Previous Lesson -- Next Lesson
ര) സുവിശേഷത്തിന്റെ സാക്ഷ്യം യിസ്രായേല്‍മക്കളുടെ മദ്ധ്യേ വിളംബരം ചെയ്യേണ്ടതിന്റെ ആത്യന്തികമായ അനിവാര്യത (റോമര്‍ 10:9-15)
റോമര്‍ 10:9-15
9 യേശുവിനെ കര്‍ത്താവെന്ന് വായികൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്പിച്ചു എന്ന് 10 ഹൃദയം കൊണ്ട് വിശ്വസിക്കുകയും ചെയ്താല്‍ നീ രക്ഷിക്കപ്പെടും. ഹൃദയംകൊണ്ട് നീതിക്കായി വിശ്വസിക്കുകയും വായികൊണ്ട് രക്ഷയ്ക്കായി ഏറ്റുപറയുകയും ചെയ്യുന്നു. 11 "അവനില്‍ വിശ്വസിക്കുന്നവന്‍ ഒരുത്തനും ലജ്ജിച്ചുപോകയില്ല" എന്ന് തിരുവെഴുത്തില്‍ അരുളിച്ചെയ്യുന്നുവല്ലോ. 12 യഹൂദന്‍ എന്നും യവനന്‍ എന്നും വ്യത്യാസമില്ല. എല്ലാവര്‍ക്കും കര്‍ത്താവ് ഒരുവന്‍ തന്നെ; അവന്‍ തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവര്‍ക്കും നല്കുവാന്‍ തക്കവണ്ണം സമ്പന്നന്‍ ആകുന്നു. 13 "കര്‍ത്താവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും" എന്നുണ്ടല്ലോ. 14 എന്നാല്‍ അവര്‍ വിശ്വസിക്കാത്തവനെ എങ്ങനെ വിളിച്ചപേക്ഷിക്കും? അവര്‍ കേട്ടിട്ടില്ലാത്തവനില്‍ എങ്ങനെ വിശ്വസിക്കും? പ്രസംഗിക്കുന്നവന്‍ ഇല്ലാതെ എങ്ങനെ കേള്‍ക്കും? 15 ആരും അയയ്ക്കാതെ എങ്ങനെ പ്രസംഗിക്കും? "നന്മ സുവിശേഷിക്കുന്നവരുടെ കാല്‍ എത്ര മനോഹരം" എന്ന് എഴുതിയിരിക്കുന്നുവല്ലോ.
യഹൂദപശ്ചാത്തലത്തില്‍നിന്നും ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവരായി റോമിലുള്ള സഭയോടുള്ള ആത്മീയ പോരാട്ടത്തില്‍ പൌലോസപ്പോസ്തലന്റെ പോരാട്ടം ഇവിടെ തുടരുകയാണ്. പ്രസംഗത്തിന് വിവിധ ഘട്ടങ്ങളും വിവിധ ഘടകങ്ങളുമുണ്ടെന്ന് അവന്‍ അവരോട് പ്രസ്താവിക്കുന്നു. മനുഷ്യന്‍ വിശ്വസിക്കുന്നത് ഹൃദയത്തിലായതുകൊണ്ട് യഥാര്‍ത്ഥ വിശ്വാസത്തിന്റെ ഉറവിടം ഹൃദയമാണ്. ആരില്‍ വിശ്വസിക്കുന്നുവോ അവനോട് സമ്പൂര്‍ണ്ണമായും ഏകീഭവിച്ച് ഒന്നായിത്തീരുന്ന വിശ്വാസമാണത്.
വിശ്വാസത്തോടൊപ്പം സാക്ഷ്യവിളംബരവും അനിവാര്യമാണ്. സത്യം ഇരുട്ടിനെ മാറ്റിക്കളയണമല്ലോ. വിശ്വാസവും സാക്ഷ്യവും പരസ്പരപൂരകമാണ്. സാക്ഷ്യം വിശ്വാസത്തെ പ്രഖ്യാപിക്കലാണ്. ഒരു വശത്ത് വിശ്വാസികള്‍ക്ക് അത് മനസ്സിലാക്കാന്‍ കഴിയും, മറുവശത്ത് സാക്ഷ്യം പറയുന്നവന് തന്റെ വിശ്വാസത്തില്‍നിന്ന് കൂടുതല്‍ പ്രാപിപ്പാനും ഇടവരും.
വിശ്വാസത്തിന്റെ നിര്‍ണ്ണയത്തിന് പൌലോസും, ഇതര സാക്ഷികളും മുമ്പോട്ടുവയ്ക്കുന്ന (നിര്‍ദ്ദേശിക്കുന്ന) ചില പ്രമാണങ്ങളും ഉപദേശകങ്ങളുമുണ്ട്.
- യേശു കര്‍ത്താവാകുന്നു. ഈ പ്രപഞ്ചത്തിന്റെ ഉടമസ്ഥനാണവന്‍. സകല അധികാരവും അവന് നല്കപ്പെട്ടിരിക്കുന്നു. "ഞാന്‍ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലതുഭാഗത്തിരിക്ക എന്ന് കര്‍ത്താവ് എന്റെ കര്‍ത്താവിനോട് അരുളിച്ചെയ്യുന്നു" എന്ന് ദാവീദ് സാക്ഷ്യം പറയുന്നു. (സങ്കീ. 110:1). സിംഹാസനത്തില്‍ ഉപവിഷ്ടനായിരിക്കുന്ന ദൈവകുഞ്ഞാടിനെക്കുറിച്ച് അപ്പോസ്തലനായ യോഹന്നാന്‍ വിശദമാക്കിയിട്ടുണ്ട് (വെളി. 5:1-14). മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവിന്റെ മഹത്വത്തെ വര്‍ണ്ണിച്ചുകൊണ്ട് പൌലോസ് പറയുന്നു: "അതുകൊണ്ട് യേശുവിന്റെ നാമത്തിങ്കല്‍ സ്വര്‍ല്ലോകരുടെയും, ഭൂലോകരുടെയും, അധോലോകരുടെയും മുഴങ്കാല്‍ ഒക്കെയും മടങ്ങുകയും, എല്ലാ നാവും യേശുക്രിസ്തു കര്‍ത്താവ് എന്ന് പിതാവിന്റെ മഹത്വത്തിനായി ഏറ്റുപറയുകയും ചെയ്യേണ്ടിവരും" (ഫിലി. 2:5-11). 'യേശു കര്‍ത്താവ്' എന്ന പ്രസ്താവന ക്രിസ്തീയ വിശ്വാസത്തിന്റെ നട്ടെല്ലാണ്. ദൈവിക ത്രിത്വ ഐക്യതയിലെ സത്യദൈവമാണ് ക്രിസ്തു എന്നത്രെ അതിന്റെ അര്‍ത്ഥം. സ്വര്‍ഗ്ഗീയപിതാവിനോടുള്ള സമ്പൂര്‍ണ്ണമായ ഐക്യതയിലാണ് അവന്‍ വാഴുകയും ജീവിക്കുകയും ചെയ്യുന്നത്.
- പരിശുദ്ധനായ ദൈവം ക്രൂശിക്കപ്പെട്ടവനായ ക്രിസ്തുവിനെ മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്പിച്ചു എന്നുള്ളതാണ് ക്രിസ്തുവിന്റെ മഹത്വീകരണത്തിന്റെ അടിസ്ഥാനം. ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാനത്തൂണുകളില്‍ രണ്ടാമത്തേത് അവന്റെ പുനരുത്ഥാനമാണ്. മനുഷ്യപുത്രന്‍ ഉയിര്‍ത്തിരുന്നില്ലെങ്കില്‍ അവന്റെ ശരീരം ദ്രവത്വം കാണുമായിരുന്നു. എന്നാല്‍ അവന്‍ മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റ് ആത്മിക ശരീരവുമായി കല്ലറയെ വിട്ടുപുറത്തുവന്നു. ലോകത്തിലെ ഇതര മതനേതാക്കന്മാരുടെയെല്ലാം ശവശരീരങ്ങള്‍ അവരവരുടെ കല്ലറകളില്‍ ഇന്നും നിദ്രകൊള്ളുമ്പോള്‍ യേശുക്രിസ്തു മാത്രം മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റ് ജീവിക്കുന്നു. യേശുക്രിസ്തുവിന്റെ പുനരുത്ഥാനം അവന്റെ പരിശുദ്ധിക്കും, വിജയത്തിനും, ശക്തിക്കും, സമ്പൂര്‍ണ്ണമായ രക്ഷയ്ക്കു ഉത്തമമായ തെളിവാണ്.
- ഈ വസ്തുത ഹൃദയത്തില്‍ അംഗീകരിച്ച് ഏറ്റുപറയുന്ന ഏവനും രക്ഷിക്കപ്പെടും. യേശുക്രിസ്തു ജയാളിയെന്ന് ധൈര്യത്തോടും സന്തോഷത്തോടും സാക്ഷിക്കുവാന്‍ ഒരു വിശ്വാസിയെ സഹായിക്കുന്നത് രക്ഷയുടെ ഈ നിശ്ചയമാണ്. തന്റെ സാക്ഷ്യത്തിലൂടെ ജീവനും, ആത്മാവിനും, ക്രിസ്തുവിന്റെ സമാധാനത്തിനും അവന്‍ പങ്കാളിയായിത്തീരുകയാണ്. യേശുക്രിസ്തുവില്‍ അടിസ്ഥാനമിട്ട് അവനില്‍ ആശ്രയിക്കുന്ന യാതൊരുവനും ലജ്ജിച്ചുപോകയില്ല.
- വര്‍ദ്ധിച്ചുവരുന്ന ഈ നിര്‍ണ്ണയത്തില്‍ ഉറച്ചുനിന്നുകൊണ്ട് പൌലോസ് പറയുന്നു: യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നവന്‍ ദൈവത്താല്‍ നീതീകരിക്കപ്പെട്ടും, പാപത്തില്‍നിന്നുള്ള സ്വാതന്ത്യ്രം പ്രാപിച്ചും, അന്ത്യന്യായവിധിയില്‍നിന്ന് വിടുതലുള്ളവനായും, ദൈവത്തിന്റെ കുടുംബത്തിലെ അംഗമായി പ്രവേശനം ലഭിച്ചും, ക്രിസ്തുവിന്റെ ശരീരത്തോട് ഒട്ടിക്കപ്പെട്ടും ഇരിക്കുന്നു. അവന്റെ വിശ്വാസത്തിന്റെ സാക്ഷ്യത്താല്‍ സമ്പൂര്‍ണ്ണമായ രക്ഷയും നീതീകരണവും അവന് ലഭിക്കുന്നു. ദൈവത്തിനു സ്വീകാര്യനായി നീതീകരിക്കപ്പെട്ട പാപിയാണവന്‍. സാക്ഷ്യം രക്ഷയുടെ കാരണമല്ല; എന്തെന്നാല്‍ വിശ്വാസത്താലാണല്ലോ നീതീകരിക്കപ്പെടുന്നത്. അവന്റെ രക്ഷ പ്രായോഗിക തലത്തില്‍ സ്പഷ്ടതയോടെ പക്വത പ്രാപിക്കത്തക്കവിധം തനിക്ക് നല്കപ്പെട്ട നീതീകരണത്തെ അതിന്റെ ആഴത്തില്‍ ഗ്രഹിക്കുവാന്‍ ആ സാക്ഷ്യം സഹായമായിത്തീരുന്നു. രക്ഷയും നീതീകരണവും ക്രിസ്തുവില്‍നിന്നത്രെ പ്രാപിക്കുന്നത്. തന്റെ രക്ഷിതാവിനോടുള്ള സാക്ഷ്യത്തിലൂടെ അവനത് സ്വായത്തമാക്കുന്നു എന്നു മാത്രം.
- പുതിയനിയമത്തിലെ ഈ വിശ്വാസത്തെയും, കൃപയാല്‍ മാത്രം പ്രാപ്യമാക്കാന്‍ കഴിയുന്ന നീതീകരണത്തെയും ചൂണ്ടിക്കാണിച്ചശേഷം മറ്റൊരു പ്രഹരത്തിനു തയ്യാറാവുകയാണ് പൌലോസ്. അതായത് യഹൂദനും യവനനും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല; ഇരു കൂട്ടരും രക്ഷിക്ക പ്പെടുന്നതും പുതുമനുഷ്യരായിത്തീരുന്നതും കൃപയാലത്രെയാകുന്നു. ഇരുകൂട്ടരുടെയും രക്ഷിതാവും വീണ്ടെടുപ്പുകാരനും ഒരാള്‍ തന്നെ. യഹൂദന്മാര്‍ രക്ഷപ്രാപിക്കുന്നത് അബ്രഹാമിലൂടെയോ മോശെയിലൂടെയോ അല്ല; യേശുക്രിസ്തുവിലൂടെ മാത്രമാണ്. യേശുക്രിസ്തുവിന്റെ രക്ഷ, ശക്തി, ജീവന്‍ ഇതെല്ലാം യഹൂദനും യവനനും ഒരേ വിധം ലഭിക്കുന്നു. ലോകത്തിന്റെ പാപത്തെ ചുമന്നൊഴിച്ച ദൈവകുഞ്ഞാടായ യേശുവല്ലാതെ, സകലമനുഷ്യരുടെയും പാപത്തിനു പ്രായശ്ചിത്തമായി ക്രൂശിക്കപ്പെട്ട മറ്റൊരുവനുമില്ല.
- യേശുക്രിസ്തു സമ്പന്നനാണെന്നും തന്നോടപേക്ഷിക്കുന്നവരെയെല്ലാം ഈ ആത്മിക ധനത്തിന് അവന്‍ പങ്കാളികളാക്കുന്നുവെന്നും പൌലോസ് വ്യക്തമാക്കുന്നു (റോമര്‍ 10:12-13). വിശുദ്ധന്മാരോടോ കന്യകമറിയത്തോടോ ഒന്നും മദ്ധ്യസ്ഥതയുടെ ആവശ്യമില്ലാതെ യേശുക്രിസ്തുവിനോട് വ്യക്തിപരമായി ഏര്‍പ്പെടുന്ന ഏവനും അവന്‍ പരിശുദ്ധാത്മാവിനെയും, ശക്തിയെയും, നിത്യസ്നേഹത്തെയും പ്രദാനം ചെയ്യുന്നു. രക്ഷയ്ക്കും, വിശുദ്ധീകരണത്തിനും, വീണ്ടെടുപ്പിനുംവേണ്ടി നിങ്ങള്‍ അപേക്ഷിച്ചിട്ടല്ലാതെ മറ്റു മാര്‍ഗ്ഗമില്ല. കൃപ ഏവര്‍ക്കുമായി നല്കപ്പെട്ടുവെങ്കിലും അത് അന്വേഷിച്ചു പ്രാപ്യമാക്കേണ്ടത് നമ്മുടെ ആവശ്യമാണ്. പ്രാര്‍ത്ഥനയിലൂടെ അബ്ബാ പിതാവേ എന്നു വിളിക്കുന്ന പരിശുദ്ധാത്മാവിന്റെ ശബ്ദം നമുക്ക് കേള്‍ക്കുവാന്‍ കഴിയും (റോമര്‍ 8:15-16).
റോമര്‍ 10:15
15 ആരും അയയ്ക്കാതെ എങ്ങനെ പ്രസംഗിക്കും? "നന്മ സുവിശേഷിപ്പിക്കുന്നവരുടെ കാല്‍ എത്ര മനോഹരം'' എന്ന് എഴുതിയിരിക്കുന്നുവല്ലോ.
ദൈവകുഞ്ഞാടിനോട് നമ്മുടെ പാപങ്ങളെ ഏറ്റുപറയുവാനും, തന്റെ മരണപുനരുത്ഥാനങ്ങള്‍ക്കും വരുവാനുള്ള ദൈവക്രോധത്തില്‍നിന്ന് നമ്മെ രക്ഷിപ്പാനുള്ള അവന്റെ ഒരുക്കത്തിനായി അവന് നന്ദി പറയുവാനും പരിശുദ്ധാത്മാവ് നമ്മെ അഭ്യസിപ്പിക്കുന്നു.
പ്രാര്‍ത്ഥിക്കുന്ന ആത്മാവ് സ്വാര്‍ത്ഥതയുള്ളതായിരിക്കുവാന്‍ പാടില്ല. ക്രിസ്തുവില്‍ വിശ്വസിക്കുന്നവന്‍ തനിക്കുവേണ്ടി മാത്രമല്ല, ആശ്വാസദായകനായ പരിശുദ്ധാത്മാവ് നമ്മുടെ ഓര്‍മ്മയില്‍ കൊണ്ടുവരുന്ന സകലര്‍ക്കുംവേണ്ടി പ്രാര്‍ത്ഥിക്കണം. ക്രൈസ്തവികതയുടെ പ്രാരംഭത്തില്‍ യിസ്രായേല്‍മക്കള്‍ ജാതികളില്‍ ചിതറിപ്പോയവര്‍ക്കുവേണ്ടി ഈ നിലയില്‍ പ്രാര്‍ത്ഥിക്കുമായിരുന്നു. അതേ നിലയില്‍ നാമും ഇന്ന് യഹൂദന്മാര്‍ക്കും മുസ്ലിംകള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കണം. ദൈവകുഞ്ഞാടില്‍നിന്നുതന്നെ ഉയര്‍ന്നുപൊങ്ങുന്ന പ്രസംഗമായിരിക്കണം ആത്മാവിന്റെ താല്‍പര്യം (അ. പ്ര. 1:8; വെളി. 5:6).
- സുവിശേഷം പ്രചരിപ്പിക്കേണ്ടത് എങ്ങനെ, തങ്ങള്‍ ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ടവരാണെന്നുള്ള ചിന്തയെ എപ്രകാരം മറികടക്കാം, പരിശുദ്ധാത്മാവ് വിവേകത്തോടെ പ്രവര്‍ത്തിപ്പാന്‍ ഏതുവിധം അവരെ നടത്തുന്നു ഇത്യാദി കാര്യങ്ങള്‍ പൌലോസ് എബ്രായ പശ്ചാത്തലത്തില്‍നിന്ന് വന്ന ഈ വിശ്വാസികള്‍ക്ക് വിശദമാക്കിക്കൊടുത്തു.
ക്രിസ്തുവില്‍ വിശ്വസിക്കുന്നില്ലെങ്കില്‍ എങ്ങനെയാണ് അവിശ്വാസികളെ കര്‍ത്താവ് വിളിക്കുക? അവനെക്കുറിച്ച് വിശദമായി കേട്ടിട്ടല്ലാതെ എങ്ങനെ വിശ്വസിക്കും? വിശ്വസ്തനായ ഒരു പ്രസംഗിയില്ലാതെ എങ്ങനെ അവര്‍ കേള്‍ക്കും? ക്രിസ്തുവിനാല്‍ അയയ്ക്കപ്പെട്ടിട്ടല്ലാതെ എങ്ങനെ പ്രസംഗിക്കും? അവിശ്വാസികളെ മാത്രമല്ല കുറ്റപ്പെടുത്തേണ്ടത്; തങ്ങള്‍ക്ക് അനുഭവമായ രക്ഷയുടെ സുവിശേഷം അവരോട് പറയാത്തവരും ഒരുപോലെ കുറ്റക്കാരാണ്. നെടുവീര്‍പ്പോടെയാണ് യെശയ്യാവിനു നല്കപ്പെട്ട കര്‍ത്താവിന്റെ വചനം പൌലോസ് ഇവിടെ പരാമര്‍ശിക്കുന്നത്: "സമാധാനത്തെ ഘോഷിച്ചു നന്മയെ സുവിശേഷിക്കുകയും, രക്ഷയെ പ്രസിദ്ധമാക്കുകയും സീയോനോട്: നിന്റെ ദൈവം വാഴുന്നു എന്നു പറയുകയും ചെയ്യുന്ന സുവാര്‍ത്താദൂതന്റെ കാല്‍ പര്‍വ്വതങ്ങളിന്മേല്‍ എത്ര മനോഹരം'' (യെശ. 52:7).
പൌലോസിന്റെ വിശദീകരണപ്രകാരം ഇവിടെപ്പറയുന്ന ഈ സദ്വര്‍ത്തമാനത്തില്‍ യേശു ജീവിക്കുന്നു, വാഴുന്നു, അവന്റെ രക്ഷ എല്ലായിടവും അറിയിക്കുന്നു എന്നുള്ള ഏറ്റുപറച്ചിലുണ്ട്. യേശുക്രിസ്തുവിലുള്ള ദൈവരാജ്യമാണ് വിശ്വാസിയുടെ സന്തോഷത്തിന്റെ കാരണം. ക്രിസ്തു വാഴുന്നു; ജയാളിയായിരിക്കുന്നു എന്നുള്ളതില്‍ ഇന്ന് സന്തോഷിക്കുന്നത് ആരാണ്? നാമെല്ലാവരും വിശ്വാസത്തില്‍ അലസരും ക്ഷീണിതരുമായിപ്പോയോ? നിന്റെ രാജ്യം വരണമേ എന്ന പ്രാര്‍ത്ഥനയുടെ പ്രതികരണത്തെ ഇന്ന് ആരാണ് വിശ്വസിക്കുന്നത്? അതെ കര്‍ത്താവേ, അവിടുത്തെ രാജ്യം ഞങ്ങളുടെ ദേശത്ത് സ്ഥാപിതമാക്കണമേ.
പ്രാര്‍ത്ഥന: സ്വര്‍ഗ്ഗീയപിതാവേ, അവിടുന്നു യേശുവിനെ സ്വര്‍ഗ്ഗത്തിലേക്ക് ഉയര്‍ത്തി, കര്‍ത്താധികര്‍ത്താവും രാജാധിരാജാവുമാക്കിയതുകൊണ്ട് ഞങ്ങള്‍ നിന്നെ സ്തുതിക്കുന്നു. കര്‍ത്താവേ, അവന്‍ മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റ് അവിടുത്തെ വലത്തുഭാഗത്തിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം ജ്ഞാനത്തോടെ പരസ്യമായി ഏറ്റുപറയുവാനും കേള്‍ക്കുന്നവരില്‍ നിത്യജീവന്റെ ഫലം ഉണ്ടാകുവാനും സംഗതിയാക്കണമേ.
ചോദ്യങ്ങള്‍:
- വിശ്വാസവും സാക്ഷ്യവും തമ്മിലുള്ള ബന്ധം എന്ത്?
- അപ്പോസ്തലനായ പൌലോസിന്റെ വീക്ഷണത്തില്‍ വിശ്വാസവും സാക്ഷ്യവും ക്രമേണ അഭിവൃദ്ധിപ്പെട്ടുവരുന്നത് എങ്ങനെ?