Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 066 (Sheep hear the voice of the true shepherd; Jesus is the authentic door)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula? -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

രണ്ടാം ഭാഗം - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു (യോഹന്നാന്‍ 5:1 - 11:54)
C - യെരൂശലേമിലേക്കുള്ള യേശുവിന്റെ അന്ത്യയാത്ര (യോഹന്നാന്‍ 7:1 - 11:54) - ഇരുളിന്റെയും വെളിച്ചത്തിന്റെയും വേര്‍പിരിയല്‍
3. യേശു നല്ല ഇടയന്‍ (യോഹന്നാന്‍ 10:1-39)

a) യഥാര്‍ത്ഥ ഇടയന്റെ ശബ്ദം ആടുകള്‍ കേള്‍ക്കുന്നു (യോഹന്നാന്‍ 10:1-6)


ഏഴ്, എട്ട് അദ്ധ്യായങ്ങളില്‍, യേശുവിന്റെ ശത്രുക്കളുടെ യഥാര്‍ത്ഥ സ്ഥിതിയാണ് യേശു ചൂണ്ടിക്കാട്ടിയത്. ഒമ്പതാം അദ്ധ്യായത്തില്‍, ദൈവം, ദൈവപുത്രന്‍ എന്നതിനെക്കുറിച്ചും ജനത്തിന് അവരെക്കുറിച്ചു തന്നെയുള്ള അറിവില്ലായ്മയും അന്ധതയും അവന്‍ ചൂണ്ടിക്കാണിക്കുന്നു. അദ്ധ്യായം 10 ല്‍, തന്റെ സ്വന്തജനത്തെ പാപികളായ നേതാക്കന്മാരെ അനുഗമിക്കുന്നതില്‍നിന്നു വിടുവിക്കുകയും, അവരെ തന്നിലേക്കു വിളിക്കുകയും ചെയ്യുന്നു. അവന്‍ നല്ലയിടയനാണ്, ദൈവത്തിങ്കലേക്കു നയിക്കുന്ന ഏകവാതിലാണ്.

യോഹന്നാന്‍ 10:1-6
ആമേന്‍, ആമേന്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ആട്ടിന്‍തൊഴുത്തില്‍ വാതിലിലൂടെ കടക്കാതെ വേറെ വഴിയിലൂടെ കയറുന്നവന്‍ കള്ളനും കവര്‍ച്ചക്കാരനുമാകുന്നു. 2വാതിലിലൂടെ കടക്കുന്നവനോ ആടുകളുടെ ഇടയനാകുന്നു. 3അവനു വാതില്‍കാവല്‍ക്കാരന്‍ തുറന്നുകൊടുക്കുന്നു; ആടുകള്‍ അവന്റെ ശബ്ദം കേള്‍ക്കുന്നു; തന്റെ ആടുകളെ അവന്‍ പേര്‍ ചൊല്ലി വിളിച്ചു പുറത്തുകൊണ്ടുപോകുന്നു. 4തനിക്കുള്ളവയെ ഒക്കെയും പുറത്തുകൊണ്ടുപോയശേഷം അവന്‍ അവയ്ക്കു മുമ്പായി നടക്കുന്നു; ആടുകള്‍ അവന്റെ ശബ്ദം അറിഞ്ഞ് അവനെ അനുഗമിക്കുന്നു. 5അന്യന്മാരുടെ ശബ്ദം അറിയായ്കകൊണ്ട് അവ അന്യനെ അനുഗമിക്കാതെ വിട്ട് ഓടിപ്പോകും. 6ഈ സാദൃശ്യം യേശു അവരോട് പറഞ്ഞു; എന്നാല്‍ തങ്ങളോടു പറഞ്ഞത് ഇന്നതെന്ന് അവര്‍ ഗ്രഹിച്ചില്ല.

ചില ഗ്രാമീണകര്‍ഷകര്‍ അവരുടെ ആടുകളെ വലിയ ഒരു വളപ്പിനകത്താക്കി രാത്രിയില്‍ കാവല്‍ കിടക്കാറുണ്ട്. രാവിലെ, ഇടയന്മാര്‍ വന്ന് ആ വളപ്പിനകത്തു കയറി അവരുടെ ആടുകളെ വിളിക്കും. കാവല്‍ക്കാര്‍ അവര്‍ക്കു പ്രവേശിക്കാനുള്ള അനുവാദം നല്‍കും. പിന്നെയാണ് ആ അസാധാരണ കാര്യം നടക്കുക: ഇടയന്മാര്‍ ആടുകളെ ഓരോന്നായി വേലിക്കു പുറത്തേക്കു വലിക്കുകയല്ല, മറിച്ചു തിരിച്ചറിയാവുന്ന ശബ്ദങ്ങളില്‍ വിളിക്കുകയാണ്. ഉടമസ്ഥന്‍ വേഷപ്രച്ഛന്നനായി വന്നാലും, ഉടമസ്ഥന്റെ ശബ്ദം ആടുകള്‍ പിന്തുടര്‍ന്നു ചെല്ലും. അതേസമയത്ത്, ഇടയന്റെ വേഷത്തില്‍ ഒരു കള്ളന്‍ വന്നാല്‍ ഈ ആടുകള്‍ അനങ്ങുകയേയില്ല. യഥാര്‍ത്ഥ ഇടയന്റെ ശരിയായ ശബ്ദത്തെയാണ് ആടുകള്‍ അനുഗമിക്കുന്നത്. സ്വന്തം ആടുകളെ വിളിച്ച് പച്ചപ്പുല്പുറങ്ങളിലേക്കും ശുദ്ധജലത്തിന്റെ അടുത്തേക്കും അവന്‍ നയിക്കുന്നു. അവന്റെ ആടുകള്‍ അവന്റെ പിന്നാലെ കൂടുന്നു, ഒന്നുപോലും പിന്നില്‍ നില്‍ക്കുന്നില്ല; അവ പൂര്‍ണ്ണമായി അവയുടെ ഇടയനെ വിശ്വസിക്കുന്നു.

യേശുവിന്റെ ശബ്ദത്തിനു ചെവി കൊടുക്കുന്നവരുടെയെല്ലാം ഇടയന്‍ അവനാണെന്നു കാണിക്കാനാണ് യേശു ഈ ഉപമ പറഞ്ഞത്. പിടിച്ചെടുക്കാനോ മോഷ്ടിക്കാനോ അല്ല അവന്‍ പഴയനിയമത്തിന്റെ ആളുകളിലേക്ക് വന്നത്. എന്നാല്‍ അവന്‍ ദൈവത്തിന്റെ പ്രത്യേക ജനത്തെ അവരുടെയിടയില്‍നിന്നു തിരഞ്ഞെടുക്കുകയും, തന്നിലേക്കുതന്നെ വിളിക്കുകയും ചെയ്തു. അവരെ മോചിപ്പിച്ച് അവര്‍ക്ക് ആത്മീയഭക്ഷണം നല്‍കി പോഷിപ്പിച്ചു. മറ്റുള്ള "ഇടയന്മാര്‍'' കൊള്ളക്കാരെപ്പോലുള്ളവര്‍ ആയിരുന്നു. ചെന്നായ്ക്കളെപ്പോലെ അവര്‍ ആട്ടിന്‍കൂട്ടത്തിനു ചുറ്റും ഇരതേടി നടന്നു. തന്ത്രങ്ങളുപയോഗിച്ച് അവര്‍ കൂട്ടത്തില്‍ കടക്കുന്നു. തങ്ങള്‍ക്കുവേണ്ടി ആടുകളെ പിടിച്ചെടുത്തു തിന്നുകളയുന്നു. അവര്‍ക്കുവേണ്ടി ജീവിക്കുകയും അവരെത്തന്നെ മാനിക്കുകയും ചെയ്യുന്നു. അവര്‍ യഥാര്‍ത്ഥമായി ഇടയന്മാരെ സേവിക്കുന്നില്ല. വ്യക്തിപരമായി ദൈവം വിളിക്കാത്ത, ക്രിസ്തുവില്‍ യഥാര്‍ത്ഥമായി വസിക്കാത്ത ഇടയന്മാരെയും ശുശ്രൂഷകന്മാരെയും ദൈവം വിളിക്കുന്നതു കള്ളന്മാര്‍/കൊള്ളക്കാര്‍ എന്നാണ്. സഹായത്തെക്കാളധികം അവര്‍ ഉപദ്രവമാണു ചെയ്യുന്നത്.

യേശുവിന്റെ യഥാര്‍ത്ഥ അനുയായികള്‍ അപരിചിതരായ ഇടയന്മാരില്‍ നിന്ന് അകന്നുനില്ക്കുകയും, തക്കസമയത്ത് അപകടം മണത്തറിയുകയും ചെയ്യുമെന്ന് യേശു മുന്നറിയിപ്പു നല്‍കി. സങ്കീര്‍ത്തനം 23 ലേതുപോലെ ദൈവം തന്റെ ആട്ടിന്‍കൂട്ടത്തെ പാലിക്കുമെന്ന വാഗ്ദത്തത്തില്‍ വിശ്വസിക്കാന്‍ അവന്‍ അവരെ നിര്‍ബന്ധിക്കുകയും ചെയ്തു.

യേശുവിന്റെ വാക്കുകള്‍ ജനം ഗ്രഹിച്ചില്ല, അവരുടെ ഇടയന്മാര്‍ അവിശ്വസ്തരും ദുഷ്ടന്മാരുമാണെന്നതും അവര്‍ മനസ്സിലാക്കിയില്ല (യിരെമ്യാവ് 2:8; 10:21; യെഹെസ്കേല്‍ 34:1-10; സെഖര്യാവ് 11:4-6). ഇങ്ങനെയൊക്കെയാണെങ്കിലും, അവരുടെ നല്ലയിടയനാകാനും അവരെ രക്ഷിക്കാനും, മോശെയെയും ദാവീദിനെയുംപോലെയുള്ള വിശ്വസ്തരായ ഇടയന്മാരെ അവര്‍ക്കായി അയയ്ക്കാനും ദൈവം സന്നദ്ധനായിരുന്നു. ഇടയസംബന്ധമായ അലങ്കാരപ്രയോഗങ്ങളാണു തിരുവെഴുത്ത് ഉപയോഗിക്കുന്നത്; "ഇടയനും ആട്ടിന്‍കൂട്ടവും", "ദൈവത്തിന്റെ കുഞ്ഞാട്", "രക്തച്ചൊരിച്ചില്‍മൂലമുള്ള വീണ്ടെടുപ്പ്" എന്നീ പദങ്ങളെല്ലാം നാട്ടിന്‍പുറത്തെ ഇടയസമൂഹത്തില്‍നിന്നുള്ള ചിന്താരൂപങ്ങളാണ്. നമ്മെ അവശ്യം കരുതുന്നതിന് ഊന്നല്‍ നല്കാന്‍, പുത്രനിലെ ദൈവത്തെ 'നല്ല ഇടയന്‍' എന്നു വിളിക്കുന്നു.


b) യേശു - യഥാര്‍ത്ഥ വാതില്‍ (യോഹന്നാന്‍ 10:7-10)


യോഹന്നാന്‍ 10:7-10
7യേശു പിന്നെയും അവരോടു പറഞ്ഞത്: ആമേന്‍, ആമേന്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ആടുകളുടെ വാതില്‍ ഞാന്‍ ആകുന്നു. 8എനിക്കു മുമ്പെ വന്നവര്‍ ഒക്കെയും കള്ളന്മാരും കവര്‍ച്ചക്കാരും അത്രേ; ആടുകളോ അവരുടെ വാക്കു കേട്ടില്ല. 9ഞാന്‍ വാതില്‍ ആകുന്നു; എന്നിലൂടെ കടക്കുന്നവന്‍ രക്ഷപ്പെടും; അവന്‍ അകത്തു വരികയും പുറത്തുപോവുകയും മേച്ചില്‍ കണ്ടെത്തുകയും ചെയ്യും. 10മോഷ്ടിക്കാനും അറുക്കാനും മുടിക്കാനുമല്ലാതെ കള്ളന്‍ വരുന്നില്ല; അവര്‍ക്കു ജീവന്‍ ഉണ്ടാകുവാനും സമൃദ്ധിയായി ഉണ്ടാകുവാനുമത്രേ ഞാന്‍ വന്നിരിക്കുന്നത്.

ദൈവത്തിന്റെ ആട്ടിന്‍കൂട്ടത്തിലേക്കു നയിക്കുന്ന വഴിയായി യേശു തന്നെത്തന്നെ വിവരിക്കുന്നു. ക്രിസ്തു ഒഴികെ, സഭയിലെ വീണ്ടെടുക്കപ്പെട്ടവരുമായുള്ള കൂട്ടായ്മയ്ക്കു വേറെ വഴിയില്ല. ക്രിസ്തുവിനെക്കൂടാതെ ഭക്തനാകാന്‍ ശ്രമിക്കുന്നവരൊക്കെ, ദൈവത്തിന്റെ ആട്ടിന്‍കൂട്ടത്തിന്റെ മനസ്സിനെ തെറ്റുകള്‍കൊണ്ട് ആശയക്കുഴപ്പത്തിലാക്കുന്ന കള്ളനു തുല്യമാണ്. വ്യത്യസ്ത ദിശകളിലേക്കു പരക്കുന്ന വഴികളിലൂടെയല്ല പരിശുദ്ധാത്മാവു നമ്മെ നയിക്കുന്നത്, മറിച്ച് യേശുവാകുന്ന ഇടുങ്ങിയ വാതിലിലേക്കാണ്. അതിലൂടെ കടക്കാത്തവരോ, അവന്റെ മാംസം തിന്നാത്തവരോ, രക്തം കുടിക്കാത്തവരോ ആയ ആര്‍ക്കുംതന്നെ ദൈവമക്കളെ സേവിക്കാനുള്ള അവകാശമില്ല. നമ്മുടെ സന്തോഷത്തിനു നാം മരിച്ചിട്ടു വേണം ക്രിസ്തുവിന്റെ കൂട്ടത്തിലേക്കു പ്രവേശിക്കാന്‍. അങ്ങനെ നാം അവന്റെ കൂട്ടത്തിന്റെ ഭാഗമായി മാറും.

ക്രിസ്തുവിനു മുമ്പും ശേഷവും ജീവിച്ചിരുന്ന ഉന്നതരായ വ്യക്തികളാരുംതന്നെ പരിശുദ്ധാത്മാവിനാല്‍ ജീവിച്ചവരല്ല, അവരെല്ലാം വഞ്ചിക്കുന്ന കള്ളന്മാരായിരുന്നു. തത്വജ്ഞാനികളും പ്രത്യയശാസ്ത്രജ്ഞരും ദേശീയനേതാക്കന്മാരുമെല്ലാം യേശുവില്‍ വിശ്വസിക്കാത്തവരും സമര്‍പ്പിക്കാത്ത വരുമാണെങ്കില്‍ അവരൊക്കെ കള്ളന്മാരാണ്. അവരുടെ ഉപദേശങ്ങളും സമ്പ്രദായങ്ങളുംകൊണ്ട് അവര്‍ ജനത്തെ ദുഷിപ്പിക്കുന്നു. എന്നാല്‍ ക്രിസ്തുവിന്റെ ആത്മാവില്‍ വസിക്കുകയും തകര്‍ന്ന ഹൃദയവുമുള്ള സത്യപ്രവാചക ന്മാര്‍ വാതിലിലൂടെയാണു ദൈവത്തിലേക്കു വരുന്നത്. യേശുവിന്റെ ആട്ടിന്‍കൂട്ടത്തെ വിശ്വസ്തതയോടെ സേവിക്കുന്നതിനുവേണ്ടി അവന്‍ അവരെ ഒരുക്കി അയച്ചിരിക്കുന്നു.

സ്വയം മരിച്ച്, സ്വന്തരക്ഷയ്ക്കായി യേശുവിനോടു പറ്റിച്ചേരാത്ത ഒരാള്‍ക്കും ദൈവത്തിന്റെ ആട്ടിന്‍കൂട്ടത്തില്‍ കടക്കാനാവില്ല. വിശ്വസ്തരായ ആടുകളെ യേശു രാജാക്കന്മാരും പുരോഹിതന്മാരുമാക്കുന്നു. വിശ്വസ്തനായ ഇടയന്‍ വാതിലിലൂടെ ലോകത്തിലേക്കു പോവുകയും ആളുകള്‍ രക്ഷിക്കപ്പെടുന്നതിന് അവരോട് അപേക്ഷിക്കുകയും ചെയ്യുന്നു. പിന്നെ അവരോടൊപ്പം അവര്‍ ക്രിസ്തുവിന്റെ ശരീരത്തിലേക്കു മടങ്ങുന്നു, അവര്‍ ക്രിസ്തുവിലും ക്രിസ്തു അവരിലും വസിക്കുന്നു. അത്തരം ഇടയന്മാര്‍, തങ്ങള്‍ ആടുകളെക്കാള്‍ വലിയവരാണെന്നു കണക്കാക്കുകയില്ല, അവരെല്ലാം ക്രിസ്തുവില്‍ പ്രവേശിക്കുന്നു. താഴ്മയുള്ളവരൊക്കെ ശക്തിയുടെയും ജ്ഞാനത്തിന്റെയും നിറവ് അവരുടെ നാഥനില്‍ കണ്ടെത്തുന്നു. താഴ്മയുള്ള ഹൃദയം തീര്‍ന്നുപോകാത്ത മേച്ചില്‍സ്ഥലം യേശുവില്‍ കണ്ടെത്തുന്നു.

സ്വന്തമഹത്വം തേടുകയും മറ്റുള്ളവരെ ദുഷിപ്പിക്കുകയും ചെയ്യുന്ന ശാസ്ത്രിമാര്‍ക്കും പുരോഹിതന്മാര്‍ക്കുമെതിരായി നാലു തവണ യേശു മുന്നറിയിപ്പു നല്‍കുന്നുണ്ട്.

അതേസമയം നന്മയുടെ യഥാര്‍ത്ഥ ജീവിതവും സമാധാനവും നല്‍കുന്നതിനും, മറ്റുള്ളവര്‍ക്ക് അനുഗ്രഹത്തിന്റെ ഒരു ഉറവയായിരിക്കേണ്ടുന്ന തിനും എല്ലാവരെയും തന്നിലേക്കു ക്രിസ്തു വിളിച്ചു. ക്രിസ്തുവിലേക്കു വരുന്നവരൊക്കെ മൂല്യങ്ങള്‍ മറ്റുള്ളവരിലേക്ക് ഒഴുക്കുന്നു. സ്നേഹം വര്‍ദ്ധിക്കുന്നതിനൊപ്പം ഈ ഒഴുക്കും വര്‍ദ്ധിക്കുന്നു. നാഥനു സേവനം ചെയ്യുന്നതിനെക്കാള്‍ സ്നേഹമുള്ളതൊന്നുമില്ല! "അവര്‍ക്കു സമൃദ്ധിയായ ജീവനുണ്ടാകേണ്ടതിനു"മെന്നതില്‍ ഈ അര്‍ത്ഥം അടങ്ങിയിരിക്കുന്നു.

പ്രാര്‍ത്ഥന: ഓ യേശു ക്രിസ്തുവേ, ദൈവത്തിലേക്ക് നയിക്കുന്ന വാതിലായിരിക്കുന്നതിനു നന്ദി. ദൈവത്തെയും മനുഷ്യനെയും സേവിക്കുന്നതിനു നിന്റെ കൂട്ടായ്മയിലേക്കു ഞങ്ങളെ വിളിച്ചതിനായി ഞങ്ങള്‍ നിന്നെ നമസ്കരിക്കുന്നു. നിന്റെ ആത്മാവിനാല്‍ നയിക്കപ്പെട്ട് ആത്മാക്കളെ നേടുന്നതിനും, നീ ഞങ്ങള്‍ക്കു നല്‍കുന്ന കനിവോടെ എല്ലാവര്‍ക്കും അനുഗ്രഹമായിരിക്കുന്നതിനും ഞങ്ങളെ സജ്ജരാക്കണമേ.

ചോദ്യം:

  1. യേശു തന്റെ ആടുകളുടെ മേല്‍ ചൊരിയുന്ന അനുഗ്രഹങ്ങളെന്തെല്ലാം?

www.Waters-of-Life.net

Page last modified on May 11, 2012, at 10:51 AM | powered by PmWiki (pmwiki-2.3.3)