Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- John - 073 (The raising of Lazarus)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula? -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

രണ്ടാം ഭാഗം - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു (യോഹന്നാന്‍ 5:1 - 11:54)
C - യെരൂശലേമിലേക്കുള്ള യേശുവിന്റെ അന്ത്യയാത്ര (യോഹന്നാന്‍ 7:1 - 11:54) - ഇരുളിന്റെയും വെളിച്ചത്തിന്റെയും വേര്‍പിരിയല്‍
4. ലാസറിനെ ഉയിര്‍പ്പിക്കലും പരിണിത ഫലവും (യോഹന്നാന്‍ 10:40 - 11:54)

c) ലാസറിനെ ഉയിര്‍പ്പിക്കുന്നത് (യോഹന്നാന്‍ 11:34-44)


യോഹന്നാന്‍ 11:34-35
34അവനെ വെച്ചത് എവിടെ എന്നു ചോദിച്ചു. കര്‍ത്താവേ, വന്നു കാണുക എന്ന് അവര്‍ അവനോടു പറഞ്ഞു. 35യേശു കണ്ണുനീര്‍ വാര്‍ത്തു.

യേശു മറുപടി വാക്കാല്‍ നല്‍കിയില്ല. ദുഃഖിതയായിരിക്കുന്നവളോടു സംസാരിച്ചിട്ടു കാര്യമില്ല. ഇവിടെ വാക്കുകളെക്കാള്‍ കാര്യക്ഷമമാകുന്നതു പ്രവൃത്തികളാണ്. തന്നെ കല്ലറയ്ക്കലേക്കു നയിക്കാന്‍ അവിടെയുണ്ടായിരുന്നവരോടു യേശു ആവശ്യപ്പെട്ടു. "വന്നു കാണുക" എന്ന് അവര്‍ പറഞ്ഞു. യേശുവിന്റെ പ്രവര്‍ത്തനത്തിന്റെ ആദ്യസമയത്ത് അവന്‍ ശിഷ്യന്മാരെ വിളിച്ച അതേ വാക്കുകളാണിത്. ജീവന്‍ കാണുന്നതിനാണ് അവനവരെ വിളിച്ചത്; ഇവര്‍ അവനെ വിളിക്കുന്നതു മരണം കാണുന്നതിനാണ്. കാര്യം മനസ്സിലാക്കാന്‍ അവര്‍ക്കു കഴിയാഞ്ഞതുകൊണ്ടാണ് അവന്‍ കരഞ്ഞത്- അവരുടെ അജ്ഞതയും വിശ്വസിക്കാനുള്ള കഴിവില്ലായ്മയും അവനെ കരയിച്ചു. അവന്റെ ഏറ്റവും നല്ല അനുയായികള്‍ക്കുപോലും യഥാര്‍ത്ഥ വിശ്വാസം കാണിക്കാന്‍ കഴിഞ്ഞില്ല. ശരീരം പ്രയോജനപ്പെടുന്നില്ല, ആത്മാവിനു വിശ്വാസവുമില്ല. പരിശുദ്ധാത്മാവിനെ അവരുടെമേല്‍ പകര്‍ന്നിട്ടുമില്ല. ആത്മീയമരണം വാണു, മനുഷ്യരാശിയുടെ ദയനീയാവസ്ഥയില്‍ മനുഷ്യപുത്രനു കരയാനേ കഴിഞ്ഞുള്ളൂ.

യേശു ഒരു യഥാര്‍ത്ഥ മനുഷ്യനായിരുന്നു - സന്തോഷിക്കുന്നവരോടൊപ്പം സന്തോഷിക്കുകയും കരയുന്നവരോടൊപ്പം കരയുകയും ചെയ്തവനായിരുന്നു അവന്‍. അവന്റെ ഉള്ളം കലങ്ങി. തന്റെ അനുയായികളുടെ മേലുള്ള മരണത്തിന്റെ ഭയങ്കരത്വവും ജീവനുള്ള ദൈവത്തോടുള്ള അവരുടെ സ്നേഹരാഹിത്യവും കണ്ട് അവന്റെ ആത്മാവ് ഇളകി. ഇന്നത്തെ നമ്മുടെ സഭകളുടെയും നമ്മുടെത്തന്നെയും അവസ്ഥയിലും പാപത്തിലും ആത്മീയമരണത്തിലും തുടരുന്നവരുടെ അവസ്ഥയിലും യേശു കരയുന്നുണ്ട്.

യോഹന്നാന്‍ 11:36-38a
36ആകയാല്‍ യഹൂദന്മാര്‍: കണ്ടോ അവനോട് എത്ര പ്രിയം ഉണ്ടായിരുന്നു എന്നു പറഞ്ഞു. 37ചിലരോ: കുരുടന്റെ കണ്ണു തുറന്ന ഇവന് ഇവനെയും മരിക്കാതാക്കുവാന്‍ കഴിഞ്ഞില്ലയോ എന്നു പറഞ്ഞു. 38a യേശു പിന്നെയും ഉള്ളം നൊന്തു...

യഹൂദന്മാര്‍ യേശുവിന്റെ കണ്ണുനീരു കണ്ടിട്ട്, അതു ലാസറിനോടുള്ള സ്നേഹത്തിന്റെ ആധിക്യംകൊണ്ടാണെന്നു വിശദീകരിച്ചു. സ്നേഹം തണുത്ത യുക്തിപരമോ ബുദ്ധിപരമോ ആയതല്ല. അതു മറ്റുള്ള ആത്മാക്കളുടെ വികാരങ്ങളോട് ഇഴുകിച്ചേരുന്നതാണ്. നമുക്കു മനസ്സിലാക്കാവുന്നതിനും അപ്പുറമായതാണു ക്രിസ്തുവിന്റെ സ്നേഹം, അതു മരണത്തിനപ്പുറത്തേക്കു പോകുന്നു. മുദ്രവയ്ക്കപ്പെട്ട കല്ലറയ്ക്കുള്ളില്‍ ലാസറിനെ അവന്‍ കണ്ടു, തന്റെ സ്നേഹിതന്റെമേല്‍ മരണത്തിന്റെ വിജയത്തെച്ചൊല്ലി അവന്‍ ദുഃഖിച്ചു. എന്നാല്‍ അവന്റെ ഹൃദയം കല്ലറ തുളച്ചുചെന്ന്, ആ ജഡത്തെ അവന്റെ ശബ്ദം കേള്‍പ്പിക്കുമാറാക്കി.

അവിടെയുണ്ടായിരുന്നവരില്‍ ചിലര്‍ യേശുവിന്റെ തുറന്ന നിലപാടുകളെച്ചൊല്ലി വിമര്‍ശിക്കുകയും അവന്റെ അധികാരം ചര്‍ച്ച ചെയ്യുകയും ചെയ്തു. അതു കേട്ട യേശുവിനു കോപമുണ്ടായി. അവിശ്വാസവും സ്നേഹമില്ലായ്മയും ക്ഷീണിച്ച പ്രത്യാശയും ദൈവക്രോധത്തിനു കാരണമാകുന്നു. ദുഃഖത്തില്‍നിന്നുള്ള നമ്മുടെ മോചനമാണ് യേശു ഉദ്ദേശിക്കുന്നത്, നമ്മുടെ ഇടുങ്ങിയ ചക്രവാളങ്ങളില്‍നിന്ന് അവന്‍ നമ്മെ രക്ഷിക്കുകയും ചെയ്യുന്നു. അങ്ങനെ അവന്റെ സ്നേഹത്തോടു നാം പറ്റിച്ചേരാനും അവന്റെ വിശ്വാസത്താല്‍ ജീവിക്കാനും അവന്റെ പ്രത്യാശയില്‍ വിശ്രമിക്കാനുമിടയാകും. ഇനിമേല്‍ മാനുഷികനിലവാരങ്ങളനുസരിച്ചു പുറകോട്ടുതിരിക്കുകയില്ല, മറിച്ച് അവന്റെ കഴിവില്‍ ആശ്രയിക്കും. നമുക്കു ചുറ്റുപാടുമുള്ള, പാപത്തില്‍ മരിച്ചവരെ ഉയിര്‍പ്പിക്കാന്‍ അവനാഗ്രഹിക്കുന്നു. നിങ്ങളുടെ അവിശ്വാസത്താല്‍ യേശുവിന് അലോസരമുണ്ടോ, അതോ നിങ്ങളുടെ തീക്ഷ്ണമായ സ്നേഹത്താല്‍ അവന്‍ ആനന്ദിക്കുകയാണോ?

പ്രാര്‍ത്ഥന: കര്‍ത്താവായ യേശുവേ, വിശ്വസിക്കാനും സ്നേഹിക്കാനുമുള്ള അവസരങ്ങള്‍ പാഴാക്കിയതിന് എന്നോടു ക്ഷമിക്കണമേ. എന്റെ വിശ്വാസമില്ലായ്മയും സ്വാര്‍ത്ഥതാല്പര്യവും ക്ഷമിക്കണമേ. നിന്നെ മാനിക്കാനും നിന്നിലേക്കു സ്ഥിരമായി വഴങ്ങാനുമുള്ള ജീവനുള്ള പ്രത്യാശയ്ക്കായി എന്നെ പ്രേരിപ്പിക്കണമേ.

ചോദ്യം:

  1. യേശു കലങ്ങിയത് എന്തുകൊണ്ട്, യേശു കരഞ്ഞത് എന്തുകൊണ്ട്?

www.Waters-of-Life.net

Page last modified on May 11, 2012, at 11:52 AM | powered by PmWiki (pmwiki-2.3.3)