Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- Romans - 065 (Do not be Proud)
This page in: -- Afrikaans -- Arabic -- Armenian -- Azeri -- Bengali -- Bulgarian -- Cebuano -- Chinese -- English -- French -- Georgian -- Greek? -- Hausa -- Hebrew -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- MALAYALAM -- Polish -- Portuguese -- Russian -- Serbian -- Somali -- Spanish? -- Tamil -- Telugu -- Turkish -- Urdu? -- Yiddish -- Yoruba

Previous Lesson -- Next Lesson

റോമര്‍ - കര്‍ത്താവ് നമ്മുടെ നീതി
റോമര്‍ക്ക് എഴുതിയ ലേഖനം ഒരു പഠനം
ഭാഗം മൂന്ന് - ക്രിസ്തുവിനെ പിന്‍പറ്റുന്നവരുടെ ജീവിതത്തിലൂടെ ദൈവനീതി വെളിപ്പെടുന്നു (റോമര്‍ 12:1 - 15:13)

2. നിഗളിക്കാതെ, നല്കപ്പെട്ട കൃപാവരങ്ങള്‍കൊണ്ടു വിശ്വാസികളുടെ മദ്ധ്യേ കര്‍ത്താവിനു ശുശ്രൂഷ ചെയ്യുക (റോമര്‍ 12:3-8)


റോമര്‍ 12:3-8
3 ഭാവിക്കേണ്ടതിനു മീതെ ഭാവിച്ചുയരാതെ ദൈവം അവനവനു വിശ്വാസത്തിന്റെ അളവു പങ്കിട്ടതുപോലെ സുബോധമാകുംവണ്ണം ഭാവിക്കണമെന്ന് ഞാന്‍ എനിക്കു ലഭിച്ച കൃപയാല്‍ നിങ്ങളില്‍ ഓരോരുത്തനോടും പറയുന്നു. 4 ഒരു ശരീരത്തില്‍ നമുക്കു പല അവയവങ്ങള്‍ ഉണ്ടല്ലോ; എല്ലാ അവയവങ്ങള്‍ക്കും പ്രവൃത്തി ഒന്നല്ലതാനും. 5 അതുപോലെ പലരായ നാം ക്രിസ്തുവില്‍ ഒരു ശരീരവും എല്ലാവരും തമ്മില്‍ അവയവങ്ങളും ആകുന്നു. 6 ആകയാല്‍ നമുക്കു ലഭിച്ച കൃപയ്ക്ക് ഒത്ത വണ്ണം വെവ്വേറെ വരമുള്ളതുകൊണ്ടു പ്രവചനം എങ്കില്‍ വിശ്വാസത്തിന് ഒത്തവണ്ണം, 7 ശുശ്രൂഷ എങ്കില്‍ ശുശ്രൂഷയില്‍, ഉപദേശിക്കുന്നവന്‍ എങ്കില്‍ ഉപദേശത്തില്‍, പ്രബോധിപ്പിക്കുന്നവന്‍ എങ്കില്‍ പ്രബോധനത്തില്‍, 8 ദാനം ചെയ്യുന്നവന്‍ ഏകാഗ്രതയോടെ, ഭരിക്കുന്നവന്‍ ഉത്സാഹത്തോടെ, കരുണചെയ്യുന്നവന്‍ പ്രസന്നതയോടെ ആകട്ടെ.

ഭാവിക്കേണ്ടതിനു മീതെ ഭാവിച്ചുയരരുത്. നിങ്ങള്‍ നിങ്ങളില്‍ത്തന്നെ ആരുമല്ലെന്നു ചിന്തിക്കുക. മറ്റുള്ളവര്‍ക്കു ദോഷമായി വരരുത്. നിങ്ങളിലുള്ള കൃപാവരങ്ങളെയും യാതൊരു ശുശ്രഷയ്ക്കുവേണ്ടി ദൈവംനിങ്ങളെ വിളിച്ചാക്കിയിരിക്കുന്നുവോ അതും മനസ്സിലാക്കുക. നിങ്ങള്‍ക്കു പ്രസാദമുള്ളതു പ്രവര്‍ത്തിക്കാതെ, കര്‍ത്താവിന്റെ ഇഷ്ടം മനഃപൂര്‍വ്വമായി ചെയ്തുകൊണ്ട് ആത്മിക പക്വതയുള്ളവരുടെ ആലോചനകള്‍ക്കു വില നല്കുക.

നിങ്ങളുടെ ശുശ്രൂഷയുടെ വലിപ്പം നിങ്ങളുടെ കഴിവുകളല്ല, മറിച്ചു ക്രിസ്തുവിലുള്ള നിങ്ങളുടെ വിശ്വാസത്തിന്റെ വലിപ്പമാണത്. അവന്റെ താല്‍പര്യം നിങ്ങളുടെ ശുശ്രൂഷകളിലൂടെ നിവര്‍ത്തിപ്പാന്‍ അവന്‍ ശക്തനാണ്. നിങ്ങളുടെ പ്രവൃത്തിയുടെ രഹസ്യം അവന്റെ ശക്തിയാണ്. അതുകൊണ്ടു നിങ്ങളുടെ വാക്കുകളും ചിന്തകളുമെല്ലാം യേശുവോടുകൂടെ, യേശുവില്‍ത്തന്നെ ആയിരിക്കട്ടെ. അപ്പോള്‍ അവന്റെ സ്നേഹത്തിന്റെ ഫലം നമുക്കു ദര്‍ശിക്കുവാന്‍ കഴിയും.

ആത്മിക ഐക്യതയാണു വിജയകരമായ ജീവിതത്തിന്റെ രഹസ്യം. ഈ ഐക്യത ഭൌമികമല്ല, ക്രിസ്തുവിലുള്ള ആത്മിക ഐക്യതയാണ്. അതു നമ്മുടെ ആത്മിക വീണ്ടെടുപ്പുകാരന്റെ ശരീരംപോലെയാണ്. ക്രിസ്തു തന്റെ പ്രവൃത്തികള്‍ അവരിലൂടെ ചെയ്യുന്നു. അവരില്‍ ആരുംതന്നെ സ്വയപ്രശംസയ്ക്കായി ഒറ്റയ്ക്ക് ഒന്നും ചെയ്യുന്നില്ല. വിശുദ്ധീകരിച്ചവന്റെ ഐക്യതയില്‍ എല്ലാവരും ഒന്നാണ്. ക്രിസ്തുവത്രെ നിങ്ങളുടെ ശക്തി; നിങ്ങള്‍ അവനില്‍ പൂര്‍ണ്ണത പ്രാപിക്കുന്നു. എല്ലാ കൃപാവരങ്ങളും ലഭിച്ച ഒരാള്‍പോലുമില്ല. ശരീരത്തില്‍ കാലിനു ഹൃദയത്തെയും, കൈക്കു തലയെയും, കണ്ണിന് ഇച്ഛയെയും, കൈവിരലുകള്‍ക്കു തലച്ചോറിന്റെ നിയന്ത്രണവും ആവശ്യമാണ്. ഓരോ അവയവങ്ങളും പരസ്പരം ശ്രദ്ധിച്ച് അവര്‍ ഒന്നിച്ചു കര്‍ത്താവിനെ സേവിക്കുമ്പോഴത്രെ ദൈവത്തിന്റെ സഭയാം ശരീരം പ്രയോജനകരമായി പ്രവര്‍ത്തിക്കുന്നത്.

നിങ്ങളുടെ ഇഷ്ടത്തിനു വിപരീതമായി നിങ്ങളുടെ കൈകള്‍ പ്രവര്‍ത്തിക്കുക; സ്വന്തം കണ്ണുകൊണ്ടു കണ്ടിട്ടും ഒരു കുഴിയിലേക്കു നടന്നടുക്കുക എന്നൊക്കെപ്പറയുന്നത് എത്രയോ വലിയ മൌഢ്യത യാണ്. ശരീരത്തിലെ എല്ലാ അവയവങ്ങളോടും ചേര്‍ന്നു സഹകരിച്ചു പ്രവര്‍ത്തിക്കുവാന്‍ പഠിക്കാത്തവന്‍ സ്വാര്‍ത്ഥനും, ചെറിയവനും, ദരിദ്രനും, മൂഢനുമാണ്.

ഒരു പ്രത്യേക സഭയിലെ ആത്മിക വരങ്ങളെപ്പറ്റി പൌലോസ് പ്രസ്താവിക്കുന്നു. ഉറങ്ങുന്നവനെ ഉണര്‍ത്തുന്നവന്‍ വേദപുസ്തകം മാറ്റിവെച്ചിട്ടു മാനുഷികമായ സഹതാപത്തില്‍ സംസാരിക്കുകയല്ല, ദൈവവചനത്തിന്റെ പരിധിയില്‍ നിന്നുകൊണ്ടു വ്യക്തികളെ മനഃപൂര്‍വ്വമായി ക്രിസ്തുവിങ്കലേക്ക് ആദായപ്പെടുത്തുകയാണ് വേണ്ടത്.

ഒരുവനു കഴിവുകളും, സാവകാശവും, സമയവും ഉണ്ടെന്നു വന്നാല്‍ സഭയില്‍ അര്‍ഹരായവര്‍ക്ക് അങ്ങനെയുള്ളവര്‍ ശുശ്രൂഷകള്‍ ചെയ്യണം. അവന്‍ അധികം സംസാരിക്കാതെ, സമ്പൂര്‍ണ്ണ നിശ്ശബ്ദതയോടെ മറ്റുള്ളവര്‍ തന്നെ സേവിക്കണമെന്നോ, തന്നോടു നന്ദിയുള്ളവരായിരിക്കണമെന്നോ ചിന്തിക്കാതെ, ക്രിസ്തുവിന്റെ ജ്ഞാനത്തില്‍ തികച്ചുംരഹസ്യമായിട്ടുവേണം ശുശ്രൂഷിക്കുവാന്‍.

ആത്മിക അഭ്യസനം നല്കുന്നവര്‍ സുവിശേഷത്താലും ദൈവാത്മാവിനാലും നല്കപ്പെട്ട ചിന്തകളെ ക്രമപ്പെടുത്തി ക്രമേണ അതു കേള്‍വിക്കാരെ അഭ്യസിപ്പിക്കണം. കേവലം വചനം ഗ്രഹിപ്പിക്കുക മാത്രമല്ല, ദൈവവചനം അനുസരിക്കുവാനും അവരെ പഠിപ്പിക്കേണ്ടതാണ്. ഒരുപാട് വിഷയങ്ങള്‍ പഠിപ്പിക്കുന്നതിലല്ല പ്രധാനം, ക്രമേണ പഠിപ്പിക്കുക; വെള്ളച്ചാട്ടംപോലെ പ്രസംഗിക്കുക; കേള്‍വിക്കാര്‍ക്കു യാതൊന്നും മനസ്സിലാകാതിരിക്കുക എന്നല്ല. ഏത് അവതരണത്തിന്റെയും ഒടുവില്‍ താന്‍ സംസാരിച്ച കാര്യങ്ങളുടെ ഒരു സംഗ്രഹം നല്കുകയും അതു ലളിതവും കേള്‍വിക്കാര്‍ക്കു ഗ്രഹിക്കാവുന്ന നിലയില്‍ ആയിരിക്കുകയും ചെയ്യുവാന്‍ ശ്രമിക്കുക.

ആത്മികമായ കരുതലിനും പരിപാലനത്തിനും കൃപാവരമുള്ളവന്‍, നിശ്ശബ്ദനായിരുന്നു ശാന്തതയോടെ മറ്റുള്ളവരുടെ പ്രശ്നങ്ങളെ ശ്രദ്ധിക്കുകയും അവരുടെ ആത്മിക സ്ഥിതി മനസ്സിലാക്കുകയും വേണം. തുടര്‍ന്നു സ്വന്ത ചിന്തയില്‍നിന്നല്ല ദൈവത്തില്‍നിന്നു പ്രാപിച്ച വചനങ്ങള്‍ അവരോടു സംസാരിക്കണം. രക്ഷയെ സംബന്ധിച്ച് അറിയുവാന്‍ ആഗ്രഹിക്കുന്നവരെ സന്ദര്‍ശിക്കുകയും, അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും, അവര്‍ രക്ഷിക്കപ്പെടുവോളം അവരെ കര്‍ത്താവില്‍ ഭരമേല്പിച്ചുകൊണ്ടിരിക്കുകയും വേണം.

ദാനം ചെയ്യുന്നവന്‍ വിവേകത്തോടും ഏകാഗ്രതയോടുകൂടെ വേണം അതു ചെയ്യുവാന്‍. ആര്‍ക്കു താന്‍ ചെയ്യുന്നുവോ അവനോടു തന്നെപ്പറ്റിയോ തന്റെ ദാനത്തെപ്പറ്റിയോ പറയരുത്. വലംകൈ ചെയ്യുന്നത് ഇടംകൈ അറിയരുത് എന്നത്രെ യേശു പറഞ്ഞത്. അതുകൊണ്ടുസ്വന്ത പുകഴ്ചയ്ക്കായിട്ടല്ല, കര്‍ത്താവിന്റെ മഹത്വത്തിനായിട്ടത്രെ പ്രവര്‍ത്തിക്കേണ്ടത്.

സഭയിലെ നേതൃത്വശുശ്രൂഷകള്‍ ചെയ്യുന്നവര്‍, അഥവാ കമ്മിറ്റികളില്‍ പ്രവര്‍ത്തിക്കുന്നവര്‍ മറ്റുള്ളവരുടെ എതിര്‍പ്പ്, വിമര്‍ശനം, നിരുത്സാഹത എന്നിവയാല്‍ തളര്‍ന്നുപോകാതെ, യേശുക്രിസ്തുവിന്റെ ശുശ്രൂഷ ശക്തിയിലും, ബലത്തിലും, ഉത്സാഹത്തോടെയുമാണു ചെയ്യേണ്ടത് എന്നവര്‍ക്കു കാണിച്ചുകൊടുക്കണം. സ്നേഹത്തില്‍നിന്ന് ഉത്ഭവിക്കാത്തതൊക്കെയും പാപമത്രെ.

ഈ കൃപാവരങ്ങളെയും ശുശ്രൂഷകളെയും സംഗ്രഹിച്ചുപറഞ്ഞാല്‍ ഇങ്ങനെ പറയാം: "നിങ്ങളുടെ പിതാവ് നിങ്ങളോടു മനസ്സലിവുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും മനസ്സലിവുള്ളവനായിരിപ്പിന്‍ (ലൂക്കോ. 6:36). ഇത്തരം ആത്മിക ചിന്തകള്‍ക്കു പ്രചോദനം നല്കിക്കൊണ്ടു പൌലോസ് പറയുന്നു: "നിങ്ങള്‍ ചെയ്യുന്നതൊക്കെയും മനുഷ്യര്‍ക്കെന്നപ്പോലെയല്ല, ദൈവത്തിന് എന്നപോലെ ചെയ്യുവിന്‍. സ്നേഹമാണു ക്രൈസ്തവ വിശ്വാസത്തിന്റെ അടയാളവും താല്‍പര്യവും.

പ്രാര്‍ത്ഥന: പ്രിയ കര്‍ത്താവേ, ഞങ്ങള്‍ സ്നേഹത്തില്‍ തുടക്കക്കാരാണ്; ഞങ്ങള്‍ മറ്റുള്ളവരില്‍നിന്നു കരുണ പ്രതീക്ഷിക്കുന്നു. ഞങ്ങള്‍ക്കു നല്കപ്പെട്ട കൃപാവരങ്ങളാല്‍ അവിടുത്തെ ശുശ്രൂഷിപ്പാന്‍ ഞങ്ങളുടെ മനസ്സിനെ രൂപാന്തരപ്പെടുത്തണമേ. സ്നേഹം, സഹിഷ്ണുത, ഉത്സാഹം, വിശ്വാസം, തീക്ഷ്ണത ഇവ ഞങ്ങള്‍ക്കു നല്കണമേ. ഞങ്ങളുടെ താല്‍പര്യങ്ങള്‍ക്കൊത്തവണ്ണമല്ല, അവിടുത്തെ ഇഷ്ടം പ്രായോഗികമായി പ്രവര്‍ത്തിപ്പാന്‍ ഞങ്ങളെ സഹായിക്കണമേ. ശത്രുവിന്റെ പരീക്ഷയില്‍ അകപ്പെടാതവണ്ണം അഹന്ത കൂടാതെ ജീവിപ്പാന്‍ ഞങ്ങളെ സഹായിക്കണമേ.

ചോദ്യം:

  1. മുന്‍പറഞ്ഞ ശുശ്രൂഷകളില്‍ ഇന്ന് ഏറ്റവും അത്യന്താപേക്ഷിതമായി കരുതുന്നത് ഏതു ശുശ്രൂഷയാണ്?

www.Waters-of-Life.net

Page last modified on January 22, 2013, at 07:11 AM | powered by PmWiki (pmwiki-2.3.3)