Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 119 (Jesus appears to the disciples)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula? -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

നാലാം ഭാഗം - ഇരുട്ടിനെ ജയിക്കുന്ന വെളിച്ചം (യോഹന്നാന്‍ 18:1 – 21:25)
B - ക്രിസ്തുവിന്റെ പുനരുത്ഥാനവും പ്രത്യക്ഷതയും (യോഹന്നാന്‍ 20:1 - 21:25)

2. മാളികമുറിയില്‍ ശിഷ്യന്മാര്‍ക്കു യേശു പ്രത്യക്ഷനാകുന്നു (യോഹന്നാന്‍ 20:19-23)


യോഹന്നാന്‍ 20:19
19ആഴ്ചവട്ടത്തിന്റെ ഒന്നാംനാള്‍ ആയ ആ ദിവസം, നേരം വൈകിയപ്പോള്‍ ശിഷ്യന്മാര്‍ ഇരുന്ന സ്ഥലത്തു യഹൂദന്മാരെ പേടിച്ചു വാതില്‍ അടച്ചിരിക്കെ യേശു വന്നു നടുവില്‍ നിന്നുകൊണ്ട്: നിങ്ങള്‍ക്കു സമാധാനം എന്ന് അവരോട് പറഞ്ഞു.

അടച്ചിട്ട മുറിയില്‍ ശിഷ്യന്മാര്‍ ഇരുന്നുകൊണ്ടു ഞായറാഴ്ച നടന്ന ഭയങ്കരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയായിരുന്നു. കല്ലറ ഒഴിഞ്ഞുകിടക്കുകയാണെന്നു പത്രോസും യോഹന്നാനും പറഞ്ഞ് അവരറിഞ്ഞിരുന്നു. അവന്‍ ഉയിര്‍ത്തെഴുന്നേറ്റതായി ദൂതന്മാര്‍ പറഞ്ഞ വസ്തുത അറിയിച്ച മറിയ ഇത് ഉറപ്പിച്ചു. അവനെ കണ്ട കാര്യം മഗ്ദലക്കാരി മറിയ പിന്നീട് അവരെ അറിയിച്ചു. ഈ വാര്‍ത്ത അവര്‍ക്കൊരു ആഘാതമായിരുന്നു - മരിച്ചവന്‍ ജീവനോടിരിക്കുന്നു, പക്ഷേ വിശ്വസ്തരായ അവരുടെയടുക്കല്‍ വന്നിട്ടുമില്ല. കര്‍ത്താവിനെ അറസ്റ് ചെയ്തപ്പോള്‍ അവര്‍ ഉറക്കം തൂങ്ങുകയായിരുന്നു. പത്രോസ് അവനെ തള്ളിപ്പറഞ്ഞിരുന്നു; അവന്റെ വിചാരണവേളയില്‍ ആരും അവനോടൊപ്പം നിന്നില്ല, യോഹന്നാനും ആ സ്ത്രീകളുമൊഴികെ അവന്റെ ക്രൂശിന്റെ സമീപത്ത് ആരുമില്ലായിരുന്നു, അവനെ ക്രൂശില്‍നിന്നു താഴെയിറക്കി സുഗന്ധദ്രവ്യം പൂശാനും ആരും സഹായിച്ചില്ല. അവര്‍ യഹൂദന്മാരെ ഭയപ്പെട്ടിരുന്നു, പെസഹാപ്പെരുന്നാള്‍ കഴിഞ്ഞാലുടന്‍ പീഡനം തുടങ്ങുമെന്ന ചിന്തയായിരുന്നു അവര്‍ക്ക്. ഇക്കാരണങ്ങളാലാണ് അവര്‍ വാതിലടച്ചതും, മനം തളര്‍ന്ന് അകത്തെ മുറിയിലിരുന്നതും.

മറിയയുടെ വാക്കുകള്‍ വെറും സ്വപ്നങ്ങളാണെന്ന് അവര്‍ കരുതി. അവര്‍ പരസ്പരം പറഞ്ഞുകാണും: "നമ്മള്‍ യേശുവിനെ അനുഗമിച്ചു, അവന്‍ വിജയിക്കുമെന്നും നമ്മളെ അവന്റെ മന്ത്രിമാരാ(ശുശ്രൂഷകന്മാര്‍)ക്കുമെന്നും നാം പ്രതീക്ഷിച്ചു. ഇവിടെ നമ്മള്‍ തോറ്റിരിക്കുകയാണ്, നമ്മളെ നശിപ്പിക്കാന്‍ അവര്‍ പിന്നാലെ വരും."

അത്തരം നിരാശയുടെ മദ്ധ്യത്തില്‍, അവര്‍ക്ക് അവിശ്വാസവും കയ്പുമൊക്കെ ഉണ്ടായിട്ടും, യേശു അവരുടെ നടുവില്‍ വന്നു നിന്നു. അവരുടെ പ്രത്യാശയും സ്നേഹവുംകൊണ്ടല്ല അവന്‍ വന്നത്,മറിച്ചു വഴിതെറ്റിപ്പോയ അവരോടു കരുണ കാണിക്കാനും, വിശ്വാസമില്ലാത്ത അവര്‍ക്കു കൃപ കാണിക്കാനുമായിരുന്നു.

അവരുടെയിടയില്‍ നിശ്ശബ്ദമായി യേശു പ്രത്യക്ഷപ്പെട്ടത് ഒരു അത്ഭുതമായിരുന്നു. മരിച്ചവന്‍ ജീവനോടെ വരുന്നു, തള്ളിക്കളഞ്ഞവന്‍ സ്വതന്ത്രനായിരിക്കുന്നു. പാറയിലെ കല്ലറയ്ക്കോ ഇരുമ്പുവാതിലിനോ, തിരഞ്ഞെടുക്കപ്പെട്ടവരുടെയിടയിലെ അവന്റെ പ്രത്യക്ഷത തടയാനായില്ല. ഇവിടെ അവന്‍, ആ മുറിയില്‍, അവരുടെയിടയില്‍ മറ്റുള്ള മനുഷ്യരെപ്പോലെ ധീരനായിക്കാണപ്പെടുന്നു, അവന്‍ പറയുന്നതു കേള്‍ക്കുന്നു, അവനെ അവര്‍ സ്പര്‍ശിക്കുന്നു. അതേസമയത്തുതന്നെ, അവന്‍ ആത്മാവാണ്, ഭിത്തിയിലൂടെയോ വാതിലിലൂടെയോ കടക്കാന്‍ അവനു കഴിവുണ്ട്. അവനില്‍ നാം വസിച്ചാല്‍ നാം എന്തായിത്തീരുമെന്ന് അവന്റെ പുതിയ അവസ്ഥ (existence) കാണിച്ചുതരുന്നു. അവന്റെ പുനരുത്ഥാനശരീരമാണു നമ്മുടെ പ്രത്യാശ.

എന്തൊരാശ്വാസം! മരണത്തില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റവന്‍, ശിഷ്യന്മാരുടെ കുറവുകള്‍ കണ്ട് അവരെ ശാസിക്കുന്നില്ല, മറിച്ച് അവരെ അഭിവാദനം ചെയ്യുകയാണ് - ശിഷ്യന്മാരോടു മുഴുവനുമായി അവന്‍ (പുനരുത്ഥാനത്തിനുശേഷം) ആദ്യമായിപ്പറഞ്ഞ വാക്കുകള്‍: "നിങ്ങള്‍ക്കു സമാധാനം" എന്നാണ്. ഈ അഭിവാദനം സൂചിപ്പിക്കുന്നത്, ക്രൂശിലൂടെ ലോകത്തെ അവന്‍ ദൈവവുമായി നിരപ്പിച്ചുവെന്നാണ്. സ്വര്‍ഗ്ഗത്തില്‍നിന്നു ഭൂമിയിലേക്കു സമാധാനം പരക്കാന്‍ തുടങ്ങി, ക്രിസ്തുവിനെ സ്വീകരിക്കാനോ നിരസിക്കാനോ ഉള്ള ഒരു പുതിയ യുഗം തുടങ്ങി. മനുഷ്യന്റെ രക്ഷയ്ക്ക് അവനാണ് ഉത്തരവാദി. മാനസാന്തരപ്പെട്ടു യേശുവില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും ഈ അനുഗ്രഹത്തില്‍ പങ്കാളികളാകാം. സമാധാനപ്രഭുവിനോടു ചേരുന്ന വ്യക്തി, അവന്റെ അതുല്യമായ ബലിമൂലം നീതീകരിക്കപ്പെടുന്നു. പൌലോസ് അതിനെക്കുറിച്ചെഴുതുന്നു: "വിശ്വാസത്താല്‍ നീതീകരിക്കപ്പെട്ടിട്ട്, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുമൂലം നമുക്കു ദൈവത്തോടു സമാധാനമുണ്ട്."

പ്രാര്‍ത്ഥന: മരണത്തില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റ, സമാധാനപ്രഭുവായ യേശുകര്‍ത്താവേ, ഞങ്ങള്‍ നന്ദിയോടും സന്തോഷത്തോടുംകൂടെ നിന്നെ വണങ്ങുന്നു. നീ ഞങ്ങളെ ന്യായം വിധിക്കാനും ശിക്ഷിക്കാനും വരാതെ, നിന്റെ കൃപ പകര്‍ന്ന്, നിരാശയില്‍നിന്നും അവിശ്വാസത്തില്‍നിന്നും രക്ഷിക്കാനും ദൈവവുമായി ഞങ്ങളെ നിരപ്പിക്കാനും അതിലൂടെ നിന്റെ സമാധാനം ഞങ്ങള്‍ക്കു നല്‍കാനുമാണല്ലോ നീ വന്നത്. ഞങ്ങളുടെ പരിശ്രമങ്ങളുടെ കൂലിയല്ല, മറിച്ചു കൃപയുടെ ഒരു ദാനമാണല്ലോ നിന്റെ രക്ഷ. നിന്റെ കൃപാകരമായ ഉദ്ദേശ്യം ഗ്രഹിക്കാന്‍ ഞങ്ങളുടെ ശത്രുക്കളെയും മിത്രങ്ങളെയും പഠിപ്പിക്കണമേ; അങ്ങനെ അവര്‍ നിന്നെ സ്വീകരിക്കട്ടെ, പരിശുദ്ധനായ ദൈവവുമായുള്ള ശത്രുത്വത്തില്‍ അവര്‍ തുടരാതിരിക്കട്ടെ.

ചോദ്യം:

  1. പുനരുത്ഥാനത്തിനുശേഷം ആദ്യമായി യേശു ശിഷ്യന്മാരോടു പറഞ്ഞ വാചകത്തിന്റെ അര്‍ത്ഥമെന്ത്?

www.Waters-of-Life.net

Page last modified on May 16, 2012, at 11:23 AM | powered by PmWiki (pmwiki-2.3.3)