Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 094 (The world hates Christ)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula? -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

മൂന്നാം ഭാഗം - അപ്പോസ്തലന്മാരുടെയിടയില്‍ വെളിച്ചം ശോഭിക്കുന്നു/പ്രകാശിക്കുന്നു (യോഹന്നാന്‍ 11:55 - 17:26)
D - ഗെത്സമെനയ്ക്കുള്ള യാത്രയിലെ വിടവാങ്ങല്‍ (യോഹന്നാന്‍ 15:1 - 16:33)

3. ക്രിസ്തുവിനെയും ശിഷ്യന്മാരെയും വെറുക്കുന്ന ലോകം (യോഹന്നാന്‍ 15:18 - 16:3)


യോഹന്നാന്‍ 15:26-27
26ഞാന്‍ പിതാവിന്റെ അടുക്കല്‍നിന്നു നിങ്ങള്‍ക്ക് അയയ്ക്കാനുള്ള കാര്യസ്ഥനായി പിതാവിന്റെ അടുക്കല്‍നിന്നു പുറപ്പെടുന്ന സത്യാത്മാവു വരുമ്പോള്‍ അവന്‍ എന്നെക്കുറിച്ചു സാക്ഷ്യം പറയും. 27നിങ്ങളും ആദിമുതല്‍ എന്നോടുകൂടെ ഇരിക്കുന്നതുകൊണ്ടു സാക്ഷ്യം പറയുവിന്‍.

ലോകത്തിന്റെ വിദ്വേഷത്തിനും ദൈവപുത്രനെ ലോകം ക്രൂശിച്ചതിനുമായി ലോകത്തിനു പരിശുദ്ധ ത്രിത്വം നല്‍കുന്ന മറുപടി എന്തായിരുന്നു? പരിശുദ്ധാത്മാവിനെ അയയ്ക്കുന്നതായിരുന്നു അത്. ആത്മാവിന്റെ വരവ് ഇന്നത്തെ ഒരത്ഭുതമാണ്. ലോകത്തില്‍ പ്രവേശിക്കുന്നതിനെയാണ് അവന്റെ വരവു ചൂണ്ടിക്കാണിക്കുന്നത്. കാരണം, അവന്‍ പിതാവില്‍നിന്നു പുറപ്പെടുന്നവനും, സാരാംശത്തില്‍ പിതാവിനോടു ചേര്‍ച്ചയും ബോദ്ധ്യങ്ങളുമുള്ളവനാണ്. ലോകത്തിന്റെ വിമോചനമാണ് അവനാഗ്രഹിക്കുന്നത്, സൃഷ്ടിയില്‍ അവനു പങ്കാളിത്തവുമുണ്ട്. ലോകത്തിലെ തിന്മയെ ആത്മാവു ന്യായം വിധിക്കുകയും ദൈവത്തിന്റെ വിശുദ്ധിയിലേക്കു നമ്മെ നീക്കുകയും ചെയ്യുന്നു - എല്ലാ മാലിന്യവും അവന്‍ തുറന്നുകാട്ടുന്നതുപോലെ. ശിഷ്യന്മാരില്‍ അവന്റെ സാന്നിദ്ധ്യം താഴ്മയിലേക്കും സ്വയത്യാഗത്തിലേക്കുമുള്ള ഒരൂടുവഴിയായിത്തീരുന്നു. അതേസമയം ലോകം നിഗളം, മര്‍ക്കടമുഷ്ടി, വഞ്ചന എന്നിവയില്‍ ശ്വാസംമുട്ടുകയാണ്. പ്രാഥമികമായി അവന്‍ സത്യാത്മാവാണ്, ലോകത്തിന്റെ അകൃത്യങ്ങള്‍ നിമിത്തം അവന്‍ അവരെ ശാസിക്കുന്നു.

അതേസമയം അവന്‍ ശിഷ്യന്മാരെ ആശ്വസിപ്പിക്കുകയും യേശു ദൈവപുത്രനാണെന്ന ഉറപ്പ് അവര്‍ക്കു നല്‍കുകയും ചെയ്യുന്നു. അവനാണല്ലോ അവരുടെ രക്ഷ പൂര്‍ത്തീകരിക്കുന്നത്. ആശ്വാസത്തിന്റെ ആത്മാവു നമ്മുടെ ആത്മാക്കള്‍ക്കു യേശുവിനോടുള്ള സാക്ഷ്യം നല്‍കുന്നു. പരിശുദ്ധാത്മാവിനെക്കൂടാതെ യഥാര്‍ത്ഥ വിശ്വാസം ഗ്രഹിക്കാന്‍ നമുക്കു കഴിയുകയില്ല. നമ്മുടെ പരിശ്രമങ്ങള്‍കൊണ്ടോ കഴിവുകള്‍കൊണ്ടോ ശേഷികള്‍കൊണ്ടോ കര്‍ത്താവായ യേശുക്രിസ്തുവില്‍ ആശ്രയിക്കാനോ (വിശ്വസിക്കാന്‍) അവന്റെ അടുക്കലേക്കു വരാനോ നമുക്കു കഴിയില്ലെന്ന കാര്യം മറ്റു വിശ്വാസികള്‍ക്കൊപ്പം നാമും അംഗീകരിക്കുന്നു. സുവിശേഷംമൂലം നമ്മെ വിളിക്കുകയും, അവന്റെ വരങ്ങള്‍കൊണ്ടു നമ്മെ പ്രകാശിപ്പിക്കുകയും, സത്യവിശ്വാസത്താല്‍ നമ്മെ ശുദ്ധീകരിക്കുകയും ചെയ്ത പരിശുദ്ധാത്മാവിനെക്കൂടാതെ ഇക്കാര്യം നമുക്കു സാധിക്കുകയില്ല. സകല ക്രിസ്ത്യാനികളെയും കൂടിവരവുകളെയും അവന്‍ വിളിക്കുകയും, അവരെ പ്രകാശിപ്പിച്ചു വിശുദ്ധരാക്കുകയും ചെയ്യുന്നു. യഥാര്‍ത്ഥ ഏകസത്യവിശ്വാസത്തില്‍ അവരെ അവന്‍ സൂക്ഷിക്കുന്നു. നമ്മുടെ സാക്ഷ്യത്തിലെ ഫലസിദ്ധി സൃഷ്ടിക്കുന്നതു പരിശുദ്ധാത്മാവാണ്. ക്രിസ്തുവിനെ മറ്റുള്ളവര്‍ക്കു കൊടുക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, നിങ്ങളുടെ അറിവിലോ അനുഭവത്തിലോ ആശ്രയിക്കരുത്. ജ്ഞാനത്തിന്റെ ആത്മാവിനു നിങ്ങളെത്തന്നെ വിധേയപ്പെടുത്തുക. യേശുവിനെ മഹത്വപ്പെടുത്തുന്നത് എങ്ങനെയെന്നു പഠിക്കാന്‍ അവന്റെ വാക്കുകള്‍ ശ്രദ്ധിക്കുക. ആത്മാവിന്റെ ശബ്ദത്തിന് അത്തരം ഹൃദയംഗമമായ ശ്രദ്ധ ചെയ്യുന്നത്, നിങ്ങള്‍ സാക്ഷ്യം വഹിക്കുമ്പോഴും കര്‍ത്താവിന്റെ ഫലപ്രദമായ ഒരു അപ്പോസ്തലനായി നിങ്ങളെ മാറ്റും.

ക്രിസ്തു അവനുവേണ്ടി സാക്ഷികളാകാന്‍ പതിനൊന്ന് അപ്പോസ്തലന്മാരെ വിളിച്ചു - അവര്‍ക്കു പ്രത്യേകമായുള്ള ഒരു പദവിയായിരുന്നു അത്. ഭൂമിയില്‍ യേശുവിന്റെ ചരിത്രപരമായ വേലയ്ക്ക് ആ ശിഷ്യന്മാര്‍ ദൃക്സാക്ഷികളായിരുന്നു. അവര്‍ കണ്ടതും കേട്ടതും തൊട്ടതുമായ കാര്യങ്ങള്‍ക്ക് അവര്‍ സാക്ഷ്യം വഹിക്കും. ഭൂമിയില്‍ ദൈവസാന്നിദ്ധ്യത്തിന്റെ ന്യായീകരണം അവരുടെ വാക്കുകള്‍ തെളിയിക്കും. ആ സാക്ഷ്യത്തിന്മേലാണു നമ്മുടെ വിശ്വാസം നിലകൊള്ളുന്നത്. യേശു ഒരു പുസ്തകമോ ലേഖനമോ എഴുതിയില്ല. പകരം അവന്റെ രക്ഷാസന്ദേശം പരിശുദ്ധാത്മാവിന്റെ സാക്ഷ്യത്തിനും, ശിഷ്യന്മാരുടെ സ്വഭാവത്തിലധിഷ്ഠിതമായ പറച്ചിലിനും ഏല്പിച്ചു. സത്യാത്മാവു മരിക്കുകയില്ല, മറിച്ചു ശിഷ്യന്മാരുടെ വായിലൂടെ ക്രിസ്തുവിന്റെ സ്നേഹത്തിന്റെ ശക്തി രോഗാതുരമായ ഒരു ലോകത്തിനു തെളിയിച്ചുകൊടുക്കും. അപ്പോസ്തലന്മാരോടു യേശു തന്നെ പറഞ്ഞു, "പരിശുദ്ധാത്മാവു നിങ്ങളുടെ മേല്‍ വരും, നിങ്ങള്‍ എന്റെ സാക്ഷികള്‍ ആകും."

പ്രാര്‍ത്ഥന: പരിശുദ്ധനായ ദൈവപുത്രാ, ഞങ്ങള്‍ നിന്നെ ആരാധിക്കുന്നു. പിതാവിനോടും പരിശുദ്ധാത്മാവിനോടും കൂടെയുള്ളവന്‍ നീയാണ്. നീ ഞങ്ങളെ അനാഥരായി വിടാതെ, സാക്ഷ്യത്തിനായി നിന്റെ സത്യാത്മാവിനെ അയച്ചു. നിന്റെ വരവിനാല്‍ ഞങ്ങള്‍ ശുദ്ധീകരിക്കപ്പെടട്ടെ. അനേകര്‍ വിശ്വസിക്കേണ്ടതിനു നിനക്കുവേണ്ടി സാക്ഷ്യം വഹിക്കാന്‍ ഞങ്ങളെ പഠിപ്പിക്കണമേ.

ചോദ്യം:

  1. ക്രിസ്തുവിനെ ക്രൂശിച്ച ലോകത്തെ ദൈവം നേരിടുന്നത് എങ്ങനെയാണ്?

www.Waters-of-Life.net

Page last modified on May 14, 2012, at 11:06 AM | powered by PmWiki (pmwiki-2.3.3)