Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 117 (Jesus appears to Mary Magdalene)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula? -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

നാലാം ഭാഗം - ഇരുട്ടിനെ ജയിക്കുന്ന വെളിച്ചം (യോഹന്നാന്‍ 18:1 – 21:25)
B - ക്രിസ്തുവിന്റെ പുനരുത്ഥാനവും പ്രത്യക്ഷതയും (യോഹന്നാന്‍ 20:1 - 21:25)
1. പെസഹാപ്പുലരി(ഈസ്റര്‍)യിലെ സംഭവങ്ങള്‍ (യോഹന്നാന്‍ 20:1-10)

c) യേശു മഗ്ദലനക്കാരി മറിയയ്ക്കു പ്രത്യക്ഷനാകുന്നു (യോഹന്നാന്‍ 20:11-18)


യോഹന്നാന്‍ 20:11-13
11എന്നാല്‍ മറിയ കല്ലറയ്ക്കല്‍ പുറത്തു കരഞ്ഞുകൊണ്ടു നിന്നു. കരയുന്നതിനിടയില്‍ അവള്‍ കല്ലറയില്‍ കുനിഞ്ഞുനോക്കി. 12യേശുവിന്റെ ശരീരം കിടന്നിരുന്ന ഇടത്തു വെള്ളവസ്ത്രം ധരിച്ച രണ്ടു ദൂതന്മാര്‍ ഒരുത്തന്‍ തലയ്ക്കലും ഒരുത്തന്‍ കാല്ക്കലും ഇരിക്കുന്നതു കണ്ടു. 13അവര്‍ അവളോട്: സ്ത്രീയേ, നീ കരയുന്നതെന്ത് എന്നു ചോദിച്ചു. എന്റെ കര്‍ത്താവിനെ എടുത്തുകൊണ്ടുപോയി; അവനെ എവിടെ വെച്ചു എന്നു ഞാന്‍ അറിയുന്നില്ലായെന്ന് അവള്‍ അവരോടു പറഞ്ഞു.

കല്ലറ ശൂന്യമായിക്കിടക്കുന്നു, ഇനി അവിടെ നിന്നിട്ടു പ്രയോജനമില്ലെന്നു കണ്ട ആ രണ്ടു ശിഷ്യന്മാര്‍ മടങ്ങിപ്പോയി.

എന്നാലും, കല്ലറ ഒഴിഞ്ഞുകിടക്കുന്നുവെന്ന വിവരം ശിഷ്യന്മാരോടു പറഞ്ഞശേഷം മഗ്ദലക്കാരി മറിയ കല്ലറയുടെ അടുത്തേക്കു മടങ്ങിവന്നു. രണ്ടു ശിഷ്യന്മാര്‍ അവിടെനിന്നു വീട്ടില്‍ പോയിട്ടും അവള്‍ അവിടെത്തന്നെ നിന്നു. കാരണം, ശരീരം അപ്രത്യക്ഷമായി എന്ന കാര്യമൊന്നും അവളെ തൃപ്തയാക്കിയില്ല. അവളുടെ ബലത്തിന്റെ പ്രത്യാശയായ അവനെ അവള്‍ മുറുകെപ്പിടിച്ചു. അവന്റെ ശരീരം കാണാഞ്ഞതിനാല്‍ അവളുടെ പ്രത്യാശ ഉരുകിപ്പോയി. അതിനാല്‍ അവള്‍ കയ്പ്പോടെ കരഞ്ഞു.

അവളുടെ ദുഃഖത്തിന്റെ ആഴത്തില്‍, മറ്റു സ്ത്രീകള്‍ക്കും പ്രത്യക്ഷപ്പെട്ട രണ്ടു ദൂതന്മാരെ അവളുടെയടുത്തേക്ക് യേശു അയച്ചു. വെള്ളവസ്ത്രധാരികളായ അവരെ, ഒഴിഞ്ഞ കല്ലറയുടെ മങ്ങിയ വെളിച്ചത്തില്‍ അവള്‍ തേജസ്സോടെ കണ്ടു. പക്ഷേ അവര്‍ക്ക് അവളെ ആശ്വസിപ്പിക്കാനായില്ല, യേശുവിനു മാത്രമേ അതിനു കഴിയൂ. അവളുടെ ഉള്ളം ഉറക്കെ ചോദിച്ചു: "കര്‍ത്താവേ, നീ എവിടെയാണ്?"

ഈ നിശ്ശബ്ദമായ വിളി നമ്മളോടാണ്. എന്താണു നമുക്കു വേണ്ടത്? നാം ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണ് ആവശ്യപ്പെടുന്നത്? എന്തൊക്കെയാണു നമ്മുടെ ലക്ഷ്യങ്ങള്‍? നമ്മള്‍ മഗ്ദലനക്കാരി മറിയയെപ്പോലെയാണോ? യേശുവിനെ കാണുന്നതൊഴികെ മറ്റൊന്നിനുവേണ്ടിയും നിങ്ങള്‍ അപേക്ഷിക്കുന്നില്ലേ? യേശുവിന്റെ വീണ്ടും വരവിനുവേണ്ടി നിങ്ങളുടെ ഹൃദയം കരയുന്നുണ്ടോ?

യോഹന്നാന്‍ 20:14-16
14ഇതു പറഞ്ഞിട്ട് അവള്‍ പിന്നാക്കം തിരിഞ്ഞു, യേശു നില്ക്കുന്നതു കണ്ടു; യേശു എന്ന് അറിഞ്ഞില്ലതാനും. 15യേശു അവളോട്: സ്ത്രീയേ, നീ കരയുന്ന തെന്ത്? ആരെ തിരയുന്നു എന്നു ചോദിച്ചു. അവന്‍ തോട്ടക്കാരനെന്നു നിരൂപിച്ചിട്ട് അവള്‍: യജമാനനേ, നീ അവനെ എടുത്തുകൊണ്ടുപോയി എങ്കില്‍ അവനെ എവിടെ വെച്ചു എന്നു പറഞ്ഞുതരിക; ഞാന്‍ അവനെ എടുത്തുകൊണ്ടുപൊയ്ക്കൊള്ളാമെന്ന് അവനോടു പറഞ്ഞു. 16യേശു അവളോട്: മറിയയേ എന്നു പറഞ്ഞു. അവള്‍ തിരിഞ്ഞ് എബ്രായഭാഷയില്‍: റബ്ബൂനീ എന്നു പറഞ്ഞു; അതിനു ഗുരു എന്നര്‍ത്ഥം.

യേശു അവളുടെ കരച്ചിലിനോടു പ്രതികരിച്ചു. ശൂന്യമായ കല്ലറ കണ്ടും ദൂതന്മാര്‍ പറഞ്ഞതും കേട്ടു മറ്റുള്ളവര്‍ തൃപ്തിയടഞ്ഞപ്പോള്‍, മഗ്ദലനക്കാരി മറിയ ഒരു ദര്‍ശനത്തിനായി കൊതിച്ചു - അവനെ ഒന്നു കണ്ടാല്‍ മതി. യേശു അവള്‍ക്കു പ്രത്യക്ഷപ്പെട്ടു, അവള്‍ക്കു മുമ്പില്‍ അവന്‍ നിന്നു - പരിവേഷമൊന്നു(halo)മില്ലാത്ത ഒരു സാധാരണക്കാരന്‍.

അവള്‍ കുഴങ്ങി, യേശുവിന്റെ ശബ്ദം തിരിച്ചറിയുകയോ ദൂതന്മാര്‍ പറഞ്ഞത് ഓര്‍ക്കുകയോ ചെയ്തില്ല. യേശുവിന്റെ വാക്കുകള്‍ കേട്ടാല്‍ മാത്രം പോരാ, അവള്‍ക്ക് അവനെ കാണണം. അവന്റെ സാന്നിദ്ധ്യം ആ നിമിഷത്തില്‍ ഗ്രഹിക്കാന്‍ അവള്‍ക്കു കഴിഞ്ഞില്ല. ദുഃഖസാന്ദ്രമായ ഹൃദയത്തിനു നമ്മോടൊപ്പമുള്ള ക്രിസ്തുവിന്റെ സാന്നിദ്ധ്യം നഷ്ടമാകുന്നു, അവന്റെ സൌമ്യശബ്ദം കേള്‍ക്കാന്‍ അതിനു കഴിയുന്നുമില്ല. ഇങ്ങനെ സ്രഷ്ടാവായ ദൈവത്തെ തേടുന്ന പലരും അവനെ കണ്ടെത്തിയിട്ടില്ല. അന്വേഷിക്കുന്ന ഇടയനെക്കാള്‍ അവര്‍ക്കു താല്പര്യം അന്വേഷിക്കുന്നതും ചോദിക്കുന്നതുമാണ്.

എന്നാല്‍ മറിയയുടെ സ്നേഹം യേശു അറിഞ്ഞു. അനുകമ്പാര്‍ദ്രമായ വാക്കുകള്‍കൊണ്ട് അവ കഠിനമായ മാനസികവേദനയുടെ വേലിക്കെട്ടുകള്‍ അവന്‍ തകര്‍ത്തു. അവളുടെ പേരു വിളിച്ചിട്ട്, താന്‍ വെറും മനുഷ്യനല്ല (തോട്ടക്കാരനുമല്ല) എന്ന് അവന്‍ വെളിപ്പെടുത്തി. സര്‍വ്വജ്ഞാനിയായ കര്‍ത്താവാണ് അവന്‍. നല്ലയിടയന്‍ ആടുകളെ പേരു വിളിക്കുന്നതുപോലെ അവന്‍ നിത്യജീവന്‍ വാഗ്ദാനം ചെയ്തു മറിയയെ വിളിക്കുകയാണ്. യേശുവിനെ സ്നേഹിക്കുന്ന വ്യക്തി യേശുവിന്റെ സ്നേഹം അനുഭവിച്ചു പാപക്ഷമ പ്രാപിക്കുന്നു - കര്‍ത്താവ് ആ വ്യക്തിയെ പേരുവിളിക്കുന്നല്ലോ, ആ വ്യക്തിക്കു പരിശുദ്ധാത്മാവിന്റെ ആശ്വാസവും കിട്ടുന്നു.

ഇപ്പോള്‍ യേശു നിങ്ങളുടെ പേരു വിളിക്കുകയാണ്. അവന്റെ ശബ്ദം നിങ്ങള്‍ കേള്‍ക്കുന്നുണ്ടോ? പാപങ്ങളും സംശയങ്ങളുമെല്ലാം പിന്നിലെറിഞ്ഞിട്ട് അവന്റെ അടുക്കലേക്കു വരുമോ?

മറിയയുടെ മറുപടി ഒറ്റവാക്കായിരുന്നു: "യജമാനനേ!" മറിയ ഉപയോഗിച്ച വാക്കിന്റെ (റബ്ബൂനീ) അര്‍ത്ഥം, 'സകലവും അറിയുന്നവനും സര്‍വ്വശക്തനു'മെന്നാണ്. അവന്റെ വിദ്യാലയത്തില്‍ പഠിക്കാനുള്ള പദവി അവള്‍ക്കുണ്ടായി, അവന്റെ ജ്ഞാനം, ബലം, സംരക്ഷണം, നിത്യജീവന്‍ എന്നിവ അവന്‍ അവളുടെമേല്‍ ചൊരിഞ്ഞു. അങ്ങനെ അവളുടെ മറുപടിയില്‍ പ്രതിഫലിക്കുന്നതു കാത്തിരിക്കുന്ന സഭയുടെ ഉദ്പ്രാപണമാണ് - ദീര്‍ഘനാളത്തെ പ്രതീക്ഷയ്ക്കുശേഷം സഭയുടെ നാഥന്‍ മേഘങ്ങളില്‍ വരുന്നത് അവള്‍ (സഭ) കാണും, അവള്‍ അവനെ വണങ്ങി ആരാധിക്കും, ഹല്ലേലൂയ്യാഗീതങ്ങള്‍ മുഴക്കുകയും ചെയ്യും.

പ്രാര്‍ത്ഥന: യേശുനാഥാ, മറിയയുടെ കാത്തിരിപ്പിനോടുള്ള പ്രതികരണമായി അവള്‍ക്കു പ്രത്യക്ഷപ്പെട്ടതിനു ഞങ്ങള്‍ നിന്നെ വണങ്ങുന്നു. നിന്റെ സാന്നിദ്ധ്യത്താല്‍ നീ അവളെ ആശ്വസിപ്പിച്ചു. നിന്റെ വചനം ജീവനാണ്. നിന്റെ വചനങ്ങള്‍ ഗ്രഹിക്കാന്‍ ഞങ്ങളുടെ ഹൃദയവും കണ്ണും തുറക്കണമേ. സന്തോഷത്തോടെ നിന്നെ വിശ്വസിക്കാന്‍ ഞങ്ങള്‍ക്ക് അനുസരണം നല്‍കണമേ.

ചോദ്യം:

  1. യേശു മറിയയ്ക്കു പ്രത്യക്ഷനായി അവളുടെ പേരു വിളിക്കുന്നതുവരെ, അവന്റെ ശരീരം അന്വേഷിക്കുന്നതു മറിയ നിര്‍ത്തിയില്ല - എന്തുകൊണ്ട്?

www.Waters-of-Life.net

Page last modified on May 16, 2012, at 11:14 AM | powered by PmWiki (pmwiki-2.3.3)