Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 016 (The first six disciples)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

ഒന്നാം ഭാഗം - ദിവ്യ വെളിച്ചത്തിന്റെ പ്രകാശിക്കല്‍ (യോഹന്നാന്‍ 1:1 - 4:54)
B - അനുതാപത്തിന്റെ (മാനസാന്തരത്തിന്റെ) ലോകത്തില്‍നിന്നു വിവാഹത്തിന്റെ സന്തോഷത്തിലേക്കു യേശു ശിഷ്യന്മാരെ നയിക്കുന്നു (യോഹന്നാന്‍ 1:19 - 2:12)

3. ആദ്യത്തെ ആറു ശിഷ്യന്മാര്‍ (യോഹന്നാന്‍ 1:35-51)


യോഹന്നാന്‍ 1:35-39
35പിറ്റെന്നാള്‍ യോഹന്നാന്‍ പിന്നെയും തന്റെ രണ്ടു ശിഷ്യന്മാരുമായി അവിടെ നില്‍ക്കുമ്പോള്‍ കടന്നുപോകുന്ന യേശുവിനെ നോക്കിയിട്ട്: 36ഇതാ, ദൈവത്തിന്റെ കുഞ്ഞാട് എന്നു പറഞ്ഞു. 37അവന്‍ പറഞ്ഞത് ആ രണ്ടു ശിഷ്യന്മാര്‍ കേട്ടു യേശുവിനെ അനുഗമിച്ചു. 38യേശു തിരിഞ്ഞ് അവര്‍ പിന്നാലെ വരുന്നതുകണ്ട് അവരോട്: നിങ്ങള്‍ എന്ത് അന്വേഷിക്കുന്നു എന്നു ചോദിച്ചു; അവര്‍: റബ്ബീ, - എന്നുവെച്ചാല്‍ ഗുരോ - നീ എവിടെ പാര്‍ക്കുന്നു എന്നു ചോദിച്ചു. 39അവന്‍ അവരോട്: വന്നു കാണുവിന്‍ എന്നു പറഞ്ഞു. അങ്ങനെ അവന്‍ വസിക്കുന്ന ഇടം അവര്‍ കണ്ട് അന്ന് അവനോടുകൂടെ പാര്‍ത്തു. അപ്പോള്‍ ഏകദേശം പത്താം മണിനേരം ആയിരുന്നു.

ദൈവവചനം മനുഷ്യനായി അവതരിച്ചതാണു ക്രിസ്തു. അവന്‍ ദൈവം തന്നെയാണ്, അവന്‍ തന്നെയാണു പ്രകാശത്തിന്റെ ഉറവിടം. ഇങ്ങനെയാണു സുവിശേഷകന്‍ ക്രിസ്തുവിന്റെ സാരാംശം വിവരിച്ചിരിക്കുന്നത്. യേശുവിന്റെ ശുശ്രൂഷയും പ്രവൃത്തികളും അവന്‍ വിവരിച്ചിട്ടുണ്ട്. എല്ലാറ്റിനെയും സൃഷ്ടിച്ചവനും പരിരക്ഷിക്കുന്നവനും അവനാണ്. ദൈവം അനുകമ്പാര്‍ദ്രനായ ഒരു പിതാവാണെന്ന നിലയില്‍ ദൈവത്തെക്കുറിച്ചുള്ള ഒരു പുതിയ അറിവു ദൈവം നമുക്കു നല്‍കി. അങ്ങനെ "ഇതാ ദൈവത്തിന്റെ കുഞ്ഞാട്'' എന്ന കാര്യം അവന്‍ ആവര്‍ത്തിച്ചു പറയുന്നു. ഈ ലക്ഷ്യമനുസരിച്ച് എല്ലാ ഗുണവിശേഷങ്ങളും യേശുവില്‍ സംഗ്രഹിച്ചിരിക്കുന്നു. വാക്യം 14 ല്‍, ദൈവത്തിന്റെ സാരാംശവും ഉറവിടവും അവന്‍ വിവരിച്ചിരിക്കുന്നു. വാക്യം 29 ലും 33 ലും ശുശ്രൂഷയിലെ ക്രിസ്തുവിന്റെ ഉദ്ദേശ്യം അവന്‍ വിവരിക്കുന്നുണ്ട്.

അറുക്കപ്പെടേണ്ടതിനു ദൈവത്തിന് അര്‍പ്പിക്കപ്പെട്ട ഒരു യാഗമൃഗമായിട്ടാണു ക്രിസ്തു മനുഷ്യനായത്. നമ്മുടെ പാപങ്ങള്‍ ചുമക്കേണ്ടതിനും, നമ്മെ ന്യായവിധിയില്‍നിന്നു സ്വതന്ത്രരാക്കുന്നതിനുമാണു ദൈവം അവന്റെ പുത്രനെ നല്‍കിയത്. ഈ ബലി ദൈവം ആഗ്രഹിച്ചു. അത് അനുഗൃഹീതവും സ്വീകാര്യവുമായി അത് അര്‍പ്പിക്കുകയും ചെയ്തു. പൌലോസിന്റെ വാക്കുകളില്‍, "ക്രിസ്തുവില്‍ ലോകത്തെ തന്നോട് അനുരഞ്ജിപ്പിക്കുന്നതിനായി, ലോകത്തിന്റെ പാപങ്ങള്‍ അവര്‍ക്കെതിരായി കണക്കിടാതെ, അനുരഞ്ജനത്തിന്റെ ശുശ്രൂഷ ഞങ്ങളുടെ പക്കല്‍ ഭരമേല്പിച്ചുമിരിക്കുന്നു."

"ദൈവത്തിന്റെ കുഞ്ഞാട്" എന്ന പ്രയോഗം നമ്മുടെ തലമുറയിലെ ആളുകള്‍ക്കു ഗ്രഹിക്കാന്‍ അത്രയെളുപ്പമല്ല. നമ്മുടെ പാപങ്ങളുടെ പരിഹാരത്തിനായി നാം മൃഗങ്ങളെ അറുക്കുന്നില്ലല്ലോ. പഴയനിയമയാഗങ്ങളെക്കുറിച്ചു നന്നായിട്ടറിയാവുന്ന ഒരാള്‍ ഈ പ്രമാണത്തെ വിശകലനം ചെയ്യുന്നത്, രക്തം ചൊരിയാതെ പാപക്ഷമയില്ലെന്നാണ്. നമ്മുടെ രക്തം ചൊരിഞ്ഞല്ല ദൈവം നമ്മുടെ പാപത്തെ ശിക്ഷിക്കുന്നത്. അതിനുവേണ്ടി ദൈവം തന്റെ പുത്രനെ നല്‍കി. വിമതരായ നമുക്കുവേണ്ടി പരിശുദ്ധനായ ക്രിസ്തു മരിച്ചു. കുറ്റക്കാര്‍ക്കുവേണ്ടി ദൈവപുത്രന്‍ അറുക്കപ്പെട്ടു - അവരെ സ്വര്‍ഗ്ഗീയപിതാവിന്റെ നീതിയുള്ള മക്കളാക്കുന്നതിനുവേണ്ടി. നമ്മെ വീണ്ടെടുത്ത അവനെ നമുക്ക്, പുത്രനോടും പരിശുദ്ധാത്മാവിനോടും ചേര്‍ന്നു സ്തുതിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യാം.

"ദൈവത്തിന്റെ കുഞ്ഞാട്" എന്ന പ്രയോഗത്തിന്റെ ആഴമേറിയ അര്‍ത്ഥമൊന്നും ആ രണ്ടു ശിഷ്യന്മാര്‍ ഉടനടി മനസ്സിലാക്കിയൊന്നുമില്ല. എന്നാല്‍ ദൈവത്തിന്റെ കുഞ്ഞാടിനെ സ്നാപകന്‍ നോക്കിയ രീതി കണ്ടിട്ട്, കര്‍ത്താവായ യേശുവിനെ തങ്ങള്‍ക്കും അറിയണമെന്ന് അവര്‍ ആഗ്രഹിച്ചു. അവന്‍ ലോകത്തിന്റെ ന്യായാധിപതിയും അതേസമയം മനുഷ്യവര്‍ഗ്ഗത്തിന്റെ ബലിയുമാണ്. അവരതു ശ്രദ്ധിച്ചു കേട്ടപ്പോള്‍ അത്തരം ചിന്തകള്‍ അവരുടെ മനസ്സില്‍ നിറഞ്ഞു. യോഹന്നാന്‍ സ്നാപകന്റെ ശിഷ്യന്മാരെയുംകൊണ്ടു യേശു പോയതല്ല, മറിച്ചു സ്നാപകന്‍ തന്നെയാണ് അവരെ യേശുവിലേക്കു നയിച്ചത്. ഈ പുതിയ സഖ്യത്തിന് ആ ശിഷ്യന്മാര്‍ക്കു സമ്മതമായിരുന്നു.

അവരുടെ താത്പര്യവും ഉദ്ദേശ്യവും യേശുവിനു മനസ്സിലായി. സ്നേഹവും കൃപയും അവര്‍ യേശുവില്‍ കണ്ടു. "നിങ്ങള്‍ ആരെ അന്വേഷിക്കുന്" എന്ന, ഈ സുവിശേഷത്തിലെ - യേശുവിന്റെ - ആദ്യവാക്കുകള്‍ അവര്‍ കേള്‍ക്കുകയും ചെയ്തു. അവരുടെമേല്‍ കഠിനോപദേശങ്ങളൊന്നും കര്‍ത്താവു ചുമത്തിയില്ല, മറിച്ച് അവരുടെ മനസ്സിനു സംസാരിക്കുന്നതിനു കര്‍ത്താവ് അവസരം നല്‍കി. അതുകൊണ്ട്, താങ്കള്‍ എന്താണു സഹോദരാ അന്വേഷിക്കുന്നത്? താങ്കളുടെ ജീവിതത്തിന്റെ ഉദ്ദേശ്യമെന്താണ്? താങ്കള്‍ക്കു യേശുവിനെ ആവശ്യമുണ്ടോ? കുഞ്ഞാടിനെ താങ്കള്‍ അനുഗമിക്കുമോ? സ്കൂള്‍ പരീക്ഷകള്‍ക്കു പഠിക്കുന്നതിനെക്കാള്‍ കാര്യമായി അതിശ്രേഷ്ഠമായ സത്യങ്ങള്‍ പഠിക്കുക.

ഈ രണ്ടു ശിഷ്യന്മാര്‍ യേശുവിന്റെ വീട്ടിലേക്കു പോന്നോട്ടെയെന്നു അനുവാദം ചോദിച്ചു. അവരുടെ ഹൃദയത്തിലെ ചോദ്യങ്ങള്‍, വഴിയിലെ ചര്‍ച്ചകളെക്കാള്‍ കുലീനമായിരുന്നു. അവിടെ ജനക്കൂട്ടത്തിന്റെ കലമ്പല്‍ ആശയക്കുഴപ്പമുണ്ടാക്കും. അപ്പോള്‍ യേശു പറഞ്ഞത്, "വന്നു കാണുവിന്‍" എന്നായിരുന്നു. "വന്ന് എന്റെ കൂടെയിരുന്നു പഠിക്കുവിന്‍" എന്നു യേശു പറഞ്ഞില്ല. മറിച്ച്, "കണ്ണുതുറന്നു നോക്കൂ, അപ്പോള്‍ എന്റെ യഥാര്‍ത്ഥ വ്യക്തിത്വം നിങ്ങള്‍ക്കു കാണാം. എന്റെ പ്രവൃത്തികള്‍, എന്റെ ശക്തി എന്നിവ കാണാം, ദൈവത്തിന്റെ പുതിയ സ്വരൂപം വിവേചിച്ചറിയാം." ക്രിസ്തുവിന്റെ അടുക്കലേക്കു വരുന്നയാള്‍ക്ക്, ലോകത്തെക്കുറിച്ച് ഒരു പുതിയ കാഴ്ചപ്പാടു ലഭിക്കുകയും ദൈവത്തെ അവനായിരിക്കുന്ന നിലയില്‍ കാണുകയും ചെയ്യും. യേശുവിന്റെ ദര്‍ശനം നമ്മുടെ ബുദ്ധിശക്തിയെ മാറ്റിമറിക്കുന്നു. നമ്മുടെ ചിന്തയുടെ കേന്ദ്രബിന്ദുവും നമ്മുടെ പ്രത്യാശയുടെ ലക്ഷ്യവും അവനായിത്തീരുന്നു. അതുകൊണ്ട്, വന്നു കാണുക. ആ രണ്ടു ശിഷ്യന്മാര്‍ അപ്പോസ്തലന്മാരോടൊപ്പം ഏറ്റുപറഞ്ഞതുപോലെ, "ഞങ്ങള്‍ അവന്റെ തേജസ്സ്, പിതാവിന്റെ ഏകജാതന്റെ തേജസ്സായി, കൃപയും സത്യവും നിറഞ്ഞതായി കണ്ടു."

ആ രണ്ടു ശിഷ്യന്മാര്‍ യേശുവിന്റെ കൂടെ ഒരു ദിവസം മുഴുവന്‍ താമസിച്ചു. എത്രയോ സ്നേഹോഷ്മളമായ കൃപാമണിക്കൂറുകളായിരുന്നു അവ! അനുഗൃഹീതമായ ആ ദിവസത്തിന്റെ ഒരു മണിക്കൂര്‍, തന്റെ ജീവിതത്തിലെ നിര്‍ണ്ണായകമായ ഒന്നായിരുന്നുവെന്നു സുവിശേഷകന്‍ സാക്ഷ്യപ്പെടുത്തുന്നു. ഇതു മൂന്നാം മണിക്കൂറായിരുന്നു. പിന്നെ, സുവിശേഷകനായ യോഹന്നാന്‍, യേശുവിനെക്കുറിച്ചുള്ള സത്യം പരിശുദ്ധാത്മാവിന്റെ പ്രചോദനത്താല്‍ ഗ്രഹിച്ചു. അവന്റെ കര്‍ത്താവ് അവന്റെ വിശ്വാസം അംഗീകരിക്കുകയും അവനു നീതി ദാനം ചെയ്യുകയും ചെയ്തു. യേശു തന്നെയാണു വാഗ്ദത്തമശീഹയെന്നതായിരുന്നു ആ സത്യം. നിങ്ങളുടെ ഉള്ളിലെ ഇരുട്ടില്‍ ക്രിസ്തു പ്രകാശിച്ചിട്ടുണ്ടോ? എപ്പോഴും അവനെ നിങ്ങള്‍ അനുഗമിക്കുന്നുണ്ടോ?

പ്രാര്‍ത്ഥന: ദൈവത്തിന്റെ വിശുദ്ധ കുഞ്ഞാടേ, നിന്നെ ഞങ്ങള്‍ സ്തുതിച്ചു മഹത്വപ്പെടുത്തുന്നു. ഞങ്ങളെ തള്ളിക്കളയാതെ, നിന്നെ അനുഗമിക്കാനനുവദിക്കണമേ. ഞങ്ങളുടെ അതിക്രമങ്ങള്‍ ക്ഷമിച്ച്, നിന്റെ മഹത്വം വെളിപ്പെടുത്തണമേ. അങ്ങനെ നിന്നെ ഞങ്ങള്‍ക്കു ഭക്തിപൂര്‍വ്വം സേവിക്കാമല്ലോ.

ചോദ്യം:

  1. ആ രണ്ടു ശിഷ്യന്മാര്‍ യേശുവിനെ അനുഗമിച്ചത് എന്തിനാണ്?

www.Waters-of-Life.net

Page last modified on May 09, 2012, at 11:25 AM | powered by PmWiki (pmwiki-2.3.3)