Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- Romans - 053 (The Parable of the Potter and his Vessel)
This page in: -- Afrikaans -- Arabic -- Armenian -- Azeri -- Bengali -- Bulgarian -- Cebuano -- Chinese -- English -- French -- Georgian -- Greek -- Hausa -- Hebrew -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- MALAYALAM -- Polish -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Turkish -- Urdu? -- Yiddish -- Yoruba

Previous Lesson -- Next Lesson

റോമര്‍ - കര്‍ത്താവ് നമ്മുടെ നീതി
റോമര്‍ക്ക് എഴുതിയ ലേഖനം ഒരു പഠനം
ഭാഗം രണ്ട് - ദൈവജനമായ യിസ്രായേലിന്റെ കാഠിന്യത്തിനു ശേഷവും ദൈവത്തിന്റെ നീതിക്ക് മാറ്റംവരുന്നില്ല (റോമര്‍ 9:1 - 11:36)
ഋ - നമ്മുടെ വിശ്വാസം എന്നേക്കും നിലനില്ക്കുന് (റോമര്‍ 8:28-39)
3. യിസ്രായേല്യരില്‍ ഭൂരിഭാഗവും ദൈവത്തിനു വിരോധികളെങ്കിലും ദൈവം എപ്പോഴും നീതിമാന്‍ തന്നെ (റോമര്‍ 9:6-29)

ര) കുശവനും പാത്രവും എന്ന ദൃഷ്ടാന്തം യഹൂദനെയും ക്രിസ്ത്യാനിയെയും സംബന്ധിച്ചുള്ളതാണ് (റോമര്‍ 9:19-29)


റോമര്‍ 9:19-29
19 ആകയാല്‍ അവന്‍ പിന്നെ കുറ്റംപറയുന്നത് എന്ത്? ആര്‍ അവന്റെ ഇഷ്ടത്തോട് എതിര്‍ത്തുനില്ക്കുന്നു എന്ന് നീ എന്നോടു ചോദിക്കും. 20 അയ്യോ, മനുഷ്യാ, ദൈവത്തോടു പ്രത്യുത്തരം പറയുന്ന നീ ആര്‍? മനഞ്ഞിരിക്കുന്നത് മനഞ്ഞവനോട്: നീ എന്നെ ഇങ്ങനെ ചമച്ചത് എന്ത് എന്ന് ചോദിക്കുമോ? 21 അല്ല, കുശവന് അതേ പിണ്ഡത്തില്‍നിന്ന് ഒരു പാത്രം മാനത്തിനും മറ്റൊരു പാത്രം അപമാനത്തിനും ഉണ്ടാക്കുവാന്‍ മണ്ണിന്മേല്‍ അധികാരം ഇല്ലയോ? 22 എന്നാല്‍ ദൈവം തന്റെ കോപം കാണിപ്പാനും ശക്തി വെളിപ്പെടുത്തുവാനും 23 യഹൂദന്മാരില്‍നിന്നു മാത്രമല്ല, ജാതികളില്‍നിന്നും വിളിച്ചു തേജസ്സിനായി മുന്നൊരുക്കിയ കരുണാപാത്രങ്ങളായ നമ്മില്‍ 24 തന്റെ തേജസ്സിന്റെ ധനം വെളിപ്പെടുത്തുവാനും ഇച്ഛിച്ചിട്ട് നാശയോഗ്യമായ കോപപാത്രങ്ങളെ വളരെ ദീര്‍ഘക്ഷമയോടെ സഹിച്ചുവെങ്കില്‍ എന്ത്? 25 "എന്റെ ജനമല്ലാത്തവരെ എന്റെ ജനം എന്നും പ്രിയയല്ലാത്തവളെ പ്രിയ എന്നും ഞാന്‍ വിളിക്കും. 26 നിങ്ങള്‍ എന്റെ ജനമല്ല എന്ന് അവരോട് പറഞ്ഞ ഇടത്തില്‍ അവര്‍ ജീവനുള്ള ദൈവത്തിന്റെ മക്കള്‍ എന്ന് വിളിക്കപ്പെടും" എന്ന് ഹോ ശേയാ പുസ്തകത്തിലും അരുളിച്ചെയുന്നുവല്ലോ. 27 യെശയ്യാവോ യിസ്രായേലിനെക്കുറിച്ച്: "യിസ്രായേല്‍മക്കളുടെ എണ്ണം കടല്ക്കരയിലെ മണല്‍പോലെ ആയിരുന്നാലും ശേഷിപ്പത്രെ രക്ഷിക്കപ്പെടൂ. 28 കര്‍ത്താവ് ഭൂമിയില്‍ തന്റെ വചനം നിവര്‍ത്തിച്ച് ക്ഷണത്തില്‍ തീര്‍ക്കും" എന്ന് വിളിച്ചുപറയുന്നു. 29 സൈന്യങ്ങളുടെ കര്‍ത്താവ് നമുക്ക് സന്തതിയെ ശേഷിപ്പിച്ചില്ലെങ്കില്‍ നാം സൊദോമെപ്പോലെയാകുമായിരുന്നു, ഗോമോറയ്ക്കു സദൃശമാകുമായിരുന്നു'' എന്ന് യെശയ്യാവ് മുമ്പുകൂട്ടി പറഞ്ഞിരിക്കുന്നുവല്ലോ.

ദൈവത്തിന്റെ തെരഞ്ഞെടുപ്പിനും, ഇഷ്ടത്തിനും, പ്രവൃത്തിക്കുമെതിരെ മനുഷ്യന്റെ അഹന്തയും, ഇച്ഛയും, നീതിബോധവും മത്സരിക്കുകയാണ്. ഒരു ഉറുമ്പ് ആനയോട്, "നീ എന്നെ ചവിട്ടിമെതിക്കുന്നത് എന്തിന്'' എന്നു ചോദിക്കുംപോലെയാണ് അനുസരണയില്ലാത്ത ഈ മനുഷ്യനും ചെയ്യുന്നത് (യെശ. 45:9).

ദൈവത്തെ ചോദ്യം ചെയ്യുവാനോ അവനോടു കോപിക്കുവാനോ മനുഷ്യന് യാതൊരവകാശവുമില്ല. ദൈവത്തിന്റെ അനന്തമായ ജ്ഞാനം, വിശുദ്ധി, സ്നേഹം എന്നിവയുമായി തട്ടിച്ചുനോക്കുമ്പോള്‍ മനുഷ്യന്റെ ജന്മസിദ്ധമായ കഴിവുകളും മനുഷ്യന്‍ താന്‍തന്നെയും വളരെ പരിമിതിയുള്ളവനാണ്.

വ്യക്തികളുടെയും ജനതകളുടെയും ഹൃദയങ്ങള്‍ക്ക് കാഠിന്യം പിടിച്ചിരിക്കുന്ന ~ഒരു കാലഘട്ടത്തില്‍ ദൈവത്തെ സമ്പൂര്‍ണ്ണമായി ആശ്രയിക്കുന്ന ഒരു വിശ്വാസി പ്രപഞ്ചസ്രഷ്ടാവിനെ അന്ധമായി അനുസരിച്ച് നന്ദിയോടെ അവനെ നമസ്കരിക്കയാണാവശ്യം. ഹിറ്റ്ലറെപ്പോലൊരുവന്‍ 60 ലക്ഷം യഹൂദന്മാരെ ഗ്യാസ്ചേംബറില്‍ അടുക്കി കൊന്നപ്പോള്‍ അവനെ തടയുവാനോ, അവനോടു ചോദ്യം ചോദിക്കുവാനോ ആരും ഇല്ലാതിരുന്നതിന്റെ കാരണം ഈ നിലയില്‍ മാത്രമേ നമുക്ക് സ്വീകരിക്കാനാകൂ. സ്റാലിന്‍ തന്റെ ദേശീയ താല്പര്യം നടപ്പിലാക്കുന്നതിന്റെ ഭാഗമായി 20 ലക്ഷം കര്‍ഷകരെ കൊല്ലുവാന്‍ അനുവദിച്ചതിന്റെ രഹസ്യവും ഇഃുതന്നെയായിരുന്നു.

ദൈവിക ന്യായവിധിയെ വിശദീകരിപ്പാന്‍ പൌലോസ് ഒരു സാദൃശ്യം പറയുകയാണ്. ഒരേ കളിമണ്ണില്‍നിന്ന് കുശവന്‍ ഒരു പാത്രം മാന്യകാര്യത്തിനും മറ്റൊന്ന് ഹീന കാര്യത്തിനുമായി ഉണ്ടാക്കിയേക്കാം (യിരെ: 18:4-6).

ഈ സാദൃശ്യത്തിന്റെ ആഴത്തിലേക്കിറങ്ങി അപ്പോസ്തലന്‍ പറയുന്നു: ഏറെ നാളായി ദൈവം ദീര്‍ഘക്ഷമ കാണിച്ച കോപപാത്രത്തെ ഒടുവില്‍ ദൈവം താഴെയിട്ടു നശിപ്പിച്ചു. എന്നാല്‍ കരുണാപാത്രങ്ങളെ വരുവാനുള്ള മഹത്വത്തിനായി ഒരുക്കുവാന്‍ ദൈവം പദ്ധതി ചെയ്ത കാര്യവും പൌലോസ് ഇവിടെ പ്രസ്താവിക്കുന്നു. കരുണാപാത്രങ്ങള്‍ അവയുടെ സ്രഷ്ടാവിന്റെ മണ്ഡലത്തില്‍നിന്ന് വരുന്നവയാണ്; അവിടേക്ക് തന്നെ അവ മടങ്ങിപ്പോകയും ചെയ്യുന്നു.

തന്റെ ജീവിതത്തിലെ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍നിന്ന് കരുണയില്ലാത്ത ഒരു തത്വസംഹിത മെനഞ്ഞെടുക്കയല്ലിവിടെ അപ്പോസ്ത ലന്‍, മറിച്ച് ദൈവത്തിന്റെ കോപത്തിനു പാത്രീഭവിച്ചവരും, അവന്റെ കരുണയാല്‍ മഹത്വീകരിക്കപ്പെട്ടവരും തമ്മിലുള്ള വേര്‍പാട് ജാതികള്‍ക്ക് മാത്രമല്ല യഹൂദന്മാര്‍ക്കും ബാധകമാണെന്നാണ് തന്റെ വിശദീകരണം. ഈ വസ്തുത വ്യക്തമാക്കേണ്ടതിന് ഹോശേയാ പ്രവാചകന് നല്കപ്പെട്ട വെളിപ്പാടിലേക്ക് അപ്പോസ്തലന്‍ കടന്നുചെന്നിട്ട് "എന്റെ ജനമല്ലാത്തവരെ എന്റെ ജനം" എന്ന് ദൈവം പറയുന്നതിനെ ചൂണ്ടിക്കാണിക്കുന്നു (2:23). ജാതികളുടെ മദ്ധ്യേ ചിതറിക്കിടക്കുന്ന വിശ്വാസ സമൂഹത്തിന് പത്രോസ് എഴുതുന്നത്, "നിങ്ങളോ അന്ധകാരത്തില്‍നിന്ന് തന്റെ അത്ഭുതപ്രകാശത്തിലേക്ക് നിങ്ങളെ വിളിച്ചവന്റെ സല്‍ഗുണങ്ങളെ ഘോഷിപ്പാന്‍ തക്കവണ്ണം തെരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവര്‍ഗ്ഗവും വിശുദ്ധ വംശവും സ്വന്തജനവും" എന്നാകുന്നു (1 പത്രോ. 2:9-10).

പൌലോസിന്റെ വാക്കുകള്‍ നോക്കിയാല്‍ ഇത് ദൈവിക പദ്ധതിയാണ്; അതായത് തെരഞ്ഞെടുത്തിട്ടില്ലാത്തവരെ അവന്‍ തെരഞ്ഞെടുക്കുകയും, വിളിക്കപ്പെട്ടിട്ടില്ലാത്തവരെ ദൈവമക്കളായി വിളിക്കുകയും ചെയ്യുന്നു (റോമര്‍ 9:26; 1 യോഹ. 3:1-3). യിസ്രായേല്‍മക്കളുടെ എണ്ണം കടല്പ്പുറത്തെ മണല്‍പോലെയാകുമെങ്കിലും ഈ സ്വന്ത ജനതയില്‍ അനുസരണം കെട്ടവരെ കഷ്ടത്തിലേക്കും ദുശ്ശാഠ്യം വിട്ടുമാറാഞ്ഞാല്‍ നാശത്തിലേക്കും ദൈവം നടത്തുമെന്നുള്ള വസ്തുത പ്രവാചകനായ യെശയ്യാവ് മനസ്സിലാക്കിയിരുന്നു.

ശാഠ്യക്കാരായ തന്റെ ജനത്തെയും കരുതുന്നവനാണ് ദൈവം. അവരെല്ലാവരും നശിക്കയില്ല; അവരില്‍ ഭൂരിഭാഗവും സൊദോം ഗൊമോറയെപ്പോലെ ഇല്ലാതെ പോകുമെങ്കിലും ഒരു ചെറിയ കൂട്ടം ശേഷിക്കുകയും അവര്‍ മുഖാന്തരം ദൈവത്തിന്റെ ആത്മിക വാഗ്ദത്തങ്ങള്‍ നിവര്‍ത്തിക്കപ്പെടുകയും ചെയ്യും (യെശ. 1:9).

ദൈവത്തിന്റെ തെരഞ്ഞെടുപ്പില്‍ വരാത്ത ജാതികളെ ദൈവം രക്ഷിച്ച് സമ്പൂര്‍ണ്ണമായി വിശുദ്ധീകരിക്കുന്നുവെന്നും എന്നാല്‍ വിശ്വാസികളായ യഹദന്മാരെ അവര്‍ നശിച്ചുപോകുവോളവും അവരെ കഠിനപ്പെടുത്തുന്നുവെന്നുമുള്ള സത്യം റോമിലുള്ള യഹൂദന്മാരെ സ്നേഹത്തില്‍ പൌലോസ് ഓര്‍പ്പിക്കുകയാണ്. ഈ അനുഭവം കേവലം സൈദ്ധാന്തികമായി വന്ന ഒരു ന്യായശാസ്ത്രമല്ല; സ്വയനീതിയില്‍ പ്രശംസിച്ചവരായ യഹൂദന്മാരോടുള്ള ബന്ധത്തില്‍ അപ്പോസ്തലന്‍ തന്റെ ഹൃദയത്തില്‍ തിരിച്ചറിഞ്ഞ യാഥാര്‍ത്ഥ്യമാണ്. അവരെ മാനസാന്തരത്തിലേക്കാനയിച്ച് തങ്ങളുടെ രക്ഷിതാവായി ദൈവം വാഗ്ദത്തം ചെയ്ത മശിഹയാണ് യേശുവെന്ന് അവരെക്കൊണ്ടേറ്റുപറയിക്കുവാന്‍ അവന്‍ ഏറെ പരിശ്രമിച്ചു. എന്നാല്‍ ഇന്നും യഹൂദന്മാരില്‍ ബഹുഭൂരിപക്ഷവും യേശുവിനെ നിരാകരിക്കുന്നവരാണ്.

പ്രാര്‍ത്ഥന: കര്‍ത്താവേ, അവിടുത്തെ സഹിഷ്ണുത വേണ്ടുവോളം ഞങ്ങളുടെ മേല്‍ കാണിച്ചിട്ടും അത് തിരിച്ചറിയാന്‍ കഴിയാത്തവരായി ഞങ്ങള്‍ കഴിയുന്നു എന്നുള്ളത് ഞങ്ങളോടു ക്ഷമിക്കണമേ. ദീര്‍ഘനാള്‍ അവിടുന്നു ഞങ്ങളെ സ്നേഹിച്ചു; ഞങ്ങളെ ശിക്ഷിക്കുകയോ നശിപ്പിക്കുകയോ ചെയ്തിട്ടില്ലല്ലോ. അവിടുത്തെ സ്നേഹം മടക്കിത്തരുവാനും, ഞങ്ങള്‍ നന്ദിയുള്ളവരായി ഇരിപ്പാന്‍ തക്കവണ്ണവും ഞങ്ങളെ ശുദ്ധീകരിക്കണമെ. അവിടുത്തെ പരിശുദ്ധാത്മാവിന്റെ നടത്തിപ്പിന് സന്തോഷത്തോടെ വിധേയപ്പെടുവാന്‍ ഞങ്ങളെ സഹായിക്കണമേ.

ചോദ്യങ്ങള്‍:

  1. കോപപാത്രങ്ങളായിത്തീര്‍ന്നത് ആരാണ്? അവരുടെ അനുസരണക്കേടിന്റെ കാരണം എന്താണ്?
  2. കരുണാപാത്രങ്ങളെക്കൊണ്ടുള്ള ഉദ്ദേശ്യമെന്താണ്? അവരുടെ ഉത്ഭവം എവിടെനിന്നാണ്?

www.Waters-of-Life.net

Page last modified on January 21, 2013, at 10:34 AM | powered by PmWiki (pmwiki-2.3.3)