Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- Romans - 008 (The Righteousness of God)
This page in: -- Afrikaans -- Arabic -- Armenian -- Azeri -- Bengali -- Bulgarian -- Cebuano -- Chinese -- English -- French -- Georgian -- Greek -- Hausa -- Hebrew -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- MALAYALAM -- Polish -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Turkish -- Urdu? -- Yiddish -- Yoruba

Previous Lesson -- Next Lesson

റോമര്‍ - കര്‍ത്താവ് നമ്മുടെ നീതി
റോമര്‍ക്ക് എഴുതിയ ലേഖനം ഒരു പഠനം
പ്രവേശകം: വന്ദനംപറച്ചില്‍, ദൈവത്തിന്റെ നീതിയെ ഓര്‍ത്ത് ദൈവത്തിനു നന്ദി പറയുക എന്നതത്രെ തന്റെ ലേഖനത്തിന്റെ ഉദ്ദേശ്യം (റോമര്‍ 1:1-17)

ര) നിരന്തരമായ വിശ്വാസത്താല്‍ നമ്മിലുള്ള ദൈവനീതി സ്ഥിരീകരിക്കപ്പെട്ടും സാഫല്യമായും വരുന് (റോമര്‍ 1:16-17)


റോമര്‍ 1:16
16 സുവിശേഷത്തെക്കുറിച്ച് എനിക്ക് ലജ്ജയില്ല; വിശ്വസിക്കുന്ന ഏവനും ആദ്യം യഹൂദനും പിന്നെ യവനനും അത് രക്ഷയ്ക്കായി ദൈവശക്തിയാകുന്നുവല്ലോ.

'സുവിശേഷം' എന്ന പദം റോമാക്കാര്‍ക്ക് പരിചയമുള്ളതും അവര്‍ക്ക് അര്‍ത്ഥഗര്‍ഭവുമായ പദമാണെന്ന് പൌലോസിനറിയാമായിരുന്നു; കാരണം പല വിധത്തിലുള്ള സുവിശേഷം (സദ്വര്‍ത്തമാനം) ഉണ്ടായിരുന്നു. ഉദാ: റോമിലെ ആളുകള്‍ കേള്‍ക്കുവാന്‍ ഇഷ്ടപ്പെട്ടിരുന്ന രാജകൊട്ടാരത്തില്‍നിന്നുള്ള സദ്വര്‍ത്തമാനങ്ങളും മറ്റും.

രാജകീയ വിളംബരത്തിന്റെ അതേ ലവലില്‍ സുവിശേഷത്തിന്റെ സദ്വര്‍ത്തമാനത്തെ പൌലോസ് വിളംബരം ചെയ്തു. "പലസ്തീനിലെ ഒരു ചെറിയ ഗ്രാമത്തില്‍നിന്നുള്ള ഈ സദ്വര്‍ത്തമാനം വിളംബരം ചെയ്യുന്നതില്‍ ഞാന്‍ ലജ്ജിക്കുന്നില്ല'' എന്ന നിലയിലാണ് താന്‍ അത് അറിയിക്കുന്നത്. ഏകസത്യദൈവത്തിന് ഒരു പുത്രനുണ്ടെന്നും, അവന്‍ യുഗങ്ങള്‍ക്ക് മുമ്പെ പിതാവില്‍നിന്ന് പുറപ്പെടുന്നവനാണെന്നും, അവന്‍ ദൈവമായിരിക്കെ മനുഷ്യനായി നമ്മുടെയടുത്തേക്ക് വന്നുവെന്നും, തന്റെ മരണപുനരുത്ഥാനം മൂലം സര്‍വ്വലോകത്തെയും അവന്‍ വീണ്ടെടുത്തു എന്നുമുള്ള സദ്വര്‍ത്തമാനമാണ് പൌലോസ് ആ റോമന്‍ ആസ്ഥാനത്ത് വിളംബരം ചെയ്തത്. "മര്‍ത്യനായ കൈസറിനു ജനിച്ച മര്‍ത്യനായ പുത്രനെ കുറിച്ചല്ല, നിത്യനായ ദൈവത്തിന്റെ നിത്യപുത്രന്റെ ജനനത്തെക്കുറിച്ചുള്ള വിളംബരമാണ് എന്റെ ലേഖനത്തിന്റെ ഉള്ളടക്കം. റോമന്‍ സൈന്യത്തിന്റെ വിജയത്തെയോ, കായികമേളയെയോ ജനലക്ഷങ്ങളെ തൃപ്തിപ്പെടുത്തുവാനുള്ള രാജകീയ സദ്വര്‍ത്തമാനത്തെയോ ആണ് രാജകീയ വിളംബരമായി നിങ്ങളെ അറിയിച്ചത്. എന്നാല്‍ മാനവരാശിയുടെ പാപത്തില്‍നിന്നും, മരണത്തില്‍നിന്നും, പിശാചില്‍നിന്നും, ദൈവക്രോധത്തില്‍നിന്നും, ന്യായവിധിയില്‍നിന്നുമുള്ള സമ്പൂര്‍ണ്ണ വീണ്ടെടുപ്പിന്റെ സദ്വര്‍ത്തമാനമത്രെ ഞാന്‍ നിങ്ങളെ അറിയിക്കുന്നത്. എന്റെ സുവിശേഷം റോമിലെ മറ്റേത് സുവിശേഷത്തെക്കാളും ശ്രേഷ്ഠമാണ്. എന്തെന്നാല്‍ അത് സാര്‍വ്വത്രികവും, ഉന്നതവും, നിത്യവും, അതിശക്തവും, ശ്രേഷ്ഠവും, മഹത്വമേറിയതുമാണ്. അത് കേവലം തത്വശാസ്ത്രത്തിന്മേലും, പുസ്തകങ്ങളിന്മേലും, വ്യര്‍ത്ഥമായ പ്രത്യാശയിന്മേലും പടുത്തുയര്‍ത്തപ്പെട്ടതല്ല; അത് ഒരു വ്യക്തിയില്‍ കേന്ദ്രീകൃതമാണ്.

'ക്രിസ്തു' എന്നതിന് യഹൂദന്മാര്‍ വിവക്ഷിച്ചിരുന്ന വ്യത്യസ്ത ആശയ ങ്ങള്‍ റോമര്‍ക്ക് അജ്ഞാതമായിരുന്നു. കേവലം 'അഭിഷിക്തന്‍' എന്നു മാത്രമേ അവര്‍ അതിനെ ഗ്രഹിച്ചിരുന്നുള്ളു. അത് കൈസറിന് നല്കപ്പെട്ടിരുന്ന ഒരു നാമവുമായിരുന്നു. തന്റെ രാഷ്ട്രതന്ത്രപരമായ ഉത്തരവാദിത്വങ്ങള്‍ക്ക് പുറമെ മഹാപുരോഹിതനായും അവനെ കരുതിപ്പോന്നു. രാഷ്ട്രീയവും, സൈനികവും, നിയമപരവുമായ എല്ലാ ഉത്തരവാദിത്വങ്ങളും കൈസറില്‍ നിക്ഷിപ്തമായിരുന്നു. എല്ലാ അനുഗ്രഹങ്ങളുടെയും സമാധാനത്തിന്റെയും മദ്ധ്യസ്ഥന്‍ താനാണെന്നുള്ള ഭാവത്തില്‍ ദേശത്തെ ദേവന്മാരോടും ആത്മാക്കളോടും അസംഖ്യം ആളുകളെ നിബന്ധിച്ചുവന്നതും ചക്രവര്‍ത്തിയായിരുന്നു.

എന്നാല്‍ ക്രിസ്തു സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള സര്‍വ്വ അധികാരവും പ്രാപിച്ച കര്‍ത്താധികര്‍ത്താവാണ്. അവന്‍ നമ്മുടെ യഥാര്‍ത്ഥ മഹാപുരോഹിതനും, ദൈവത്തിനും മനുഷ്യനും മദ്ധ്യേയുള്ള ഏകമദ്ധ്യസ്ഥനുമാകുന്നു.

സുവിശേഷത്തിന്റെ പ്രാരംഭത്തില്‍ താന്‍ നടത്തിയിട്ടുള്ള ഈ പ്രഖ്യാപനം മുഖാന്തരം, ക്രിസ്തു ദൈവത്തിന്റെ പുത്രനാണെന്നും അവന്‍ കര്‍ത്താവും, ന്യായാധിപനും, രാജാവും, ഭരണാധികാരിയും, നിരപ്പിക്കുന്നവനും, താന്‍ മാത്രം ലോകരക്ഷിതാവ് എന്ന തലക്കെട്ടിന് യോഗ്യനായിരിക്കുന്നു എന്ന് തെളിയിക്കയാകുന്നു ചെയ്തത്. 'ലോകരക്ഷിതാവ്' എന്ന തലക്കെട്ട് അക്കാലത്ത് കൈസറിന് മാത്രം അവകാശപ്പെട്ടതായിരുന്നു.

ദൈവപുത്രനെയും അവന്റെ വിവിധങ്ങളായ ശുശ്രൂഷകളെയും കുറിച്ചുള്ള ഈ സദ്വര്‍ത്തമാനം കേവലം ഒരു ചിന്തയല്ല. ലോകത്തിലെ ഏതു ശക്തിയേക്കാളും ഭയങ്കരമായി വര്‍ത്തിക്കുന്ന ശക്തിയാണത്, എന്തെന്നാല്‍ ദൈവത്തിന്റെ സകല ശക്തിയും സുവിശേഷത്തില്‍ അന്തര്‍ലീനമായിരിക്കുന്നു. കര്‍ത്താവ് താന്‍ തന്നെ സുവിശേഷത്തില്‍ സന്നിഹിതനാണ്. കറുത്ത അക്ഷരങ്ങളിലൂടെ അവിടുന്നു സംസാരിക്കുന്നു; കേള്‍വിക്കാരില്‍ ഒരു പുതിയ ജീവിതം സൃഷ്ടിക്കുന്നു; വിളിച്ചവരെ വീണ്ടുംജനിപ്പിക്കുന്നു. ആകയാല്‍ പുസ്തകങ്ങളുടെ പുസ്തകമായ ഈ പുസ്തകത്തെ അലമാരയിലെ മറ്റ് പുസ്തകങ്ങളോടൊപ്പം വെയ്ക്കരുത്. അതിനെ അനുയോജ്യമായ ഒരിടത്ത് വെയ്ക്കുക; കാരണം ഈ പുസ്തകം മറ്റെല്ലാ പുസ്തകങ്ങളെയും അപലപിക്കുന്നു. ദൈവം തന്നില്‍ത്തന്നെ പൂര്‍ണ്ണനും, പുതിയൊരു പ്രപഞ്ചത്തെ സൃഷ്ടിക്കത്തക്കവിധം ശക്തിയില്‍ നിറഞ്ഞവനുമാകകൊണ്ട് സുവിശേഷം അതില്‍ത്തന്നെ പൂര്‍ണ്ണമാണ്.

നമ്മുടെ ദുഷ്ടലോകത്തെ സംഹരിപ്പാനല്ല ദൈവശക്തി സുവിശേഷത്തിലൂടെ ഈ ലോകത്തിലേക്ക് വന്നത്, മറിച്ച് ലോകത്തെ രക്ഷിക്കുവാനാണ്. എല്ലാ മനുഷ്യരും രക്ഷിക്കപ്പെടുവാനും സത്യത്തിന്റെ പരിജ്ഞാനം പ്രാപിപ്പാനും ദൈവം ഇച്ഛിക്കുന്നു. സ്വര്‍ഗ്ഗസ്ഥനായ നമ്മുടെ പിതാവ് ഒരു സ്വേച്ഛാധികാരിയല്ല. സുവിശേഷത്തിന്റെ സത്യം എല്ലാവര്‍ക്കും സൌജന്യമായി അവന്‍ നല്കുന്നുവെങ്കിലും തന്റെ പുത്രനെക്കുറിച്ചുള്ള സുവിശേഷം അംഗീകരിപ്പാന്‍ അവന്‍ ആരെയും നിര്‍ബന്ധിക്കുന്നില്ല. ആരൊക്കെ ക്രിസ്തുവിന്റെ വചനത്തിനു ഹൃദയം തുറക്കുമോ, അവനില്‍ വിശ്വസിക്കുമോ അവര്‍ ദൈവശക്തിയെ അനുഭവിച്ചറിയും. വിശ്വാസം കൂടാതെ രക്ഷിക്കപ്പെടാനാവില്ല. യാതൊരുവന്‍ വിശ്വസിക്കുന്നുവോ അവന്‍ ദൈവപുത്രനോടുള്ള ഏകീഭാവത്തിലായിത്തീരുന്നു; അവനില്‍ തന്റെ ദിവ്യത്വം അവന്‍ പ്രതിഷ്ഠിച്ച് അവനെ ശുദ്ധീകരിച്ച് ഉണര്‍വ്വുള്ളവനാക്കിത്തീര്‍ക്കുന്നു.

ആരെല്ലാം തങ്ങളുടെ ഹൃദയങ്ങള്‍ അവനായി തുറക്കുമോ, അവനില്‍ വിശ്വസിക്കുമോ അവരില്‍ ദൈവം തന്റെ രക്ഷ സ്ഥാപിതമാക്കുന്നു. യേശുക്രിസ്തുവില്‍ വിശ്വസിക്ക; രക്ഷയ്ക്കുള്ള ഏകമാര്‍ഗ്ഗം അതാണ്. വിശ്വാസത്താല്‍, വിശ്വാസി പാപമോചനവും മരിച്ചവരില്‍നിന്നുള്ള പുനരുത്ഥാനവും പ്രാപിക്കുന്നു. അതുകൊണ്ട് റോമാലേഖനത്തിലെ നിര്‍ണ്ണായകമായ വിഷയം വിശ്വാസമാണ്. വിശ്വാസത്താലല്ലാതെ ദൈവത്തെ അറിയുവാനോ അവന്റെ ശക്തിയെ ഗ്രഹിപ്പാനോ സാധ്യമല്ല. വിശ്വസിക്കുന്നവന്‍ നീതീകരിക്കപ്പെടുകയും വാസ്തവമായി ജീവിക്കുകയും ചെയ്യും.

യഹൂദന്മാരില്‍ ഭൂരിപക്ഷം ക്രിസ്തുവിനെ നിരാകരിച്ച് പകച്ച് അവനെ ക്രൂശിച്ചുവെങ്കിലും ഈ അനുഗൃഹീത സത്യം യഹൂദന്മാര്‍ അനുഭവമാക്കിയിട്ടുണ്ട്. ഒരു ചെറിയ കൂട്ടം അവനെ അറിയുകയും അവനില്‍ വിശ്വസിക്കുകയും ചെയ്തു. അവര്‍ പരിശുദ്ധാത്മപൂര്‍ണ്ണരായി ദൈവസ്നേഹത്തില്‍ നിലനിന്നു. ആദിമ അപ്പോസ്തലന്മാരുടെ സാക്ഷ്യം ഹേതുവായി ത്രിത്വശക്തി ഇന്നും ആളുകളില്‍ വസിക്കുന്നു.

യഹൂദന്മാരില്‍ ചെറിയ ഒരു കൂട്ടം മാത്രം ക്രിസ്തുവില്‍ വിശ്വസിച്ചിരിക്കെ യവനന്മാരില്‍ വലിയൊരു പുരുഷാരം സുവിശേഷം മുഖാന്തരമുള്ള രക്ഷയ്ക്കായി തങ്ങളുടെ ഹൃദയങ്ങളെ തുറന്ന് അവനെ അനുഗമിക്കുന്നു. ഈ സന്ദേശം കേവലം വൃഥാവാക്കുകളല്ലെന്നും, പരിശുദ്ധാത്മനിറവുള്ളതാണെന്നും, അത് വിശ്വാസികളെ ജീവനുള്ള ക്രിസ്തുവിനോട് നിത്യനിയമത്താല്‍ ബന്ധിപ്പിക്കുന്നുവെന്നുള്ളതും അവര്‍ക്ക് അനുഭവവേദ്യമായി.

പ്രിയ സഹോദരാ, താങ്കള്‍ ജാഗ്രതയോടെ ക്രിസ്തുവിന്റെ സുവിശേഷം വായിക്കുന്നുവെങ്കില്‍, താങ്കളുടെ ഹൃദയത്തെ വചനത്തിനായി തുറക്കുക. യേശുവിന്റെ ദൈവത്വത്തില്‍ വിശ്വസിക്കുക; പ്രാര്‍ത്ഥനയില്‍ അവനോട് സംസാരിക്കുക. എങ്കില്‍ ക്രൂശിതനായി ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തു തന്നെ യഥാര്‍ത്ഥ രക്ഷകനും, പുരോഹിതനും, കരുത്തനായ രാജാവും, ലോകത്തിന്റെ വീണ്ടെടുപ്പുകാരനുമെന്നത് നിനക്ക് അനുഭവിച്ചറിയുവാന്‍ കഴിയും. ആകയാല്‍ ധൈര്യത്തോടെ നിങ്ങളുടെ ജീവിതത്തെ സമ്പൂര്‍ണ്ണമായും സുവിശേഷത്താല്‍ പണിയപ്പെടുക; ദൈവശക്തി നിങ്ങളുടെ ബലഹീനതകളില്‍ തികഞ്ഞുവരട്ടെ.

പ്രാര്‍ത്ഥന: പിതൃപുത്രപരിശുദ്ധാത്മാവാം ദൈവമേ, ക്രിസ്തുവിന്റെ സുവിശേഷത്തിലൂടെ അവിടുന്നു തന്നെത്താന്‍ വെളിപ്പെടുത്തുന്നതുകൊണ്ട് ഞങ്ങള്‍ അങ്ങയെ മഹത്വപ്പെടുത്തുന്നു. അങ്ങ് ഞങ്ങളെ വിശ്വാസ ത്തില്‍ ശുദ്ധീകരിക്കുന്നു; അവിടുത്തെ പൂര്‍ണ്ണതയില്‍ ഞങ്ങളില്‍ വസിക്കുന്നു. അവിടുത്തെ ശക്തി റോമര്‍ക്ക് എഴുതിയ ലേഖനത്തിലൂടെ അങ്ങ് പ്രാവര്‍ത്തികമാക്കയാലും പുതിയനിയമത്തിലെ എല്ലാ പുസ്തകങ്ങളിലുംകൂടി അത് ചൊരിയപ്പെടുന്നതിനാലും ഞങ്ങള്‍ നിന്നെ മഹത്വപ്പെടുത്തുന്നു. അവിടുത്തെ സ്വരം കേള്‍പ്പാനായി ഞങ്ങളുടെ മനസ്സിനെ ഒരുക്കണമേ. അങ്ങില്‍ വിശ്വസിച്ച് ജീവിതത്തെ പൂര്‍ണ്ണമായി സമര്‍പ്പിക്കുവാനും, അങ്ങില്‍നിന്നു നല്ല ദാനങ്ങളെ ആസ്വദിച്ച് ജീവിപ്പാനുള്ള മാര്‍ഗ്ഗദര്‍ശനം പ്രാപിക്കുവാനും ഞങ്ങളെ സഹായിക്കണമേ.

ചോദ്യം:

  1. 16-ാം വാക്യത്തിലെ ഏതു പ്രസ്താവനയാണ് സുപ്രധാനമായി നിങ്ങള്‍ കാണുന്നത്? എന്തുകൊണ്ട്?

www.Waters-of-Life.net

Page last modified on January 21, 2013, at 09:03 AM | powered by PmWiki (pmwiki-2.3.3)