Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- Romans - 037 (Deliverance to the Service of Christ)
This page in: -- Afrikaans -- Arabic -- Armenian -- Azeri -- Bengali -- Bulgarian -- Cebuano -- Chinese -- English -- French -- Georgian -- Greek -- Hausa -- Hebrew -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- MALAYALAM -- Polish -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Turkish -- Urdu? -- Yiddish -- Yoruba

Previous Lesson -- Next Lesson

റോമര്‍ - കര്‍ത്താവ് നമ്മുടെ നീതി
റോമര്‍ക്ക് എഴുതിയ ലേഖനം ഒരു പഠനം
ഭാഗം ഒന്ന് - ദൈവത്തിന്റെ നീതി പാപികളെ ശിക്ഷിക്കുന്നു; ക്രിസ്തുവില്‍ വിശ്വസിക്കുന്നവരെ നീതീകരിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന് (റോമര്‍ 1:18 - 8:39)
ഉ - ദൈവത്തിന്റെ ശക്തി പാപത്തിന്റെ ശക്തിയില്‍നിന്നും നമ്മെ വിടുവിക്കുന്നു (റോമര്‍ 6:1 - 8:27)

3. ന്യായപ്രമാണത്തില്‍നിന്നുള്ള സ്വാതന്ത്യ്രം ക്രിസ്തുവിന്റെ ശുശ്രൂഷയ്ക്കായുള്ള സ്വാതന്ത്യ്രം നല്കുന് (റോമര്‍ 7:1-6)


റോമര്‍ 7:1-6
1 സഹോദരന്മാരേ, ന്യായപ്രമാണം അറിയുന്നവരോടല്ലോ ഞാന്‍ സംസാരിക്കുന്നത്: മനുഷ്യന്‍ ജീവനോടിരിക്കും കാലത്തൊക്കെയും ന്യായപ്രമാണത്തിന് അവന്റെമേല്‍ അധികാരം ഉണ്ട് എന്ന് നിങ്ങള്‍ അറിയുന്നില്ലയോ? 2 ഭര്‍ത്താവുള്ള സ്ത്രീ ജീവിച്ചിരിക്കുന്ന ഭര്‍ത്താവിനോടു ന്യായപ്രമാണത്താല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. 3 ഭര്‍ത്താവു മരിച്ചാല്‍ അവള്‍ ഭര്‍ത്തൃന്യായപ്രമാണത്തില്‍നിന്ന് ഒഴിവുള്ളവളായി. ഭര്‍ത്താവ് ജീവിച്ചിരിക്കുമ്പോള്‍ അവള്‍ വേറെ പുരുഷന് ആയാല്‍ വ്യഭിചാരിണി എന്നു പേരുവരും; ഭര്‍ത്താവു മരിച്ചുവെങ്കിലോ അവള്‍ വേറെ പുരുഷന് ആയാല്‍ വ്യഭിചാരിണി എന്നു വരാതവണ്ണം ന്യായപ്രമാണത്തില്‍നിന്ന് സ്വതന്ത്രയാകുന്നു. 4 അതുകൊണ്ട് സഹോദരന്മാരേ, നാം ദൈവത്തിന് ഫലം കായ്ക്കുമാറ് മരിച്ചിട്ട് ഉയിര്‍ത്തെഴുന്നേറ്റവനായ വേറൊരുവന് ആകേണ്ടതിന് നിങ്ങളും ക്രിസ്തുവിന്റെ ശരീരം മുഖാന്തരം ന്യായപ്രമാണസംബന്ധമായി മരിച്ചിരിക്കുന്നു. 5 നാം ജഡത്തിലായിരുന്നപ്പോള്‍ ന്യായപ്രമാണത്താല്‍ ഉളവായ പാപരാഗങ്ങള്‍ മരണത്തിനു ഫലം കായ്ക്കത്തക്കവണ്ണം നമ്മുടെ അവയവങ്ങളില്‍ വ്യാപരിച്ചുപോന്നു. 6 ഇപ്പോഴോ, നമ്മെ പിടിച്ചടക്കിയിരുന്ന ന്യായപ്രമാണം സംബന്ധിച്ച് മരിച്ചിരിക്കകൊണ്ട് അക്ഷരത്തിന്റെ പഴക്കത്തിലല്ല ആത്മാവിന്റെ പുതുക്കത്തില്‍ തന്നെ സേവിക്കേണ്ടതിന് നാം ന്യായപ്രമാണത്തില്‍നിന്ന് ഒഴിവുള്ളവരായിരിക്കുന്നു.

റോമില്‍ യഹൂദപശ്ചാത്തലത്തില്‍നിന്നും ക്രിസ്തുവില്‍ വിശ്വസിച്ചവരായ യഹൂദന്മാര്‍ തങ്ങളുടെ ധാര്‍മ്മിക മരണത്തിന്റെയും ക്രിസ്തുവില്‍ ലബ്ധമായ പുനരുത്ഥാനത്തിന്റെയും അനുഭവത്തില്‍ പൌലോസിന്റെ പഠിപ്പിക്കലുകളെ കൈക്കൊള്ളണം എന്നത്രെ പൌലോസ് ആഗ്രഹിച്ചത്. ന്യായപ്രമാണത്തോടുള്ള മനോഭാവത്തെപ്പറ്റി വ്യക്തമായ മറുപടി താന്‍ പറയേണ്ടതും അനിവാര്യമായിരിക്കുന്നു എന്നതും പൌലോസിനറിയാമായിരുന്നു. കാരണം ദൈവഹിതത്തിന്റെ പൂര്‍ണ്ണരൂപം മോശെക്ക് നല്കപ്പെട്ടതും ദൈവിക വെളിപ്പാടുകളുടെ അത്യുന്നതമായ ദൈവനിശ്വസ്തതയും ന്യായപ്രമാണത്തില്‍ അവര്‍ കണ്ടിരുന്നു.

ന്യായപ്രമാണം അറിയുന്നവരായ നിങ്ങള്‍, ഭാര്യാഭര്‍ത്താക്കന്മാര്‍ വിവാഹത്താല്‍ അന്യോന്യം ബന്ധിക്കപ്പെട്ടിരിക്കുന്നതുപോലെ ന്യായപ്രമാണവുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു എന്ന് പൌലോസ് അവരോട് പറഞ്ഞു. വിവാഹജീവിതത്തിലെ പങ്കാളി മരണത്താല്‍ വേര്‍പെടുമ്പോള്‍ വിവാഹത്താലുള്ള ബന്ധം ഇല്ലാതാകുന്നതുപോലെ, ക്രിസ്തുവിന്റെ മരണത്തില്‍ നാം പങ്കാളികളായിത്തീര്‍ന്നതിനാല്‍ ന്യായപ്രമാണത്തില്‍നിന്ന് നാമും സ്വതന്ത്രരാക്കപ്പെട്ടിരിക്കുന്നു. അവന്റെ സംസ്കരിക്കപ്പെട്ട ശരീരം നിങ്ങളുടേതായി കരുതപ്പെടുന്നു; അപ്പോള്‍ മരണത്തിനു നിങ്ങളുടെ മേല്‍ ഇനി കര്‍ത്തൃത്വമില്ല.

ക്രിസ്തു മരിച്ചവരില്‍നിന്നും ഉയിര്‍ത്തെഴുന്നേറ്റതുകൊണ്ട് ജീവന്റെ പ്രഭുവിനെ സ്വതന്ത്രമായി തെരഞ്ഞെടുത്ത് അവനുമായി പുതിയൊരു ഉടമ്പടിയില്‍ പ്രവേശിക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കും. പഴയനിയമം എന്നു പറയുന്നത് ന്യായപ്രമാണത്താലുള്ള ന്യായവിധിയാല്‍ മരണത്തിന്റെ ഉടമ്പടിയാണ്. ഇപ്പോഴാകട്ടെ ജീവന്റെ പ്രഭുവുമായുള്ള കൂട്ടായ്മയിലേക്ക് നിങ്ങള്‍ പ്രവേശിച്ചിരിക്കുന്നു; അവന്റെ ആത്മാവിന്റെ ഫലങ്ങള്‍ സമൃദ്ധിയായി നിങ്ങളില്‍ കാണപ്പെടുന്നു. സ്നേഹം, സന്തോഷം, സമാധാനം, ദീര്‍ഘക്ഷമ, പരോപകാരം, വിശ്വസ്തത, ഇന്ദ്രിയജയം തുടങ്ങി യേശുക്രിസ്തുവിന്റെ എല്ലാ സദ്ഗുണങ്ങളും നന്ദിയും, സത്യവും, വിശുദ്ധിയും, സംതൃപ്തിയും എല്ലാം നിങ്ങളില്‍ പ്രകടമാണ്.

തന്റെ പുത്രന്റെ ഫലങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടായിരിക്കുവാന്‍ ദൈവം ആഗ്രഹിക്കുന്നു. ക്രിസ്തു മരിച്ചിട്ട് ഉയിര്‍ത്തെഴുന്നേല്ക്കുകയും തന്റെ ആത്മാവിനെ നമുക്ക് പകര്‍ന്നുതരികയും ചെയ്തത് അവന്റെ പൂര്‍ണ്ണതയുടെ ഫലം നമ്മില്‍ ഉണ്ടാകേണ്ടതിനുവേണ്ടിയാണ്. ഒരു മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥന്‍ മുന്തിരിയില്‍ ഫലം പ്രതീക്ഷിച്ചുകൊണ്ട് കഠിനാദ്ധ്വാനം ചെയ്യുന്നതുപോലെ, കര്‍ത്താവ് നമ്മിലും ഫലം പ്രതീക്ഷിക്കുന്നു.

ക്രിസ്തുവിനുമുമ്പെ, മനുഷ്യന്‍ ന്യായപ്രമാണത്തിന്റെ അടിമത്തത്തിലായിരുന്നു. ന്യായപ്രമാണത്തിന്റെ വിലക്കുകള്‍ പാപം ചെയ്യുവാനുള്ള പ്രേരണ നമ്മില്‍ ഉദിപ്പിക്കയും അങ്ങനെ മോഹം അവന്റെ ശരീരത്തില്‍ പ്രത്യക്ഷമാകയും ചെയ്യുന്നു. ന്യായപ്രമാണം മരണത്തിന്റെ ഫലങ്ങളിലേക്ക് നമ്മെ നയിച്ചു. അത് ലംഘനത്തിലേക്ക് നമ്മെ നയിക്കുക മാത്രമല്ല, അത് കരുണകൂടാതെ നമ്മെ ശിക്ഷ വിധിക്കുകയും ചെയ്യുന്നു.

ക്രിസ്തു തന്റെ മരണത്തില്‍ ന്യായപ്രമാണത്തെ സമ്പൂര്‍ണ്ണമായി നിവര്‍ത്തിച്ചിരിക്കകൊണ്ട്, ക്രിസ്തുവിന്റെ ന്യായപ്രമാണത്തിന്റെ എല്ലാ ആവശ്യകതകള്‍ക്കും നാമും മരിച്ചിരിക്കുന്നു. ക്രൂശിക്കപ്പെട്ടവനിലെ വിശ്വാസത്താല്‍ നാം നമുക്ക് തന്നെ മരിച്ചിരിക്കകൊണ്ട് ന്യായപ്രമാണത്തിന് നാമും മരിച്ച് ബന്ധനമുക്തരായിത്തീര്‍ന്നിരിക്കുന്നു.

അപ്പോള്‍ത്തന്നെ, ന്യായപ്രമാണത്തിന്റെ അക്ഷരങ്ങളാല്‍ നാം ഇടറിപ്പോകാതെ അവന്റെ ആത്മാവിന്റെ ശക്തിയാല്‍ ദൈവത്തെ ശുശ്രൂഷിക്കേണ്ടതിന്, ശ്രേഷ്ഠമായ വെളിപ്പാടിന്മേല്‍ സ്ഥാപിക്കപ്പെട്ട പുതുനിയമത്തിലേക്ക് ദൈവപുത്രന്‍ നമ്മെ വിളിച്ചിരിക്കുന്നു. ഭയാനകമായ വിലക്കുകളാല്‍ ചുറ്റപ്പെട്ടതല്ല ഇനി നമ്മുടെ ജീവിതം, മറിച്ച് ദൈവിക സമാധാനത്തിന്റെ ശക്തിയില്‍ സന്തോഷജീവിതത്തിലേക്ക് ദൈവസ്നേഹത്താല്‍ നാം വിളിച്ചുണര്‍ത്തപ്പെട്ടിരിക്കയാണ്. പുതിയ നിയമത്തിന്റെ ആത്മാവ് ദൈവം താന്‍ തന്നെ ആയിരിക്കയാല്‍ അതിന് പഴക്കമോ ക്ഷീണമോ സംഭവിക്കുന്നില്ല. അത് പൂര്‍ണ്ണവും അനന്തവുമാണ്. അപരിമിതമായ കഴിവുകളുടെയും, ജ്ഞാനത്തിന്റെയും, നന്മയുടെയും, ദയയുടെയും പ്രത്യാശയുടെയും, ഭണ്ഡാരമാണ് അവന്‍. നിങ്ങള്‍ മരിച്ച് അവന്‍ നിങ്ങളില്‍ ജീവിക്കുന്നതുകൊണ്ട് ആത്മികമായി സമ്പന്നരായി ദൈവശക്തിയിലും ക്രിസ്തുവിന്റെ സൌമ്യതയിലും താഴ്മയിലും വളര്‍ച്ച പ്രാപിക്കേണ്ടതിന് ആത്മാവിന്റെ നടത്തിപ്പിനു സമ്പൂര്‍ണ്ണമായി നിങ്ങളെത്തന്നെ സമര്‍പ്പിക്കുക.

പ്രാര്‍ത്ഥന: തന്റെ ജീവിതത്തിലും മരണത്തിലുംകൂടി ദൈവസ്നേഹത്തെ നിവര്‍ത്തിച്ച് ക്രിസ്തുയേശു മുഖാന്തരം ന്യായപ്രമാണത്തിന്റെ ബന്ധനത്തില്‍നിന്ന് ഞങ്ങളെ വിടുവിച്ച ദൈവമേ, ഞങ്ങള്‍ നിന്നെ സ്തുതിക്കുന്നു. അവിടുന്നു പുതിയനിയമത്തിലേക്ക് ഞങ്ങളെ കൂട്ടിക്കൊണ്ടുവന്നതുകൊണ്ട് ഞങ്ങള്‍ അങ്ങയെ മഹത്വപ്പെടുത്തുന്നു. അവിടുത്തെ കൃപയുടെ ശക്തിയാല്‍ ഞങ്ങള്‍ ആത്മഫലമുള്ളവരാകേണ്ടതിന് അവിടുത്തെ ആത്മാവിനാല്‍ ഞങ്ങളുടെ ഹൃദയങ്ങളില്‍ വസിക്കുന്നതിനായി സ്തോത്രം.

ചോദ്യം:

  1. പഴയനിയമത്തിന്റെ ആവശ്യകതകളില്‍നിന്നും സകല വിശ്വാസികളും വിടുവിക്കപ്പെട്ടത് എന്തിന്?

കര്‍ത്താവായ യേശുവിന്റെ കൃപയാല്‍ രക്ഷപ്രാപിക്കും എന്ന് നാം വിശ്വസിക്കുന്നതുപോലെ അവരും വിശ്വസിക്കുന്നു
(അ. പ്ര. 15:11)

www.Waters-of-Life.net

Page last modified on January 21, 2013, at 09:59 AM | powered by PmWiki (pmwiki-2.3.3)