Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- Romans - 029 (The Faith of Abraham is our Example)
This page in: -- Afrikaans -- Arabic -- Armenian -- Azeri -- Bengali -- Bulgarian -- Cebuano -- Chinese -- English -- French -- Georgian -- Greek -- Hausa -- Hebrew -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- MALAYALAM -- Polish -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Turkish -- Urdu? -- Yiddish -- Yoruba

Previous Lesson -- Next Lesson

റോമര്‍ - കര്‍ത്താവ് നമ്മുടെ നീതി
റോമര്‍ക്ക് എഴുതിയ ലേഖനം ഒരു പഠനം
ഭാഗം ഒന്ന് - ദൈവത്തിന്റെ നീതി പാപികളെ ശിക്ഷിക്കുന്നു; ക്രിസ്തുവില്‍ വിശ്വസിക്കുന്നവരെ നീതീകരിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന് (റോമര്‍ 1:18 - 8:39)
ആ - വിശ്വാസത്താലുള്ള പുതിയ നീതീകരണം സകലമനുഷ്യര്‍ക്കും നല്കപ്പെട്ടിരിക്കുന് (റോമര്‍ 3:21 - 4:22)
3. വിശ്വാസത്താലുള്ള നീതീകരണത്തിന് അബ്രഹാമും ദാവീദും ഉത്തമദൃഷ്ടാന്തങ്ങളായിരിക്കുന്നു (റോമര്‍ 4:1-24)

റ) അബ്രഹാമിന്റെ ധൈര്യമേറിയ വിശ്വാസം നമുക്ക് മാതൃക (റോമര്‍ 4:19-25)


റോമര്‍ 4:19-22
19 അവന്‍ ഏകദേശം നൂറുവയസ്സുള്ളവനാകയാല്‍ തന്റെ ശരീരം നിര്‍ജ്ജീവമായിപ്പോയതും സാറയുടെ ഗര്‍ഭപാത്രത്തിന്റെ നിര്‍ജ്ജീവത്വവും ഗ്രഹിച്ചിട്ടും വിശ്വാസത്തില്‍ ക്ഷീണിച്ചില്ല. 20 ദൈവത്തിന്റെ വാഗ്ദത്തത്തില്‍ അവിശ്വാസത്താല്‍ സംശയിക്കാതെ വിശ്വാസത്തില്‍ ശക്തിപ്പെട്ടു ദൈവത്തിനു മഹത്വം കൊടുത്തു, 21 അവന്‍ വാഗ്ദത്തം ചെയ്തത് പ്രവര്‍ത്തിപ്പാനും ശക്തന്‍ എന്ന് പൂര്‍ണ്ണമായി ഉറച്ചു. 22അതുകൊണ്ട് അത് അവന് നീതിയായി കണക്കിട്ടു.

ബഹുജാതികള്‍ക്ക് തന്നെ പിതാവായി ദൈവം തെരഞ്ഞെടുത്തിരിക്കുന്നുവെന്നു മുന്നമേ ദൈവം പറഞ്ഞ വാക്കുകള്‍ അബ്രഹാം കേട്ടു. മക്കളില്ലാത്ത തനിക്ക് ഈ വെളിപ്പാടിന്റെ വാക്കുകള്‍ ഒരു അതിശയമായിട്ടാണിരുന്നത്, എങ്കിലും വിശ്വാസത്താല്‍ അവനത് കൈക്കൊണ്ടു. മനുഷ്യന്റെ എല്ലാ ആശയും നഷ്ടപ്പെട്ടുപോയിടത്ത് ദൈവം പ്രത്യാശ നല്കുന്നു എന്നവന്‍ വിശ്വസിച്ചു. മിസ്രയീമ്യ അടിമയില്‍ യിശ്മായേല്‍ ജനിച്ചതോടെ വിശ്വാസത്തിന്റെ പോരാട്ടത്തില്‍ അബ്രഹാം പരാജയപ്പെട്ടുപോയിരുന്നു. ഇപ്പോഴാകട്ടെ തന്റെ ഭാര്യ വൃദ്ധയായിത്തീര്‍ന്നിരിക്കെ ഒരു കുഞ്ഞിനെ പ്രസവിക്കുവാന്‍ അവള്‍ക്ക് സാധ്യമല്ല എങ്കിലും പ്രകൃതിയുടെ നിയമത്തെ നോക്കാതെ, പ്രകൃതിയുടെ സൃഷ്ടാവായ, പ്രകൃതിയുടെ നിയമത്തെ മാറ്റാന്‍ കഴിവുള്ളവനുമായവനിലേക്ക് അവന്‍ നോക്കി. അവന്റെ ഭാര്യയായ സാറയില്‍നിന്ന് അവന് ഒരു മകനെ കിട്ടുക തീര്‍ത്തും അസാധ്യമാണെന്ന് ചിന്തിച്ച് അബ്രഹാം സ്വയം വഞ്ചിച്ചില്ല. മറിച്ച് അവന്‍ തന്റെ വിശ്വാസത്തില്‍ മടുത്തുപോകാതെ, ദൈവവചനത്തെ മുറുകെ പിടിച്ചുകൊണ്ട് അതിന്റെ നിത്യസത്യങ്ങളില്‍ ആശ്രയിക്കുകയാല്‍, മഹത്വത്തിന്റെ കര്‍ത്താവ് ഭോഷ്ക്ക് പറയുകയില്ലെന്നും, വാഗ്ദത്തം നിവര്‍ത്തിപ്പാന്‍ മനുഷ്യന്റെ മനസ്സ് യാതൊരു മാര്‍ഗ്ഗവും കണ്ടെത്തിയില്ലെങ്കില്‍പ്പോലും ദൈവം തന്റെ വാഗ്ദത്തം നിവര്‍ത്തിക്കുവാന്‍ ശക്തനാണെന്ന് അവന്‍ നിശ്ചയിച്ചു.

വിശ്വാസത്തിന്റെ പോരാട്ടത്തില്‍, ദൈവത്തിന്റെ വിശ്വസ്തതയിലുള്ള അബ്രഹാമിന്റെ ഈ അടിയുറച്ച വിശ്വാസം അവന് നീതിയായി കണക്കിടപ്പെട്ടു (ഉല്പ. 15:1-6; 17:1-8).

അബ്രഹാമിന്റെ വിശ്വാസത്തിനു പങ്കാളിയാകുവാനായിട്ടാണ് ക്രിസ്തു ഇന്ന് നിന്നെ വിളിക്കുന്നത്. നമ്മിലേക്കും നമ്മുടെ സഭകളിലേക്കും ആഴത്തിലിറങ്ങി നോക്കിയാല്‍, നമ്മുടെ സമൂഹത്തെ ആത്മികമായി മന്ദീഭവിച്ചതും, ബലഹീനവും, മരിച്ചതുമായി നമുക്കു കാണുവാന്‍ സാധിക്കും. എന്റെയും നിങ്ങളുടെയും വിശ്വാസംമൂലം ലക്ഷോപലക്ഷങ്ങള്‍ക്ക് നിത്യജീവന്‍ പ്രദാനം ചെയ്യുവാന്‍ ക്രിസ്തു ആഗ്രഹിക്കുന്നു. അവന്റെ സ്നേഹം ആകാശത്തിലെ നക്ഷത്രങ്ങള്‍പോലെ പെരുകുവാന്‍ തക്കവണ്ണം നമ്മുടെ സാക്ഷ്യത്തെ അനുഗ്രഹിപ്പാന്‍ അവന്‍ താല്‍പര്യപ്പെടുന്നു. നിങ്ങളുടെ വിശ്വാസത്തിന്റെ വാക്കുകളാല്‍ ആത്മിക സന്തതികള്‍ നിങ്ങള്‍ക്കുണ്ടാകുമെന്നുള്ള ദൈവത്തിന്റെ വിളിയെയും വാഗ്ദത്തത്തെയും നിങ്ങള്‍ വിശ്വസിക്കുന്നുവോ? നിങ്ങളുടെ കഴിവില്ലായ്മ, സഭയുടെ ശീതോഷ്ണസ്ഥിതി ഇവയ്ക്ക് മാറ്റം വരുത്തി കല്ലായ ഹൃദയങ്ങളില്‍നിന്നും ആത്മിക ശിശുക്കളെ ഉയര്‍ത്തിക്കൊണ്ടുവരുവാന്‍ അവന് സാധിക്കുമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ? നിങ്ങള്‍ മാനസാന്തരപ്പെടുന്നില്ലെങ്കില്‍ ഈ കല്ലുകളില്‍നിന്നു മക്കളെ ജനിപ്പിക്കുവാന്‍ ദൈവത്തിന് കഴിയുമല്ലോ എന്നത്രെ യോഹന്നാന്‍ സ്നാപകന്‍ പറഞ്ഞത്. നിങ്ങള്‍ ദൈവത്തെ ബഹുമാനിക്കുന്നുവോ? നിങ്ങളുടെ സഭയുടെ ശീതോഷ്ണസ്ഥിതിയെയും നിങ്ങളുടെ മോശപ്പെട്ട സ്ഥിതിയെയുംപറ്റി അവിശ്വസിക്കാതെ മഹത്വത്തിന്റെ കര്‍ത്താവില്‍ ചാരി അവനില്‍ നിങ്ങള്‍ ആശ്രയിക്കുമോ? അവന്റെ ശക്തി അനേകരിലേക്ക് പകരുവാന്‍ ഒരു ഉപകരണമായി അവന്‍ നിങ്ങളെ ഉപയോഗിക്കും. അബ്രഹാമിന്റെയും പൌലോസിന്റെയും ദൈവം ഇന്നലെയും, ഇന്നും, എന്നേക്കും അനന്യനാണ്. നിങ്ങളുടെ വിശ്വാസത്തെ അവന്‍ പ്രതീക്ഷിക്കുന്നു. ലോകത്തെ ജയിച്ച ജയമോ നിങ്ങളുടെ വിശ്വാസം തന്നെ. ഉറങ്ങരുത്, പ്രത്യാശ കൈവിടരുത്. അബ്രഹാമിന്റെ ജീവിതത്തില്‍ സംഭവിച്ചതുപോലെ വിശ്വാസത്തിന്റെ പോരാട്ടം വര്‍ഷങ്ങളോ, പതിറ്റാണ്ടുകളോ ഉണ്ടായാല്‍പ്പോലും, പ്രതീക്ഷ കൈവിടരുത്. ഒടുവിലായി അവനു ലഭിച്ച വിശ്വാസത്തിന്റെ ഫലമത്രെ ശാന്തനായ യിസ്ഹാക്. ഈ പോരാട്ടത്തിന്റെ നടുവില്‍ കര്‍ത്താവ് അവനെ ആത്മാവിനാല്‍ ബലപ്പെടുത്തി; പ്രവാചകന്മാരുടെ പിതാവായി അവനെ രൂപാന്തരപ്പെടുത്തി. നിങ്ങളുടെ കര്‍ത്താവ് ജീവിക്കുന്നു; നിന്റെ വിശ്വാസത്താല്‍ നിന്നെ നീതീകരിപ്പാന്‍ അവന്‍ ആഗ്രഹിക്കുന്നു. ആകയാല്‍ നിന്റെ ഹൃദയത്തെ ഉയര്‍ത്തുക; തളര്‍ന്ന കൈകളെയും കുഴഞ്ഞ മുഴങ്കാലുകളെയും ബലപ്പെടുത്തുക. എന്തെന്നാല്‍ നമ്മുടെ കര്‍ത്താവ് ജീവിക്കുന്നു; നിനക്ക് മുമ്പായി അവന്‍ നിനക്കുവേണ്ടി യുദ്ധം ചെയ്യുവാന്‍ പോയിരിക്കുന്നു.

റോമര്‍ 4:23-25
23 അവനു കണക്കിട്ടു എന്നെഴുതിയിരിക്കുന്നത് അവനെ വിചാരിച്ചുമാത്രമല്ല, നമ്മെ വിചാരിച്ചുംകൂടെ ആകുന്നു. 24 നമ്മുടെ അതിക്രമങ്ങള്‍ നിമിത്തം മരണത്തിന് ഏല്പിച്ചും നമ്മുടെ നീതീകരണത്തിനായി ഉയിര്‍പ്പിച്ചുമിരിക്കുന്ന 25 നമ്മുടെ കര്‍ത്താവായ യേശുവിനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചവനില്‍ വിശ്വസിക്കുന്ന നമുക്കും കണക്കിടുവാനുള്ളതാകയാല്‍ തന്നെ.

അബ്രഹാമിനു നല്കപ്പെട്ട വെളിപ്പാടിനോടുള്ള ബന്ധത്തില്‍ നമ്മുടെ വിശ്വാസത്തിന്റെ പരിജ്ഞാനം കൂടുതല്‍ പ്രബലപ്പെടുകയാണ്. ഇന്ന് ദൈവം തന്നെത്താന്‍ സര്‍വ്വശക്തനും, മഹാനും, മറഞ്ഞിരിക്കുന്നവനുമായി കാണിച്ചുതരുന്നതുകൂടാതെ തന്റെ പുത്രനായ യേശുവിനെയും നമുക്ക് അയച്ചുതന്നിരിക്കുന്നത് അവന്റെ സ്നേഹത്തിലൂടെ പിതാവാം ദൈവത്തെ നാം തിരിച്ചറിയേണ്ടതിനത്രെ. അസാദ്ധ്യമെന്ന് തോന്നിയത് സാധിച്ചിരിക്കുന്നു; നമ്മുടെ പാപങ്ങളെ തുടച്ചുനീക്കുവാന്‍ ദൈവപുത്രന്‍ നമുക്കുവേണ്ടി മരിച്ചു. പരിശുദ്ധനായ ദൈവം പാപികളെ തങ്ങളുടെ പാപം നിമിത്തം നശിപ്പിക്കാതെ തന്നെത്താന്‍ മരിക്കുവാന്‍ മനസ്സുവെച്ചത് ദോഷികളായ നമ്മെ രക്ഷിപ്പാന്‍ വേണ്ടിയായിരുന്നു. നമ്മുടെ ദൈവം കരുണാസമ്പന്നനും, സ്നേഹവാനും, സ്വയം യാഗമായിത്തീര്‍ന്നവനും, ദാതാവും, ക്ഷമിക്കുന്നവനുമായ ദൈവമാണ്.

യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തില്‍ തന്റെ യാഗത്തിന്റെ വിജയം പ്രത്യക്ഷമായി. ക്രൂശിക്കപ്പെട്ട ദൈവകുഞ്ഞാടിന്റെ മേല്‍ ദൈവം തന്റെ ക്രോധം മുഴുവനും പകര്‍ന്നുവെങ്കിലും ദൈവം അവനെ കൈവിട്ടില്ല; ദൈവം അവനെ മരിച്ചവരുടെ ഇടയില്‍നിന്നും ഉയിര്‍ത്തെഴുന്നേല്പിച്ചു; തന്നിമിത്തം അവന്റെ നിസ്തുല്യമായ യാഗം ദൈവഹിതത്തിന്റെ ആലോചനയ്ക്കനുസൃതമായിട്ടുള്ളതായിരുന്നു എന്നവന്‍ തെളിയിച്ചു. അങ്ങനെ ക്രിസ്തുവിന്റെ പുനരുത്ഥാനം നമ്മുടെ നീതീകരണം എന്ന സത്യത്തെ സ്ഥിരീകരിക്കുന്നു. തന്റെ അടക്കത്തിനുമുമ്പെ സ്വര്‍ഗ്ഗത്തിലേക്ക് കരേറി ദൈവത്തോടുകൂടെ ഉത്തമസഖിയായിരിക്കുക അസാദ്ധ്യമായിരുന്നു. ലോകത്തെ ക്രൂശില്‍വെച്ച് ദൈവത്തോടു നിരപ്പിച്ച നിരപ്പിന്റെ പ്രവൃത്തി നമുക്ക് കാണത്തക്കവിധം ദൈവം അവനെ മരിച്ചവരില്‍നിന്നും ഉയിര്‍ത്തെഴുന്നേല്പിച്ചു.

ഇന്ന് നമ്മുടെ ഏകമദ്ധ്യസ്ഥനായ കര്‍ത്താവ് പിതാവിന്റെ (ദൈവത്തിന്റെ) വലതുഭാഗത്തിരിക്കയാണ്. അവിടുന്നു ദൈവത്തിനും മനുഷ്യര്‍ക്കും മദ്ധ്യേ മദ്ധ്യസ്ഥത ചെയ്യുന്നു. തന്റെ ക്രൂശിലെ യാഗത്തിന്റെ ഫലം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. നാം അസ്വസ്ഥരാകാതെ നമ്മുടെ വിശ്വാസത്തില്‍ നിലനില്ക്കേണ്ടതിനും താന്‍ മുഖാന്തരം ദൈവത്തോടടുക്കുന്നവരെ അവസാനത്തോളം രക്ഷിപ്പാന്‍ താന്‍ പ്രാപ്തനാകുന്നു എന്ന് നാം അവന്റെ നിത്യമദ്ധ്യസ്ഥവേലയില്‍ വിശ്വസിക്കേണ്ടതിനും അവന്‍ അത് നിവര്‍ത്തിക്കയാകുന്നു.

അതുകൊണ്ട് എല്ലാ പ്രശ്നങ്ങളിലും, ഭയപ്പാടുകളിലും, അപകടങ്ങളിലും നിങ്ങളുടെ വിശ്വാസം എവിടെയാണ്? കര്‍ത്താവിന്റെ രാജ്യസ്ഥാപനത്തിനായുള്ള അവന്റെ പ്രത്യക്ഷതയിലും ലക്ഷോപലക്ഷങ്ങളുടെ വീണ്ടുംജനനത്തിലുമുള്ള നിങ്ങളുടെ ആശ എവിടെ? കര്‍ത്താവ് നമ്മെ ദൈവത്തോടു നിരപ്പിച്ചു. ഇന്ന് തന്റെ പക്ഷവാദത്താല്‍ നമ്മുടെ നീതീകരണത്തെ തെളിയിച്ചുതരുവാന്‍ അവന്‍ ജീവിക്കുന്നു. തരിശും നിര്‍ജ്ജീവവുമായ അനേക ഹൃദയങ്ങളിലേക്ക് നിങ്ങളുടെ വിശ്വാസം ഹേതുവായി ജീവനീരുറവകള്‍ ഒഴുകുന്നതായി നിങ്ങള്‍ വിശ്വസിക്കുക; സംശയിക്കാതെ വിശ്വസിക്കുക, എന്തെന്നാല്‍ കര്‍ത്താവ് വാസ്തവമായും ജീവിക്കുന്നു.

പ്രാര്‍ത്ഥന: കര്‍ത്താവായ ദൈവമേ, അവിടുന്നു ജീവിക്കുന്നു; ലോകത്തോടു പ്രസംഗിക്കുവാന്‍ അവിടുന്നു ഞങ്ങളെ അയച്ചിരിക്കുന്നുവല്ലോ. അങ്ങയുടെ ദാസനായ അബ്രഹാം വിശ്വസിക്കുകയും അവനും സാറയും കൂടി തങ്ങളുടെ വാര്‍ദ്ധക്യത്തില്‍ അവിടുത്തെ കരുണയാല്‍ ഒരു കുഞ്ഞിനു ജന്മം നല്കി അവന്‍ മുഖാന്തരം സകല ജാതികളും അനുഗ്രഹിക്കപ്പെടുവാന്‍ കാരണമായല്ലോ. എല്ലാ പരീക്ഷകള്‍ക്കു മെതിരെ അങ്ങയില്‍ ആശ്രയിച്ച് അവിടുത്തെ ശക്തി ഞങ്ങളുടെ ബലഹീനതയില്‍ തികഞ്ഞുവരേണ്ടതിന് ഞങ്ങളുടെ അല്പവിശ്വാസത്തെ അതിജീവിക്കുകയും ഞങ്ങളെ ശക്തീകരിക്കുകയും ചെയ്യണമേ. അവിടുന്ന് എന്നേക്കും ജീവിച്ചിരിക്കയാലും വാഴുന്നതുകൊണ്ടും അനേക ലക്ഷങ്ങള്‍ ഈ നാളുകളില്‍ രക്ഷിക്കപ്പെടുമെന്നുള്ള ഉറപ്പ് ഞങ്ങള്‍ക്ക് തന്നിരിക്കയാല്‍ സ്തോത്രം.

ചോദ്യം:

  1. അബ്രഹാമിന്റെ വിശ്വാസത്തിന്റെ പോരാട്ടത്തില്‍നിന്നും നമുക്കു പഠിക്കുവാനുള്ള പാഠങ്ങള്‍ എന്തൊക്കെയാണ്?

വിശ്വാസത്താല്‍ നീതീകരിക്കപ്പെട്ടിട്ട് നമ്മുടെ
കര്‍ത്താവായ യേശുക്രിസ്തു മൂലം
നമുക്ക് ദൈവത്തോടു സമാധാനമുണ്ട്.

(റോമര്‍ 5:1)

www.Waters-of-Life.net

Page last modified on January 21, 2013, at 09:44 AM | powered by PmWiki (pmwiki-2.3.3)