Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- Romans - 036 (Freedom from the Law)
This page in: -- Afrikaans -- Arabic -- Armenian -- Azeri -- Bengali -- Bulgarian -- Cebuano -- Chinese -- English -- French -- Georgian -- Greek -- Hausa -- Hebrew -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- MALAYALAM -- Polish -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Turkish -- Urdu? -- Yiddish -- Yoruba

Previous Lesson -- Next Lesson

റോമര്‍ - കര്‍ത്താവ് നമ്മുടെ നീതി
റോമര്‍ക്ക് എഴുതിയ ലേഖനം ഒരു പഠനം
ഭാഗം ഒന്ന് - ദൈവത്തിന്റെ നീതി പാപികളെ ശിക്ഷിക്കുന്നു; ക്രിസ്തുവില്‍ വിശ്വസിക്കുന്നവരെ നീതീകരിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന് (റോമര്‍ 1:18 - 8:39)
ഉ - ദൈവത്തിന്റെ ശക്തി പാപത്തിന്റെ ശക്തിയില്‍നിന്നും നമ്മെ വിടുവിക്കുന്നു (റോമര്‍ 6:1 - 8:27)

2. ന്യായപ്രമാണത്തില്‍നിന്നുള്ള സ്വാതന്ത്യ്രം പാപത്തില്‍നിന്നുള്ള സ്വാതന്ത്യ്രത്തെ സുഗമമാക്കുന്നു (റോമര്‍ 6:15-23)


റോമര്‍ 6:15-22
15 എന്നാല്‍ എന്ത്? ന്യായപ്രമാണത്തിനല്ല കൃപയ്ക്കത്രെ അധീനരാകയാല്‍ നാം പാപം ചെയ്ക എന്നോ? ഒരുനാളും അരുത്. 16 നിങ്ങള്‍ ദാസന്മാരായി അനുസരിപ്പാന്‍ നിങ്ങളെത്തന്നെ സമര്‍പ്പിക്കുകയും നിങ്ങള്‍ അനുസരിച്ചുപോരുകയും ചെയ്യുന്നവന് ദാസന്മാര്‍ ആകുന്നുവെന്ന് അറിയുന്നില്ലയോ? ഒന്നുകില്‍ മരണത്തിനായി പാപത്തിന്റെ ദാസന്മാര്‍, അല്ലെങ്കില്‍ നീതിക്കായി അനുസരണത്തിന്റെ ദാസന്മാര്‍ തന്നെ. 17 എന്നാല്‍ നിങ്ങള്‍ പാപത്തിന്റെ ദാസന്മാര്‍ ആയിരുന്നുവെങ്കിലും നിങ്ങളെ പഠിപ്പിച്ച ഉപദേശരൂപത്തെ ഹൃദയപൂര്‍വ്വം അനുസരിച്ച് 18 പാപത്തില്‍നിന്ന് സ്വാതന്ത്യ്രം ലഭിച്ച് നീതിക്ക് ദാസന്മാരായിത്തീര്‍ന്നതുകൊണ്ട് ദൈവത്തിനു സ്തോത്രം. 19 നിങ്ങളുടെ ജഡത്തിന്റെ ബലഹീനത നിമിത്തം ഞാന്‍ മനുഷരീതിയില്‍ പറയുന്നു. നിങ്ങളുടെ അവയവങ്ങളെ അധര്‍മ്മത്തിനായി അശുദ്ധിക്കും അധര്‍മ്മത്തിനും അടിമകളാക്കി സമര്‍പ്പിച്ചതുപോലെ ഇപ്പോള്‍ നിങ്ങളുടെ അവയവങ്ങളെ വിശുദ്ധീകരണത്തിനായി നീതിക്ക് അടിമകളാക്കി സമര്‍പ്പിപ്പിന്‍. 20 നിങ്ങള്‍ പാപത്തിനു ദാസന്മാരായിരുന്നപ്പോള്‍ നീതിയെ സംബന്ധിച്ച് സ്വതന്ത്രരായിരുന്നുവല്ലോ. 21 നിങ്ങള്‍ക്ക് അന്ന് എന്തൊരു ഫലം ഉണ്ടായിരുന്നു? ഇപ്പോള്‍ നിങ്ങള്‍ക്ക് ലജ്ജ തോന്നുന്നതുതന്നെ. അതിന്റെ അവസാനം മരണമല്ലോ. 22 എന്നാല്‍ ഇപ്പോള്‍ പാപത്തില്‍നിന്ന് സ്വാതന്ത്യ്രം പ്രാപിച്ച് ദൈവത്തിനു ദാസന്മാരായിരിക്കയാല്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന ഫലം വിശുദ്ധീകരണവും അതിന്റെ അന്തം നിത്യജീവനുമാകുന്നു.

നാം ന്യായപ്രമാണത്തിന്‍ കീഴല്ല, കൃപയ്ക്കത്രെ അധീനരാകയാല്‍ പാപം ചെയ്ക എന്നോ എന്നുള്ള യഹൂദന്മാരുടെ തന്ത്രപരമായ ചോദ്യം വീണ്ടും പൌലോസിന്റെ മനസ്സില്‍ മുഴങ്ങി.

പൈശാചികമായ ഈ ചോദ്യം പൌലോസ് മുമ്പെത്തന്നെ തള്ളിക്കളഞ്ഞതാണ്, കാരണം ആ ചോദ്യത്തിന്റെ ഉപജ്ഞാതാവ് പരിശുദ്ധാത്മാവല്ല. വിശ്വാസികള്‍ സ്വമനസ്സാലെ സമ്പൂര്‍ണ്ണമായും ക്രിസ്തുവിന്റെ സ്നേഹത്തിന് സമര്‍പ്പിക്കപ്പെട്ടവരാണെന്നുള്ള വസ്തുത പൌലോസ് വിശ്വാസികളോടു സാക്ഷ്യപ്പെടുത്തിയതാണ്. അതുകൊണ്ട് ദൈവനീതി ജീവിതത്തില്‍ ഉള്‍ക്കൊള്ളുന്ന അവര്‍ പാപത്തിന്റെ ശക്തിയില്‍നിന്നും ന്യായപ്രമാണത്തിന്റെ ആധിപത്യത്തില്‍നിന്നും വിടുതല്‍ പ്രാപിച്ചവ രാണ്. ദൈവഭയം കൂടാതെ മാനുഷിക സ്വാതന്ത്യ്രം അവകാശപ്പെടുന്നവനെല്ലാം കള്ളനാണ്. ഡോ. ലൂഥര്‍ മനുഷ്യനെ ഒരു കഴുതയോടാണ് സാദൃശ്യപ്പെടുത്തിയിരിക്കുന്നത്. യജമാനനെ കൂടാതെ കഴുതയ്ക്ക് ജീവിതമില്ല, എന്തെന്നാല്‍ അതിന്മേല്‍ യാത്രചെയ്യുവാന്‍ ഒരു യജമാനന്‍ വേണമല്ലോ; ഒന്നുകില്‍ നിങ്ങള്‍ ദൈവത്തെ, അല്ലെങ്കില്‍ പിശാചിനെ ചുമക്കുന്നവരാണ്. ദൈവം നിങ്ങളുടെ ദൈവമാകുമ്പോള്‍ സന്തോഷത്തോടെ നിങ്ങള്‍ അവനെ ചുമക്കുകയും, നിരന്തരമായും ഉത്സാഹത്തോടും നിങ്ങള്‍ അവനെ സേവിക്കുകയും ചെയ്യുന്നുവെങ്കില്‍ നിരാശയ്ക്കും, പാപത്തിനും, മരണത്തിന്റെ ശക്തിക്കും നിങ്ങളില്‍ സ്ഥാനമില്ല. മറിച്ച് പ്രത്യാശ, സമാധാനം, യഥാര്‍ത്ഥ ആത്മിക സ്വാതന്ത്യ്രം ഇവ നിങ്ങളില്‍ ഉളവാകുന്നു. ക്രിസ്തു നിങ്ങളെ സ്വതന്ത്രരാക്കിയത് വിദ്വേഷത്തിനും വിനോദത്തിനുമല്ല, പ്രത്യുത നീതിയുടെ ആത്മാവില്‍ മറ്റുള്ളവര്‍ക്ക് നന്മചെയ്യുവാനും ദൈവത്തെ സേവിക്കുവാനും വേണ്ടിയാണ്. പരിശുദ്ധാത്മാവിന്റെ നിയോഗത്തോടുള്ള അനുസരണം മുഖാന്തരം നിങ്ങളുടെ മനസ്സാക്ഷിക്ക് ആശ്വാസമുണ്ടാകുന്നു. ക്രിസ്തുവിന്റെ ആത്മാവിനോടുള്ള ഈ കൂട്ടായ്മയില്ലെങ്കില്‍, നിങ്ങള്‍ നിരാശയിലും അരിഷ്ടതയിലുമാണ് തുടരുക.

ക്രിസ്തു താന്‍ തന്നെ നിത്യനായ ദൈവവും സ്വതന്ത്രനുമായിരുന്നെങ്കില്‍പ്പോലും തനിക്കൊരു നുകമുണ്ടെന്ന് താന്‍ പറഞ്ഞിരുന്നു. എങ്കിലും ക്രിസ്തു സസന്തോഷം പിതാവിന്റെ നുകത്തിന് കീഴ്പ്പെട്ട് മരണത്തോളം ക്രൂശിലെ മരണത്തോളം തന്നെ അനുസരണമുള്ളവനായിത്തീര്‍ന്നു. ദൈവസ്നേഹം യേശുവിനെ ഒരു ബന്ധിതദാസനാക്കുകയും തന്നിമിത്തം ലോകത്തിന്റെ പാപത്തെ അവിടുന്നു ചുമന്നൊഴിക്കുകയും ചെയ്തു. എന്തുകൊണ്ട് നിങ്ങള്‍ അവനെ പിന്തുടരുകയില്ല? നിങ്ങളുടെ സ്നേഹിതരുടെ പാപങ്ങളെ ചുമപ്പാന്‍ നിങ്ങള്‍ക്കാവുമോ? അവരുടെ അലസത നിങ്ങളെ പ്രയാസപ്പെടുത്തുന്നുണ്ടോ? നിരാശപ്പെടരുത്. അവരുടെ രക്ഷയും ആത്മികമായ വിടുതലുമായിരിക്കട്ടെ നിങ്ങളുടെ ഹൃദയത്തിന്റെ താല്‍പര്യം. ദൈവസ്നേഹം സകല മനുഷ്യരുടെയും വീണ്ടെടുപ്പിനായി നിങ്ങളെ പ്രേരിപ്പിക്കുന്നു.

ക്രിസ്തുവിനോടൊത്തുള്ള ജീവിതം സൈദ്ധാന്തികമോ വൈകാരികമോ ആയ നിലയിലല്ല, തീരുമാനത്തോടും, സമര്‍പ്പണത്തോടും, എല്ലാ ശക്തിയോടുംകൂടെ അനേകരെ ശുശ്രൂഷിപ്പാന്‍ നമ്മെ ബലപ്പെടുത്തുന്നു. മുന്‍കാലങ്ങളില്‍ നിങ്ങളുടെ പണവും, സാവകാശങ്ങളും, കഴിവുകളുമൊക്കെ നിങ്ങള്‍ വൃഥാ ചെലവഴിച്ചില്ലേ. ഇപ്പോഴാകട്ടെ നിങ്ങളുടെ എല്ലാ കഴിവുകളും ക്രിസ്തുവിന്റെ ശുശ്രൂഷയ്ക്കും മറ്റുള്ളവരുടെ രക്ഷയ്ക്കുമായി പ്രയോജനപ്പെടുത്തുക. ദുഃഖിതരെ ആശ്വസിപ്പിക്കുക, രോഗികളെ സന്ദര്‍ശിക്കുക, വിശക്കുന്നവര്‍ക്ക് ആഹാരം കൊടുക്കുക, ബലഹീനരെ താങ്ങുക, സുവിശേഷത്താല്‍ നീതി തേടുന്നവരെ വെളിച്ചത്തിലേക്ക് കൊണ്ടുവരിക.

വിശ്വാസികളില്‍ സ്ഥിതിചെയ്യുന്ന ക്രിസ്തുവിന്റെ ജീവന്‍ ഈ അനീതിയുള്ള ലോകത്തിന് ഒരു പ്രത്യാശയാണ്. നിങ്ങള്‍ യേശുക്രിസ്തുവിന്റെ ദാസനാണോ? അവന്റെ പുത്രന്റെ സ്നേഹത്താല്‍ ബന്ധിക്കപ്പെട്ട ശുശ്രൂഷകനോ? അങ്ങനെയെങ്കില്‍ മാനസാന്തരത്താല്‍ ഉളവായ മരണവും, ക്രിസ്തുവിനോടുകൂടെയുള്ള ക്രൂശീകരണവും, പരിശുദ്ധാത്മ നിറവു നിമിത്തവും പാപത്തിന് ഇനിമേല്‍ നിങ്ങളില്‍ കര്‍ത്തൃത്വമില്ല. നിങ്ങള്‍ അവന്റെ നിത്യജീവനില്‍ അിസ്ഥാനപ്പെട്ടവരായിത്തീര്‍ന്നിരിക്കയാണ്.

റോമര്‍ 6:23
23 പാപത്തിന്റെ ശമ്പളം മരണമത്രെ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവില്‍ നിത്യജീവന്‍ തന്നെ.

മനോഹരമായ വാക്യം ഈ സുവിശേഷത്തിന്റെ സംക്ഷിപ്തമാണ്. പ്രാകൃതമനുഷ്യന്റെ ഫലവും, യേശുക്രിസ്തു നല്കുന്ന മഹത്തായ ദാനവും ഇതില്‍ വ്യക്തമാക്കപ്പെട്ടിരിക്കുന്നു.

  1. പാപംനിമിത്തമത്രെ നാം മരിക്കുന്നത്. നാം പാപികളായതുകൊണ്ട് മരണം അനിവാര്യമായിരുന്നു. എല്ലാവരും പാപികളായതുകൊണ്ട് എല്ലാവരും മരിക്കുന്നു. ജീവിതത്തിന്റെ ആത്യന്തിക ഫലമാണിത്.
  2. എന്നാല്‍ ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്ക് ദൈവത്തിന്റെ ദാനം ലഭിക്കുന്നു. ഈ ദാനമെന്നത് പൊന്നോ, വെള്ളിയോ, വിലയേറിയ വസ്തുക്കളോ അല്ല, ലോകത്തിലെ യാതൊരു വിലപ്പെട്ട വസ്തുക്കളുടെ നടുവിലും ഇതു കാണുവാന്‍ കഴികയില്ല. ദൈവഹൃദയത്തില്‍നിന്ന് നേരിട്ട് വരുന്ന ഈ ദാനം നമ്മുടെ ഹൃദയങ്ങളില്‍ വസിക്കയത്രെ ആകുന്നു. തന്റെ പുത്രനോടുകൂടെ ക്രൂശിക്കപ്പെട്ട ഏവര്‍ക്കും അവന്‍ ഈ ദാനം നല്കുന്നു. അവര്‍ക്ക് അവനോടുകൂടെ എന്നേക്കും വാഴുവാന്‍ ഭാഗ്യം ലഭിക്കുന്നു. അവന്‍ അപ്രകാരം ചെയ്യുന്നത് അവിടുന്നു കര്‍ത്താധികര്‍ത്താവായതുകൊണ്ടാണ്. പിതാവിനോടും പരിശുദ്ധാത്മാവിനോടുംകൂടെ അവന്‍ എന്നെന്നേക്കും വാഴുന്നു.

പ്രാര്‍ത്ഥന: ത്രിയേകദൈവമേ, ഞങ്ങളുടെ പാപങ്ങളും ലംഘനങ്ങളും അവിടുന്നു നീക്കി, മരണത്തിന്റെ പാശങ്ങളില്‍നിന്ന് ഞങ്ങളെ വിടുവിച്ച്, ക്രിസ്തുവിന്റെ രാജ്യത്തിലാക്കി, ഞങ്ങള്‍ നിത്യജീവന്‍ പ്രാപിപ്പാന്‍ തക്കവണ്ണം അവിടുത്തെ ആത്മാവിനാല്‍ ഞങ്ങളെ നിറച്ചതുകൊണ്ട് ഞങ്ങള്‍ അങ്ങയെ വാഴ്ത്തുന്നു. അവിടുത്തെ മഹാകൃപയാല്‍ ഞങ്ങള്‍ അങ്ങയോടൊത്തും അങ്ങയിലും ജീവിപ്പാന്‍ ഇടയാക്കിയതിനായി സ്തോത്രം.

ചോദ്യം:

  1. പാപത്തിനും മരണത്തിനും ദാസനായിരിക്കുക എന്നതും ക്രിസ്തുവിന്റെ സ്നേഹവും തമ്മിലുള്ള വ്യത്യാസമെന്ത്?

www.Waters-of-Life.net

Page last modified on January 21, 2013, at 09:57 AM | powered by PmWiki (pmwiki-2.3.3)