Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- Romans - 012 (The Wrath of God against the Nations)
This page in: -- Afrikaans -- Arabic -- Armenian -- Azeri -- Bengali -- Bulgarian -- Cebuano -- Chinese -- English -- French -- Georgian -- Greek -- Hausa -- Hebrew -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- MALAYALAM -- Polish -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Turkish -- Urdu? -- Yiddish -- Yoruba

Previous Lesson -- Next Lesson

റോമര്‍ - കര്‍ത്താവ് നമ്മുടെ നീതി
റോമര്‍ക്ക് എഴുതിയ ലേഖനം ഒരു പഠനം
ഭാഗം ഒന്ന് - ദൈവത്തിന്റെ നീതി പാപികളെ ശിക്ഷിക്കുന്നു; ക്രിസ്തുവില്‍ വിശ്വസിക്കുന്നവരെ നീതീകരിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന് (റോമര്‍ 1:18 - 8:39)
മ - സര്‍വ്വലോകവും ദുഷ്ടന്റെ അധീനതയില്‍ കിടക്കുന്നു; ദൈവം സകലരെയും തന്റെ നീതിയില്‍ വിധിക്കും (റോമര്‍ 1:18 - 3:20)

1. ജാതികള്‍ക്കെതിരെ ദൈവക്രോധം വെളിപ്പെടുന്നു (റോമര്‍ 1:18-32)


റോമര്‍ 1:24-25
24 അതുകൊണ്ട് ദൈവം അവരെ തങ്ങളുടെ ഹൃദയങ്ങളിലെ മോഹങ്ങളില്‍ സ്വന്തശരീരങ്ങളെ തമ്മില്‍ തമ്മില്‍ അപമാനിക്കേണ്ടതിന് അശുദ്ധിയില്‍ ഏല്പിച്ചു. 25 ദൈവത്തിന്റെ സത്യം അവര്‍ വ്യാജമാക്കി മാറ്റിക്കളഞ്ഞു, സൃഷ്ടിച്ചവനെക്കാള്‍ സൃഷ്ടിയെ ഭജിച്ച് ആരാധിച്ചു; അവന്‍ എന്നേക്കും വാഴ്ത്തപ്പെട്ടവന്‍, ആമേന്‍.

ദൈവക്രോധത്തിന്റെ വെളിപ്പാടിന്റെ ആദ്യത്തെ പടി 24-ാം വാക്യത്തില്‍ കാണാം. ദൈവത്തെ അറിഞ്ഞുവെങ്കിലും അവനെ ബഹുമാനിക്കാത്ത ഏവനെയും പരിശുദ്ധനായ ആ ന്യായാധിപന്‍ തങ്ങളുടെ സ്വന്തഹൃദയങ്ങളിലെ മോഹങ്ങളില്‍ തമ്മില്‍ തമ്മില്‍ അശുദ്ധരാകുവാന്‍ തക്കവണ്ണം തള്ളിക്കളഞ്ഞു. അവരുടെ അനുസരണക്കേടു നിമിത്തം അവര്‍ ആത്മീയ അന്ധതയിലായി. പ്രപഞ്ചത്തിന്റെ കേന്ദ്രമായി ദൈവത്തെ കാണാതെ അവരെ കേന്ദ്രമായി കണ്ടുകൊണ്ടൊരു ജീവിതം അവര്‍ ആരംഭിച്ചു. ദൈവത്തെ സ്നേഹിക്കാത്ത ഏവരിലും 'ഞാന്‍' എന്ന ആ ഭാവമുണ്ട്. ആ നിലയില്‍ അവരുടെ ജീവിതഗതി മാറിയിട്ട് അവരുടെ ജീവിതാന്ത്യം ദൈവത്തില്‍നിന്നകന്ന് സ്വയത്തിലായിത്തീരുന്നു. ദൈവത്തിന്റെ ആസ്തിക്യത്തെ നിഷേധിച്ച് അവനോടുള്ള ഉത്തരവാദിത്വങ്ങളെ ത്യജിച്ചുപറഞ്ഞ് ജഡിക ഉല്ലാസങ്ങള്‍ക്കും മോഹങ്ങള്‍ക്കും മാത്രമായി അവര്‍ ജീവിക്കുന്നു.

മനുഷ്യന്റെ ഇച്ഛ പാപത്തിനടിമപ്പെടുന്നിടത്ത് പാപം സൈദ്ധാന്തികമായി മാത്രമല്ല, പ്രായോഗികമായും പ്രത്യക്ഷപ്പെടുന്നു. മലിനമായിത്തീരുന്ന ഏതു പാപവും ശരീരത്തിനു വെളിയില്‍ ചെയ്യപ്പെടുന്നു. ഏതുവിധ അശുദ്ധിക്ക് എതിരെയും നിങ്ങളുടെ മനസ്സാക്ഷി പ്രതിഷേധിക്കുന്നു; എന്തെന്നാല്‍ പാപം പ്രായോഗികമാവുക വഴി നിങ്ങളിലുള്ള ദൈവസാദൃശ്യത്തെയാണ് നിങ്ങള്‍ മലിനപ്പെടുത്തുന്നത്. നിങ്ങളുടെ ശരീരം ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ ആലയമാണ്. അതുകൊണ്ട് ശരീരത്തിനു വിരോധമായ ഏതു പാപവും, അതായത് ദൈവസാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ട ഈ ശരീരം അശുദ്ധിക്കും അപമാനത്തിനുമായി സമര്‍പ്പിക്കുന്നത് പരിശുദ്ധാത്മാവിന്റെ ആലയത്തെ മലിനമാക്കുന്ന പ്രവൃത്തിയാണ്.

അശുദ്ധിയുടെ പടികളുണ്ട്. മനുഷ്യന്‍ ദൈവത്തില്‍നിന്നകലുമ്പോള്‍ അവന്‍ സാധാരണത്വത്തില്‍നിന്നും അസാധാരണത്വത്തിലേക്ക് വഴുതി വീഴുകയും അനീതിയെ നീതിയായി പരിഗണിക്കുകയും ചെയ്യും. ദൈവത്തിന്റെ സത്യത്തെ മറിച്ചുകളയുക എന്നത് മനസ്സാക്ഷിയില്ലാത്ത പാപമാണ്. വഷളന്‍ വ്യത്യസ്തനായ ഒരു വ്യക്തിയാണ്. അവന്‍ മറ്റുള്ളവരെ മലിനപ്പെടുത്തുകയും സ്വന്തമോഹങ്ങള്‍ക്ക് അടിമപ്പെടുകയും ചെയ്യുന്നു. പരീക്ഷയുടെയും, ശരീരാത്മദേഹികളുടെ മാലിന്യത്തിന്റെയും, ദൈവത്തിന്റെ ആത്മാവിനെ കൂടാതെയുള്ള ജീവിതത്തില്‍ നിന്നും ബഹിര്‍ഗമിക്കുന്ന ശാപത്തിന്റെയും സമുദ്രം എത്രയോ ആഴമേറിയതാണ്! പാപം ആദ്യമേ മധുരവും സന്തുഷ്ടവുമായി അനുഭവപ്പെടും. എന്നാല്‍ അത് നാം പ്രായോഗികതയില്‍ വരുത്തുമ്പോള്‍, അതിനോട് നമുക്ക് മടുപ്പ് തോന്നുകയും നമ്മില്‍ത്തന്നെ നാം ലജ്ജിക്കുകയും ചെയ്യും. അതുപോലെ തങ്ങളുടെ മ്ളേച്ഛതകളെ അന്ത്യനാളിലെ ന്യായവിധിയില്‍ അനാവരണം ചെയ്യുമ്പോള്‍ അനേകര്‍ നാണംകൊണ്ട് ലജ്ജിതരായിത്തീരും.

പാപത്തിന്റെ സാരാംശം അധര്‍മ്മമല്ല, മറിച്ച് തെറ്റായ ആരാധനയാകണ്. ദൈവത്തില്‍നിന്നുള്ള അകല്‍ച്ച മനുഷ്യന്റെ ആന്തരീകാവസ്ഥയെ മലിനപ്പെടുത്തുന്നു; കാരണം ദൈവത്തില്‍നിന്നകലുന്ന മാത്രയില്‍ത്തന്നെ, നിയോഗമില്ലാത്ത ഒരു ജീവിതമാണവനു പിന്നീടുള്ളത്. ദൈവത്തെ തിരിച്ചറിയാത്ത ഏവനും തനിക്കുവേണ്ടി ഒരു വിഗ്രഹത്തെ കണ്ടെത്തുവാന്‍ നിര്‍ബന്ധിതനായിത്തീരുന്നു; കാരണം നടത്തിപ്പു കൂടാതെ ജീവിക്കുവാന്‍ അവനു കഴിയില്ല. മനുഷ്യന്‍ ആരാധിക്കുന്ന ഏതു മൂര്‍ത്തിയും ഭോഷ്ക്കാണ്; നശിക്കുന്നതാണ്; മനുഷ്യന്റെ കൈവേലയാണ്. ജീവിതവും നിത്യതയും തമ്മില്‍ തിരിച്ചറിയുവാന്‍ മനുഷ്യനു കഴിഞ്ഞാല്‍, പിന്നെ അവന്‍ പണത്തിനും, ആത്മാക്കള്‍ക്കും, പുസ്തകങ്ങള്‍ക്കും, ആളുകള്‍ക്കും അിമയാകയില്ല.

നമ്മുടെ ആദരവും ബഹുമാനവും അര്‍ഹമായ ഒരുവനുണ്ട്. അവന്‍ സര്‍വ്വശക്തനാണ്; സര്‍വ്വജ്ഞാനിയും, തന്റെ സൃഷ്ടികളോട് ദയയുള്ളവനുമായ അവനെ കൂടാതെ യാതൊന്നും സംഭവിക്കയില്ല. അവന്‍ ഏറ്റവും ഉയര്‍ത്തപ്പെട്ടവനും തെറ്റുപറ്റാത്തവനുമാണ്. അവനില്‍ യാതൊരു അനീതിയുമില്ല. അവന്റെ സ്തുതി എപ്പോഴും നമ്മുടെ അധരങ്ങളിന്മേല്‍ ഇരിക്കട്ടെ. അവന്റെ സ്നേഹം ഓരോ ദിവസവും പുതുമയുള്ളതാണ്. അവന്റെ വിശ്വസ്തത ഏറ്റവും ശ്രേഷ്ഠമാണ്. അവന് മരണമില്ല, മാറ്റമില്ല; അവിടുത്തെ അജയ്യമായ സഹിഷ്ണുതയില്‍ അവന്‍ നമ്മെ പരിപാലിക്കുന്നു. എല്ലാ വ്യക്തികളും സ്രഷ്ടാവിങ്കലേക്ക് തിരിയണം. അപ്പോള്‍ മാത്രമേ ജീവിതത്തിന് ഒരു അടിസ്ഥാനവും, വിലയും, പ്രത്യാശയുടെ ലക്ഷ്യവും കണ്ടെത്താനാവൂ.

സ്രഷ്ടാവ് എന്നേക്കും വാഴ്ത്തപ്പെട്ടവന്‍, ആമേന്‍ എന്ന ആശീര്‍വ്വാദത്തോടെയാണ് പൌലോസ് ഈ പ്രസ്താവനയും, പ്രാര്‍ത്ഥനയോടും സാക്ഷ്യത്തോടെയുമുള്ള പ്രഭാഷണവും അവസാനിപ്പിക്കുന്നത്. ആമേന്‍ എന്നാല്‍ "എപ്രകാരമോ അപ്രകാരം തന്നെ'' എന്നര്‍ത്ഥം. സത്യമായി, തറപ്പിച്ചുപറയട്ടെ, ദൈവത്തെ മറ്റാരോടും താരതമ്യം ചെയ്യാനാവില്ല. നമ്മുടെ ജീവിതവും മനസ്സും ആരോഗ്യമുള്ളതും പ്രയോജനമുള്ളതും ആയിത്തീരുവാന്‍ തക്കവണ്ണം അവന്റെ ദിവ്യത്വം മാത്രം നമ്മുടെ ചിന്തകളുടെയും, പദ്ധതികളുടെയും, പ്രവൃത്തികളുടെയും ലക്ഷ്യമായിരിക്കട്ടെ. ദൈവത്തെ കൂടാതെയുള്ള ലോകം ഒരു കുട്ടിനരകമാണ്; എന്തെന്നാല്‍ ജഡമോഹങ്ങള്‍ക്കേല്പിച്ചുകൊടുത്തിട്ടുള്ളവര്‍ ലജ്ജാകരമായ അശുദ്ധിയാല്‍ തങ്ങളെത്തന്നെ മലിനപ്പെടുത്തുന്നു.

പ്രാര്‍ത്ഥന: പരിശുദ്ധനായ ദൈവമേ, അവിടുന്നു നിത്യനും, പരിശുദ്ധനും, നീതിമാനുമാകയാല്‍ ഞങ്ങള്‍ നിന്നെ ആരാധിക്കുന്നു. നീ ഞങ്ങളെ ഏറ്റവും നല്ല നിലയില്‍ സൃഷ്ടിച്ചു; അവിടുത്തെ ദയയില്‍ ഞങ്ങളെ പരിപാലിക്കുന്നു. ഞങ്ങള്‍ നിന്നെ സ്നേഹിക്കുന്നു. അങ്ങേക്കുവേണ്ടി ജീവിപ്പാനും, അവിടുത്തെ ബഹുമാനിപ്പാനും, എല്ലായ് പ്പോഴും നന്ദിയുള്ളവരായിരിപ്പാന്‍ തക്കവണ്ണവും ഞങ്ങളുടെ ഹൃദയങ്ങളെ യഥാസ്ഥാനപ്പെടുത്തണമേ. ഞങ്ങള്‍ നിന്നെ വിട്ടകന്നത് ഞങ്ങളോടു ക്ഷമിക്കണമേ; ഞങ്ങളുടെ അശുദ്ധി പോക്കി ഞങ്ങളെ ശുദ്ധീകരിക്കണമേ. ഈ ലോകത്തില്‍ അങ്ങയെ അല്ലാതെ മറ്റാരെയും സ്നേഹിക്കാതിരിക്കത്തക്കവണ്ണം ഞങ്ങളുടെ ജീവിതത്തില്‍നിന്നും എല്ലാ വിഗ്രഹങ്ങളെയും നീക്കണമേ.

ചോദ്യം:

  1. ദൈവത്തെ അയോഗ്യമായി ആരാധിക്കുന്നതുകൊണ്ടുള്ള അനന്തരഫലങ്ങള്‍ എന്തെല്ലാമാണ്?

www.Waters-of-Life.net

Page last modified on January 21, 2013, at 09:08 AM | powered by PmWiki (pmwiki-2.3.3)