Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- Romans - 017 (He who Judges Others Condemns Himself)
This page in: -- Afrikaans -- Arabic -- Armenian -- Azeri -- Bengali -- Bulgarian -- Cebuano -- Chinese -- English -- French -- Georgian -- Greek -- Hausa -- Hebrew -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- MALAYALAM -- Polish -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Turkish -- Urdu? -- Yiddish -- Yoruba

Previous Lesson -- Next Lesson

റോമര്‍ - കര്‍ത്താവ് നമ്മുടെ നീതി
റോമര്‍ക്ക് എഴുതിയ ലേഖനം ഒരു പഠനം
ഭാഗം ഒന്ന് - ദൈവത്തിന്റെ നീതി പാപികളെ ശിക്ഷിക്കുന്നു; ക്രിസ്തുവില്‍ വിശ്വസിക്കുന്നവരെ നീതീകരിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന് (റോമര്‍ 1:18 - 8:39)
മ - സര്‍വ്വലോകവും ദുഷ്ടന്റെ അധീനതയില്‍ കിടക്കുന്നു; ദൈവം സകലരെയും തന്റെ നീതിയില്‍ വിധിക്കും (റോമര്‍ 1:18 - 3:20)
2. യഹൂദന്മാര്‍ക്കെതിരെ ദൈവക്രോധം വെളിപ്പെടുന് (റോമര്‍ 2:1 - 3:20)

മ) അന്യരെ വിധിക്കുന്നവന്‍ തന്നെത്താന്‍ കുറ്റം വിധിക്കുന് (റോമര്‍ 2:1-11)


റോമര്‍ 2:6-11
6 അവന്‍ ഓരോരുത്തന് അവനവന്റെ പ്രവൃത്തിക്ക് തക്ക പകരം ചെയ്യും. 7 നല്ല പ്രവൃത്തിക്ക് വേണ്ടുന്ന സ്ഥിരത പൂണ്ടു തേജസ്സും മാനവും അക്ഷയതയും അന്വേഷിക്കുന്നവര്‍ക്ക് നിത്യജീവനും, 8 ശാഠ്യം പൂണ്ട് സത്യം അനുസരിക്കാതെ അനീതി അനുസരിക്കുന്നവര്‍ക്ക് കോപവും ക്രോധവും കൊടുക്കും. 9 തിന്മ പ്രവര്‍ത്തിക്കുന്ന ഏതു മനുഷ്യാത്മാവിനും കഷ്ടവും സങ്കടവും ആദ്യം യഹൂദനും പിന്നെ യവനനും വരും. 10 നന്മ പ്രവര്‍ത്തിക്കുന്ന ഏവനും മഹത്വവും ബഹുമാനവും സമാധാനവും ആദ്യം യഹൂദനും പിന്നെ യവനനും ലഭിക്കും. 11 ദൈവത്തിന്റെ പക്കല്‍ മുഖപക്ഷം ഇഷ്ടല്ലോ.

പ്രിയ സഹോദരാ, ദൈവിക ന്യായവിധിയുടെ പ്രമാണങ്ങളെ താങ്കള്‍ക്കറിയാമോ? നിര്‍ണ്ണായകമായ ഒരു നാഴികയിലേക്ക് സകല മനുഷ്യരും ഓടിയെത്തുകയാണ്. എന്നാല്‍ ആ നാഴികയ്ക്കായി തന്നെത്താന്‍ ഒരുക്കുന്ന മനുഷ്യനത്രെ ജ്ഞാനവും വിവേകവുമുള്ള മനുഷ്യന്‍. അന്ത്യന്യായവിധിയില്‍ നമ്മെ ന്യായം വിധിക്കുന്നതിന്റെ അടിസ്ഥാനം നമ്മുടെ നല്ലതോ തീയതോ ആയ പ്രവൃത്തികളാണെന്ന് കൃപയുടെ അപ്പോസ്തലന്‍ നമുക്ക് വെളിപ്പെടുത്തിയിട്ടുണ്ട്. ദൈവത്തിനു പ്രസാദകരമായ സ്നേഹം അയോഗ്യരും, ചെറിയവരും, നിന്ദിതരും, ദരിദ്രരും, സാധാരണക്കാരുമായവരില്‍ പ്രായോഗികമാക്കിയ സ്നേഹ മാണെന്ന് മത്തായി 25 ല്‍ കര്‍ത്താവ് വ്യക്തമാക്കിയിട്ടുണ്ട്. ഉപവാസം, പ്രാര്‍ത്ഥന, തീര്‍ത്ഥാടനം, ദാനധര്‍മ്മം ഇത്യാദി സല്‍പ്രവൃത്തികളെപ്പറ്റിയല്ല, മറിച്ച് പ്രായോഗിക തലത്തില്‍ ദയ കാണിക്കുന്നതിനെപ്പറ്റിയാണ് കര്‍ത്താവ് പഠിപ്പിച്ചത്.

നിങ്ങളുടെ ഹൃദയം കാഠിന്യമുള്ളതോ മാര്‍ദ്ദവത്വമുള്ളതോ, അഹന്തയുള്ളതോ കരുണയുള്ളതോ എന്ന് നിങ്ങളുടെ സ്നേഹത്തിന്റെ രഹസ്യപ്രവൃത്തികള്‍ വെളിപ്പെടുത്തുന്നു. സാധുക്കളോടും അജ്ഞരോടും അവഗണനയും നിന്ദയും കാണിക്കുന്ന ഒരു വിദ്യാസമ്പന്നനാണോ താങ്കള്‍? അയോഗ്യരും, തള്ളപ്പെട്ടവരും, വിധവകളും, മാതാപിതാക്കള്‍ ഇല്ലാത്തവരിലേക്ക് കടന്നുചെല്ലുവാന്‍ ദൈവസ്നേഹം നിങ്ങളെ പ്രേരിപ്പിക്കുന്നുണ്ടോ? നിങ്ങളുടെ ബാഹ്യപരമായ മതചടങ്ങുകള്‍ക്കും ആരാധനയ്ക്കുമല്ല, നിങ്ങളുടെ സ്നേഹത്തിന്റെ പ്രവൃത്തിക്കത്രെ നിങ്ങള്‍ക്ക് പ്രതിഫലം ലഭിക്കുന്നത്.

നമ്മുടെ ഹൃദയത്തിലെ സ്നേഹം എപ്രകാരം പ്രായോഗികമാക്കാമെന്നാണ് പൌലോസ് ഇവിടെപ്പറയുന്നത്. ദൈവമഹത്വത്തിലേക്ക് തന്റെ ഹൃദയത്തെ നയിക്കുന്നവനും, മാഞ്ഞുപോകുന്ന ധനത്തിനും താല്ക്കാലികമായ ആദരവിനും പിന്നാലെ പായാത്തവനുമായവന്‍ ദൈവത്തിങ്കലേക്ക് വരികയും അവന്റെ കരുണയാല്‍ രൂപാന്തരപ്പെടുകയും ചെയ്യുന്നു. ദൈവമഹത്വം അന്വേഷിക്കുന്നവന്‍ സ്വയം തകര്‍ന്നവനും, തനിക്കായിട്ട് യാതൊരു മാനവും അന്വേഷിക്കാത്തവനുമാകുന്നു. അങ്ങനെ മാനസാന്തരപ്പെട്ട ഒരുവന്‍ തന്റെ ഹൃദയം ദൈവത്തിന്റെ പാപക്ഷമയ്ക്കായി തുറക്കുകയും അവന്റെ കരുണയെ ശക്തമായ പരിചയായി മുറുകെ പിടിക്കുകയും ചെയ്യുന്നു. തന്റെ താത്ക്കാലികതയെപ്പറ്റി ബോധവാനാകുന്ന ഏവനും നിത്യജീവനായി വാഞ്ഛിക്കുകയും, വിശ്വാസത്താല്‍ അത് പ്രാപിക്കുകയും, ദൈവാത്മാവിന്റെ നിത്യ ആലോചനകളില്‍ പങ്കാളിയാവുകയും ചെയ്യുന്നു. അതുകൊണ്ട് ശ്രദ്ധിക്കുക; നിങ്ങളുടെ സ്വന്തപ്രവൃത്തികളാലല്ല നിങ്ങള്‍ രക്ഷിക്കപ്പെട്ടിരിക്കുന്നത്, പ്രത്യുത ദൈവത്തിനായുള്ള നിങ്ങളുടെ വാഞ്ഛയില്‍, ദൈവം നിങ്ങളുടെ ബലഹീനതയിലേക്ക് തന്റെ ശക്തി പകരുന്നു; അവന്റെ സ്നേഹം നിങ്ങളുടെ ആത്മാക്കളെ അതിജീവിക്കയാല്‍ അവന്റെ സ്നേഹത്തിന്റെ താല്‍പര്യം നടപ്പിലാക്കുവാന്‍ നിങ്ങള്‍ പ്രാപ്തരായിത്തീരുന്നു. നിങ്ങള്‍ എന്നേക്കും ജീവിച്ചിരിക്കേണ്ടതിന് ദൈവത്തെ അന്വേഷിക്കുമോ?

ദോഷം ചെയ്യുന്നവന്‍ ദൈവക്രോധത്തിന്റെ പാത്രമായി നശിക്കേണ്ടതിനു മുന്നൊരുക്കിയിരിക്കയാലും മുന്‍നിയമിച്ചതിനാലുമല്ല ദോഷം ചെയ്യുന്നത്, പ്രത്യുത സത്യത്തെ അനുസരിക്കുവാന്‍ അവന് മനസ്സില്ലായ്കയാലത്രെ. ദോഷപ്രവൃത്തികള്‍ പൊടുന്നനവേ ചെയ്യപ്പെടുന്നവയല്ല. അവ ദീര്‍ഘനാളത്തെ തെറ്റുകളുടെ പുരോഗമനഫലമാണ്. ഏത് അയോഗ്യപ്രവര്‍ത്തനങ്ങളെയും നമ്മുടെ മനസ്സാക്ഷി എതിര്‍ക്കുന്നു. ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുത് എന്ന് അത് നമ്മെ മുന്നറിയിക്കുന്നു. എന്നിട്ടും മെരുക്കമില്ലാത്തവനായി ദൈവശബ്ദത്തെ തള്ളിക്കളയുന്നവന്‍, അനുസരണക്കേടിന്റെ ആത്മാവിന് സമര്‍പ്പിക്കുന്നവനും, ധാര്‍ഷ്ട്യത്തോടും അനുതാപമില്ലാതെയും പരിശുദ്ധാത്മാവിനെ ദുഃഖിപ്പിച്ചുകൊണ്ട് തന്റെ കുറ്റം ചെയ്യുന്നവനുമാകുന്നു. നമുക്ക് ചുറ്റുമുള്ള പരീക്ഷകള്‍ക്ക് വശപ്പെട്ടും, അശുദ്ധചിത്രങ്ങള്‍ വീക്ഷിച്ചും, അശുദ്ധപുസ്തകങ്ങള്‍ വായിച്ചും, അയോഗ്യമായ കൂട്ടുകെട്ടുകള്‍ക്ക് വിധേയപ്പെടുന്നതുകൊണ്ടും ഉണ്ടാകുന്ന ഫലങ്ങളാണ് നമ്മുടെ ദുഷ്പ്രവൃത്തികള്‍. നമ്മുടെ സ്വന്ത ഹൃദയത്തിലെ ചിന്തകള്‍പോലും ദോഷത്തിലേക്ക് നമ്മെ നയിക്കുന്നവയാണ്.

ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ ആഹ്വാനത്തിനു വഴിപ്പെടാത്ത ഏവനും ന്യായവിധിയിലേക്ക് നിപതിക്കുന്നു. അവന്റെ ഹൃദയം ദൈവത്തിന്റെ ദാനത്തിലേക്ക് തുറക്കപ്പെടാതെ അത്യുന്നതനായവനെ നിന്ദിച്ച് അവന്റെ കോപത്തിനു പാത്രീഭവിക്കുന്നു. ദൈവത്തിന്റെ ശിക്ഷ അനുസരണംകെട്ടവരുടെ മേല്‍ വരും; അത് ഉപദ്രവങ്ങളോടും കഷ്ടതകളോടുംകൂടെയത്രെ വരുന്നത്. സ്നേഹത്തിന്റെ ഭാഷ്യത്തിനൊത്തവണ്ണം ക്രിസ്തുവിന്റെ ശക്തിയിലോ നിങ്ങള്‍ ജീവിക്കുന്നത്? അതോ നീതിമാനായ ന്യായാധിപതിയുടെ കോപത്തില്‍ നിങ്ങള്‍ താണുപോകയോ? ഈ ചോദ്യത്തിന്റെ മറുപടി നല്കാതെ രക്ഷപ്പെടുവാന്‍ നിങ്ങള്‍ക്ക് സാധ്യമല്ല. ആകയാല്‍ നന്മതിന്മകളുടെ വേര്‍തിരിവിന്റെ ദിവസത്തിനായി നിങ്ങളെത്തന്നെ ഒരുക്കുക.

ന്യായവിധി ആദ്യം യഹൂദന് എന്നു പൌലോസ് പറയുമ്പോള്‍ പഴയനിയമം ആ ജനതയുടെ മേല്‍ വലിയൊരു ഉത്തരവാദിത്വത്തെ വച്ചിരുന്നുവെന്നര്‍ത്ഥമാക്കുകയാണ്. കണക്കു ബോധിപ്പിക്കുവാന്‍ ദൈവം ആദ്യം ആവശ്യപ്പെടുന്നത് അവരോടാണ്. യഹൂദന്മാരില്‍ പരിശുദ്ധാത്മാവ് മുഖാന്തരം ദൈവത്തോടടുക്കുന്നവര്‍ മഹത്വപൂര്‍ണ്ണനായ ദൈവത്തിന്റെ മഹത്വത്തില്‍ പ്രകാശിതരായിത്തീരും. എന്നാല്‍ തങ്ങളുടെ ഹൃദയകാഠിന്യത്തില്‍ തുടരുന്ന ഏവനും മറ്റുള്ളവരുടെ മുമ്പാകെ നരകത്തിലേക്ക് കൊണ്ടുവരപ്പെടും. അവനിലുള്ള അനുസരണക്കേടിന്റെ ആത്മാവിനെ രൂപാന്തരപ്പെടുത്തുവാന്‍ ദൈവത്തിന്റെ ആത്മാവിനെ അവന്‍ അനുവദിച്ചില്ല എന്നതുതന്നെ കാരണം.

യവനായരും, മംഗോളിയരും, നീഗ്രോകളും, മറ്റെല്ലാ ഭാഷക്കാരോടും ജാതികളോടും ചേര്‍ന്ന് ദൈവത്തിന്റെ സന്നിധിയില്‍ ചെല്ലുവാന്‍ അവകാശമുണ്ട്; എന്തെന്നാല്‍ അവനാണ് മനുഷ്യന്റെ, എല്ലാ മനുഷ്യരുടെയും സ്രഷ്ടാവ്. ജാതിചിന്ത ദൈവത്തിനില്ല. അവന്റെ മുമ്പാകെ അവരെല്ലാവരും തുല്യര്‍. അവന്റെ ശോഭിക്കുന്ന മഹത്വത്തിന്റെ മുമ്പാകെ ലോകത്തിലെ ഏറ്റവും ബുദ്ധിമാനായ മനുഷ്യന്റെ പ്രകാശത്തിനും വിലയില്ല. സര്‍വ്വത്തിന്റെയും സ്രഷ്ടാവിന്റെ മുമ്പില്‍ നാം ഒന്നുമല്ല. ബിഷപ്പുമാരെക്കാളും, നേതാക്കന്മാരെക്കാളും, സിനിമാനടന്മാരെക്കാളുമെല്ലാം ഉപരി ആത്മാവില്‍ പ്രകാശിതരായിത്തീരുന്നത് ഒരുപക്ഷേ വീടുകളില്‍ ശുശ്രൂഷ ചെയ്യുന്ന അമ്മമാരും, സാധാരണക്കാരായ സഹോദരന്മാരും ആയിരിക്കും.

ദൈവം തന്റെ സ്നേഹത്തിന്റെ അളവിനൊത്തവണ്ണം നമ്മെ അളക്കും. ദൈവസ്നേഹത്തിനൊത്തവണ്ണം രൂപാന്തരപ്പെടുവാന്‍ മനസ്സുള്ളവരെ അവന്‍ അംഗീകരിക്കുന്നു. എന്നാല്‍ ഹൃദയം കഠിനപ്പെടുത്തുന്നവരും, മറ്റുള്ളവരെക്കാള്‍ തന്നെത്താന്‍ സ്നേഹിക്കുന്നവരും ദൈവത്തില്‍നിന്നകന്ന് ശാപയോഗ്യരായിത്തീരും. ദൈവം വിശ്വസ്തനും നീതിമാനുമാകുന്നു. അവന്റെ പക്കല്‍ മുഖപക്ഷമില്ല.

നമ്മില്‍ത്തന്നെ നീതിമാന്മാര്‍ ആരുമില്ല; ദൈവത്തെപ്പോലെ ദയാലുക്കളുമില്ല. എന്നാല്‍ ദൈവസ്നേഹത്തിന്റെ ഉറവയിലേക്ക് വരുന്നവന്‍ നീതിമാനായിത്തീരുന്നു. കാരണം ദൈവത്തെ അന്വേഷിക്കുന്നവരെ ദൈവശക്തി രൂപാന്തരപ്പെടുത്തുന്നു. ദൈവിക കരുണയ്ക്കായുള്ള അത്തരം ഒരുക്കങ്ങളും രൂപാന്തരവും അത്ര പെട്ടെന്ന് സംഭവിക്കുന്നുവെന്ന് കരുതേണ്ടതില്ല. സ്വയത്തിന്റെ അഹന്തയിന്മേല്‍ വിജയം വരിക്കുവാന്‍ സമയം ആവശ്യമാണ്. വീണുപോയവരുടെ ദാസന്മാരായിരിക്കുവാന്‍ വളരെ കുറച്ചു പേരെ ഉണ്ടായിരിക്കയുള്ളു. നാം നമ്മുടെ കഠിനഹൃദയത്തെ ഉപേക്ഷിച്ച്, ലളിതഹൃദയം പ്രാപിച്ച് ദൈവം സ്നേഹിച്ചതുപോലെ പാപികളെ സ്നേഹിക്കണം. അതിനത്രെ കര്‍ത്താവ് നമുക്ക് മുമ്പെ ചുങ്കക്കാരോടും വേശ്യകളോടുംകൂടെ തിന്നുകുടിച്ചത്.

ദീര്‍ഘക്ഷമയോടെ സ്നേഹത്തിന്റെ പ്രവൃത്തിയില്‍ നിലനില്ക്കുന്നവര്‍ക്കുള്ള പ്രതിഫലം എന്താണെന്ന് നിങ്ങള്‍ക്കറിയാമോ? കൃപയുടെ ആത്മാവിനു തങ്ങളെത്തന്നെ തുറന്നിട്ടുള്ളവരെ തന്റെ മഹത്വം ദൈവം അവരെ അണിയിക്കും. മനുഷ്യന്‍ ആദിയില്‍ ഏതു വിധത്തിലായിരുന്നുവോ അതിനേക്കാള്‍ ഒട്ടും കുറഞ്ഞ അന്തമല്ല അവന് ലഭിക്കുവാന്‍ പോകുന്നത്. ദൈവം മനുഷ്യനെ തന്റെ സ്വരൂപത്തില്‍ സൃഷ്ടിച്ചു; അവന്റെ സകല മഹത്വവും സല്‍ഗുണങ്ങളും ഈ മനുഷ്യനു നല്കുവാന്‍ ദൈവം ആഗ്രഹിച്ചു. ഭ്രഷ്ട് കല്പിക്കപ്പെട്ടവരോട് ദയ കാണിക്കുന്നവരെ ദൈവം ആദരിക്കുന്നു. നീതി നിമിത്തം ഉപദ്രവിക്കപ്പെടുകയും തള്ളപ്പെടുകയും ചെയ്തവരില്‍ ദൈവത്തിന്റെ സമാധാനം വസിക്കുന്നു.

അന്ത്യന്യായവിധിയില്‍ ദൈവത്തിന്റെ രൂപാന്തരഹൃദയം പ്രാപിച്ചവരെ ദൈവത്തിന്റെ സന്തോഷത്തിലേക്കും, ഹൃദയം കഠിനപ്പെടുത്തി പരിശുദ്ധാത്മാവിനു കീഴ്പ്പെടാത്തവരെ നരകത്തിന്റെ നിത്യദണ്ഡനത്തിനായും വേര്‍തിരിക്കും. വഞ്ചനപ്പെടാതിരിപ്പിന്‍, ദൈവത്തെ പരിഹസിച്ചുകൂടാ. മനുഷ്യന്‍ വിതയ്ക്കുന്നത് തന്നെ കൊയ്യും.

പ്രാര്‍ത്ഥന: കര്‍ത്താവേ, എന്റെ സ്നേഹം ഏറ്റം ചെറുതും എന്റെ സ്വാര്‍ത്ഥത വലുതുമാകുന്നു. ഞാന്‍ തിരുമുമ്പില്‍ അശുദ്ധനത്രെ. എന്റെ പാപങ്ങളെ എന്നോടു ക്ഷമിക്കണമേ. നിന്റെ സ്നേഹത്തിന്റെ പ്രവൃത്തിക്കായി എന്റെ കണ്ണുകളെ തുറക്കണമേ. സമര്‍പ്പണ ജീവിതത്തിനായി സല്‍പ്രവൃത്തികളിലേക്ക് എന്നെ നടത്തണമേ. എന്നില്‍ യാതൊരു നന്മയുമില്ല. എന്നെ രക്ഷിക്കണമേ. എന്റെ ഹൃദയത്തെ നിന്റെ സ്നേഹത്താല്‍ നിറയ്ക്കണമേ. നിന്ദിതരും പുരുഷാരത്തിന്റെ നടുവിലിരുന്നവരുമായവരെ അന്വേഷിപ്പാനും, അവരെ സ്നേഹിപ്പാനും, അനുഗ്രഹിപ്പാനും എന്നെ പ്രാപ്തനാക്കണമേ. വഴിതെറ്റിപ്പോയവരെ അങ്ങ് കണ്ടെത്തി സ്നേഹിച്ചതുപോലെ ഞങ്ങളെയും ആക്കണമേ.

ചോദ്യം:

  1. അന്ത്യന്യായവിധിയുടെ ദൈവിക പ്രമാണങ്ങള്‍ ഏതെല്ലാമാണ്?

www.Waters-of-Life.net

Page last modified on January 21, 2013, at 09:14 AM | powered by PmWiki (pmwiki-2.3.3)