ങനെയിരിക്കെ, യേശു ക്രൂശില്‍ മരിച്ചില്ലായെന്നു പറയാന്‍ ചിലര്‍ക്ക് എങ്ങനെ കഴിയുന്നു?

താനൊരു പ്രേതമോ (phantom) മറഞ്ഞിരിക്കുന്ന ആത്മാവോ അല്ലെന്നു യേശു ശിഷ്യന്മാര്‍ക്കു കാണിച്ചുകൊടുത്തു. കൈത്തണ്ടകളിലെയും വിലാപ്പുറത്തെയും ആണിപ്പാടുകളും കുന്തപ്പാടും അവന്‍ അവര്‍ക്കു കാണിച്ചു കൊടുത്തു. അതുകണ്ട് അവര്‍ക്കു മനസ്സിലായി, അവരുടെയിടയില്‍ നില്‍ക്കുന്ന അവനൊരു ദൈവത്തെപ്പോലുള്ള സൃഷ്ടിയൊന്നുമല്ല, ക്രൂശിക്കപ്പെട്ടവന്‍ തന്നെയാണ്. ദൈവത്തിന്റെ കുഞ്ഞാടായ ജേതാവ് മരണത്തെ ജയിച്ച അറുക്കപ്പെട്ട കുഞ്ഞാട്.

യേശു ഭൂതമോ നിഴലോ ഒന്നുമല്ല, അവരോടൊപ്പമുള്ള യഥാര്‍ത്ഥ വ്യക്തിത്വമാണെന്ന് അവര്‍ക്കു ഘട്ടംഘട്ടമായി മനസ്സിലായി. അവന്റെ പുതിയ രൂപം അവരുടെ സന്തോഷത്തിന്റെ ഉറവിടമായി മാറി. യേശു മരണത്തില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റു ജീവിക്കുന്ന കര്‍ത്താവാണെന്നു വിശ്വസിക്കുന്നതാണു നമ്മുടെ നന്മ. നമ്മള്‍ കൈവിടപ്പെട്ട അനാഥരല്ല. നമ്മുടെ സഹോദരന്‍ അവന്റെ പിതാവുമായും പരിശുദ്ധാത്മാവുമായുള്ള ഐക്യതയിലാണ് - അവന്‍ പ്രപഞ്ചത്തെ എന്നേക്കും ഭരിക്കുന്നു.

ക്രിസ്തു മരണത്തെ ജയിച്ചതിന്റെ ഫലമായി ശിഷ്യന്മാരുടെ സന്തോഷം വര്‍ദ്ധിച്ചു. അപ്പോള്‍ മുതല്‍, നശിക്കുന്ന നമുക്ക് അവന്‍ ജീവിക്കുന്ന പ്രത്യാശയായിത്തീര്‍ന്നു. തുറന്ന ശവക്കുഴി നമ്മുടെ അവസാനമല്ല, അവന്റെ ജീവന്‍ നമ്മുടേതാണ്. മഹത്വത്തിനു യോഗ്യനായ കര്‍ത്താവ് അത് ഇങ്ങനെയാണു പറയുന്നത്, "ഞാന്‍ തന്നെ പുനരുത്ഥാനവും ജീവനുമാകുന്നു. എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും; ജീവിച്ചിരുന്ന് എന്നില്‍ വിശ്വസിക്കുന്നവന്‍ ഒരുനാളും മരിക്കുകയില്ല."

യേശു തങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കുന്നുവെന്ന കാര്യം ശിഷ്യന്മാര്‍ ഗ്രഹിച്ചപ്പോള്‍, അവര്‍ ഉപരിയായി സന്തോഷിച്ചു. അവന്റെ പാപപരിഹാരബലി നമ്മുടെ പാപങ്ങള്‍ക്കു സമ്പൂര്‍ണ്ണമായും മതിയായതാണെന്ന് അവന്‍ ഉറപ്പു നല്‍കുകയാണ്. അതുകൊണ്ട്, അവന്റെ മരണത്തിലൂടെ നമുക്കു ദൈവത്തോടു സമാധാനമുണ്ട്.

ഉയിര്‍പ്പിന്റെ ആ സന്തോഷത്തില്‍ നിങ്ങള്‍ പങ്കാളിയാണോ? ഉയിര്‍ത്തെഴുന്നേറ്റവന്‍ സന്നിഹിതനായി, നിങ്ങള്‍ക്കു പ്രത്യാശ ദാനം ചെയ്തു പാപക്ഷമയുടെ ഉറപ്പു നല്‍കുന്നതിനാല്‍ നിങ്ങള്‍ അവന്റെ മുമ്പില്‍ വണങ്ങുമോ? അതുകൊണ്ട്, അപ്പോസ്തലനായ പൌലോസ് സഭയ്ക്ക് ഇങ്ങനെയെഴുതുന്നു: "കര്‍ത്താവില്‍ എപ്പോഴും സന്തോഷിക്കുവിന്‍; സന്തോഷിക്കുവിന്‍ എന്നു ഞാന്‍ പിന്നെയും പറയുന്നു. നിങ്ങളുടെ സൌമ്യത സകല മനുഷ്യരും അറിയട്ടെ; കര്‍ത്താവു വരുവാന്‍ അടുത്തിരിക്കുന്നു."

പ്രാര്‍ത്ഥന: കര്‍ത്താവായ യേശുവേ, ഞങ്ങള്‍ നിന്നെ വാഴ്ത്തുന്നു, നിനക്കു നന്ദി കരേറ്റുന്നു. നീ മാത്രമാണു ഞങ്ങളുടെ പ്രത്യാശ, നീ ഞങ്ങളുടെ ജീവിതത്തിന് അര്‍ത്ഥം നല്‍കി. നിന്റെ മുറിവുകള്‍ഞങ്ങളെ നീതീകരിക്കുകയും നിന്റെ പുനരുത്ഥാനം ഞങ്ങള്‍ക്കു ജീവന്‍ നല്‍കുകയും ചെയ്യുന്നു. നിന്റെ രാജ്യം വരേണമേ, നിന്റെ വിജയം യാഥാര്‍ത്ഥ്യമാണ്. പാപത്തില്‍ മരിച്ച അനേകര്‍ അതിനാല്‍ ജീവിച്ചു നിന്റെ പുനരുത്ഥാനത്തെ മഹത്വപ്പെടുത്തട്ടെ.

ചോദ്യം:

  1. ശിഷ്യന്മാര്‍ സന്തോഷിച്ചത് എന്തുകൊണ്ട്?

www.Waters-of-Life.net

Page last modified on May 16, 2012, at 11:27 AM | powered by PmWiki (pmwiki-2.3.3)