Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 108 (The charge against Christ's royal claims)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula? -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

നാലാം ഭാഗം - ഇരുട്ടിനെ ജയിക്കുന്ന വെളിച്ചം (യോഹന്നാന്‍ 18:1 – 21:25)
A - അറസ്റ് മുതല്‍ ശവസംസ്കാരം വരെയുള്ള സംഭവങ്ങള്‍ (യോഹന്നാന്‍ 18:1 - 19:42)
3. റോമന്‍ ഗവര്‍ണറുടെ മുമ്പാകെയുള്ള മതേതര (രശ്ശഹ) വിചാരണ (യോഹന്നാന്‍ 18:28 - 19:16)

a) ക്രിസ്തുവിന്റെ രാജകീയ അവകാശവാദങ്ങള്‍ക്കെതിരായ കുറ്റാരോപണം (യോഹന്നാന്‍ 18:28-38)


യോഹന്നാന്‍ 18:28-32
28പുലര്‍ച്ചയ്ക്ക് അവര്‍ യേശുവിനെ കയ്യഫാവിന്റെ അടുക്കല്‍നിന്ന് ആസ്ഥാനത്തിലേക്കു കൊണ്ടുപോയി; തങ്ങള്‍ അശുദ്ധമാകാതെ പെസഹ കഴിക്കേണ്ടതിന് ആസ്ഥാനത്തില്‍ കടന്നില്ല. 29പീലാത്തോസ് അവരുടെ അടുക്കല്‍ പുറത്തുവന്ന്: ഈ മനുഷ്യന്റെ നേരെ എന്തു കുറ്റം ബോധിപ്പിക്കുന്നു എന്നു ചോദിച്ചു. 30കുറ്റക്കാരന്‍ അല്ലായിരുന്നുവെങ്കില്‍ ഞങ്ങള്‍ അവനെ നിന്റെ പക്കല്‍ ഏല്പിക്കുകയില്ലായിരുന്നുവെന്ന് അവര്‍ അവനോട് ഉത്തരം പറഞ്ഞു. 31പീലാത്തോസ് അവരോട്: നിങ്ങള്‍ അവനെ കൊണ്ടുപോയി നിങ്ങളുടെ ന്യായപ്രമാണപ്രകാരം വിധിക്കുവിന്‍ എന്നു പറഞ്ഞതിനു യഹൂദന്മാര്‍ അവനോട്: മരണശിക്ഷയ്ക്കുള്ള അധികാരം ഞങ്ങള്‍ക്കില്ലല്ലോയെന്നു പറഞ്ഞു. 32യേശു താന്‍ മരിക്കാനുള്ള മരണവിധം സൂചിപ്പിച്ച വാക്കിന് ഇതിനാല്‍ നിവൃത്തി വന്നു.

ബേഥെസ്ദായിലെ പക്ഷവാതക്കാരനെ യേശു സൌഖ്യമാക്കിയപ്പോള്‍ത്തന്നെ അവനെ കൊല്ലാന്‍ ചില യഹൂദന്മാര്‍ ചിന്തിച്ചതാണ് (5:18). ലാസറിനെ ഉയിര്‍പ്പിച്ചുകഴിഞ്ഞപ്പോള്‍ ഭൂരിപക്ഷം യഹൂദനേതാക്കന്മാരും യേശുവിനെ കൊല്ലണമെന്നു രഹസ്യത്തില്‍ തീരുമാനിച്ചിരുന്നു (11:46).

വ്യാഴാഴ്ച രാത്രിയില്‍, സന്‍ഹെദ്രിന്‍ സംഘത്തിന്റെ രണ്ടു സുപ്രധാന കൂടിവരവുകള്‍ ക്രമീകരിച്ചു. അതു യോഹന്നാന്‍ സൂചിപ്പിച്ചിട്ടില്ല (മത്തായി 26:57-67; 27:1). യഹൂദന്മാരുടെ വിവരങ്ങളൊന്നും ഗ്രീക്കു വായനക്കാര്‍ക്കു വലിയ കാര്യമല്ല, എന്നാല്‍ അനീതിയായി യേശുവിനെ വധശിക്ഷയ്ക്കു വിധിച്ചതിനു യോഹന്നാന്‍ ഊന്നല്‍ നല്‍കുന്നു. റോമിന്റെ നീതിയുടെ പ്രതിനിധിയായ പീലാത്തോസ്, ദൈവാലയത്തിനു മേല്‍നോട്ടം വഹിക്കുന്ന സൈനികത്താവളത്തില്‍വെച്ചാണ് ഈ വിധി കല്പിച്ചത്. വധശിക്ഷ വിധിക്കാനോ വെറുതെ വിടാനോ ഉള്ള അധികാരം അദ്ദേഹത്തിനു മാത്രമായിരുന്നു.

തങ്ങളുടെ കര്‍ത്താവിനെ തിരിച്ചറിഞ്ഞ ആ യഹൂദന്മാര്‍, ഒരു വിജാതീയന്റെ താമസസ്ഥലത്തു കടന്ന് അശുദ്ധമാകുന്നതു ഭയപ്പെട്ടു. അവരുടെ ആചാരപരമായ വിശുദ്ധി സൂക്ഷിക്കാന്‍ അവര്‍ ആഗ്രഹിച്ചത്, വീട്ടുകാരോടു ചേര്‍ന്നു പെസഹാക്കുഞ്ഞാടില്‍ പങ്കാളികളാകേണ്ടതിനായിരുന്നു. എന്നാലും, യഥാര്‍ത്ഥ ദൈവകുഞ്ഞാടിനെ അവര്‍ കൊന്നുകളഞ്ഞു.

യേശുവിനെ അറസ്റ് ചെയ്ത ഈ നിര്‍ണ്ണായക സമയത്ത്, പീലാത്തോസിന്റെ ഓഫീസില്‍ സമൂലമായ മാറ്റങ്ങളുണ്ടായി. അദ്ദേഹത്തിന്റെ ഒരു സഹപ്രവര്‍ത്തകനായ ഒരു റോമന്‍ സൈനികോദ്യോഗസ്ഥനെ, ഒരു വിപ്ളവം ആസൂത്രണം ചെയ്തതിന്റെ പേരില്‍ സീസര്‍ പിരിച്ചുവിട്ടു. യഹൂദവിരുദ്ധനായ ഈ സൈനിക നേതാവിന്റെ ഗൂഢാലോചന യഹൂദന്മാരാണു പുറത്തുകൊണ്ടുവന്നത്. തത്ഫലമായി, പീലാത്തോസിന്റെ അധികാരം ബലഹീനമായി. നേരത്തെ അദ്ദേഹം യഹൂദന്മാരെ അധിക്ഷേപിച്ചിരുന്നു, അവരെ കര്‍ക്കശമായി കൈകാര്യം ചെയ്തിരുന്നു.

യഹൂദന്മാര്‍ യേശുവിനെ പീലാത്തോസിന്റെ അടുക്കല്‍ കൊണ്ടുവന്നതിനുശേഷം, അദ്ദേഹം പുറത്തുവന്ന് അവരുടെ ആവശ്യങ്ങള്‍ അന്വേഷിച്ചു. ചര്‍ച്ച ചെയ്യാനായി ഒരുപാടു സമയം അദ്ദേഹം ചെലവാക്കാതെത്തന്നെ, അവരുടെ പരാതികളുടെ ചുരുക്കം അദ്ദേഹത്തിനു മനസ്സിലായി. പരിഹാസദ്യോതകമായി പുഞ്ചിരിച്ചുകൊണ്ടു യേശുവിനോടുള്ള തന്റെ മനോഭാവം പീലാത്തോസ് പ്രകടിപ്പിച്ചു - ആയുധങ്ങളോ പടയാളികളോ ഇല്ലാത്ത ഒരു രാജാവ്, റോമിനു യാതൊരു ഭീഷണിയുമില്ലാതെ ഒരു കഴുതപ്പുറത്തു കയറി നഗരത്തില്‍ പ്രവേശിക്കുന്നു. പക്ഷേ, യഹൂദന്മാരുടെ ശാഠ്യത്തിനു വഴങ്ങി അവരുടെ ആവശ്യങ്ങള്‍ അദ്ദേഹം അംഗീകരിച്ചു. യേശുവിനെ അറസ്റ് ചെയ്യുന്നതിനുവേണ്ടി, യഹൂദന്മാരുടെ ആവശ്യമനുസരിച്ച് ഒരു ഉദ്യോഗസ്ഥനെ അദ്ദേഹം നേരത്തെതന്നെ നിയമിച്ചിരുന്നു. അതു നടന്നു. തടവുകാരന്‍ അദ്ദേഹത്തിന്റെ ദയയില്‍ അവിടെയുണ്ട്. എന്നിട്ടും പീലാത്തോസ് ചോദിച്ചു: "എന്താണ് അവന്‍ ചെയ്ത കുറ്റം?"

യഹൂദനേതാക്കന്മാര്‍ നിസ്സംശയമായി പ്രസ്താവിച്ചു: ഞങ്ങള്‍ അവനെക്കുറിച്ചു നേരത്തെ പറഞ്ഞതു നിനക്കറിയാം. വിപ്ളവകരമായ ലക്ഷ്യങ്ങളുള്ള ഒരു രാഷ്ട്രീയ കുറ്റവാളിയാണവന്‍. ഇതിലധികമൊന്നും ഞങ്ങള്‍ പറയേണ്ടതില്ല. യഹൂദജനത്തിന്റെ പ്രതിനിധികളെന്ന നിലയിലുള്ള ഒരു ഔദ്യോഗികസന്ദര്‍ശനമല്ല ഞങ്ങളുടേത്. ആളുകള്‍ ഇളകാതിരിക്കാന്‍ അവന്റെ മരണമാണു ഞങ്ങള്‍ ആവശ്യപ്പെടുന്നത്.

യഹൂദന്മാരുടെ തോന്നലുകളും മുന്‍വിധികളും, അവരുടെ ന്യായപ്രമാണസംബന്ധമായ നിര്‍ദ്ദേശവും ശക്തനായ ഒരു മശീഹയെക്കുറിച്ചുള്ള പ്രതീക്ഷയുമൊക്കെ പീലാത്തോസ് അറിഞ്ഞിരുന്നു. അങ്ങനെ വീണ്ടും യേശുവിനെ യഹൂദന്മാരുടെ ന്യായപ്രമാണമനുസരിച്ചു വിധിക്കുന്നതിന് അവരോടാവശ്യപ്പെട്ടു.

ആ സമയത്ത്, ന്യായപ്രമാണലംഘികളെ കല്ലെറിയാനുള്ള അവകാശമൊന്നും യഹൂദന്മാര്‍ക്കില്ലായിരുന്നു. അശുദ്ധരായി കണക്കാക്കപ്പെട്ടിരുന്ന റോമാക്കാരുടെ കയ്യില്‍ യേശുവിനെ ഏല്പിച്ച്, അവനെ പരസ്യവിചാരണ ചെയ്ത് അവഹേളിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. അങ്ങനെ അടിമകള്‍ക്കും കൊടുംപാതകികള്‍ക്കും കൊടുക്കുന്ന ഏറ്റവും കാഠിന്യമേറിയ ശിക്ഷ അവന്റെമേല്‍ വീഴും - "ശപിക്കപ്പെട്ട മര''ത്തിന്മേല്‍ തൂക്കപ്പെടുക. യേശു ദൈവപുത്രനും ബലവാനും നീതിമാനുമല്ലെന്നും, മറിച്ച് ഒരു ദൈവദൂഷകനുമാണെന്നാണ് ഇതു സൂചിപ്പിക്കുന്നത്. റോമാക്കാരുടെ കൈകൊണ്ടു യേശു മരിക്കണം, അവന്‍ മശീഹയല്ല, മറിച്ച് ഒരു അക്രമിയും വഞ്ചകനുമാണെന്നു തെളിയിക്കുമെന്നായിരുന്നു കയ്യഫാവ് ഉദ്ദേശിച്ചത്.

യോഹന്നാന്‍ 18:33-36
33പീലാത്തോസ് പിന്നെയും ആസ്ഥാനത്തില്‍ ചെന്നു യേശുവിനെ വിളിച്ചു: നീ യഹൂദന്മാരുടെ രാജാവാേേ എന്നു ചോദിച്ചു. 34അതിന് ഉത്തരമായി യേശു: നീ ഇതു സ്വയമായി പറയുന്നതോ മറ്റുള്ളവര്‍ എന്നെക്കുറിച്ചു നിന്നോടു പറഞ്ഞിട്ടോ എന്നു ചോദിച്ചു. 35പീലാത്തോസ് അതിന് ഉത്തരമായി: ഞാന്‍ യഹൂദനാണോ? നിന്റെ ജനവും മഹാപുരോഹിതന്മാരും നിന്നെ എന്റെ പക്കല്‍ ഏല്പിച്ചിരിക്കുന്നു; നീ എന്തു ചെയ്യുന്നുവെന്നു ചോദിച്ചതിനു യേശു: 36എന്റെ രാജ്യം ഐഹികമല്ല; എന്റെ രാജ്യം ഐഹികമായിരുന്നെങ്കില്‍ എന്നെ യഹൂദന്മാരുടെ കയ്യില്‍ ഏല്പിക്കാതിരിക്കാന്‍ എന്റെ ചേവകര്‍ പോരാടുമായിരുന്നു; എന്നാല്‍ എന്റെ രാജ്യം ഐഹികമല്ല എന്ന് ഉത്തരം പറഞ്ഞു.

പടയാളികള്‍ യേശുവിനെ സൈനികത്താവളത്തിനുള്ളിലാക്കി. യഹൂദന്മാരുടെ കുറ്റാരോപണം പീലാത്തോസ് കേട്ടപ്പോള്‍, യേശുവിന്റെ വാദം നേരിട്ടു കേള്‍ക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു. യഹൂദന്മാരുടെ വാചകമടിയൊന്നും പീലാത്തോസ് വിശ്വസിച്ചില്ല, അദ്ദേഹം നിയമപരമായിത്തന്നെ മുന്നോട്ടുപോയി യേശുവിനോടു ചോദിച്ചു: "നീയാണോ യഹൂദന്മാരുടെ രാജാവ്? അടിമുടി ആയുധം ധരിച്ച, കറുത്ത താടിമീശയും ഉഗ്രമായ നോട്ടവുമുള്ള മറ്റു മശീഹമാരെ ഞാന്‍ കണ്ടിട്ടുണ്ട്. നീയൊരു പോരാളിയോ, ഭീകരനോ അല്ല. നിന്നെക്കണ്ടിട്ട് ഒരു ഹതഭാഗ്യനായ വ്യക്തിയാണെന്നു തോന്നുന്നു, സൌമ്യനും വിനയാന്വിതനുമാണ്, നിനക്കെങ്ങനെയാണു രാജാവാകാന്‍ കഴിയുക? രാജാവിന് അധികാരവും ശക്തിയും അനുകമ്പാരാഹിത്യവും ആവശ്യമാണ്."

യേശുവിന്റെ രാജ്യത്വത്തെക്കുറിച്ചു പീലാത്തോസിനു സംശയമുണ്ടായെന്നു യേശു അറിഞ്ഞു. യേശു പീലാത്തോസിനോടു ചോദിച്ചു: "രാത്രിയില്‍ എന്റെ ശിഷ്യന്മാര്‍ നിന്റെ പടയാളികളോടു പോരാടിയെന്ന് അവര്‍ നിന്നോടു പറഞ്ഞോ, അതോ ഞാന്‍ രാഷ്ട്രീയപ്രസംഗങ്ങള്‍ നടത്തുന്നതായി നിന്റെ ചാരന്മാര്‍ നിന്നെ അറിയിച്ചോ, അതല്ലെങ്കില്‍ നിന്റെ ചോദ്യങ്ങളൊക്കെ യഹൂദന്മാരുടെ കള്ളങ്ങള്‍ അടിസ്ഥാനമാക്കിയുള്ളതാണോ? വ്യാജമായ ആരോപണങ്ങള്‍ക്ക് ഒരു ഭരണാധികാരി ചെവികൊടുക്കരുത്."

പീലാത്തോസ് കുപിതനായി ചോദിച്ചു: "ഞാന്‍ യഹൂദനാണോ?" "മര്‍ക്കടമുഷ്ടികളായ ആ മതഭ്രാന്തന്മാരുടെ നിലവാരത്തിലേക്കു താണ്, മതത്തിലെ കാര്യങ്ങളെക്കുറിച്ചു രാപ്പകല്‍ തര്‍ക്കിക്കുന്നയാളല്ല ഞാന്‍" എന്നു പറയുന്നതുപോലെയായിരുന്നു അത്.

അങ്ങനെ, താനല്ല, യഹൂദന്മാരും അവരുടെ നേതാക്കന്മാരുമായ ദേശീയവാദികളാണു യേശുവിനെ അറസ്റ് ചെയ്തതെന്നു പീലാത്തോസ് സമ്മതിച്ചു. പിന്നെ അദ്ദേഹം ചുരുക്കമായി ചോദിച്ചു: "നീ എന്താണു ചെയ്തത്? നിന്നെ കുറ്റം ചുമത്തുന്നവരെ ഖണ്ഡിക്കാന്‍ എനിക്കു നിന്റെയൊരു മറുപടി കിട്ടണം. പറഞ്ഞില്ലെങ്കില്‍ നിന്നെ അടിക്കും; സത്യം മുഴുവന്‍ പറയൂ." ഈ സമയത്ത്, താന്‍ ശിഷ്യന്മാരുമൊത്തു പ്രവര്‍ത്തിച്ച കാര്യങ്ങളെല്ലാം യേശു തുറന്നുപറഞ്ഞു. അവന്‍ പറഞ്ഞത്: "ദൈവത്തിന്റെ രാജ്യം അവന്റേതു മാത്രമാണ്, കപ്പത്തിന്മേലോ ആയുധങ്ങളിന്മേലോ പദവികളിന്മേലോ നിര്‍മ്മിച്ച് ആളുകളെ ചൂഷണം ചെയ്യുന്ന ഒന്നല്ല അത്." ക്രിസ്തുവിന്റെ രാജ്യം മറ്റുള്ളവയെപ്പോലെ കഴിഞ്ഞുപോകുന്നതല്ല. യേശുവിന്റെ അനുയായികളെ അവന്‍ ഉപദേശിച്ചത്, വാളുകള്‍കൊണ്ടോ വെടിയുണ്ടകള്‍കൊണ്ടോ ബോംബുകള്‍കൊണ്ടോ ആക്രമിക്കരുതെന്നാണ്. ഭൂമിയിലെ സകലരാജ്യങ്ങളില്‍നിന്നും തികച്ചും വ്യത്യസ്തമായതാണ് അവന്റെ രാജ്യം.

യോഹന്നാന്‍ 18:37-38
37പീലാത്തോസ് അവനോട്: എന്നാല്‍ നീ രാജാവു തന്നെയല്ലോ എന്നു പറഞ്ഞതിനു യേശു: നീ പറഞ്ഞതുപോലെ ഞാന്‍ രാജാവു തന്നെ; സത്യത്തിനു സാക്ഷിനില്ക്കേണ്ടതിനു ഞാന്‍ ജനിച്ചു അതിനായി ലോകത്തില്‍ വന്നുമിരിക്കുന്നു; സത്യതല്പരനായവനെല്ലാം എന്റെ വാക്കു കേള്‍ക്കുന്നുവെന്ന് ഉത്തരം പറഞ്ഞു. 38പീലാത്തോസ് അവനോട്: സത്യം എന്നാല്‍ എന്ത് എന്നു പറഞ്ഞു പിന്നെയും യഹൂദന്മാരുടെ അടുക്കല്‍ പുറത്തു ചെന്ന് അവരോട്:” ഞാന്‍ അവനില്‍ ഒരു കുറ്റവും കാണുന്നില്ല.

യേശുവിന്റെ അവകാശവാദം പീലാത്തോസ് ഗ്രഹിച്ചില്ല, എന്നാല്‍ കുറ്റാരോപിതനായ വ്യക്തി, രാജത്വത്തിന്റെ സൂചന വ്യക്തമാക്കാതെയാണ് അതു സമ്മതിച്ചതെന്ന് അദ്ദേഹത്തിനു മനസ്സിലായി. യേശു പ്രതികരിച്ചു: "നീ എന്റെ രഹസ്യം മനസ്സിലാക്കുകയും എന്റെ വാക്കുകള്‍ ഗ്രഹിക്കുകയും ചെയ്തു. ഒരു രാജാവു രാജ്യത്തിന്റെ ഉടമസ്ഥനും നായകനുമാണ്; എന്റെ രാജ്യം ഈ ലോകത്തിന്റേതല്ല - ലോകം മുഴുവന്‍ ചതിയും വ്യാജവുമാണ്, ഞാന്‍ സത്യത്തിന്റെ രാജാവാണ്."

കന്യകമറിയാമില്‍നിന്നുള്ള ജനനമല്ല തന്റെ അസ്തിത്വത്തിന്റെ തുടക്കം, അതിനും അപ്പുറത്തുനിന്നാണു താന്‍ വരുന്നതെന്നു യേശു സാക്ഷീകരിച്ചു. കാലങ്ങള്‍ക്കുമുമ്പെ അവന്‍ പിതാവിന് ഏകജാതനാണ്. ദൈവികസത്യങ്ങള്‍ അവനറിയാം. നിത്യനായ ഏകജാതനെന്ന നിലയില്‍ ദൈവത്തിന്റെ സത്യത്തിനു യേശു സാക്ഷ്യം വഹിക്കുന്നു - അവന്‍ വിശ്വസ്ത സാക്ഷിയാണ്. എന്നാല്‍ പീലാത്തോസ് ചിരിച്ചുകൊണ്ടു ചോദിച്ചു: "എന്താണു സത്യം?" ഒരുപാടു കപടഭക്തിയും വഞ്ചനയും കണ്ട ആ ഭരണാധികാരിക്കു സത്യത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടുപോയിരുന്നു. എന്നാല്‍ സ്വര്‍ഗ്ഗീയസത്യങ്ങള്‍ക്കു വിശ്വസ്തസാക്ഷിയായ യേശു ഉറച്ചുനിന്ന് അവന്റെ പിതാവിന്റെ നാമം നമുക്കു വെളിപ്പെടുത്തി.

പ്രാര്‍ത്ഥന: യേശുകര്‍ത്താവേ, നീയാണ് എന്റെ രാജാവ്; ഞാന്‍ നിന്റെ വകയാണ്. എന്നെ നിന്റെ ആര്‍ദ്രതയുടെ ഒരു ദാസന്‍/ദാസിയാക്കണമേ; നിന്റെ സത്യത്തില്‍ എന്നെ ഉറപ്പിച്ചു നിര്‍ത്തണമേ.

ചോദ്യം:

  1. എങ്ങനെ, ഏതര്‍ത്ഥത്തിലാണു യേശു രാജാവായിരിക്കുന്നത്?

www.Waters-of-Life.net

Page last modified on May 14, 2012, at 12:55 PM | powered by PmWiki (pmwiki-2.3.3)