Waters of Life

Biblical Studies in Multiple Languages

Search in "Malayalam":
Home -- Malayalam -- Romans - 010 (The Wrath of God against the Nations)
This page in: -- Afrikaans -- Arabic -- Armenian -- Azeri -- Bengali -- Bulgarian -- Cebuano -- Chinese -- English -- French -- Georgian -- Greek -- Hausa -- Hebrew -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- MALAYALAM -- Polish -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Turkish -- Urdu? -- Yiddish -- Yoruba

Previous Lesson -- Next Lesson

റോമര്‍ - കര്‍ത്താവ് നമ്മുടെ നീതി
റോമര്‍ക്ക് എഴുതിയ ലേഖനം ഒരു പഠനം
ഭാഗം ഒന്ന് - ദൈവത്തിന്റെ നീതി പാപികളെ ശിക്ഷിക്കുന്നു; ക്രിസ്തുവില്‍ വിശ്വസിക്കുന്നവരെ നീതീകരിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന് (റോമര്‍ 1:18 - 8:39)
മ - സര്‍വ്വലോകവും ദുഷ്ടന്റെ അധീനതയില്‍ കിടക്കുന്നു; ദൈവം സകലരെയും തന്റെ നീതിയില്‍ വിധിക്കും (റോമര്‍ 1:18 - 3:20)

1. ജാതികള്‍ക്കെതിരെ ദൈവക്രോധം വെളിപ്പെടുന്നു (റോമര്‍ 1:18-32)


റോമര്‍ 1:18-21
18 അനീതികൊണ്ട് സത്യത്തെ തടയുന്ന മനുഷ്യരുടെ സകല അഭക്തിക്കും അനീതിക്കും നേരെ ദൈവത്തിന്റെ കോപം സ്വര്‍ഗ്ഗത്തില്‍നിന്നു വെളിപ്പെടുന്നു. 19 ദൈവത്തെക്കുറിച്ച് അറിയാകുന്നത് അവര്‍ക്ക് വെളിവായിരിക്കുന്നു; ദൈവം അവര്‍ക്ക് വെളിവാക്കിയല്ലോ. 20 അവന്റെ നിത്യശക്തിയും ദിവ്യത്വവുമായി അവന്റെ അദൃശ്യലക്ഷണങ്ങള്‍ ലോകസൃഷ്ടി മുതല്‍ അവന്റെ പ്രവൃത്തികളാല്‍ ബുദ്ധിക്ക് തെളിവായി വെളിപ്പെട്ടുവരുന്നു; അവര്‍ക്ക് പ്രതിവാദമില്ലാതിരിക്കേണ്ടതിനു തന്നെ. 21 അവര്‍ ദൈവത്തെ അറിഞ്ഞിട്ടും അവനെ ദൈവമെന്നോര്‍ത്ത് മഹത്വീകരിക്കയോ നന്ദികാണിക്കയോ ചെയ്യാതെ തങ്ങളുടെ നിരൂപണങ്ങളില്‍ വ്യര്‍ത്ഥരായിത്തീര്‍ന്നു, അവരുടെ വിവേകമില്ലാത്ത ഹൃദയം ഇരുണ്ടുപോയി.

വിനയത്തോടും, സ്നേഹത്തോടും, വാഞ്ഛയോടും കൂടെ സുവിശേഷത്തിന്റെ പ്രാധാന്യതയെ അതായത് ക്രിസ്തുവിലുള്ള നീതിയെ മുന്‍നിര്‍ത്തി പൌലോസ് റോമിലെ സഭയെ അഭിവാദനം ചെയ്തശേഷം തന്റെ ആഴമേറിയ പഠനത്തിന്റെ ഒന്നാംഭാഗത്തേക്ക് പ്രവേശിക്കയാണിവിടെ പൌലോസ്. ദൈവത്തിന് എതിരെയുള്ള നമ്മുടെ എല്ലാ അഭക്തിയും മനുഷ്യനു വിരോധമായ അനീതിക്കുമെതിരെ ദൈവത്തിന്റെ നീതിയുള്ള ക്രോധം വെളിപ്പെടുന്നതായി താന്‍ പ്രസ്താവിക്കുന്നു. നാം ജീവിക്കുന്ന ഈ കാലഘട്ടം കൃപയുടേത് മാത്രമല്ല, ക്രോധത്തിന്റെയും കാലമാണ്; ഈ കാലത്തിന്റെ താല്പര്യവും മര്‍മ്മവും അതാണല്ലോ. മനുഷ്യന്റെ മ്ളേച്ഛതയെ ദൈവം വെറുക്കുന്നു; പാപത്തിനെതിരെയുള്ള അവന്റെ നീതിയുള്ള പ്രതികാരം ഈ കാലത്തിന്റെ അടയാളമാണ്. പരിശുദ്ധനായവനെ അറിയുന്നവനെല്ലാം അവനെ ഭയപ്പെടുന്നു; അവന്റെ കോപത്തില്‍ വിറയ്ക്കുന്നു. പരിശുദ്ധനായ ദൈവത്തിന്റെ വിശുദ്ധിയെ അല്പമെങ്കിലും മനസ്സിലാകുന്നതുവരെ സ്വയം തിരിച്ചറിയുവാന്‍ ആര്‍ക്കും സാധിക്കയില്ല. മനുഷ്യന്റെ ലംഘനം ദൈവമുമ്പാകെ വെളിപ്പെടുന്നു.

ദൈവം മനുഷ്യനെ സൃഷ്ടിച്ചത് തന്റെ സാദൃശ്യത്തിലാണെങ്കിലും മനുഷ്യന്റെ ദുഷ്ടതയും ഭോഷത്വവുമായ നിഗളം നിമിത്തം അവന്‍ ദൈവത്തില്‍നിന്നും സ്വതന്ത്രനായിത്തീരുവാന്‍ കാരണമായി. എങ്കിലും ദരിദ്രനും അനുസരണം കെട്ടവനുമായ മനുഷ്യനെ നശിപ്പിക്കുവാന്‍ അവന്റെ സഹിഷ്ണുത അവനെ സമ്മതിച്ചില്ല; വേഗത്തില്‍ത്തന്നെ നന്ദിയോടെ അവര്‍ ദൈവത്തിങ്കലേക്ക് മടങ്ങിവരുമെന്ന് അവന്‍ ചിന്തിച്ചു. എന്നാല്‍ അവര്‍ ദൈവത്തെക്കാള്‍ അധികം സ്വസ്നേഹികളായി, അവനെ വിട്ടകന്ന്, അന്ധതയില്‍ അമര്‍ന്നുപോകയായിരുന്നു. പരിശുദ്ധനായ ദൈവത്തിന്റെ മഹത്വത്തെ ഗണ്യമാക്കാതെ അവര്‍ തങ്ങളുടെ അകൃത്യത്തില്‍ തുടര്‍ന്നുകൊണ്ട് തങ്ങളെത്തന്നെ മലിനപ്പെടുത്തുകയും, തങ്ങളുടെ ഭോഷത്വവും മലിനതയും തന്നെ ശരി എന്നു പറഞ്ഞുകൊണ്ട് മറ്റുള്ളവരുടെ രക്ഷയെ തടസ്സപ്പെടുത്തുകയും ചെയ്തു.

മനുഷ്യന്‍ പാപത്തില്‍ നിപതിച്ചുവെങ്കിലും ദൈവത്തിന്റെ സൃഷ്ടിയില്‍ വെളിപ്പെടുന്ന അത്ഭുതങ്ങളിലൂടെ ദൈവാസ്തിക്യത്തെ മനസ്സിലാക്കുവാന്‍ ഇപ്പോഴും മനുഷ്യനു സാധിക്കുന്നു. സസ്യങ്ങളുടെ ഘടന, ആറ്റത്തിന്റെ ശക്തി, അസംഖ്യമായ താരസഞ്ചയങ്ങളുടെ വലിപ്പം ഇതൊക്കെ പഠിച്ചാല്‍ നിശ്ചയമായും സ്രഷ്ടാവിനെ നാം ആരാധിക്കും; എന്തുകൊണ്ടെന്നാല്‍ അവന്‍ ജ്ഞാനിയും, സര്‍വ്വശക്തനും, നിത്യനുമാണ്. നിങ്ങളുടെ ആത്മാവിന്റെ മനോഹാരിത, മനസ്സാക്ഷിയുടെ ബോധം, മനസ്സിന്റെ സൃഷ്ടിവൈഭവം ഇവ നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടോ? നിങ്ങളുടെ ഹൃദയത്തിന്റെ സ്പന്ദനം നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? രക്തത്തെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തിക്കുവാന്‍ ദിവസം ഒരു ലക്ഷം പ്രാവശ്യം അത് മിടിക്കുന്നുണ്ട്. ഈ അത്ഭുതങ്ങള്‍ സ്വയം പ്രാവര്‍ത്തികമല്ല; എന്നാല്‍ അവ നിങ്ങള്‍ക്കു സ്രഷ്ടാവിന്റെ ദാനങ്ങളാണ്.

പ്രകൃതിയില്‍ പ്രകാശിക്കപ്പെട്ടിരിക്കുന്ന ദൈവമഹത്വത്തിന്റെ മുമ്പാകെ ഭയത്തോടും വിറയലോടുമല്ലാതെ നില്ക്കുവാന്‍ നമ്മില്‍ ആര്‍ക്കെങ്കിലും സാധിക്കുമോ? അവന്റെ മഹത്വത്തിനുള്ള സാക്ഷ്യം ഒരിക്കലും അവസാനിക്കുന്നില്ല. സംസ്കാരസമ്പന്നനായ ആധുനിക മനുഷ്യന് ദൈവകരങ്ങളാല്‍ സ്പഷ്ടമായി എഴുതപ്പെട്ട പ്രകൃതിയുടെ ഈ തുറന്ന പുസ്തകം വായിച്ചു മനസ്സിലാക്കുവാന്‍ സമയം പോരാ.

സ്രഷ്ടാവിനെ ബഹുമാനിക്കുവാന്‍ കഴിയാത്തവന്‍ അവന്റെ പ്രവൃത്തികള്‍ക്ക് നന്ദിയര്‍പ്പിക്കുക, അവന്റെ മഹത്വത്തിനു സമര്‍പ്പിക്കുക ഇതൊക്കെ മൌഢ്യമാണ്. അവന്‍ ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ ജ്ഞാനത്തെ നഷ്ടമാക്കി, അവന്റെ മനസ്സിനെ കുരുടാക്കി മൃഗതുല്യനായി ഭവിക്കുന്നു. ആകയാല്‍ പ്രിയ സഹോദരാ, സ്നേഹത്തിലും ഭയത്തിലും ദൈവത്തെ സ്തുതിക്കുക; എന്തെന്നാല്‍ തന്റെ സാദൃശ്യപ്രകാരം നിന്നെ സൃഷ്ടിച്ച്, നിന്റെ മൂക്കില്‍ ജീവശ്വാസം ഊതിയവന്‍ അവനാണ്. നീ അവന്റെ വകയാണ്; അവനെക്കൂടാതെ നിനക്ക് ജീവിപ്പാന്‍ സാധിക്കയില്ല.

ദൈവത്തെ സത്യമായി ആരാധിക്കുവാന്‍ സാധിക്കാത്ത ഏവനും നഷ്ടപ്പെട്ടവനും, പാപിയും, അവിശ്വാസിയുമാണ്. അങ്ങനെയുള്ളവര്‍ക്ക് തങ്ങളുടെ ശക്തിയുടെയും ബലത്തിന്റെയും കേന്ദ്രം നഷ്ടപ്പെട്ടിരിക്കുന്നു. അവര്‍ മനസ്സാക്ഷി മരവിച്ചവരും മനസ്സിനെ കുരുടാക്കിയവരുമാണ്. അവര്‍ വ്യാജത്തെ സത്യമെന്ന് നിരൂപിക്കുന്നവരും, ദൈവജ്ഞാനത്തെ മറിച്ചുകളയുന്നവരും, ധാര്‍ഷ്ട്യത്തോടെ അതിനെ അടിച്ചമര്‍ത്തുന്നവരുമാകുന്നു. ആകയാല്‍ ജീവനുള്ള വിശ്വാസത്തിനായി ദൈവത്തോടപേക്ഷിക്കുക; മറ്റുള്ളവരെ ജീവനുള്ള ദൈവത്തിങ്കലേക്ക് ആനയിക്കുക. അവന്റെ മഹത്വത്തെ വിശ്വസിക്കാത്ത, കരുണയെ സ്തുതിക്കാത്ത മാനവസമൂഹം ദൈവക്രോധത്താല്‍ നശിച്ചുപോകും. അത് അവര്‍ക്കെതിരെ വെളിപ്പെടുമല്ലോ.

പ്രാര്‍ത്ഥന: പരിശുദ്ധനും സര്‍വ്വശക്തനുമായ ദൈവമേ, നീ ഞങ്ങളെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നതുകൊണ്ടും ഞങ്ങളെ രൂപാന്തരപ്പെടുത്തിയതുകൊണ്ടും ഞങ്ങള്‍ നിന്നെ സ്തുതിക്കുന്നു. അങ്ങയെ ഞങ്ങള്‍ വേണ്ടവിധം സ്തുതിക്കാതെയുള്ള ഞങ്ങളുടെ ഉപേക്ഷ ഞങ്ങളോടു ക്ഷമിക്കണമേ. നിങ്കലേക്ക് തിരിഞ്ഞ് അവിടുത്തെ അസ്തിത്വത്തെ പരസ്യമായി ഏറ്റുപറയുവാനും, അനുദിനം അവിടുത്തെ സ്നേഹത്തില്‍ തുടരുവാനും, എല്ലായ്പ്പോഴും അവിടുത്തെ മഹത്വപ്പെടുത്തുവാനും, മനുഷ്യന്റെ സകല അഭക്തിക്കും അനീതിക്കുമെതിരെയുള്ള അവിടുത്തെ കോപത്തെ പ്രഖ്യാപിക്കുവാനും, അങ്ങനെ അവരെ മാനസാന്തരത്തിലൂടെ അങ്ങയിലേക്ക് നടത്തുവാനും ഞങ്ങളെ സഹായിക്കണമേ.

ചോദ്യം:

  1. ദൈവക്രോധം എന്തുകൊണ്ടാണ് വെളിപ്പെട്ടുവരുന്നത്?

www.Waters-of-Life.net

Page last modified on January 21, 2013, at 09:07 AM | powered by PmWiki (pmwiki-2.3.3)