Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- Romans - 005 (Identification and apostolic benediction)
This page in: -- Afrikaans -- Arabic -- Armenian -- Azeri -- Bengali -- Bulgarian -- Cebuano -- Chinese -- English -- French -- Georgian -- Greek -- Hausa -- Hebrew -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- MALAYALAM -- Polish -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Turkish -- Urdu? -- Yiddish -- Yoruba

Previous Lesson -- Next Lesson

റോമര്‍ - കര്‍ത്താവ് നമ്മുടെ നീതി
റോമര്‍ക്ക് എഴുതിയ ലേഖനം ഒരു പഠനം
പ്രവേശകം: വന്ദനംപറച്ചില്‍, ദൈവത്തിന്റെ നീതിയെ ഓര്‍ത്ത് ദൈവത്തിനു നന്ദി പറയുക എന്നതത്രെ തന്റെ ലേഖനത്തിന്റെ ഉദ്ദേശ്യം (റോമര്‍ 1:1-17)

മ) താരതമ്യനിരൂപണവും അപ്പോസ്തലിക ആശീര്‍വ്വാദവും (റോമര്‍ 1:1-7)


റോമര്‍ 1:7
7 നമ്മുടെ പിതാവായ ദൈവത്തിങ്കല്‍നിന്നും കര്‍ത്താവായ യേശുക്രിസ്തുവിങ്കല്‍നിന്നും നിങ്ങള്‍ക്ക് കൃപയും സമാധാനവും ഉണ്ടാകട്ടെ.

പൌലോസിന്റെ മിക്ക ലേഖനങ്ങളും അപ്പോസ്തലിക ആശീര്‍വ്വാദത്തോടെയാണാരംഭിക്കുന്നത്. തന്റെ ദൈവശാസ്ത്രപരമായ അറിവിന്റെ സംഗ്രഹവും, അപ്പോസ്തലിക ശക്തിയുടെ സ്ഥിരീകരണവും തന്റെ അനുവാചകര്‍ക്ക് താന്‍ പകര്‍ന്നുകൊടുക്കുന്ന അനവധിയായ അനുഗ്രഹങ്ങളുടെ ക്രോഡീകരണവുമെല്ലാം ഈ ആശീര്‍വ്വാദത്തിലുണ്ട്. അതുകൊണ്ട് ബോധപൂര്‍വ്വം ഈ വാക്കുകളുടെ കൃപാവര്‍ഷത്തിനു കീഴെ നിങ്ങളെത്തന്നെ ചായ്ച്ച് ഏല്പിക്കുക. നിങ്ങള്‍ ദൈവത്തില്‍ ധന്യരായിത്തീരുവാന്‍തക്കവണ്ണം അവയെ ഹൃദിസ്ഥമാക്കുക. ഈ അപ്പോസ്തലിക ആശീര്‍വ്വാദത്തെ ഹൃദയത്തില്‍ സൂക്ഷിച്ചുകൊണ്ട് അതിലെ ഓരോ വാക്കുകളിലും ആനന്ദിക്കുക.

ഒന്നാമത് അപ്പോസ്തലന്‍ നിങ്ങളുടെ മുമ്പാകെ വെക്കുന്നത് സമ്പൂര്‍ണ്ണമായ കൃപയെയാണ്. കാരണം നിങ്ങള്‍ നഷ്ടപ്പെട്ടവരും നാശത്തിലേക്ക് പോകുന്നവരുമാണ്. എന്നാല്‍ ദൈവം നിങ്ങളെ സ്നേഹിക്കുന്നു; നിങ്ങള്‍ നശിച്ചുപോകുവാന്‍ അവന്‍ ആഗ്രഹിക്കുന്നില്ല. തന്റെ പുത്രന്റെ മരണം നിമിത്തം നിങ്ങളെ ന്യായം വിധിക്കേണ്ടതിനു പകരം അവന്‍ നിങ്ങളെ നീതീകരിക്കുന്നു. ദൈവസ്നേഹത്തിന്റെ ന്യായമായ രൂപമാണ് കൃപ. നീതീകരിക്കപ്പെടുവാന്‍ യോഗ്യതയില്ലാത്തവരെ നീതീകരിക്കുമ്പോഴും പരിശുദ്ധനായവന്‍ നീതിമാനായിത്തന്നെ നിലകൊള്ളുന്നു. ദൈവത്തിന്റെ എല്ലാ ദാനങ്ങളും നിങ്ങള്‍ക്കുള്ളതാണ്. എല്ലാ പ്രാര്‍ത്ഥനകളുടെയും ഉത്തരം ദൈവക്രോധത്തിനു മാത്രം യോഗ്യരായിരുന്ന നിങ്ങളോടുള്ള കൃപയാണ്.

എന്നിരുന്നാലും ക്രിസ്തുവിന്റെ മരണം മുതല്‍ ദൈവത്തോടുള്ള നമ്മുടെ സ്ഥിതിക്ക് മാറ്റം ഭവിച്ചു. മുമ്പ് പാപികളും ദൈവവുമായി ശത്രുതയുമുണ്ടായിരുന്നു. എന്നാല്‍ ക്രൂശില്‍ നിവര്‍ത്തിച്ച നിരപ്പു മൂലമായി ഇപ്പോള്‍ സമാധാനം കൈവന്നിരിക്കുന്നു. നിത്യനായ പരിശുദ്ധന്‍ നമ്മെ ഒരുനാളും നശിപ്പിക്കയില്ല. കര്‍ത്താവിന്റെ പുനരുത്ഥാനനന്തരം പ്രഥമതഃ അവിടുന്നു പറഞ്ഞ വാക്ക് "നിങ്ങള്‍ക്ക് സമാധാനം'' എന്നതായിരുന്നു. ന്യായപ്രമാണത്തിന്റെ എല്ലാ ആവശ്യതകളെയും അവിടുന്നു നിവര്‍ത്തിച്ചു. ദൈവമുമ്പാകെ നമുക്കു വിരോധമായി യാതൊരുവിധ പരാതികളും ഇനിമേല്‍ നിലനില്ക്കുന്നില്ല. കാരണം ക്രിസ്തുവിന്റെ രക്തം നമ്മെ ശുദ്ധീകരിച്ചിരിക്കുന്നു. ശുദ്ധീകരിക്കപ്പെട്ട ഹൃദയത്തില്‍ വസിക്കുന്ന സമാധാനം ഹേതുവായി ഒരു പുതിയ ആരംഭം കുറിക്കയായി.

ക്രിസ്തുവിന്റെ കൃപയെ അംഗീകരിക്കുകയും ദൈവത്തോടുള്ള സമാധാനത്തില്‍ ജീവിക്കുകയും ചെയ്യുന്ന ഏവനും മനസ്സിലാക്കുവാന്‍ കഴിയുന്ന ഒരു മഹാത്ഭുതമുണ്ട്; അതായത് സൃഷ്ടാവും സര്‍വ്വശക്തനുമായവന്‍, നാം ഭയത്തോടും നടുക്കത്തോടും അവനെ ആരാധിക്കണമെന്നാവശ്യപ്പെടുന്ന ഒരു ക്രൂര ഭരണാധികാരിയല്ല; മറിച്ച് നമ്മെ സ്നേഹിക്കുകയും കരുതുകയും ചെയ്യുന്ന പിതാവാണവിടുന്ന്. അവിടുന്നു നമ്മെ കൈവിടാതെ അനന്തതയോളം നമ്മെ വഹിക്കുന്നവനാണ്. 'നമ്മുടെ പിതാവായ ദൈവം' എന്നതിനേക്കാള്‍ മനോഹരമായ യാതൊരു പദവും പുതിയ നിയമത്തിലില്ല. ദൈവശാസ്ത്രപരമായ ഈ അറിവ് നമുക്ക് നല്കിയത് ക്രിസ്തു താന്‍ തന്നെയാണ്. ദൈവത്തിന്റെ പിതൃത്വം എന്നത് പുതിയനിയമത്തിലെ ഒരു പുതിയ വെളിപ്പാടാണ്. പുത്രത്വം, വീണ്ടുംജനനം, നിത്യജീവന്‍ ഇവ നമുക്കു ലഭിക്കത്തക്കവിധം നമ്മെ ശുദ്ധീകരിക്കുക എന്നുള്ളതാണ് ക്രൂശിന്റെ ലക്ഷ്യം.

ദൈവം വാസ്തവമായി നമ്മുടെ ദൈവവും നാം അവന്റെ മക്കളും ആയിത്തീരേണ്ടതിനത്രെ അവന്‍ അങ്ങനെ ചെയ്യുന്നത്.

യേശുക്രിസ്തുവിനെ നിങ്ങള്‍ക്കറിയാമോ? അവന്റെ മഹത്വത്തെയും താഴ്മയെയും നിങ്ങള്‍ ഗ്രഹിച്ചിട്ടുണ്ടോ? അവന്റെ ആളത്വത്തില്‍ അവന്‍ ദൈവമനുഷ്യനാണ്. അവന്‍ ദൈവമഹത്വം ഉഴിഞ്ഞുവെച്ച് നമ്മെ വീണ്ടെടുക്കുവാന്‍ താഴ്മ ധരിച്ചു. മാനവജാതിയുടെ പാപത്തിനു പ്രായശ്ചിത്തമായിത്തീര്‍ന്ന ശേഷം അവന്‍ തന്റെ പിതാവിന്റെയടുക്കലേക്ക് കയറിപ്പോയി അവിടെ അവന്റെ വലതുഭാഗത്ത് ഏറ്റവും ഉന്നതമായ ബഹുമാനം ധരിച്ചവനായി ഉപവിഷ്ടനായിരിക്കുന്നു; ലോകത്തെ ദൈവത്തോടു നിരപ്പിച്ചവന്‍ അവന്‍ മാത്രമാണ്. ദൈവിക അധികാരം അവനവകാശപ്പെട്ടിരിക്കുന്നു. അവിടുന്നു കര്‍ത്താവാണ്. അവിടുന്നു നിന്റെയും കര്‍ത്താവാണോ? നിന്റെ ജീവിതത്തിന്മേല്‍ അധികാരമുള്ളവനാകുവാന്‍ അവന്‍ ആഗ്രഹിക്കുന്നു. അവിടുന്നു നിന്നെ വിശുദ്ധീകരിച്ച് വിശുദ്ധനാക്കി അവനിഷ്ടമുള്ളതുപോലെ നിന്നെ അയയ്ക്കുവാന്‍ അവന്‍ ആഗ്രഹിക്കയാണ്.

പ്രാര്‍ത്ഥന: സ്വര്‍ഗ്ഗസ്ഥനായ പിതാവേ, അവിടുന്നു ക്രിസ്തുവില്‍ എന്റെ പിതാവാകുന്നു. അശുദ്ധനും നഷ്ടപ്പെട്ടവനുമായ എന്നെ അവിടുത്തെ പൈതലായി അങ്ങ് തെരഞ്ഞെടുത്തു. ഞാന്‍ കവിണ്ണുവീണ് അങ്ങയെ ആരാധിക്കുന്നു; സ്നേഹിക്കുന്നു; എന്റെ ജീവിതത്തെ, ധനത്തെ, എന്റെ ബലത്തെ, എന്റെ സമയത്തെ എല്ലാം അങ്ങേക്കും അവിടുത്തെ പുത്രനുമായി ഞാന്‍ തരുന്നു. എന്നെ അവിടുത്തെ ഇഷ്ടംപോലെ ആക്കണമേ; ഞാന്‍ ഒരിക്കലും അവിടുത്തേക്ക് ഒരപമാനമാകരുതേ, അവിടുത്തെ നാമത്തിനു തക്ക മഹത്വം കരേറ്റുവാന്‍ എന്നെ സഹായിക്കണമേ. പാപികളുടെ രക്ഷിതാവായി അവിടുത്തെ പുത്രനെ അയച്ചുതന്നതിനായി സ്തോത്രം. നിത്യമായ സ്തുതികളാല്‍ ഞാന്‍ അങ്ങയെ ആരാധിക്കുന്നു.

ചോദ്യം:

  1. അപ്പോസ്തലിക ആശീര്‍വ്വാദത്തിലെ ഏതു പ്രസ്താവനയാണ് നിങ്ങളുടെ ജീവിതത്തോടുള്ള ബന്ധത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതും പ്രയോജനപ്പെട്ടതുമായിരിക്കുന്നത്? അതിനുള്ള മനുഷ്യന്റെ ഉത്തരം എന്താണ്?

www.Waters-of-Life.net

Page last modified on January 21, 2013, at 08:58 AM | powered by PmWiki (pmwiki-2.3.3)