Home
Links
Bible Versions
Contact
About us
Impressum
Site Map


WoL AUDIO
WoL CHILDREN


Bible Treasures
Doctrines of Bible
Key Bible Verses


Afrikaans
አማርኛ
عربي
Azərbaycanca
Bahasa Indones.
Basa Jawa
Basa Sunda
Baoulé
বাংলা
Български
Cebuano
Dagbani
Dan
Dioula
Deutsch
Ελληνικά
English
Ewe
Español
فارسی
Français
Gjuha shqipe
հայերեն
한국어
Hausa/هَوُسَا
עברית
हिन्दी
Igbo
ქართული
Kirundi
Kiswahili
Кыргызча
Lingála
മലയാളം
Mëranaw
မြန်မာဘာသာ
नेपाली
日本語
O‘zbek
Peul
Polski
Português
Русский
Srpski/Српски
Soomaaliga
தமிழ்
తెలుగు
ไทย
Tiếng Việt
Türkçe
Twi
Українська
اردو
Uyghur/ئۇيغۇرچه
Wolof
ייִדיש
Yorùbá
中文


ગુજરાતી
Latina
Magyar
Norsk

Home -- Malayalam -- John - 083 (The traitor exposed and disconcerted)
This page in: -- Albanian -- Arabic -- Armenian -- Bengali -- Burmese -- Cebuano -- Chinese -- Dioula? -- English -- Farsi? -- French -- Georgian -- Greek -- Hausa -- Hindi -- Igbo -- Indonesian -- Javanese -- Kiswahili -- Kyrgyz -- MALAYALAM -- Peul -- Portuguese -- Russian -- Serbian -- Somali -- Spanish -- Tamil -- Telugu -- Thai -- Turkish -- Twi -- Urdu -- Uyghur? -- Uzbek -- Vietnamese -- Yiddish -- Yoruba

Previous Lesson -- Next Lesson

യോഹന്നാന്‍ - വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു
യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ഒരു വേദ പാഠ്യപദ്ധതി

മൂന്നാം ഭാഗം - അപ്പോസ്തലന്മാരുടെയിടയില്‍ വെളിച്ചം ശോഭിക്കുന്നു/പ്രകാശിക്കുന്നു (യോഹന്നാന്‍ 11:55 - 17:26)
B - കര്‍ത്താവിന്റെ അത്താഴത്തെത്തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ (യോഹന്നാന്‍ 13:1-38)

2. വിശ്വാസവഞ്ചകനെ തുറന്നുകാട്ടി പരിഭ്രമിപ്പിക്കുന്നു (യോഹന്നാന്‍ 13:18-32)


യോഹന്നാന്‍ 13:21-22
21ഇതു പറഞ്ഞിട്ടു യേശു ഉള്ളം കലങ്ങി: ആമേന്‍, ആമേന്‍, ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങളിലൊരുത്തന്‍ എന്നെ കാണിച്ചുകൊടുക്കുമെന്നു സാക്ഷീകരിച്ചു പറഞ്ഞു. 22ഇത് ആരെക്കുറിച്ചു പറയുന്നു എന്നു ശിഷ്യന്മാര്‍ സംശയിച്ചു തമ്മില്‍ തമ്മില്‍ നോക്കി.

പരസ്പരസ്നേഹം, സേവനം എന്നിവയെക്കുറിച്ചു യേശു ശിഷ്യന്മാരോടു പറഞ്ഞു. താഴ്മയുടെയും സൌമ്യതയുടെയും ഒരു മാതൃക അവന്‍ അവര്‍ക്കു മുന്നില്‍ കാണിച്ചുകൊടുക്കുകയും, ബലഹീനതയുടെ മദ്ധ്യത്തില്‍ അവന്റെ പരമാധികാരം വിളങ്ങും; അങ്ങനെ അവര്‍ക്ക് അവന്‍ നാഥനാ ണെന്നും, കാര്യങ്ങള്‍ ചെയ്യുന്നതും നിയന്ത്രിക്കുന്നതും അവനാണെന്നും മരണവേളയില്‍പ്പോലും ബോധമുണ്ടാകും. ഈ വ്യക്തമാക്കലിന്റെ ഭാഗമെന്ന നിലയില്‍, യൂദായുടെ വഞ്ചന യേശു തുറന്നുകാട്ടുകയും അവന്റെ കുറ്റം ശരിയാണെന്നു സമ്മതിപ്പിക്കുകയും ചെയ്തു. യൂദാ ഈ ഗൂഢാലോചന നടത്തുന്നതു സ്വകാര്യമായല്ല, സ്വര്‍ഗ്ഗത്തിന്റെ മേല്‍നോട്ടത്തോടെ യാണെന്ന് അവനെ ബോദ്ധ്യപ്പെടുത്തണമല്ലോ.

യഹൂദകോടതിക്ക് അവനെ ഏല്പിച്ചുകൊടുക്കാന്‍ ശിഷ്യന്മാരിലൊരാള്‍ തീരുമാനിച്ചുവെന്നു യേശു വെളിപ്പെടുത്തി. സന്തോഷത്തിന്റെ ഉത്സവത്തിന്റെ സമയത്തെ ഒരു പൊട്ടിത്തെറിപോലെയായിരുന്നു ഈ അറിയിപ്പ്. ഈ വസ്തുത യേശു ആകസ്മികമായി പറഞ്ഞതല്ല, ലാസറിന്റെ കല്ലറയ്ക്കല്‍വെച്ച് ഉള്ളം നൊന്തതുപോലെ ഉള്ളം നൊന്താണ് അവന്‍ ഇത് അറിയിച്ചത്. പിതാവു തന്നെ കൈവിടുമെന്ന ചിന്തയിലാണ് അവന്‍ പ്രത്യേകമായി ദുഃഖിച്ചത്. യൂദയെ യേശു സ്നേഹിച്ചു, തിരഞ്ഞെടുത്തു; തിരഞ്ഞെടുക്കപ്പെട്ട ഒരു സ്നേഹിതന്‍ ദൈവപുത്രനെ ഒറ്റിക്കൊടുക്കുമെന്നത് അസംഭവ്യമായിത്തോന്നി. സങ്കീര്‍ത്തനത്തില്‍ (41:9) ഇതു പരാമര്‍ശിക്കുന്നുണ്ടെങ്കില്‍ക്കൂടി: "എന്റെ അപ്പം തിന്നവന്‍ എന്റെ നേരെ കുതികാല്‍ ഉയര്‍ത്തിയിരിക്കുന്നു."

ഇതുകേട്ട ശിഷ്യന്മാര്‍ ഓരോരുത്തരും മറ്റുള്ള ശിഷ്യനാണോ "ആ വഞ്ചകനെ"ന്നു ചിന്തിച്ചു. മനഃപൂര്‍വ്വമായ ഒറ്റിക്കൊടുക്കല്‍ സാദ്ധ്യമാണോ എന്നതിനെക്കുറിച്ച് അവര്‍ക്കു സന്ദേഹമുണ്ടായി. യേശു താമസിയാതെ നിന്ദയുടെയും തിരസ്കാരത്തിന്റെയും അധഃപതനപാതയില്‍ പോകുമ്പോള്‍ അവനെ വിട്ടുപോകുന്നതിനെക്കുറിച്ചായിരുന്നു ഓരോരുത്തരുടെയും വിചാരം. അവന്റെ മുമ്പില്‍ അവരെത്തന്നെ തുറന്നുകാട്ടുന്നതായി അവര്‍ കണ്ടു. യേശുവിന്റെ തിരച്ചില്‍വെളിച്ചത്തിനു മുന്നിലെ ദൈവികപരീക്ഷ അഭിമുഖീകരിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല, അവര്‍ ലജ്ജിച്ചുപോയിരുന്നു.

യോഹന്നാന്‍ 13:23-30
23ശിഷ്യന്മാരില്‍വെച്ചു യേശു സ്നേഹിച്ച ഒരുത്തന്‍ യേശുവിന്റെ മാര്‍വ്വിടത്തു ചാരിക്കൊണ്ടിരുന്നു. 24ശിമോന്‍ പത്രോസ് അവനോട് ആംഗ്യം കാട്ടി, അവന്‍ പറഞ്ഞത് ആരെക്കൊണ്ടെന്നു ചോദിക്കാന്‍ പറഞ്ഞു. 25അവന്‍ യേശുവിന്റെ നെഞ്ചോടു ചാഞ്ഞ്: കര്‍ത്താവേ, അത് ആരാണ് എന്നു ചോദിച്ചു. 26ഞാന്‍ അപ്പഖണ്ഡം മുക്കി കൊടുക്കുന്നവന്‍ തന്നെയെന്നു യേശു ഉത്തരം പറഞ്ഞു; ഖണ്ഡം മുക്കി ശിമോന്‍ ഈസ്കര്യോത്താവിന്റെ മകനായ യൂദയ്ക്കു കൊടുത്തു. 27ഖണ്ഡം വാങ്ങിയ ഉടനെ സാത്താന്‍ അവനില്‍ കടന്നു. യേശു അവനോട്: നീ ചെയ്യുന്നതു വേഗത്തില്‍ ചെയ്യുക എന്നു പറഞ്ഞു. 28എന്നാല്‍ ഇത് ഇന്നതിനെക്കുറിച്ചു പറഞ്ഞുവെന്നു പന്തിയിലിരുന്നവരില്‍ ആരും അറിഞ്ഞില്ല. 29പണസ്സഞ്ചി യൂദയുടെ പക്കല്‍ ആയതിനാല്‍, പെരുന്നാളിനു വേണ്ടുന്നതു വാങ്ങിക്കാനോ ദരിദ്രര്‍ക്കു വല്ലതും കൊടുക്കാനോ യേശു അവനോടു കല്പിക്കുന്നുവെന്നു ചിലര്‍ക്കു തോന്നി. 30ഖണ്ഡം വാങ്ങിയ ഉടനെ അവന്‍ എഴുന്നേറ്റു പോയി, അപ്പോള്‍ രാത്രിയായിരുന്നു.

ആസന്നമായ ഒറ്റിക്കൊടുക്കലിന്റെ ഫലമായുണ്ടാകുന്ന കലക്കത്തിന്റെ നടുവില്‍, ദീനാനുകമ്പയുടെ ഒരു നല്ല സാക്ഷ്യം നാം വായിക്കുന്നു. യോഹന്നാന്‍ യേശുവിന്റെ പാര്‍ശ്വത്തില്‍ ചാരിക്കൊണ്ടിരിക്കുന്നു. സുവിശേഷകന്‍ തന്റെ പേര് ഈ സുവിശേഷത്തില്‍ പരാമര്‍ശിക്കുന്നേയില്ല. എന്നാല്‍ സ്നേഹത്തിന്റെ അടയാളമെന്ന നിലയില്‍ തനിക്കു യേശുവിനോടുള്ള അടു പ്പം അവന്‍ പ്രാധാന്യത്തോടെ സൂചിപ്പിക്കുന്നുണ്ട്. യേശുവിന്റെ സ്നേഹം അനുഭവിക്കുന്നതിനെക്കാള്‍ വലിയൊരു പദവി അവനില്ലായിരുന്നു. ഈ ബഹുമാനത്തില്‍ സ്വന്തം പേരു വിട്ടുകളഞ്ഞിട്ട് അവന്‍ ദൈവപുത്രനെ മഹത്വപ്പെടുത്തുകയാണ്. വിശ്വാസവഞ്ചകന്‍ ആരാണെന്നു യേശുവിനോടു നേരിട്ടു ചോദിക്കാന്‍ പത്രോസിനു ലജ്ജ തോന്നി. അതേസമയം അവന്റെ ധൈര്യം അടക്കിവയ്ക്കാനുമായില്ല. വിശ്വാസവഞ്ചകന്‍ ആരാണെന്നു കണ്ടുപിടിക്കാന്‍ അവന്‍ യോഹന്നാനോട് ആംഗ്യം കാട്ടി. യോഹന്നാന്‍ യേശുവിലേക്കു ചാഞ്ഞുകൊണ്ടു തിരക്കി, "അത് ആരാണ്?"

യേശു ശാന്തമായി മറുപടി നല്‍കി. വിശ്വാസവഞ്ചകന്റെ പേരു പറയാതെ ശാന്തമായ ഒരാംഗ്യം കാട്ടി. ഈ ഘട്ടത്തില്‍ അവന്റെ പേരു പരസ്യമാക്കാന്‍ യേശു ആഗ്രഹിച്ചില്ല. യൂദയ്ക്കു മനസ്സലിവുണ്ടാകാനുള്ള സാദ്ധ്യതയുണ്ടായിരുന്നു. തന്റെ ശിഷ്യന്മാരെ ഒരുമിപ്പിച്ച കൃപയുടെ അപ്പമാണു യേശു നുറുക്കിയത്. അതു പാത്രത്തില്‍ (ചാറില്‍) മുക്കിയിട്ടു യൂദയ്ക്കു കൊടുത്തു. ഒരു ശിഷ്യനെ നിത്യജീവനിലേക്കു ബലപ്പെടുത്തുക എന്നതായിരുന്നു ഈ പ്രവൃത്തിയുടെ ഉദ്ദേശ്യം. പക്ഷേ യൂദാ ഒറ്റിക്കൊടുക്കാന്‍ തീരുമാനിച്ചതിനാല്‍ ഈ ഖണ്ഡത്തിനു ഫലമുളവാക്കാന്‍ കഴിഞ്ഞില്ല, പകരം അവനെ അതു കഠിനനാക്കുകയാണു ചെയ്തത്. അവന്റെ ഹൃദയം കൃപയ്ക്ക് അടഞ്ഞു, സാത്താന്‍ അവനില്‍ പ്രവേശിച്ചു. എന്തൊരു ഭയാനകമായ ചിത്രം! യേശുവിന്റെ പരമാധികാരഹിതത്താല്‍ അവന്‍ കഠിനഹൃദയമുള്ളവനെ കഠിനനാക്കുന്നു. യേശു അവന് അപ്പം നല്‍കുമ്പോള്‍, പിശാച് അവന്റെ വിചാരങ്ങളുമായി കളിക്കുകയായിരുന്നു. അവന്‍ അപ്പം വാങ്ങിയശേഷം തിന്മ അവനിലേക്കിറങ്ങി. ഒറ്റിക്കൊടുത്തവനെ യേശു ന്യായം വിധിച്ചതിലൂടെ ദൈവികസംരക്ഷണം അവനെ വിട്ടുപോയി, അവന്‍ സാത്താന് ഏല്പിക്കപ്പെട്ടു.

അപ്പക്കഷണം വാങ്ങിയ ഉടനെ തന്റെ കാര്യമെല്ലാം വെളിപ്പെട്ടുവെന്നുയൂദയ്ക്കു മനസ്സിലായി. അപ്പോള്‍ യേശുവിന്റെ രാജകീയകല്പന അവനെ സ്പര്‍ശിച്ചു: "നിന്റെ ദുഷ്ടപരിപാടി നടപ്പാക്കാന്‍ താമസിക്കേണ്ട; തിന്മയുടെ ഊഴം അവസാനിപ്പിച്ചിട്ടു പകരം നന്മ വരാന്‍ അത് ഉടനടി ചെയ്യുക."

യൂദയെ ധൃതിപിടിപ്പിച്ച യേശുവിന്റെ കല്പന ശിഷ്യന്മാര്‍ക്കു മനസ്സിലായില്ല. സാധാരണ എല്ലാവര്‍ക്കുമുള്ള ഭക്ഷണം വാങ്ങാനുള്ള ചുമതല അവനെയാണ് ഏല്പിക്കാറ്. യൂദയുടെ പേടിച്ചരണ്ട ചിത്രം യോഹന്നാന്‍ ഒരിക്കലും മറക്കുകയില്ല - ക്രിസ്തുവിന്റെ സന്നിധിയിലെ വെളിച്ചത്തില്‍നിന്നു പുറത്തെ ഇരുട്ടിലേക്ക് അവന്‍ പോവുകയാണ്.

യോഹന്നാന്‍ 13:31-32
31അവന്‍ പോയശേഷം യേശു പറഞ്ഞത്: ഇപ്പോള്‍ മനുഷ്യപുത്രന്‍ മഹത്വപ്പെട്ടിരിക്കുന്നു; ദൈവവും അവനില്‍ മഹത്വപ്പെട്ടിരിക്കുന്നു. 32ദൈവം അവനില്‍ മഹത്വപ്പെട്ടിരിക്കുന്നുവെങ്കില്‍ ദൈവം അവനെ തന്നില്‍ത്തന്നെ മഹത്വപ്പെടുത്തും; ക്ഷണത്തില്‍ അവനെ മഹത്വപ്പെടുത്തും.

ഈ വഞ്ചനയിലൂടെ എങ്ങനെയാണു യേശു മഹത്വപ്പെട്ടത്? തിന്മപ്രവൃത്തികളില്‍നിന്നു നല്ല ഫലമുണ്ടാകാന്‍ എങ്ങനെ സാധിക്കും?

താന്‍ തിരഞ്ഞെടുത്ത ശിഷ്യന്‍ തന്നെ കൈവിട്ടപ്പോള്‍ യേശു ദുഃഖിച്ചു. ഒറ്റിക്കൊടുക്കുന്നവന്‍ മടങ്ങിവരുന്നതിനുവേണ്ടി സ്നേഹത്തിന്റെ ആ നോട്ടം അവന്‍ നിലനിര്‍ത്തി. പക്ഷേ അവന്‍ യഹൂദകോടതിയിലേക്കു തിരക്കിട്ടുപോയി. അവര്‍ യേശുവിനെ പിടിക്കാന്‍ പടയാളികളെ അയച്ചു.

ഒറ്റിക്കൊടുക്കാനായി യൂദയെ യേശു പറഞ്ഞയച്ചപ്പോള്‍ ഒരു രാഷ്ട്രീയ മശീഹ ആകാനുള്ള പൈശാചിക പ്രലോഭനത്തെയാണു ചെറുത്തത്. ദൈവകുഞ്ഞാടായി മരിക്കുന്നത് അവന്‍ തിരഞ്ഞെടുത്തു - സൌമ്യത, താഴ്മ എന്നിവമൂലം മനുഷ്യരാശിയെ വിമോചിപ്പിക്കുന്നതിന്. അവന്റെ മഹത്വത്തിന്റെ സാരാംശം ത്യാഗപരമായ സ്നേഹമാണെന്ന് അവന്റെ മരണത്തിലൂടെ വിളിച്ചറിയിച്ചു.

വ്യക്തിപരമായ മഹത്വം യേശു തേടാതെ, പിതാവിന്റെ മഹത്വം തന്റെ മരണത്തില്‍ തേടി. നഷ്ടപ്പെട്ടവരെ രക്ഷിക്കുന്നതിന് അവന്റെ പിതാവ് അവനെ ലോകത്തിലേക്ക് അയച്ചതാണ്. വീണുപോയ മനുഷ്യവര്‍ഗ്ഗത്തില്‍ പിതാവിന്റെ സ്വരൂപം പുതുക്കാന്‍ പുത്രന്‍ ആഗ്രഹിച്ചു. ഈ പുതുക്കത്തിനുവേണ്ടി യേശു പിതാവിനെ വെളിപ്പെടുത്തുകയും, പിതാവെന്ന നിലയിലുള്ള ദൈവത്തിന്റെ നന്മയിലുള്ള അവരുടെ വിശ്വാസത്തെ പരിപോഷിപ്പിക്കുകയും ചെയ്തു. പരിശീലനം മാത്രം പോരാ, കാരണം, ദൈവത്തിനും അവന്റെ സൃഷ്ടികള്‍ക്കുമിടയില്‍ പാപം ഒരു വേലിക്കെട്ട് ഉയര്‍ത്തിയിരിക്കുകയാണ്. നമ്മെ ദൈവത്തില്‍നിന്നു വേര്‍തിരിക്കുന്ന ആ വേലിക്കെട്ടു മാറേണ്ടതിനും, നീതീകരണത്തിന്റെ ആവശ്യങ്ങള്‍ നിറവേറേണ്ടതിനും പുത്രന്‍ മരിക്കേണ്ടിയിരുന്നു. പിതാവിന്റെ നാമം മഹത്വീകരിക്കേണ്ടതിനുള്ള താക്കോല്‍ ക്രിസ്തുവിന്റെ മരണമാണ്. ആ മരണമില്ലാതെ പിതാവിനെക്കുറിച്ചുള്ള ശരിയായ അറിവുണ്ടാവുകയില്ല, നിയമപരമായ ദത്തെടുപ്പില്ല, ശരിയായ പുതുക്കമില്ല.

ക്രിസ്തു തന്നെത്താന്‍ നിഷേധിച്ചപ്പോള്‍, അവന്റെ മരണത്താല്‍ പിതാവിനു മഹത്വം കൈവരും. പിതാവിന്റെ മഹത്വം ക്രിസ്തുവിലേക്കു പകരുമെന്നും, അങ്ങനെ മഹത്വകരമായ എല്ലാ വരങ്ങളുടെയും ഉറവിടമായി താന്‍ മാറുമെന്നുംകൂടി ക്രിസ്തു വിളിച്ചറിയിച്ചു. ക്രിസ്തുവിന്റെ അറസ്റിനും ക്രൂശീകരണത്തിനും മണിക്കൂറുകള്‍ക്കുമുമ്പ്, തന്റെ ഉയിര്‍ത്തെഴുന്നേല്പും സിംഹാസനാരോഹണവും യേശു മുന്‍കൂട്ടി കണ്ടു. ക്രിസ്തുവിന്റെ മഹത്വത്തിലേക്കു പ്രവേശിക്കുന്നതിനു മുമ്പ് അവന്‍ മരിക്കേണ്ടിയിരുന്നു.

ക്രിസ്തുവിന്റെ കഷ്ടതയും മരണവും നിഷേധിക്കുന്നവരും, അവ ബലഹീനതയുടെ ലക്ഷണമാണെന്നു കണക്കാക്കുന്നവരും ഈ കാര്യം ഗ്രഹിക്കുന്നതില്‍ പരാജയപ്പെട്ടവരാണ്. അതായത്, ദൈവഹിതം ക്രൂശില്‍ വ്യക്തമായിത്തെളിഞ്ഞു, പുത്രന്റെ പരിശുദ്ധി കല്ലറ തുറന്നു. ദൈവികബലിപീഠത്തിന്മേല്‍ അവന്‍ തന്റെ മഹത്വം കാട്ടി, അവിടെ എല്ലാവര്‍ക്കും പകരമായി അവന്‍ മരിച്ചു. അങ്ങനെ അവനില്‍ വിശ്വസിക്കുന്നവരെല്ലാം നീതീകരിക്കപ്പെടും.

പ്രാര്‍ത്ഥന: പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ ഞങ്ങളുടെ രക്ഷയ്ക്കായി അവിടുന്നു സഹിച്ച കഷ്ടതയ്ക്കായും, താഴ്മയ്ക്കായും മരണപുനരുത്ഥാനങ്ങള്‍ക്കായും ഞങ്ങള്‍ മഹത്വമര്‍പ്പിക്കുന്നു. ക്രിസ്തുവിന്റെ രക്തത്താല്‍ ഞങ്ങള്‍ വിടുവിക്കപ്പെട്ടുവെന്നു ഞങ്ങള്‍ വിശ്വസിക്കുന്നു. ആത്മാവിന്റെ ശക്തിയില്‍ ഞങ്ങള്‍ നിനക്കു മഹത്വം കരേറ്റുന്നു. ജീവിതത്തിലെ കഷ്ടപ്പാടുകളുടെയും അപകടങ്ങളുടെയും മദ്ധ്യത്തില്‍ നീ ഞങ്ങളെ രക്ഷിച്ചു. നീ ഞങ്ങള്‍ക്കു നല്‍കുന്ന ജീവന്‍ നിത്യമാണ്. നിന്റെ പുത്രന്‍ വേഗം മഹത്വത്തില്‍ പ്രത്യക്ഷപ്പെടുമെന്നു ഞങ്ങള്‍ വിശ്വസിക്കുന്നു. ആമേന്‍.

ചോദ്യം:

  1. യേശുവിനെ വിട്ടു യൂദ പോയപ്പോള്‍ യേശു പ്രകടമാക്കിയ മഹത്വത്തിന്റെ അര്‍ത്ഥതലങ്ങള്‍ എന്തെല്ലാം?

www.Waters-of-Life.net

Page last modified on May 14, 2012, at 09:33 AM | powered by PmWiki (pmwiki-2.3.3)