Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 035 (God works with His Son)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

രണ്ടാം ഭാഗം - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു (യോഹന്നാന്‍ 5:1 - 11:54)
A - യെരൂശലേമിലേക്കുള്ള രണ്ടാമത്തെ യാത്ര (യോഹന്നാന്‍ 5:1-47) - യേശുവും യഹൂദന്മാരും തമ്മിലുള്ള ശത്രുത്വം പൊട്ടിപ്പുറപ്പെടുന്നു

2. ദൈവം തന്റെ പുത്രനോടൊപ്പം പ്രവര്‍ത്തിക്കുന്നു (യോഹന്നാന്‍ 5:17-20)


യോഹന്നാന്‍ 5:17-18
17യേശു അവരോട്: എന്റെ പിതാവ് ഇന്നുവരെയും പ്രവര്‍ത്തിക്കുന്നു; ഞാനും പ്രവര്‍ത്തിക്കുന്നു എന്ന് ഉത്തരം പറഞ്ഞു. 18അങ്ങനെയവന്‍ ശബ്ബത്തിനെ ലംഘിച്ചതുകൊണ്ടു മാത്രമല്ല, ദൈവം സ്വന്തപിതാവ് എന്നു പറഞ്ഞു തന്നെത്താന്‍ ദൈവത്തോടു സമനാക്കിയതുകൊണ്ടും യഹൂദന്മാര്‍ അവനെകൊല്ലുവാന്‍ അധികമായി ശ്രമിച്ചുപോന്നു.

ബേഥെസ്ദായില്‍ സൌഖ്യം നല്‍കിയതിനു മുമ്പ്, യേശുവിനു ചെറിയ നിലയിലുള്ള എതിര്‍പ്പേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഈ സംഭവത്തിനുശേഷം അതു വളര്‍ന്നു. അവന്റെ ശത്രുക്കള്‍ അവനെ കൊല്ലാന്‍ തീരുമാനിച്ചു. തന്മൂലം യഹൂദന്മാരുമായുള്ള ബന്ധത്തില്‍ ഈ അത്ഭുതം ഒരു വഴിത്തിരിവായിരുന്നു. അവിടംമുതല്‍ യേശുവിനെ ഉപദ്രവിക്കുകയും കരിമ്പട്ടികയില്‍ പെടുത്തുകയും ചെയ്തു. സംഭവങ്ങള്‍ ഇങ്ങനെ മാറാനുണ്ടായ കാരണമെന്താണ്?

ക്രിസ്തുവിന്റെ സ്നേഹപ്രമാണവും കര്‍ക്കശമായ ന്യായപ്രമാണത്തിന്റെ അധികാരവും തമ്മിലുള്ള ഒരേറ്റുമുട്ടലായിരുന്നു ഇത്. പഴയനിയമത്തില്‍ ആളുകള്‍ കാരാഗൃഹത്തിലെന്നപോലെ കഴിഞ്ഞു. സല്‍പ്രവൃത്തികള്‍മൂലം നീതീകരണമുണ്ടാകുന്നതിന്, ആളുകള്‍ മുഴുവന്‍ ന്യായപ്രമാണം പാലിക്കണമെന്ന പല വിധികള്‍ അന്നു പുറപ്പെടുവിച്ചിരുന്നു. ദൈവികപ്രീതി സമ്പാദിക്കുന്നതിനുവേണ്ടി, ന്യായപ്രമാണം അണുവിട ലംഘിക്കാതിരിക്കാന്‍ ഭക്തരായ ആളുകള്‍ ശ്രദ്ധ ചെലുത്തി. ആത്മപ്രശംസയ്ക്കും സ്നേഹമില്ലായ്മയ്ക്കുമായുള്ള ഒരു ഒഴികഴിവായി ന്യായപ്രമാണപാലനം മാറി. യഹൂദജാതി ദൈവവുമായുള്ള ഉടമ്പടിയില്‍ ജീവിച്ചതു മുതല്‍ ഒരു സംഘടിത വിഭാഗമായി പരിഗണിക്കപ്പെട്ടു. അമിതനിയമജ്ഞര്‍ എല്ലാവരുടെമേലും നിരവധി നിയമങ്ങള്‍ അടിച്ചേല്പിക്കാന്‍ ശ്രമിച്ചു. പരമപ്രധാന മായതു ശബ്ബത്തുനിയമമായിരുന്നു. സൃഷ്ടികര്‍മ്മം പൂര്‍ത്തിയാക്കിയിട്ട് ഏഴാം ദിവസം ദൈവം വിശ്രമിച്ചു. അതുകൊണ്ട് ആരാധനാദിവസമായ അന്ന് എന്തെങ്കിലും ജോലി ചെയ്യുന്നതില്‍നിന്ന് ആളുകളെ വിലക്കിയി രുന്നു - അതിന്റെ ശിക്ഷ മരണമായിരുന്നു.

ഇങ്ങനെ, യഹൂദന്മാരും അവരുടെ ദൈവവും തമ്മിലുള്ള ബന്ധത്തിന്റെ അടയാളമായി ശബ്ബത്തു മാറി. അവരുടെയിടയിലെ ദൈവസാന്നിദ്ധ്യമായി അതു ചൂണ്ടിക്കാട്ടി, ദൈവത്തിനെതിരായി ഒരു പാപവും ചെയ്ത് ഈ ബന്ധം തകര്‍ത്തില്ലായെന്നുള്ള സൂചനപോലെയായിരുന്നു ഇത്.

ബത്തുലംഘനത്തിനെതിരെ ശബ്ദമുയര്‍ത്തിയ പരീശന്മാരോടുള്ള യേശുവിന്റെ മറുപടി ലളിതമായിരുന്നു - "ദൈവം പ്രവര്‍ത്തിക്കുന്നു." "വേല" (പ്രവൃത്തി) എന്നതും അതിന്റെ പര്യായപദങ്ങളും (വേലചെയ്യുന്നു എന്നതുപോലെയുള്ള) പരീശന്മാരോടുള്ള യേശുവിന്റെ പ്രസ്താവങ്ങളില്‍ ഏഴു മടങ്ങായി നാം വായിക്കുന്നു. അവരുടെ വരണ്ട നിയമവാദത്തിനുള്ള യേശുവിന്റെ മറുപടി, ദൈവത്തിന്റെ സ്നേഹപ്രവൃത്തിയുടെ പ്രഖ്യാപനമായിരുന്നു. ദൈവത്തിന്റെ സൃഷ്ടികര്‍മ്മത്തില്‍നിന്ന് ഇന്നുവരെ അവനു വിശ്രമിക്കാന്‍ എങ്ങനെയാണു കഴിയുക, ഇപ്പോഴും അവന്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നില്ലേ? പാപം ലോകത്തില്‍ പ്രവേശിച്ചതുമുതല്‍ മരണം സകല ജീവികളെയും പിടികൂടുകയും, പ്രപഞ്ചം അതിന്റെ ഉറവിടത്തില്‍ നിന്നു വേര്‍പിരിയുകയും ചെയ്തു. അലഞ്ഞുതിരിയുന്നവരെ രക്ഷിക്കാനും മത്സരികളെ തന്റെ കൂട്ടായ്മയിലേക്കു മടക്കിവരുത്താനും ദൈവം ശക്തിയോടെ ബദ്ധപ്പെടുന്നു. നമ്മുടെ വിശുദ്ധിയാണ് അവന്റെ ലക്ഷ്യം, വിശുദ്ധിയില്‍ അവന്റെ സ്നേഹം നാം ഗ്രഹിക്കാനും അവനുദ്ദേശിക്കുന്നു.

ശബ്ബത്തിലെ സൌഖ്യം ദൈവപ്രവൃത്തിയുടെ സാരാംശത്തിന്റെ ഒരു ചിത്രമാണ്. യേശു കൃപ പ്രസംഗിക്കുകയും സ്നേഹത്തിന്റെ പ്രവൃത്തികള്‍ ചെയ്യുകയുമുണ്ടായി- ന്യായപ്രമാണത്തിനു വിരുദ്ധമായതാണ് അവന്റെ പ്രവൃത്തികളെന്നു തോന്നിയപ്പോഴും അവനങ്ങനെ പ്രവര്‍ത്തിച്ചു. ന്യായപ്രമാണത്തിന്റെ നിറവേറലാണു സ്നേഹം. സ്നേഹമില്ലാത്ത കപടഭക്തിയുടെ മുഖത്തടിച്ചതാണു ശബ്ബത്തിലെ സൌഖ്യം.

അപ്പോള്‍ യഹൂദന്മാര്‍ ഒച്ചയിട്ടു, "യേശു ശബ്ബത്തു ലംഘിക്കുന്നു! സഹായിക്കുക! ഉടമ്പടിയുടെ തൂണുകളിതാ തകരുന്നു. ന്യായപ്രമാണ ത്തിന്റെ ഈ ശത്രു ദൈവദൂഷണം പറയുന്നു, തന്നെത്താന്‍ പുതിയ നിയമദാതാവാക്കുന്നു, ഇതു നമ്മുടെ ജാതിക്ക് ആപത്താണ്."

നികൃഷ്ടരോടുള്ള യേശുവിന്റെ സ്നേഹം ആരെങ്കിലും ശ്രദ്ധിക്കുകയോ, ഭൂമിയില്‍ അവന്‍ വിജയിക്കുന്നതു കാണുകയോ ചെയ്തില്ല. അവര്‍ തങ്ങളുടെ മതഭ്രാന്തില്‍ അന്ധരായിത്തുടര്‍ന്നു. ഇത്തരം അസഹിഷ്ണുത നിമിത്തം യേശുവിനെ രക്ഷകനായി കാണാന്‍ ആളുകള്‍ക്കു കഴിയാത്തതില്‍ ആശ്ചര്യപ്പെടേണ്ടതില്ല.

ദൈവം തന്റെ പിതാവെന്നു യേശു പറഞ്ഞതു കേട്ട യഹൂദന്മാര്‍, അതു "ദൈവദൂഷണ''മെന്നു കരുതി യേശുവിനോടു കോപിച്ചു. ഇതിലൊരു വൈരുദ്ധ്യം അവര്‍ക്കനുഭവപ്പെട്ടു. അങ്ങനെ അവര്‍ ശബ്ദമുയര്‍ത്തി, "ദൈവം ഏകന്‍; അവനു പുത്രനില്ല. എങ്ങനെയാണു ദൈവത്തെ പിതാവെന്നു വിളിക്കാന്‍ യേശുവിനു കഴിയുക?"

ഈ നിലപാട് അവരുടെ അജ്ഞത വെളിപ്പെടുത്തുന്നതാണ്; അവര്‍ ജീവിക്കുന്നത് ആത്മാവിന്റെ പ്രചോദനത്തിലല്ല, തിരുവെഴുത്തില്‍ അവര്‍ ആഴ്ന്നിറങ്ങുന്നുമില്ല. ദൈവത്തിന്റെ പിതൃത്വത്തെക്കുറിക്കുന്ന പ്രവചനങ്ങള്‍ തിരുവെഴുത്തിലുണ്ട്. ഉടമ്പടിയുടെ ജനത്തെ ദൈവം വിളിച്ചിരിക്കുന്നത് "എന്റെ മകന്‍" (പുറപ്പാട് 4:22; ഹോശേയ 11:1) എന്നാണ്. അതേസമയം യഹൂദജാതി ദൈവത്തെ "പിതാവ്" എന്നു വിളിച്ചു (ആവര്‍ത്തനം 32:6; സങ്കീര്‍ത്തനം 103:13; യെശയ്യാവ് 63:16; യിരെമ്യാവ് 3:4,19;31:9). വിശ്വാസിയായ രാജാവിനെ ദൈവം വിളിച്ചത് "എന്റെ മകന്‍'' (2 ശമൂവേല്‍ 7:14) എന്നാണ്. എന്നാല്‍ ഉടമ്പടിജാതിയില്‍പ്പെട്ട ഒരൊറ്റ വ്യക്തിയും ദൈവത്തെ "പിതാവ്" എന്നു സംബോധന ചെയ്തിട്ടില്ല. യഹൂദമനസ്സിന് ഇത് അസാദ്ധ്യമായിരുന്നു, ഇതിനെ അങ്ങേയറ്റം അതിരുകടന്നതായി കണക്കാക്കുകയും ചെയ്തു. മശീഹായ യേശുവിന്റെ ഉത്ഭവം ദൈവികമായിരിക്കുമെന്നു യഹൂദന്മാര്‍ അറിഞ്ഞതാണ്, അവനാണു നിത്യജീവന്‍ നല്‍കുന്നതെന്നും അവര്‍ക്കറിയാമായിരുന്നു. യേശുവിനോടുള്ള അവരുടെ വെറുപ്പ് അവന്റെ മശീഹാ സ്ഥാനത്തിലുള്ള അവിശ്വാസത്തില്‍ പ്രകടമായി.

യേശുവിന്റെ വാക്കുകള്‍ കേട്ടു ഭീതിപ്പെട്ട യഹൂദന്മാരോടു യേശു പ്രതികരിച്ചത് ഇക്കാര്യം വ്യക്തമാക്കിക്കൊണ്ടാണ്. അതായത്, ജ്ഞാനത്തോടും സ്നേഹത്തോടുംകൂടെ പിതാവു ചെയ്യുന്ന അതേ പ്രവൃത്തികള്‍ തന്നെ യേശുവും ചെയ്യുന്നു. ഏതു കാര്യം ചെയ്യുന്നതിനും തനിക്കു കഴിവുണ്ടെന്നും, താന്‍ ദൈവത്തിനു സമനാണെന്നും യേശു ഉറപ്പിച്ചു പറഞ്ഞു. യഹൂദന്മാര്‍ അത്തരം ചിന്താഗതികളെ കഠിനമായും ക്രൂരമായും നേരിട്ടു. ദൈവത്തോടു തുല്യനായി നില്‍ക്കുന്നവര്‍ ആരായാലും അവരെ തകര്‍ത്തുകളയണം. മരണാര്‍ഹനായ ഒരു ദൈവദൂഷകനെന്ന നിലയില്‍ യഹൂദന്മാര്‍ യേശുവിനെ വെറുത്തു.

യോഹന്നാന്‍ 5:19-20
19ആകയാല്‍ യേശു അവരോട് ഉത്തരം പറഞ്ഞത്: ആമേന്‍, ആമേന്‍, ഞാന്‍ നിങ്ങളോടു പറയുന്നു: പിതാവു ചെയ്തുകാണുന്നതല്ലാതെ പുത്രനു സ്വതേ ഒന്നും ചെയ്യാന്‍ കഴിയുകയില്ല; അവന്‍ ചെയ്യുന്നതെല്ലാം പുത്രനും അവ്വണ്ണം തന്നെ ചെയ്യുന്നു. 20പിതാവു പുത്രനെ സ്നേഹിക്കുകയും താന്‍ ചെയ്യുന്നതൊക്കെയും അവനു കാണിച്ചുകൊടുക്കുകയും ചെയ്യുന്നു; നിങ്ങള്‍ ആശ്ചര്യപ്പെടുമാറ് ഇവയില്‍ വലിയ പ്രവൃത്തികളും അവനു കാണിച്ചുകൊടുക്കും.

യഹൂദന്മാരുടെ വെറുപ്പിനോടു യേശു സ്നേഹത്തോടെയാണു പ്രതികരിച്ചത്. ദൈവസ്നേഹത്തിന്റെ പ്രവൃത്തി ചൂണ്ടിക്കാട്ടിക്കൊണ്ട് അവരുടെ അനിഷ്ടത്തെ അവന്‍ എതിര്‍ത്തു. അതെ, പിതാവു ചെയ്യുന്നതുപോലെ പുത്രനും ചെയ്യുന്നു. യേശു തനിക്കായിത്തന്നെ ഒന്നും ചെയ്യുന്നില്ല. കാരണം, ഒരു കുഞ്ഞ്, പിതാവിനെ അടുത്തുകാണുന്നതുപോലെയാണു ദൈവവുമായുള്ള അവന്റെ അടുപ്പം. പിതാവിന്റെ പ്രവൃത്തി ഉറ്റുനോക്കി അതുപോലെ അവന്‍ ചെയ്യുന്നു. ഇങ്ങനെ അവന്‍ തന്നെത്താന്‍ എളിമപ്പെടുത്തി പിതാവിനു മഹത്വം മടക്കിക്കൊടുത്തു. അവന്‍ തന്റെ പിതാവിനെ ആദരിച്ചു. യേശു ചെയ്തതുപോലെ, പിതാവിന്റെ നാമം വിശുദ്ധീകരിക്കാന്‍ വിളിക്കപ്പെട്ട അപ്രയോജന ദാസന്മാരാണു നാമെന്ന യാഥാര്‍ത്ഥ്യം നമുക്കുള്‍ക്കൊള്ളാം.

സഹിഷ്ണുതയോടും എളിമയോടുംകൂടെ, പിതാവിന്റെ പ്രവൃത്തികള്‍ ചെയ്യാനുള്ള അധികാരം യേശുവിനു ലഭിച്ചു. പിതാവിന്റെ ഗുണവിശേഷങ്ങളും പ്രവൃത്തികളും യേശുവിന്റേതുംകൂടിയാണ്. സത്യവാനും നിത്യനും, എല്ലാം ചെയ്യാന്‍ കഴിയുന്നവനും സ്നേഹമുള്ളവനും മഹത്വമുള്ളവനു മായ ദൈവമാണവന്‍. ദൈവത്തോടുകൂടിയുള്ള അവന്റെ അടുപ്പം സമ്പൂര്‍ണ്ണമാണ്.

ക്രിസ്തു സ്വയം ത്യജിച്ചതുകൊണ്ടു പിതാവായ ദൈവം ക്രിസ്തുവിനെ സ്നേഹിക്കുകയും, അവനില്‍നിന്നു യാതൊന്നും മറച്ചുവയ്ക്കാതിരിക്കുകയും ചെയ്യുന്നു. പിതാവിന്റെ അവകാശങ്ങള്‍, പദ്ധതികള്‍, പ്രവൃത്തികള്‍ എന്നിവ പുത്രനുമായി പങ്കുവയ്ക്കുന്നു. ത്രിത്വത്തിന്റെ ഐക്യതയുടെ ഉറപ്പ് ഇവയില്‍ നാം വ്യക്തമായി കാണുന്നു - പ്രവൃത്തിയില്‍ സ്നേഹത്തിന്റെ ഒരു ഐക്യത. പിതാവും പുത്രനും പരിശുദ്ധാത്മാവും എല്ലാ കാര്യത്തിലും സഹകരിക്കുന്നതിനാല്‍, വിശുദ്ധ ത്രിത്വത്തിന്റെ പ്രവൃത്തിക്ക് അവസാനമില്ലെന്ന അറിവില്‍ നാം ആശ്വസിക്കണം - എല്ലാ യുദ്ധങ്ങള്‍ക്കും വെറു പ്പിനും മതഭ്രാന്തിനും വിരാമമിടുന്ന പ്രവൃത്തിയാണത്. സ്നേഹത്തിന്റെ പ്രവൃത്തിയും കര്‍മ്മനിയമത്തിന്റെ ഉദാസീനതയും തമ്മിലുള്ള വൈരുദ്ധ്യം എത്രയോ വലുതാണ്!

പ്രാര്‍ത്ഥന: സ്വര്‍ഗ്ഗീയ പിതാവേ, ഞങ്ങള്‍ക്കായി നിന്റെ പുത്രനെ അയച്ചതിനായി ഞങ്ങള്‍ നിനക്കു നന്ദിയര്‍പ്പിക്കുന്നു. അവന്റെ പ്രവൃത്തികളില്‍ നീ എന്താണു ചെയ്യുന്നതെന്നും, നീ ആരാണെന്നും നീ ഞങ്ങള്‍ക്കു കാണിച്ചുതന്നു. സ്നേഹത്തിന്റെ പ്രവൃത്തികള്‍ തിരഞ്ഞെടുക്കാന്‍ കര്‍മ്മാചാരങ്ങളില്‍നിന്നു ഞങ്ങളെ വിടുവിക്കണമേ. മതഭ്രാന്തിനെക്കുറിച്ചു ഞങ്ങള്‍ അനുതപിക്കട്ടെ, ആത്മീയമായ അന്ധത ബാധിച്ചിരിക്കുന്നവര്‍ നിന്റെ സ്നേഹത്തിന്റെ സ്വാതന്ത്യ്രം കാണാനായി ഞങ്ങള്‍ അപേക്ഷിക്കുന്നു, നിന്റെ സൌമ്യമായ അനുസരണത്തില്‍ അവര്‍ നിനക്കു കീഴടങ്ങട്ടെ.

ചോദ്യം:

  1. എങ്ങനെ, എന്തുകൊണ്ടാണു ദൈവം തന്റെ പുത്രനോടൊപ്പം പ്രവര്‍ത്തിക്കുന്നത്?

www.Waters-of-Life.net

Page last modified on May 10, 2012, at 10:33 AM | powered by PmWiki (pmwiki-2.3.3)